|

തമിഴ്നാട്ടില്‍ ഗോട്ടിന് ഫസ്റ്റ് ഷോ ഇല്ല; കേരളത്തിലും കര്‍ണ്ണാടകയിലും നാല് മണിക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ പ്രേമികള്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. വിജയിയെ നായകനാക്കി വെങ്കട്ട് പ്രഭു അണിയിച്ചൊരുക്കുന്ന ചിത്രം സെപ്റ്റംബര്‍ 5ന് തിയേറ്ററുകളിലെത്തും. തമിഴ്‌നാട്ടിലെ എല്ലാ തിയേറ്ററുകളിലും പ്രദര്‍ശിപ്പിക്കുന്ന ആദ്യ സിനിമ എന്ന പ്രത്യേകത കൂടി ഗോട്ടിനുണ്ട്.

ചിത്രത്തിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ വെളുപ്പിന് നാലുമണിക്കാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ഗോട്ട് തമിഴ് നാട്ടില്‍ പ്രദര്‍ശിപ്പിക്കുക 9 മണിക്കായിരിക്കും. കേരളം, കര്‍ണാടക, യു.എസ്.എ തുടങ്ങിയ ഇടങ്ങളില്‍ ചിത്രം നാല് മണിക്കും ആന്ധ്രാ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ ആറ് മണിക്കും ചിത്രം പ്രദര്‍ശിപ്പിക്കും.

എന്നാല്‍ ഗോട്ടിന്റെ അണിയറപ്രവര്‍ത്തകര്‍ ചിത്രം നാല് മണിക്ക് തന്നെ പ്രദര്‍ശിപ്പിക്കാനുള്ള അനുമതിക്കായി ഗവണ്‍മെന്റിനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ സമയമാറ്റം അനുവദിച്ചുകൊണ്ടുള്ള ഒരു ഉത്തരവും ഇതുവരെ തമിഴ്‌നാട് ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും വന്നിട്ടില്ല.

തുനിവിന്റേയും വാരിസിന്റെയും റിലീസിന് ശേഷം സ്‌പെഷ്യല്‍ ഷോ നിരോധിച്ചുകൊണ്ടും ഫസ്റ്റ് ഷോ 9 മണിക്ക് മാത്രമേ തുടങ്ങാവൂ എന്നും ചൂണ്ടികാട്ടി തമിഴ്‌നാട് ഗവണ്മെന്റ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. കൂടാതെ സിനിമ റിലീസ് ചെയ്ത് ആദ്യവാരവസാനം വരെ രാവിലെ ഒന്‍പതുമണിമുതല്‍ വെളുപ്പിന് 1.30വരെ അഞ്ചു ഷോകള്‍ക്ക് മാത്രമേ അനുവാദമുണ്ടാകുകയുള്ളുവെന്നും ഉത്തരവില്‍ പറയുന്നു.

വാരിസിന്റെയും തുനിവിന്റേയും ആദ്യ ദിവസമുണ്ടായ വഴക്കുകളുടെയും സ്‌പെഷ്യല്‍ ഷോയുടെ മുമ്പേ നടന്ന ആഘോഷത്തില്‍ ഒരു യുവാവ് മരണപ്പെടാനുണ്ടായ സാഹചര്യവും കണക്കിലെടുത്താണ് ഗവണ്മെന്റ് താത്ക്കാലികമായി ഫസ്റ്റ് ഷോയുടെ സമയം മാറ്റിയത്.

വാരിസിനും തുനിവിനും ശേഷം തമിഴ്‌നാട്ടില്‍ നിന്ന് വന്ന ബിഗ് റിലീസുകളായ ജയിലറും ലിയോയും പൊന്നിയന്‍ സെല്‍വനുമെല്ലാം തമിഴ്‌നാട്ടിലൊഴിച്ച് ബാക്കി പ്രദര്‍ശിപ്പിച്ച സംസ്ഥാനങ്ങളിലെല്ലാം നാല് മണിക്കാണ് ആദ്യ ഷോ ഉണ്ടായിരുന്നത്.

അതേസമയം വെങ്കട്ട് പ്രഭു സംവിധാനം ചെയുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമില്‍ ഇരട്ട വേഷങ്ങളിലാണ് വിജയ് എത്തുന്നത്. പ്രശാന്ത്, ജയറാം , അജ്മല്‍ അമീര്‍, പ്രഭുദേവ, സ്‌നേഹ, ലൈല, മീനാക്ഷി ചൗധരി, തുടങ്ങി വലിയൊരു താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

Content Highlight: FDFS  Time  Of  GOAT Movie in Tamil Nadu