| Friday, 12th July 2024, 4:12 pm

അദാനി ഗ്രൂപ്പിനെതിരെ റിപ്പോര്‍ട്ട്; സി.എഫ്.എ (CFA) യുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റിയുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുപ്രകാരം സ്ഥാപനത്തിന് ഇനിമുതല്‍ വിദേശ ഫണ്ടുകള്‍ സ്വീകരിക്കാന്‍ കഴിയില്ല. അദാനി ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ ഗുജറാത്തിലെ കച്ചില്‍ പാരിസ്ഥിതിക-ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റിയുടെ എഫ്.സി.ആര്‍.എ കേന്ദ്രം റദ്ദാക്കുന്നത്.

ഒരു നോണ്‍-പ്രോഫിറ്റ് സ്ഥാപനത്തിന് വിദേശ ഫണ്ട് സ്വീകരിക്കണമെങ്കില്‍ എഫ്.സി.ആര്‍.എ (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട്) രജിസ്ട്രഷന്‍ ആവശ്യമാണ്. സാമ്പത്തികം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഗവേഷണം നടത്തുന്ന സര്‍ക്കാരിതര സ്ഥാപനമായ സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിയുടെ പ്രവര്‍ത്തങ്ങളുടെ പ്രധാന ഭാഗമാണ് വിദേശ ഫണ്ട്.

എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം വിവേചനപരമാണെന്ന് സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോ അതിയാലി പ്രതികരിച്ചു. വിമതരെ ലക്ഷ്യമിട്ടുള്ളതാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കമെന്ന് അദ്ദേഹം പറഞ്ഞു.

നിയമലംഘനം നടത്തിയതിന്റെ പേരിലല്ല, രാഷ്ട്രീയ പ്രേരണകളാണ് ആഭ്യന്തര മന്ത്രാലയം ലൈസന്‍സ് റദ്ദാക്കിയതെന്നും ജോ അതിയാലി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളെ പിന്തുണക്കുന്ന സ്ഥാപനങ്ങള്‍ക്ക് നേരെ എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്നും അദ്ദേഹം സ്‌ക്രോളിനോട് ചോദിച്ചു.

‘കേവലം എഫ്.സി.ആര്‍.എ റദ്ദാക്കുന്നതിലൂടെ മാത്രമല്ല, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പ്രേരണകള്‍ക്ക് വഴങ്ങുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമിക്കെതിരെ തെറ്റായ തെളിവുകള്‍ നിരത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ ഭീമ കൊറേഗാവ് കേസ് സൃഷ്ടിച്ചത്. ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ജെ.എന്‍.യു വിദ്യാര്‍ത്ഥിയായ ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തതും രാഷ്ട്രീയ പ്രേരണയുടെ മറ്റൊരു ഭാഗമാണ്,’ എന്നും ജോ അതിയാലി പ്രതികരിച്ചു.

അതേസമയം ജൂലൈ ഏഴിന് അദാനിയുടെ കല്‍ക്കരി ഖനിയില്‍ നിന്ന് പുറത്താക്കിയവരെ മധ്യപ്രദേശിലെ സിങ്ഗ്രൗലി ജില്ലയിലെ അധികാരികള്‍ അറസ്റ്റ് ചെയ്യുകയാണെന്ന ഒരു റിപ്പോര്‍ട്ടും സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റി പുറത്തുവിട്ടിരുന്നു.

എന്നാല്‍ 2017 മുതല്‍ 2019 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി എടുത്തത്.

Content Highlight: FCRA license of CFA canceled by Union Home Ministry

We use cookies to give you the best possible experience. Learn more