വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ വീണ്ടും ഭീഷണിയുമായി സഭ രംഗത്ത്. സഭയില്‍ നിന്നു പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളിയതിനു പിന്നാലെയാണിത്. സഭാ അധികൃതര്‍ക്കെതിരെ നല്‍കിയ പരാതികള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോള്‍ സഭാ നേതൃത്വം കത്തയച്ചിരിക്കുകയാണ്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ ലൈംഗികാക്രമണ പരാതിയിലും തുടര്‍ന്ന് നടന്ന കന്യാസ്ത്രീ സമരത്തിലും പങ്കെടുത്തതും ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നിയമപ്രകാരമുള്ള സഭാ വസ്ത്രം ധരിക്കാതെ സഭാനിയമങ്ങളില്‍നിന്ന് വ്യതിചലിച്ച് സഞ്ചരിച്ചു എന്നീ കുറ്റങ്ങളാണ് പുറത്താക്കുന്നതിന്റെ ഭാഗമായി ലൂസി കളപ്പുരയ്ക്കലിനെതിരെ സന്യാസ സഭ ചുമത്തിയിരുന്നത്. ഇക്കാര്യങ്ങള്‍ ചെയ്തതില്‍ നിന്നും സഭയെ തൃപ്തിപ്പെടുത്തുന്ന വിശദീകരണം നല്‍കുന്നതില്‍ സിസ്റ്റര്‍ പരാജയപ്പെട്ടെന്നാണ് സഭയുടെ വിശദീകരണം.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗികാക്രമണം നേരിട്ട വ്യക്തിക്കു നീതി തേടി കൊച്ചി വഞ്ചി സ്‌ക്വയറില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത് തന്റെ അഭിപ്രായം തുറന്നുപറഞ്ഞ ശേഷമാണ് സിസ്റ്റര്‍ ലൂസിക്കെതിരെ ആക്രമണം ശക്തമായത്.