ചെങ്ങന്നൂര്‍: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എഫ്.സി.ഐ.) ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ബി.ജെ.പി. നേതാവ് കീഴടങ്ങി. ആലപ്പുഴ മുളക്കുഴ മുന്‍ ഗ്രാമപഞ്ചായത്തംഗം സനു എന്‍. നായരാണ് ചെങ്ങന്നൂരില്‍ കീഴടങ്ങിയത്.
കേസില്‍ ഒന്നാം പ്രതിയാണ് ഇയാള്‍. കേസിലെ മറ്റ് പ്രതികളും ഉടന്‍ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു.
ബുധനൂര്‍ സ്വദേശി രാജേഷ് കുമാര്‍, എറണാകുളം വൈറ്റില സ്വദേശി ലെനിന്‍ മാത്യു എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. സനുവിനെ ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിലെ ഉന്നതബന്ധങ്ങള്‍ പുറത്തുവരുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
കൂടുതല്‍ ബി.ജെ.പി. നേതാക്കള്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്ന് പൊലീസിന് സംശയമുണ്ട്.
കേന്ദ്ര മന്ത്രിമാര്‍ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കാണിച്ചായിരുന്നു തട്ടിപ്പ്. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ എഞ്ചിനീയര്‍ മുതല്‍ പല തസ്തികകളില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയത്.
ഇതുവരെ ഒമ്പത് പരാതികള്‍ ചെങ്ങന്നൂര്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പത്തനംതിട്ട കല്ലറക്കടവ് സ്വദേശിയുടെ പരാതി പ്രകാരം ഇയാളില്‍ നിന്ന് മാത്രം 20 ലക്ഷത്തിലധികം രൂപ പ്രതികള്‍ തട്ടിയെടുത്തിട്ടുണ്ട്.
ആറ് മാസത്തിനകം എഫ്.സി.ഐയില്‍ എഞ്ചിനീയറാക്കാമെന്ന് വിശ്വസിപ്പിച്ച് 2019 ഒക്ടോബറില്‍ 10 ലക്ഷം രൂപ വാങ്ങി. മൂന്നാംപ്രതി ലെനിന്‍ മാത്യു എഫ്.സി.ഐ. ബോര്‍ഡ് അംഗമാണെന്ന് വിശ്വസിപ്പിച്ചു. എഫ്.സി.ഐയുടെ ബോര്‍ഡ് വെച്ച കാറില്‍ വന്നിറങ്ങിയാണ് പണം കൊണ്ടുപോയത്.
തുടര്‍ന്ന് 2020 മേയ് മാസത്തില്‍ 10 ലക്ഷം രൂപ കൂടി വാങ്ങിയ ശേഷം വ്യാജ നിയമന ഉത്തരവ് നല്‍കി. വിശ്വാസ്യത കൂട്ടാന്‍ കേന്ദ്ര മന്ത്രിമാര്‍ക്കും ബി.ജെ.പി. നേതാക്കള്‍ക്കും ഒപ്പമുള്ള ചിത്രങ്ങളും പ്രതികള്‍ കാണിച്ചു.
ഇന്റര്‍വ്യൂവിനെന്ന പേരില്‍ ഉദ്യോഗാര്‍ത്ഥികളെ ചെന്നൈ, ദല്‍ഹി എന്നിവിടങ്ങളിലെ എഫ്.സി.ഐ. ഓഫീസുകള്‍ക്ക് സമീപത്ത് ദിവസങ്ങളോളം താമസിപ്പിച്ച് വിശ്വാസ്യത വളര്‍ത്തിയതിന് ശേഷം പണവുമായി മുങ്ങുകയാണ് സനുവിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു.
മുളക്കുഴ പഞ്ചായത്ത് മുന്‍ അംഗമായിരുന്ന സനു ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അരീക്കര ബ്ലോക്ക് ഡിവിഷനില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: FCI Fraud BJP Leader Sanu N Nair