| Wednesday, 19th April 2023, 7:15 pm

വൈക്കം സത്യാഗ്രഹവും ക്ഷേത്ര പ്രവേശനവും വലിയ വിപ്ലവമെന്ന് പറയരുത്. അത് കേരള സമൂഹത്തിന് അപമാനമാണ് : ഡോ.ടി.എസ്. ശ്യാം കുമാര്‍

കാർത്തിക പെരുംചേരിൽ

ഡോ.ടി.എസ്. ശ്യാം കുമാര്‍

കാര്‍ത്തിക. ജി : ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയര്‍ന്ന് വന്ന പുതിയൊരു സങ്കല്‍പമാണല്ലോ ‘മലയാള ബ്രാഹ്മണ’. കേരളത്തില്‍ എഴുതപ്പെട്ടിട്ടുളള തന്ത്രഗ്രന്ഥങ്ങളില്‍ പോലും ഇത്തരത്തിലൊരു പദം കാണാന്‍ സാധിക്കില്ല. എന്നാല്‍, മലയാള ബ്രാഹ്മണ വിഭാഗത്തിന് മാത്രമെ ശബരിമല മേല്‍ശാന്തിയാകാന്‍ സാധിക്കു എന്ന ക്രോസ് ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടല്ലോ? ഏത് കാലഘട്ടത്തിലാണ് ഇങ്ങനെയൊരു നിയമം രൂപീകരിക്കപ്പെട്ടത്?

ടി.എസ്. ശ്യാം കുമാര്‍ : മലയാള ബ്രാഹ്മണ എന്ന പുതിയ സങ്കല്‍പവുമായി ബന്ധപ്പെട്ട് രണ്ട് പ്രശ്‌നങ്ങളാണ് ഉരിത്തിരിഞ്ഞ് വരുന്നത്. ചരിത്രപരമായ രേഖ പരിശോധിക്കുമ്പോള്‍ ശബരിമലയില്‍ മുന്‍കാലത്തൊന്നും ഇത്തരത്തിലൊരു സങ്കല്‍പം ഉണ്ടായിരുന്നില്ലെന്ന് നമുക്ക് ബോധ്യപ്പെടും. ഈ അടുത്തക്കാലത്ത് ഒരു നോട്ടിഫിക്കേഷനിലൂടെ ദേവസ്വം ബോര്‍ഡ് കൊണ്ടുവന്ന പുതിയൊരു സങ്കല്‍പം മാത്രമാണിത്. ഇവര്‍ മലയാള ബ്രാഹ്മണരെന്ന് വിവക്ഷിക്കുന്ന നമ്പൂതിരിമാരല്ലാത്ത ഇതര ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ ശബരിമലയില്‍ പൂജ ചെയ്തിരുന്നതായിട്ടുള്ള രേഖകള്‍ നമുക്ക് ലഭ്യമാണ്. ഈ ചരിത്ര വസ്തുതകള്‍ നിലനില്‍ക്കെ തന്നെയാണ് ദേവസ്വം ബോര്‍ഡ് ഇത്തരമൊരു നടപടിയുമായി മുന്നോട്ട് പോകുന്നത്.

ശബരിമല മേല്‍ശാന്തി നിയമനത്തില്‍ നമ്പൂതിരിമാര്‍ മാത്രം മതിയെന്ന ചിന്തയിലേക്കാണ് ഇത് ലക്ഷ്യം വെക്കുന്നത്. നമ്പൂതിരി ബ്രാഹ്മണര്‍ മാത്രം മതിയെന്നും മറ്റ് ഇതര വിഭാഗത്തില്‍പ്പെട്ടവര്‍ ആവശ്യമില്ല എന്നുമുള്ള നിലപാടാണിത്. എന്നാല്‍ കേരളത്തിലെ ഇതര ക്ഷേത്രങ്ങളിലൊന്നും ഇത്തരത്തില്‍ മലയാള ബ്രാഹ്മണ എന്ന സങ്കല്‍പം നിലനില്‍ക്കുന്നില്ല.കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലടക്കം ഇവര്‍ പറയുന്ന മലയാള ബ്രാഹ്മണരല്ലാത്ത ആളുകള്‍ പൂജ നടത്തുന്നുണ്ട്.

ചോറ്റാനിക്കര ഭഗവതി ക്ഷേത്രം

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പ്രശസ്ത ക്ഷേത്രങ്ങളിലൊന്നാണ് ചോറ്റാനിക്കര. അവിടെയൊക്കെ കാലക്രമത്തില്‍ വന്ന മാറ്റങ്ങളുടെ ഭാഗമായി ഈഴവ മുതലായ ഇതര വിഭാഗത്തില്‍പ്പെട്ടവര്‍ പൂജാരിമാരായിട്ടുണ്ട്.

എന്നാല്‍ ശബരിമലയെ സംബന്ധിച്ച് ഇത്തരത്തിലൊരു വാദം ഉയര്‍ന്നുവരുന്നതില്‍ ചില പ്രശ്‌നങ്ങളുണ്ട്. ബ്രാഹ്മണരില്‍ തന്നെ വ്യത്യസ്തതകള്‍ നിലില്‍ക്കുന്നുണ്ട്. തുളു ബ്രാഹ്മണരുണ്ട്, കേരള ബ്രാഹ്മണര്‍ക്ക് പുറമെ മറ്റ് ദേശങ്ങളിലെ ബ്രാഹ്മണരുണ്ട്. അവിടേക്ക് മലയാള ബ്രാഹ്മണ എന്ന സങ്കല്‍പവുമായി വരുമ്പോള്‍, മറ്റുള്ള ബ്രാഹ്മണ വിഭാഗത്തെ ഒഴിവാക്കേണ്ടി വരും.

അതായത് നമ്പൂതിരിമാര്‍ മാത്രം മതി, അവര്‍ണ വിഭാഗത്തില്‍പ്പെട്ട ആളുകളോ മറ്റ് പൂജ പഠിച്ച ആളുകളോ ഒന്നും തന്നെ ശബരിമല മേല്‍ശാന്തി തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ലാ എന്ന് പറഞ്ഞ് പുറന്തള്ളുന്ന രീതി ശാസ്ത്രമാണിത്. ഒരു ജനാധിപത്യ രാജ്യത്ത് പാടില്ലാത്ത പുറന്തള്ളല്‍ രീതിയെന്ന നിലയില്‍ തന്നെ ഇതിനെ പരിഗണിക്കേണ്ടതുണ്ട്.

ദേവസ്വം ബോര്‍ഡ് പുതുതായി നിര്‍മിച്ചെടുത്ത മലയാള ബ്രാഹ്മണ എന്ന സംവര്‍ഗ ചരിത്രപരമായി നിലവിലുള്ള ഒന്നല്ലെന്ന് പറയാന്‍ സാധിക്കും. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗമടക്കം നിരവധി ഇതര വിഭാഗങ്ങള്‍ നിലവിലുണ്ട്. ഇവയെല്ലാം തന്നെ ഭരണഘടനാ സ്ഥാപനങ്ങളിലൂടെ നിര്‍മിച്ചെടുത്തിട്ടുള്ളതാണ്. റെവന്യു വകുപ്പ് അടക്കമുള്ള സംവിധാനങ്ങള്‍ ഇത്തരം കാര്യങ്ങള്‍ കൃത്യമായി പരിശോധിക്കുന്നുണ്ട്.

എന്നാല്‍ ഇവര്‍ പറയുന്ന മലയാള ബ്രാഹ്മണര്‍ ആരൊക്കയാണെന്ന് ദേവസ്വം ബോര്‍ഡിന് പോലുമറിയില്ല എന്നതാണ് വസ്തുത. ഇങ്ങനെയൊരു ക്രോസ് വെക്കുമ്പോള്‍ മലയാള ബ്രാഹ്മണ എന്ന വിഭാഗത്തില്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന് അറിയിക്കേണ്ട ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനുണ്ട്. നിലവില്‍ അങ്ങനെയൊരു പട്ടിക ദേവസ്വം ബോര്‍ഡ് പുറത്ത് വിട്ടിട്ടില്ല.

ശബരിമല ക്ഷേത്രം

മലയാള ബ്രാഹ്മണര്‍ എന്നത് കൊളോണിയല്‍ കാലഘട്ടത്തിലെ തെറ്റായ ചരിത്ര നിര്‍മിതയാണെന്ന് പറയാം. ചരിത്രപരമായ യാതൊരു അടിത്തറയുമില്ലാത്ത ഒരു സങ്കല്‍പത്തെ കൃത്രിമമായി നിര്‍വചിച്ച്, നമ്പൂതിരി വിഭാഗം മാത്രം ശബരി മലയില്‍ പൂജ നടത്തിയാല്‍ മതിയെന്ന നിലപാടാണ് ഇത്തരമൊരു നീക്കം വഴി നടപ്പിലാകുന്നത്.

കോടിക്കണക്കിന് വരുമാനമുള്ള ശബരിമല പോലെയൊൊരു ക്ഷേത്രത്തില്‍ നിന്നും അവര്‍ണ വിഭാഗത്തില്‍പ്പെട്ട മനുഷ്യരെ മാറ്റി നിര്‍ത്തുന്നത് വഴി, ക്ഷേത്രത്തിന്റെ സമ്പത്തിനെ നമ്പൂതിരി വിഭാഗത്തിലേക്ക് മാത്രം കേന്ദ്രീകരിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പ് വരുത്തുന്ന തുല്യത സങ്കല്‍പത്തിന്റെ ലംഘനമാണിത്.

കാര്‍ത്തിക. ജി : 200 ലധികം തന്ത്രഗ്രന്ഥങ്ങള്‍ കേരളത്തില്‍ മാത്രമായി രചിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ എവിടെയും ‘മലയാള ബ്രാഹ്മണ’ എന്ന പ്രയോഗമില്ല. പിന്നെ ഇത് ആരുടെ സൃഷ്ടിയാണ്?

ടി.എസ്. ശ്യാംകുമാര്‍ : സ്റ്റേറ്റ് മാനുവലിലാണ് ആദ്യമായി ഇത്തരത്തിലൊരു പ്രയോഗം കാണുന്നത്. അതുകൊണ്ട് തന്നെയാണ് ഇതിന് പിന്നില്‍ കൊളോണിയല്‍ സ്വാധീനമുണ്ടെന്ന് ഞാന്‍ ആദ്യം തന്നെ പറഞ്ഞത്.

കേരളത്തിലെ നമ്പൂതിരിമാര്‍ എഴുതിയ ശാങ്കരസ്മൃതി ഉള്‍പ്പടെയുള്ള സ്മൃതി ഗ്രന്ഥങ്ങളിലോ, അതുപോലെ 200ലധികം വരുന്ന തന്ത്രഗ്രന്ഥങ്ങളിലോ ഒന്നും തന്നെ മലയാള ബ്രാഹ്മണ എന്ന സംവര്‍ഗത്തെ നമുക്ക് കാണാന്‍ സാധിക്കില്ല.

കേരളത്തിലെ ഒരു നമ്പൂതിരിക്ക് പ്രതിഷ്ഠ നടത്താനുള്ള അധികാരമില്ലെന്നും, അത് ആര്യാവര്‍ത്ത പാരമ്പര്യം ഉള്‍ക്കൊള്ളുന്ന വ്യക്തിക്ക് മാത്രമാണുള്ളതെന്നും പ്രയോഗ മഞ്ചരിയില്‍ പറയുന്നുണ്ട്. അതുപോലെ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ കുഴിക്കാട്ട് ഇല്ലത്ത് മഹേശ്വരന്‍ ഭട്ടതിരിയുടെ ‘കുഴിക്കാട്ട് പച്ച’ എന്ന തന്ത്രഗ്രന്ഥത്തില്‍ ആചാര്യ ലക്ഷണങ്ങള്‍ കൃത്യമായി വിവരിക്കുന്നുണ്ട്. അതനുസരിച്ച് ആചാര്യന്‍ ഉത്തമനായ ബ്രാഹ്മണനായിരിക്കണം. ബ്രാഹ്മണനില്‍ തന്നെ ഉന്നതനായിരിക്കണം എന്നാണ് പറയുന്നത്.

കുഴിക്കാട്ട് ഇല്ലത്ത് മഹേശ്വരന്‍ ഭട്ടതിരിയുടെ ‘കുഴിക്കാട്ട് പച്ച’ എന്ന തന്ത്രഗ്രന്ഥം

പത്തൊന്‍പതാം നൂറ്റിലെ കേരള’ത്തില്‍ പി.ഭാസ്‌കരനുണ്ണി ബ്രാഹ്മണര്‍ക്കിടയില്‍ തന്നെയുള്ള മറ്റ് വിഭാഗങ്ങളെ കുറിച്ചും പറയുന്നുണ്ട്. ഉന്നതരും അധമരുമായിട്ടുള്ള വ്യത്യസ്ത വിഭാഗങ്ങള്‍ ബ്രാഹ്മണര്‍ക്കിടയില്‍ തന്നെയുണ്ട്. അതില്‍ തന്നെ അടികള്‍, കിടാരര്‍ മുതലായ ബ്രാഹ്മണ വിഭാഗങ്ങളെ തന്നെ ഹീന ബ്രാഹ്മണരായിട്ടും പതിത ബ്രാഹ്മണരായിട്ടുമൊക്കെയാണ് കേരളത്തിലെ നമ്പൂതിരിമാര്‍ കണക്കാക്കിയിരുന്നത്.

ഇങ്ങനെ നോക്കുമ്പോള്‍ ഈ മേഖല സങ്കീര്‍ണമായ ഒരു ചരിത്ര പ്രക്രിയക്കകത്താണ് നിലനില്‍ക്കുന്നതെന്ന് നമുക്ക് മനസിലാകും. അങ്ങനെ നോക്കുമ്പോള്‍ ശുദ്ധ ബ്രാഹ്മണ വംശമോ, ശുദ്ധ കുലീന വംശജരായ ബ്രാഹ്മണരോ കേരളത്തിലുണ്ടായിരുന്നില്ല. കുഴിക്കാട്ട് പച്ച, കൈനിക്കര പച്ച, കുടയൂര്‍ ഭാഷ മുതലായ മലയാളത്തില്‍ എഴുതപ്പെട്ട തന്ത്രഗ്രന്ഥങ്ങളിലൊന്നും തന്നെ അങ്ങനെയൊരു വിഭാഗത്തെ കുറിച്ച് സൂചിപ്പിക്കുന്നുമില്ല.

അതായത് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യപാദം വരെ മലയാള ബ്രാഹ്മണ സങ്കല്‍പം ഉദയം ചെയ്തിട്ടില്ലെന്ന് കണക്കാക്കാന്‍ സാധിക്കും. പിന്നീട് വരുന്ന കൊളോണിയല്‍ ചരിത്ര നിര്‍മിതിയും അതുമായ ബന്ധപ്പെട്ട് വരുന്ന അധിനിവേശത്തിന്റെയും ഭാഗമായിട്ട് ഉരിത്തിരിഞ്ഞ സവിശേഷ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള അവകാശ വാദം ഉയര്‍ന്നുവരുന്നത്.

ഇതിന്റെ ചരിത്രപരമായ തെളിവ് ചട്ടമ്പി സ്വാമികളുടെ പ്രാചീന മലയാളം എന്ന ഗ്രന്ഥത്തിലാണ്. അതിനകത്ത് ഈ പറയുന്നത് പോലെ മലയാള ശൂദ്രരെന്നും മലയാള ബ്രാഹ്മണരെന്നുമുള്ള പ്രയോഗങ്ങളെ കുറിച്ച് പറയുന്നുണ്ട്. അപ്പോള്‍ പോലും ആരാണ് മലയാള ബ്രാഹ്മണരെന്ന് തെളിമയോടുകൂടി അവിടെയും രേഖപ്പെടുത്തുന്നില്ല. പാരമ്പര്യത്തിന്റെ അനുഷ്ഠാന ഗ്രന്ഥങ്ങളും, സ്മൃതി ഗ്രന്ഥങ്ങളും, വര്‍ണ ശാസ്ത്രങ്ങളും, കേരളോത്പത്തി മുതലായ ഗ്രന്ഥങ്ങളും പരിശോധിക്കുമ്പോള്‍ മലയാള ബ്രാഹ്മണ എന്ന വിഭാഗത്തെ കാണുന്നില്ലെന്നതാണ് ഒരു പ്രധാന വസ്തുത.

ചട്ടമ്പി സ്വാമികളുടെ പ്രാചീന മലയാളം

മലയാള ബ്രാഹ്മണ എന്ന വാദം ഉയര്‍ത്തുന്നവര്‍ തന്ത്രങ്ങളുടെ അവകാശികള്‍ എന്ന നിലയിലാണല്ലോ സ്വയം അടയാളപ്പെടുത്തുന്നത്. എന്നാല്‍ ശബരിമലയിലെ തന്ത്രിമാരായ താഴമന്‍ നമ്പൂതിരിമാര്‍ കേരളത്തില്‍ നിന്നുള്ളവരല്ലല്ലോ. അവര്‍ കേരളത്തിന് പുറത്ത് നിന്നും വന്നവരാണ്. താഴമണ്‍മഠം പോറ്റിമാരെ കുറിച്ച് തിരുവല്ല പറമ്പൂരിന്റെ ഗ്രന്ഥവരിയില്‍ പറയുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ പോറ്റിമാര്‍ ബ്രാഹ്മണരല്ല. അങ്ങനെ നോക്കുമ്പോള്‍ ശബരിമലയിലെ തന്ത്രിക്ക് പോലും തങ്ങള്‍ മലയാള ബ്രാഹ്മണരാണെന്ന് ചരിത്രപരമായി സമര്‍ത്ഥിക്കാന്‍ കഴിയാതെ വരുന്നുണ്ട്.

ഇത് പരിശോധിക്കുമ്പോള്‍ മലയാള ബ്രാഹ്മണ എന്ന സങ്കല്‍പം ദേവസ്വം ബോര്‍ഡ് വളരെ കൃത്രിമമായി അടുത്തകാലത്ത് രൂപീകരിച്ചതാണെന്ന് മനസിലാക്കാന്‍ സാധിക്കും. ഇത്തരരമൊരു വാദത്തിന് ചരിത്രപരമായ വേരുകളില്ല എന്ന് മാത്രമല്ല കീഴ്വഴക്കങ്ങളുമായോ അനുഷ്ഠാന ബദ്ധമായ പിന്തുടര്‍ച്ചാവകാശവുമായോ ഒന്നും തന്നെ ബന്ധമില്ലെന്ന നിഗമനത്തിലേക്ക് എത്തിച്ചേരാന്‍ സാധിക്കും.

കാര്‍ത്തിക. ജി : പൗരോഹിത്യത്തിന്റെ യാതൊരു അടയാളങ്ങളുമില്ലാത്ത ക്ഷേത്രമാണ് ശബരിമല. അവിടുത്തെ ആരാധന രീതികളും, ആരാധന മൂര്‍ത്തികളും എല്ലാം ഈ വാദത്തെ ശരിവെക്കുന്നുമുണ്ട്. പിന്നെ എങ്ങനെയാണ് ശബരിമല ഒരു ബ്രാഹ്മണിക് ക്ഷേത്രമായി മാറുന്നത്?

ടി.എസ്. ശ്യാം കുമാര്‍ : ചരിത്രപണ്ഡിതയായ വിജയ്‌നാഥ് അവരുടെ ‘പുരാണാസ് അന്‍ഡ് അകള്‍ച്ചറേഷന്‍’ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്ന പ്രധാനപ്പെട്ട ചരിത്ര സംഹിതയുണ്ട്. ആ ചരിത്രപ്രക്രിയക്ക് അവര്‍ നല്‍കുന്ന പേര് ബ്രാഹ്മണ്യത്തിന്റെ സ്വാംശീകരണമെന്നാണ്. ശബരിമലയെ സംബന്ധിച്ച് അതിന് കീഴാളമായ ഒരു പരിപ്രേക്ഷയുണ്ട്.

അതുപോലെ ബൗദ്ധമായ അവശേഷിപ്പുകളും അവിടെയുണ്ടെന്ന് പറയാന്‍ സാധിക്കും. ഇത്തരത്തില്‍ ബഹുജനങ്ങളുടെ സ്വാധീനമുണ്ടായിരുന്ന ഒരു ക്ഷേത്രമാണ് ശബരിമല എന്ന് ചരിത്ര രേഖകള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് ബോധ്യപ്പെടുന്നുണ്ട്. ശബരിമലയില്‍ കുടികൊള്ളുന്ന കറുത്ത സ്വാമിയെന്ന മൂര്‍ത്തിയെ ആരാധിച്ചുകൊണ്ടിരുന്നത് നായര്‍ സമുദായത്തില്‍പ്പെട്ട ആളാണെന്ന് ചില രേഖകളില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

വിജയ്‌നാഥിന്റെ പുരാണാസ് അന്‍ഡ് അകള്‍ച്ചറേഷന്‍

അതുപോലെതന്നെ വാവര്‍ ശബരിമലയില്‍ ആടിനെ ബലി കഴിപ്പിക്കുകയും പലതരത്തിലുള്ള വിശിഷ്ടഭോജ്യങ്ങള്‍ അയ്യപ്പന് സമര്‍പ്പിക്കുകയും ചെയ്തിരുന്നുവെന്ന് ചില ചരിത്ര രേഖകളില്‍ സൂചിപ്പിക്കുന്നുണ്ട്. ‘ശബരിമല ഹിന്ദുത്വ തന്ത്രങ്ങളും യാഥാര്‍ത്ഥ്യങ്ങളും’ എന്ന എന്റെ പുസ്തകത്തില്‍ ഇതിനെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇത്തരം ചരിത്ര രേഖകളില്‍ നായര്‍ സമുദായത്തില്‍പ്പെട്ടവര്‍, ഈഴവ സമുദായത്തില്‍പ്പെട്ടവര്‍, മലയ-അരയ വിഭാഗത്തില്‍പ്പെട്ടവര്‍, പുലയ സമുദായത്തില്‍ പെട്ടവര്‍ തുടങ്ങി വ്യത്യസ്ത കീഴാള വിഭാഗങ്ങളുടെ ആരാധന കന്ദ്രം എന്ന നിലയിലാണ് ശബരിമല പരിഗണിക്കപ്പെട്ടിരുന്നത്. മലയ-അരയ വിഭാഗത്തില്‍പ്പെട്ട ഒരു മൂപ്പനായിരുന്നു ശബരിമലയിലെ ആദ്യത്തെ ആചാരി എന്ന് ‘ഞാന്‍ കണ്ട കേരളം’ എന്ന പുസ്തകത്തില്‍ കൃത്യമായി പറയുന്നുണ്ട്.

‘സ്വാമിയേ ശരണമയ്യപ്പ’ എന്ന മന്ത്രം പോലും ശബരിമലയ്ക്ക് ബ്രാഹ്മണ്യവുമായി യാതൊരു ബന്ധവുമില്ല എന്നതിന്റെ തെളിവായി പരിഗണിക്കാം.

ബ്രാഹ്മണ പാരമ്പര്യത്തില്‍ ഇത്തരത്തിലുള്ള ഒരു മന്ത്രം നമുക്ക് കാണാന്‍ സാധിക്കില്ല. അയ്യപ്പനുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ട തന്ത്രഗ്രന്ഥങ്ങളിലോ ‘ഭീമസംഹിത’ പോലെയുള്ള ആഗമങ്ങളിലോ, കേരളത്തില്‍ തന്നെ അയ്യപ്പനുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ട തന്ത്രഗ്രന്ഥങ്ങളിലോ പോലും ഇത്തരത്തിലുള്ള മന്ത്രങ്ങള്‍ ഇല്ല.

യഥാര്‍ത്ഥത്തില്‍ കേരളത്തിലെ തന്ത്രഗ്രന്ഥങ്ങള്‍ പരിശോധിക്കുമ്പോള്‍ അയ്യപ്പന്‍ എന്ന് പറയുന്നത് സങ്കല്പം ഇവിടെയില്ല. ഇവിടെ ശാസ്താവ് മാത്രമാണുള്ളത്. ഇതിനെയൊക്കെ തന്നെ ബൗദ്ധമായ സങ്കല്‍പ്പത്തിന്റെ പ്രത്യക്ഷത്തിലുള്ള ദൃഷ്ടാന്തമായി കണക്കാക്കാം.

വിജയ് നാഥ് തന്റെ ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നതുപോലെ ബ്രാഹ്മണിക്കല്‍ അക്കള്‍ച്ചറേഷന്‍ കാര്യമായതോതില്‍ കേരളത്തില്‍ നടന്നു വരുന്നുണ്ട്. കൊളോണിയല്‍ അധിനിവേശത്തിന്റെ കാലഘട്ടത്തില്‍ മലയ-അരയെ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ കൃഷ്ണ ദിക്കിലേക്ക്
പാലായനം ചെയ്യുകയും പിന്നീട് വര്‍ഷത്തിലൊരിക്കല്‍ മാത്രമായി 19,20 നൂറ്റാണ്ടുകളില്‍ ചില തീര്‍ത്ഥാടനങ്ങളൊക്കെ അവിടെ നടക്കുകയും ചെയ്തു.

അതിന്റെ ആദ്യഘട്ടത്തില്‍ കുടിയേറി വന്ന ചില ബ്രാഹ്മണ പൂജാരിമാര്‍ അവിടെ പൂജ ചെയ്യാന്‍ തുടങ്ങി. പിന്നീടാണ് അവിടേക്ക് താഴമണ്‍മഠത്തില്‍ പെട്ട ആളുകള്‍ പൂജാരിമാരായി വരുന്നത്. ക്രമേണ ക്രമേണ ഈ ബ്രാഹ്മണ വ്യവസ്ഥ അതിന്റെ ശക്തി പ്രാപിക്കുകയും, അതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്ന ശിലാവിഗ്രഹം മാറ്റുകയും അവിടെയുണ്ടായിരുന്ന ക്ഷേത്ര രീതിയെ ‘നാലമ്പലം’ എന്ന സങ്കല്പത്തിലേക്ക് പരിവര്‍ത്തനത്തിന് വിധേയമാക്കുകയും ചെയ്തു. നാലമ്പലം ആകുന്നതോടുകൂടി ഇത് ക്ഷേത്ര വാസ്തുവിലേക്ക് മാറുകയും സമ്പൂര്‍ണ്ണമായി ബ്രാഹ്മണ വല്‍ക്കരിക്കപ്പെടുകയും ചെയ്തു.

കല്ലില്‍ ഗുഹാക്ഷേത്രം ഒരു ജൈന സങ്കേതമായിരുന്നു. എന്നാല്‍ നാലമ്പലത്തിന്റെ കെട്ടിലേക്കും മട്ടിലേക്കും ആ ഗുഹ ക്ഷേത്രത്തെ മാറ്റിയിരിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും. ഇത്തരം ക്ഷേത്രങ്ങളെയെല്ലാം ബ്രാഹ്മണ വല്‍ക്കരണത്തിന് വിധേയമാക്കുക എന്നതാണ് അവരുടെ  പ്രഥമലക്ഷ്യം.

അങ്ങനെ വരുമ്പോള്‍ ക്ഷേത്രത്തിന്റെ പൂജാ രീതികള്‍ ബ്രാഹ്മണിക്കല്‍ രീതിയിലേക്ക് മാറുകയും നമ്പൂതിരിമാര്‍ അവരുടെ തന്ത്രവിധികള്‍ അനുസരിച്ച് പൂജ ചെയ്യുകയും ചെയ്യുന്ന ഒരു അവസ്ഥ സൃഷ്ടിക്കപ്പെടും. അതോടൊപ്പം തന്നെ നമ്പൂതിരിയുടെ ശുദ്ധി-അശുദ്ധി വാദങ്ങള്‍ക്ക് ഈ ക്ഷേത്രം വിധേയമാകുന്നു എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട വസ്തുത.

അതിന്റെ ഭാഗമായിട്ടാണ് ഇന്നും കേരളത്തിലെ ക്ഷേത്രങ്ങളില്‍ അയിത്തം നിലനില്‍ക്കുന്നത്. അയിത്ത സമ്പ്രദായം ഭരണഘടനാപരമായ നിയമനിര്‍മ്മാണത്തിന്റെ ഭാഗമായി കേരളത്തില്‍നിന്ന് ഇല്ലാതായി എന്നാണല്ലോ നമ്മള്‍ ഉയര്‍ത്തുന്ന വാദം. എന്നാല്‍ ഇന്നും ശബരിമല ഉള്‍പ്പെടെയുള്ള ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മിക്കവാറും ക്ഷേത്രങ്ങളില്‍ ഈ അയിത്ത സമ്പ്രദായം നിലനില്‍ക്കുന്നുണ്ട്.

രണ്ട് തരത്തിലാണ് ഇവിടെ തൊട്ടുകൂടായ്മ നിലനില്‍ക്കുന്നത്. ഒരു സാധാരണ ഭക്തന്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുക മാത്രമാണ് ചെയ്യുന്നത്. അവിടെ പൂജ ചെയ്യുന്ന ഒരു നമ്പൂതിരിയെ അറിഞ്ഞോ അറിയാതെയോ തൊടുക പോലും ചെയ്യില്ല. സ്പര്‍ശിച്ചാല്‍ അത് അശുദ്ധിയായി പരിഗണിക്കപ്പെടുന്നു.

ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിനുശേഷം 2017ല്‍ ഇതര ബ്രാഹ്മണ വിഭാഗങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ പോസ്റ്റിങ്ങ് കിട്ടി. ദളിതര്‍ ഉള്‍പ്പെടെയുള്ള പൂജാരിമാരെ നിയമിച്ചു എങ്കിലും, കേരളത്തിലെ ഒരു പ്രമുഖ ക്ഷേത്രങ്ങളിലും ഇവര്‍ പൂജാരിമാരായി ജോലി ചെയ്യുന്നില്ല എന്നത് പ്രധാനപ്പെട്ട വസ്തുതയാണ്.

എന്തുകൊണ്ടാണ് ഇങ്ങനെ എന്ന് ചോദ്യം നമ്മള്‍ ഉന്നയിക്കുക തന്നെ വേണം. ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ ഈഴവ സമുദായത്തില്‍പ്പെട്ട ഒരു വ്യക്തി പൂജാരിയായി വന്നപ്പോള്‍ അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്ന വിവേചനങ്ങളും അകറ്റിനിര്‍ത്തലുകളും നമ്മള്‍ കണ്ടതാണ്. അദ്ദേഹത്തെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും തളര്‍ത്തുകയും ചെയ്യുന്ന തരത്തിലുള്ള അക്രമണ പരിപാടികള്‍ ആണല്ലോ അവിടെ അരങ്ങേറിയത്. ഇത്തരത്തില്‍ എത്രയോ ക്ഷേത്രങ്ങളിലാണ് തൊട്ടുകൂടായ്മ നിലനില്‍ക്കുന്നത്. അതായത് ഇത്തരം സമ്പ്രദായങ്ങളൊന്നും എവിടെയും പോയിട്ടില്ല സുരക്ഷിതമായി നമ്മള്‍ക്കിടയില്‍ തന്നെയുണ്ട്.

ചെട്ടിക്കുളങ്ങര ക്ഷേത്രം

ഇത്തരം സമ്പ്രദായങ്ങളുടെ രാഷ്ട്രീയം അത് ബ്രാഹ്മണിക്കല്‍ രാഷ്ട്രീയം തന്നെയാണ്. ബ്രാഹ്മണിക്കല്‍ രാഷ്ട്രീയം ശക്തിപ്പെട്ട് വരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഹിന്ദുത്വ അതിനെ് മുതലെടുക്കുകയും കാര്യമായ രീതിയില്‍ ഉപയോഗിക്കുകയും ശബരിമലയില്‍ നമ്മള്‍ കണ്ടതുപോലെയുള്ള ഒരു ശൂദ്ര-ബ്രാഹ്മണ കലാപം പൊട്ടിപ്പുറപ്പെടാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുകയും ചെയ്യുന്നത്.

ഇത്തരമൊരു രാഷ്ട്രീയത്തിന് പലതരത്തിലുള്ള ലക്ഷ്യങ്ങളുണ്ട്. അതൊരു നിര്‍വഹണപ്രക്രിയായി മാറിക്കഴിഞ്ഞു. നിര്‍വഹണപ്രക്രിയ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്

അധികാര കേന്ദ്രങ്ങളില്‍ അടക്കം ഇടപെടാന്‍ സാധിക്കുന്ന വലിയൊരു അധിനിവേശ പ്രക്രിയയായി ഹിന്ദുത്വ പരിണമിച്ചു.

കേരളത്തിന്റെ പശ്ചാത്തലത്തില്‍ അക്രണാത്മകമായി രീതിയില്‍ ബ്രാഹ്മണിക്കല്‍ പൗരോഹിത്യ രാഷ്ട്രീയം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് അതിന്റെ അപകടം. ഈ പ്രതിസന്ധിയെ നമുക്ക് മറികടക്കാന്‍ സാധിച്ചില്ലെങ്കില്‍, രാഷ്ട്രീയപരമായി കേരളം ഇടതുപക്ഷം ആയിരിക്കുമ്പോഴും സാംസ്‌കാരികമായി സാമൂഹ്യമായും വലതുപക്ഷ വല്‍ക്കരിക്കപ്പെടാനുള്ള സാധ്യതകള്‍ ഏറെയാണ്.

കാര്‍ത്തിക. ജി : ശബരിമല ഒരു ബ്രാഹ്മണിക്കല്‍ ക്ഷേത്രമല്ല എന്ന വാദം നമ്മള്‍ ഉന്നയിക്കുമ്പോഴും മറുവശത്ത് ഇതൊരു ബുദ്ധ ക്ഷേത്രമാണെന്ന പ്രചരണം നടക്കുന്നുണ്ടല്ലോ? ആ വാദത്തെ അംഗീകരിക്കുന്നുണ്ടോ?

ടി.എസ്. ശ്യാം കുമാര്‍ : വ്യത്യസ്ത ജന വിഭാഗങ്ങളും, വ്യത്യസ്ത സമുദായങ്ങളും, വ്യത്യസ്ത വിശ്വാസ പാരമ്പര്യങ്ങളും നിലീനമായി ഒത്തുചേര്‍ന്നിരിക്കുന്ന ഒന്നാണ് ശബരിമല എന്ന ക്ഷേത്ര സങ്കല്പം. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു വിഭാഗത്തിന്റേത് മാത്രമാണ് അല്ലെങ്കില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ് ശബരിമല ക്ഷേത്രം എന്ന രീതിയില്‍ വാദിക്കാന്‍ സാധിക്കില്ല.

ഒരു കാലഘട്ടത്തില്‍ ബുദ്ധ പാരമ്പര്യത്തിന്റെ ശക്തമായ സ്വാധീനം ഉണ്ടായിരുന്ന ക്ഷേത്രം എന്ന നിലയിലും, കീഴാള ആരാധന നിലനിന്നിരുന്ന ക്ഷേത്രം എന്ന നിലയിലും നമുക്ക് ശബരിമലയെ പരിഗണിക്കാം. അതിന്റെ പ്രധാന ഉദാഹരണമാണ് മാളികപ്പുറം ക്ഷേത്രം. പ്രത്യേക സ്വഭാവത്തിലുള്ള ആരാധന പാരമ്പര്യമാണ് മാളികപ്പുറം ക്ഷേത്രത്തില്‍ സ്വീകരിച്ചിട്ടുള്ളത്. ചരിത്രം പരിശോധിച്ചാല്‍ അത് വ്യക്തമാവുകയും ചെയ്യും. കാളി ആരാധന എന്നു പറയുന്നത് ബ്രാഹ്മണേതരമായ ആരാധന രീതിയാണ്.

ശാങ്കരസ്മൃതിയുടെ ആഖ്യാനത്തില്‍ വൈഷ്ണവും ശൈവവും അല്ലാത്ത ഇതര ആരാധന പാരമ്പര്യങ്ങള്‍ പിന്തുടരാന്‍ പാടില്ലെന്ന് വളരെ ശക്തമായി നിര്‍ദേശിക്കുന്നുണ്ട്. കാളിയെ ആരാധിക്കുന്നവരെ അശുദ്ധരായി കണക്കാക്കിയിരുന്ന ഒരു പാരമ്പര്യം കേരളത്തില്‍ ഉണ്ട്. അതുതന്നെയാണ് ശാങ്കരസ്മൃതിയുടെ അടിസ്ഥാനവും.

പി. ഭാസ്‌കനുണ്ണിയുടെ പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം

അങ്ങനെയാണ് അടികള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ അശുദ്ധരായി കണക്കാക്കപ്പെട്ടത്. ‘പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം’  പി. ഭാസ്‌കനുണ്ണിയുടെ ഗ്രന്ഥത്തില്‍ ഇത്തരം വിഭാഗങ്ങള്‍ എങ്ങനെയാണ് അശുദ്ധരായതെന്ന് കൃത്യമായി അടയാളപ്പെടുത്തുന്നു. സംസ്‌കൃതത്തില്‍ തന്നെ രചിക്കപ്പെട്ടിട്ടുള്ള ബാണഭട്ടന്റെ കാദംബരിയും ഹര്‍ഷചരിതവും ഒക്കെ പരിശോധിക്കുമ്പോള്‍ കാളിയെ പൂജിക്കുന്നവര്‍ ചണ്ടാളന്മാരും ഇതര ഗോത്ര വിഭാഗങ്ങളും മനസിലാലാക്കാന്‍ സാധിക്കും.

ഏതാണ്ട് 8,9 നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ടു എന്ന് കണക്കാക്കപ്പെടുന്ന ബ്രഹ്മയാമളത്തില്‍ കാളിയെ പൂജിക്കേണ്ടത് പാരവശര്‍ എന്നുപറയുന്ന അബ്രാഹ്മണ വിഭാഗത്തില്‍ പെട്ടവരാണെന്ന് സൂചിപ്പിക്കുന്നുണ്ട്. വൈദനസു ധര്‍മ്മസൂത്രം എന്ന് പറയപ്പെടുന്ന ധര്‍മ്മസൂത്രത്തില്‍ പാരശവര്‍ എന്നുപറയുന്നത് അബ്രാഹ്മണരാണെന്നും കൃത്യമായ രേഖപ്പെടുത്തിയിട്ടുണ്ട്.

അതായത് കാളി ആരാധനയ്ക്ക് ബ്രാഹ്മണേതരമായ ഒരു വിപുല പാരമ്പര്യമുള്ളത്. കേരളത്തില്‍ കാളിയെ ആരാധിച്ചിരുന്നത് അബ്രാഹ്മണ വിഭാഗത്തില്‍ പെട്ടവരാണെന്ന് ഒരുപാട് ഗ്രന്ഥ വരികളില്‍ പറയുന്നുണ്ട്. 1650ല്‍ രചിക്കപ്പെടുന്ന പ്രശ്നമാര്‍ഗം എന്ന ഗ്രന്ഥത്തില്‍ ദൈവങ്ങളെ സംബന്ധിച്ച് സൂചനയുണ്ട്. കാളി, ചാമുണ്ഡി പോലെയുള്ള ദേവതകള്‍ കീഴാള മനുഷ്യരുടെ ദൈവങ്ങള്‍ ആണെന്ന് വളരെ കൃത്യമായി തന്നെ പറയുന്നു.

നാം മുമ്പ് പറഞ്ഞ ദൈവങ്ങളെല്ലാം തന്നെ ബഹുജന പാരമ്പര്യം ഉള്‍ക്കൊള്ളുന്ന ദേവത സങ്കല്പങ്ങളാണ്. ഞാന്‍ ആദ്യം സൂചിപ്പിച്ചതുപോലെ, ശാസ്താവ് എന്ന സങ്കല്പം തന്നെ ബ്രാഹ്മണേതരമാണ്. ബൗദ്ധ സങ്കല്പ വുമായി ഇവക്കെല്ലാം വലിയ അടുപ്പമുണ്ട്. അതോടൊപ്പം തന്നെ ബുദ്ധ സങ്കല്പങ്ങളില്‍ നിന്നുമാണ് ശാസ്താവ് എന്ന ദൈവ സങ്കല്പത്തിലേക്ക് എത്തിച്ചേര്‍ന്നത്.

ശരണം വിളികള്‍ തന്നെ അതിന്റെ ഒരു പ്രധാനപ്പെട്ട തെളിവുകളായി പരിഗണിക്കാം. അതുപോലെ തീര്‍ത്ഥാടനം എന്ന സങ്കല്പം തന്നെ ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത് ബൗദ്ധ പാരമ്പര്യത്തില്‍ നിന്നുമാണ്. ചരിത്രം വ്യക്തമായി പരിശോധിക്കുമ്പോള്‍ ഇത് തെളിയിക്കപ്പെടുന്നു.

ബൗദ്ധ-ജൈന, കീഴാള പാരമ്പര്യത്തിന് പുറമേ വലിയ രീതിയിലുള്ള മുസ്ലീം സംസ്‌കാരത്തിന്റെ സ്വാധീനവും നമുക്ക് ശബരിമലയില്‍ കാണാന്‍ സാധിക്കും.

ചരിത്രത്തില്‍ പറയുന്ന വാവരുടെ കുടുംബം ഒരു പ്രത്യേക കാലഘട്ടം വരെ ശബരിമലയില്‍ നേരിട്ട് വന്ന് വഴിപാടുകള്‍ സമര്‍പ്പിക്കുകയും ചടങ്ങുകളില്‍ പങ്കാളികളാവുകയും ചെയ്തിരുന്നു. ഇത്തരം കാര്യങ്ങളെ സംബന്ധിച്ചുള്ള വിശദമായ പരാമര്‍ശങ്ങള്‍ വാവരുടെ സേറ്റേടുകളില്‍ കാണാന്‍ കഴിയും.

ഇത്തരത്തില്‍ പരിശോധിക്കുമ്പോള്‍ വ്യത്യസ്ത പാരമ്പര്യങ്ങളുടെയും വിശ്വാസങ്ങളുടെയും ആരാധനാരീതികളുടെയും സംഗമസ്ഥാനമാണ് ശബരിമല എന്ന് നിസംശയം പറയാന്‍ സാധിക്കും. ഇങ്ങനെയുള്ള ചരിത്രങ്ങള്‍ എല്ലാം മായിച്ച് കളഞ്ഞ് കൊണ്ടാണ് ശബരിമല ഒരു ബ്രാഹ്മണ സങ്കേതം ആണെന്ന് തെളിയിക്കാനുള്ള ശ്രമങ്ങള്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ ഈ നടപടി ഒരു ചുരുക്കിക്കെട്ടലാണ്. ബ്രാഹ്മണേതര വിഭാഗത്തില്‍പ്പെട്ട മനുഷ്യരെ തമസ്‌കരിക്കുന്നതിന്റെ ഭാഗമാണെന്നാണ് ചരിത്ര പാരമ്പര്യങ്ങള്‍ വിശദമായി പരിശോധിക്കുമ്പോള്‍ നമ്മുടെ മുന്‍പില്‍ അനാവരണം ചെയ്യപ്പെടുന്ന വസ്തുത.

കാര്‍ത്തിക. ജി : ശബരിമല ദ്രാവിഡ സംസ്‌കാരത്തിന്റെ ഭാഗമായിട്ടുള്ള ഒരു ക്ഷേത്രം ആണെന്ന വാദം മുന്നോട്ടുവയ്ക്കുമ്പോള്‍, പന്തള രാജന്‍, മോഹിനി സുധ പോലെയുള്ള ഐതിഹ്യങ്ങളില്‍ വിശ്വസിക്കുന്നുണ്ടോ? അല്ലെങ്കില്‍ അതും വെറുമൊരു ബ്രാഹ്മണിക് സൃഷ്ടി മാത്രമാണോ?

ടി.എസ്. ശ്യാം കുമാര്‍ : ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ അതിന് രണ്ടുതരം പശ്ചാത്തലം ആണുള്ളത്. ശബരിമല ക്ഷേത്രത്തിന്റെ അവകാശികളായി ഒരു രാജവംശം ഉയര്‍ന്നുവരുന്നു. ഇന്നത്തെ ചിന്താഗതിക്കുള്ളില്‍ നിന്നുകൊണ്ട് നമ്മള്‍ പരിശോധിക്കുമ്പോള്‍ രാജവംശം എന്ന് പറയുന്നത് വലിയ മാനങ്ങളുള്ള വലിയ സമ്പത്തുള്ള ഒന്നായിരിക്കും.

എന്നാല്‍ പന്തളം രാജവംശത്തെ സംബന്ധിച്ച് അത്തരത്തിലുള്ള വര്‍ണ്ണാഭമായ ഒരു ശേഷിപ്പുകളുടെയും ചരിത്ര അവശിഷ്ടങ്ങള്‍ ഇതുവരെയും ലഭ്യമല്ല. വലിയ സമ്പത്തുള്ള രാജവംശം എന്ന നിലയില്‍ പന്തളത്തെ കാണാന്‍ സാധിക്കില്ല. ശബരിമല ക്ഷേത്രത്തില്‍ കുടികൊള്ളുന്ന അയ്യപ്പനുമേല്‍ അധികാരം സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് പന്തള രാജവംശവുമായി ബന്ധപ്പെട്ട ഒരു കഥ പ്രചരിപ്പിക്കപ്പെട്ടത്. ചരിത്രപരമായി വീക്ഷിച്ചാല്‍ മാത്രമേ ഇതിന്റെ വസ്തുതകള്‍ നമുക്ക് തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ.

അതോടൊപ്പം തന്നെ പന്തളം രാജവംശം പില്‍ക്കാലത്ത് ശബരിമല ക്ഷേത്രം തിരുവിതാംകൂര്‍ രാജവംശത്തിന് തീറെഴുതി കൊടുത്തതായുള്ള രേഖകള്‍ ചരിത്രം പരിശോധിക്കുമ്പോള്‍ ലഭ്യമാണ്. ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാനുവലിലും അടമാനം എന്നറിയപ്പെടുന്ന ഈ രേഖ ഇപ്പോഴും ലഭ്യമാണ്.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ മാല

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ മാലയിലൂടെയും പിന്‍കാലത്ത് വന്ന സീരിയലുകളിലൂടെയും സിനിമകളിലൂടെയുമൊക്കെയാണ് ഈ ഐതീഹ കഥയ്ക്ക് ഇത്രകണ്ട് പ്രചാരം ലഭിക്കുന്നത്. എന്നാല്‍ അതിനുമുമ്പ് ഇത്തരത്തില്‍ ഒരു കഥ മാത്രമായിരുന്നില്ല നിലനിന്നിരുന്നത്.

വ്യത്യസ്തമായ കഥകള്‍ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്നു. മലയ-അരയ വിഭാഗത്തിനിടയില്‍ പ്രചരിപ്പിക്കപ്പെടുന്ന കഥയില്‍ അവരുടെ പുത്രനായിട്ടാണ് അയ്യപ്പനെ കണക്കാക്കുന്നത്. എന്നാല്‍ ആ കഥക്ക് പ്രാമുഖ്യം ലഭിച്ചില്ല. അയ്യപ്പനും മാളികപ്പുറവുമായി ബന്ധപ്പെട്ട് ഈഴവ സമുദായത്തിനിടയില്‍ പ്രചരിപ്പിക്കപ്പെടുന്ന ഒരു കഥ ഉണ്ടായിരുന്നു. ഇത്തരത്തില്‍ അതിനും പ്രാമുഖ്യം ലഭിച്ചില്ല.

അതുപോലെ പന്തള രാജവംശവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന കഥയ്ക്ക് മാത്രം മുഖ്യധാരയില്‍ പ്രാമുഖ്യം ലഭിച്ചതിന് പിന്നില്‍ കൃത്യമായ ഒരു രാഷ്ട്രീയ പശ്ചാത്തലം ഉണ്ട്. അതോടൊപ്പം തന്നെ പന്തള രാജവംശവുമായി ബന്ധപ്പെട്ട യാതൊരു വിധത്തിലുള്ള ആഖ്യാനവും സംസ്‌കൃത ഗ്രന്ഥങ്ങളില്‍ പോലും ഇല്ല എന്നതാണ് വസ്തുത.

കാര്‍ത്തിക. ജി :  ഒരു ദ്രാവിഡ സംസ്‌കാരത്തിനകത്ത് നിലനില്‍ക്കുന്ന ക്ഷേത്രം ബ്രാഹ്മണിക് രീതിയിലേക്ക് മാറുന്നു. ചരിത്രാതീത കാലത്ത് സംഭവിച്ച ഒരു മാറ്റമല്ലിത്. ഏതാണ്ട് 116 വര്‍ഷം മാത്രമേ ആയിട്ടുള്ളൂ ഇത് സംഭവിച്ചിട്ട്. എന്നാല്‍ ഈ വാദം തെളിയിക്കപ്പെടാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്തുനിന്നും നടക്കുന്നുണ്ടോ?

ടി.എസ്. ശ്യാം കുമാര്‍ : രണ്ടുതരത്തിലാണ് നമ്മള്‍ ഈ വിഷയത്തെ സമീപിക്കേണ്ടത്. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയത് കൊണ്ട് ഏതെങ്കിലും വിധത്തില്‍ നമുക്ക് ഗുണം ചെയ്യും എന്ന് ഞാന്‍ കരുതുന്നില്ല. അതിന്റെ ഒരു പ്രധാനപ്പെട്ട തെളിവ് ആണല്ലോ ശബരിമല കലാപം. ശബരിമല സ്ത്രീ പ്രവേശനത്തിന് അനുവാദം നല്‍കിക്കൊണ്ട് സുപ്രീംകോടതിയില്‍ ഒരു വിധി വന്നതിന് പിന്നാലെ ഇടതുപക്ഷ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അവിടെ സ്ത്രീ പ്രവേശനം നടന്നു.

എന്തായിരുന്നു അതിന്റെ പ്രതിഫലം. നമ്മുടെ റോഡുകളെ പോലും കാലാപത്തിനും അക്രമണത്തിനും ഉള്ള വേദിയാക്കി മാറ്റിക്കൊണ്ട് ശൂദ്ര- ബ്രാഹ്മണ കൂട്ടുകെട്ടും അതിനെ താലോലിക്കുന്ന വലിയ ആള്‍ക്കൂട്ടവും ഒക്കെ ചേര്‍ന്നുകൊണ്ട് സര്‍ക്കാരിനെ തന്നെ അട്ടിമറിക്കുന്ന ഒരു വിമോചന റാലി സംഘടിപ്പിക്കുകയാണല്ലോ ചെയ്തത്. അതുകൊണ്ടുതന്നെ ശബരിമല എന്നത് ഒരു തൊട്ടാല്‍ പൊള്ളുന്ന വിഷയം എന്ന നിലയിലാണ് ഭരണകൂടം കണക്കാക്കുന്നത്.

അതിനാല്‍ തന്നെ ആ വിഷയത്തില്‍ ‘സംയമനപൂര്‍ണമായ’ ഒരു നിലപാട് കൈക്കൊള്ളുക എന്നതായിരിക്കും സര്‍ക്കാരിന്റെ തീരുമാനം. ശബരിമല വിഷയത്തിലുള്ള കൂടുതല്‍ ഇടപെടലുകള്‍ തങ്ങളുടെ വോട്ടുബാങ്കിനെ തന്നെ തകര്‍ക്കുമോ എന്ന ചിന്ത സര്‍ക്കാര്‍ സംവിധാനങ്ങളെ അലട്ടുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ വിപ്ലവാത്മകമായ ഒരു നിലപാട് കൈക്കൊള്ളാന്‍ സര്‍ക്കാരിന് പരിമിതികള്‍ ഉണ്ടാകും.

ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ട വ്യക്തികളെ ശബരിമലയില്‍ പൂജാരിമാരായി നിയമിക്കുന്നതിന് വലിയൊരു വിഭാഗത്തിന്റെ പിന്തുണ ആവശ്യമാണ്. അത് ലഭ്യമാവുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ശാന്തിമാരെ നിയമിക്കുന്നത് ജാതീയമായ വിവേചനം ഒന്നും തന്നെ പാടില്ലെന്നും തന്ത്രവിദ്യകള്‍ പഠിച്ച ഹിന്ദുമത വിശ്വാസികളായ ആര്‍ക്കും മേല്‍ശാന്തിമാരാകാമെന്നും സുപ്രീംകോടതി വിവിധ വിധികളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ഉത്തരവുകള്‍ വളരെ കൃത്യമായി സര്‍ക്കാര്‍ നടപ്പിലാക്കുക മാത്രം ചെയ്താല്‍ മതി. പക്ഷേ അത്തരം ഒരു നടപടിയില്‍ നിന്നും സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്ന ഭയപ്പെടുത്തുന്ന ചില ശക്തികള്‍ നിലവിലുണ്ട്. അക്കാരണത്താല്‍ തന്നെ ശബരിമല മേല്‍ശാന്തി വിഷയത്തില്‍ കൃത്യമായ ഒരു നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിയാതെ വരുന്നു. അതുകൊണ്ടുതന്നെ ഒരു ബഹുജന പ്രക്ഷോഭത്തിലൂടെ സര്‍ക്കാരിനെ ഈ പറഞ്ഞ കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

ഇത്തരമൊരു നിലപാടിലേക്ക് ദേവസ്വം ബോര്‍ഡുംസര്‍ക്കാരും എത്തിച്ചേരേണ്ടതുണ്ട്. അല്ലെങ്കില്‍ സര്‍ക്കാറിന് തന്നെ അത് വലിയൊരു അപമാനമാണ്. അതായത് ഒരു ഇടതുപക്ഷം ഭരിക്കുന്ന നാട്ടിലാണ് ഇതൊക്കെ നടക്കുന്നത് എന്നതാണ് വസ്തുത. യാഥാസ്ഥിതിക പക്ഷം അല്ലാത്ത പുരോഗമന ചിന്തകള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ എന്നാണ് ഇടതുപക്ഷത്തിന്റെ അര്‍ത്ഥം. നിലനില്‍ക്കുന്ന അവസ്ഥയില്‍ നിന്നും പാരമ്പര്യമൂല്യങ്ങളെ മറികടന്ന് പുരോഗനാത്മകമായ നിലപാട്‌  സൂക്ഷിക്കുന്നവര്‍ ആണല്ലോ ഇടതുപക്ഷം.

അങ്ങനെ ഒരു സാഹചര്യത്തില്‍ ഇത്തരത്തിലുള്ള മലയാള ബ്രാഹ്മണ വാദങ്ങളെ അനുകൂലിക്കുന്ന സര്‍ക്കാര്‍ തീര്‍ച്ചയായും യാഥാസ്ഥിതിക പക്ഷമാണ്. അതിനെ ഒരിക്കലും നമുക്ക് ഇടതുപക്ഷം എന്ന് വിളിക്കാന്‍ സാധിക്കില്ല.

ഡോ.ബി.ആര്‍.അംബേദ്കര്‍ ‘അഖിലിയേഷന്‍ ഓഫ് കാസ്റ്റ്‌’. എന്ന ഗ്രന്ഥത്തില്‍ പൗരോഹിത്യം ജനാധിപത്യവല്‍ക്കരിക്കപ്പെടണമെങ്കില്‍ പൂജ ചെയ്യാനുള്ള സാധ്യതകള്‍ എല്ലാവര്‍ക്കും തുറന്നു കൊടുക്കണമെന്നാണ് പറഞ്ഞത്. ശബരിമലയെ സംബന്ധിച്ച് അവര്‍ണ വിഭാഗങ്ങള്‍ക്ക് പുരോഹിതരാകാനുള്ള സാധ്യതകള്‍ തുറന്നു കൊടുക്കുന്നില്ല എന്നതിന്റെ അര്‍ത്ഥം, ഈ രംഗം ഇനിയും ജനാധിപത്യവല്‍ക്കരിക്കപ്പെടാന്‍ ഉണ്ട് എന്നതാണ്.

അംബേദ്കറിന്റെ അനിഹിലേഷന്‍ ഓഫ് കാസ്റ്റ്

കാര്‍ത്തിക. ജി : ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നുണ്ടോ?

ടി.എസ്. ശ്യാംകുമാര്‍ : ഒരു പുരോഗമന സമൂഹമെന്ന നിലയിലും വിശാല ആര്‍ത്ഥത്തില്‍ ഇടതുപക്ഷ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യക്തി എന്ന നിലയിലും ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ ഞാന്‍ പൂര്‍ണ്ണമായി അംഗീകരിക്കുന്നു.

നമ്മുടെ സമൂഹത്തെ തന്നെ അടിമുടി മാറ്റിമറിക്കുകയും, ഇവിടെ നിലനില്‍ക്കുന്ന മേല്‍ക്കീഴ് വ്യവസ്ഥയെയും, സ്ത്രീകളോടുള്ള പാരമ്പര്യബദ്ധമായ നിലപാട് തറകളെയും വിമര്‍ശനാത്മകമായി സമീപിക്കുന്ന ഒന്നായിരുന്നു സുപ്രീം കോടതി വിധി. അത് നടപ്പിലാക്കുക തന്നെ വേണമായിരുന്നു. ശബരിമലയില്‍ ഒരു സ്ത്രീ പ്രവേശിച്ചത് കൊണ്ട് മാത്രം അത്തരം മാറ്റങ്ങള്‍ സാധ്യമാകില്ല.

എല്ലാ സ്ത്രീകള്‍ക്കും അവിടെ പോകുവാനും ദര്‍ശനം നടത്തുവാനും പ്രാര്‍ത്ഥിക്കുവാനും സാധ്യമാകുന്ന സവിശേഷമായ കാലാവസ്ഥ കേരളത്തില്‍ സംജാതമാകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നമ്മള്‍ പറയുന്ന രീതിയില്‍ കേരളം പുരോഗമിക്കപ്പെട്ടു എന്നുപറയാന്‍ സാധിക്കുകയുള്ളു. അതല്ലാത്ത പക്ഷം പലകാര്യങ്ങളിലും കേരളം പുരോഗമന വിരുദ്ധമായി നിലനില്‍ക്കുന്ന സമൂഹമാണെന്ന് തന്നെ പറയാം. യാഥാസ്ഥികവും പാരമ്പര്യപൂര്‍ണവുമായ മൂല്യങ്ങളെ ഇപ്പോഴും കെട്ടിപ്പുണരുന്ന സമൂഹമാണ് കേരളമെന്നതിന്റെ തെളിവാണ് ഇതെല്ലാം.

കാര്‍ത്തിക. ജി : ഇത്തരത്തിലുള്ള ശുദ്ധി-അശുദ്ധി വാദങ്ങളെ കുറിച്ചും ബ്രാഹ്മണ മേധാവിത്തത്തെ കുറിച്ചുമൊക്കെ വീണ്ടും വീണ്ടും നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണല്ലോ. സ്വതന്ത്ര്യത്തിന് ശേഷമുള്ള നവോത്ഥാനത്തെ എങ്ങനെയാണ് നോക്കി കാണുന്നത്?

ടി.എസ്. ശ്യാം കുമാര്‍ : കേരള നവോത്ഥാനം എന്ന ചരിത്രപ്രക്രിയയെ വിശദീകരിക്കാന്‍ ഉപയോഗിക്കുന്ന പദം തന്നെ പ്രശ്നവല്‍ക്കരിക്കേണ്ട സമയം അതിക്രമിച്ചു എന്നാണ് ഞാന്‍ കരുതുന്നത്. നവോത്ഥാനം എന്ന് നമ്മള്‍ വിശേഷിപ്പിക്കുന്ന ചരിത്രപ്രക്രിയക്കകത്ത് യാഥാസ്ഥിതികമായ നിരവധി അംശങ്ങള്‍ ആ കാലഘട്ടത്തില്‍ നിലനിന്നിരുന്നു. അതിനെ മറികടന്നു കൊണ്ടാണ് വലിയ രീതിയിലുള്ള പുരോഗമനം എന്ന നിലയില്‍ നമ്മള്‍ നവോത്ഥാനത്തെ ആഘോഷിക്കുന്നത്.

നവോത്ഥാനം പുരോഗമനം എന്നൊക്കെ പറയുന്നത് തുടര്‍ച്ച ആവശ്യമുള്ള പ്രക്രിയയാണ്. എന്നാല്‍ കേരളത്തെ സംബന്ധിച്ച് ആ പ്രക്രിയയുടെ തുടര്‍ച്ചക്ക് വിച്ഛേദം സംഭവിച്ചിട്ടുണ്ട്.

കേരള നവോത്ഥാനം ആദ്യകാലങ്ങളില്‍ പുരോഗമനപരമായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അങ്ങനെ അല്ല എന്നുള്ള വാദങ്ങള്‍ക്ക് വലിയ പ്രസക്തിയില്ല. നമ്മുടെ സുവര്‍ണ കാലത്തെ നോക്കി അയവിറക്കുന്നതുകൊണ്ട് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും സംഭവിക്കാനില്ല. നമുക്ക് ആ ചരിത്രസന്ദര്‍ഭങ്ങളെ ഓര്‍ക്കാം, അവയെ പുതിയകാലത്തിന്റെ വിമോചനങ്ങള്‍ക്കും, പുതിയ കാലത്തിന്റെ വീണ്ടെടുപ്പിനും മാറ്റങ്ങള്‍ക്കും ഒക്കെ വേണ്ടിയുള്ള ചരിത്ര സന്ദര്‍ഭമായി നിരന്തരം ഓര്‍ക്കേണ്ടതുണ്ട്.

അതിനെ എതിര്‍ക്കേണ്ടതിന്റെ ആവശ്യകത ഇല്ലെന്ന് മാത്രമല്ല മുന്നോട്ടുള്ള യാത്രക്ക് നവോത്ഥാനം എന്ന പ്രക്രിയ ഒരു പ്രേരക ശക്തി കൂടിയാണ്. വൈക്കം സത്യാഗ്രഹത്തിന്റെ സവിശേഷ സാഹചര്യത്തെ നമ്മള്‍ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. യഥാര്‍ത്ഥത്തില്‍ സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടി ആരംഭിച്ച സമരം ആയിരുന്നു വൈക്കത്ത് നടന്നത്. അത്തരമൊരു സമരത്തെ വെറും ക്ഷേത്രപ്രവേശനമായി മാത്രം ചുരുക്കി കളഞ്ഞു എന്നുള്ളതാണ് ഈ വിഷയത്തില്‍ ചരിത്രം പരിശോധിക്കുമ്പോള്‍ നമുക്ക് മനസിലാവുന്ന പ്രധാനപ്പെട്ട കാര്യം.

വൈക്കം സത്യാഗ്രഹത്തിന് എത്രയോ കാലം മുമ്പ് തന്നെ അയ്യങ്കാളി പൊതുവഴിയിലൂടെ സഞ്ചരിച്ചിരുന്നു. അദ്ദേഹത്തെ ആരുമന്ന് അറസ്റ്റ് ചെയ്തില്ല. കാരണം അത് പൊതുവഴിയായിരുന്നു എന്നതായിരുന്നു. വൈക്കത്തെ ക്ഷേത്രത്തിന് സമീപമുള്ള വഴിയും ഇത്തരത്തിലുള്ളതാണ്.

പൊതുവഴിയിലൂടെയുള്ള സഞ്ചാരത്തിനു വേണ്ടി നടത്തിയ സമരത്തെ ക്രമേണ ക്ഷേത്രപ്രവേശനത്തിന് വേണ്ടിയുള്ള സമരമായി മാറ്റുകയായിരുന്നു.

അയിത്ത ജാതി വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ വൈക്കം ക്ഷേത്രത്തില്‍ പ്രവേശിച്ചതാണ് ഏറ്റവും വലിയ വിപ്ലവമെന്ന് പറഞ്ഞുകൊണ്ട് നടക്കുന്നത് കേരളത്തിലെ അധഃകൃത വിഭാഗങ്ങളോട് ചെയ്യുന്ന വഞ്ചനയാണ്. കാരണം ക്ഷേത്രത്തില്‍ പ്രവേശിക്കുകയായിരുന്നില്ല അരികുവല്‍ക്കരിക്കപ്പെട്ട ദളിത് വിഭാഗങ്ങളുടെ ആവശ്യം.

അംബേദ്കറിന്റെ നേതൃത്വത്തില്‍ നാസിക് ക്ഷേത്രവുമായി ബന്ധപ്പെട്ട് നടത്തിയ സമരം അവസാനിപ്പിച്ചതിനുശേഷം ‘ദളിതര്‍ക്കും അരിക്കുവല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം ലഭ്യമാകുന്നതല്ല പ്രധാനപ്പെട്ട കാര്യമെന്നും തൊഴില്‍ രംഗങ്ങളും ഭരണഘടന അധികാരസ്ഥാപനങ്ങളും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും പ്രാതിനിധ്യം ലഭ്യമാകേണ്ടതുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. ആ നിലയില്‍ പരിശോധിക്കുമ്പോള്‍ വൈക്കം സത്യാഗ്രഹം അതിന്റെ ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും പ്രത്യേകിച്ച് ഒരു നേട്ടവും സ്വന്തമാക്കിയിട്ടില്ല.

ഇക്കാലയളവിനുള്ളില്‍ വൈക്കം ക്ഷേത്രത്തില്‍ ഒരു അബ്രാഹ്മണ പൂജാരിയെ നിയമിക്കാന്‍ നമുക്ക് സാധിച്ചോ.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള അഡ്മിനിസ്ട്രേറ്റീവ് സ്ഥാപനങ്ങളിലും ദേവസ്വം ബോര്‍ഡിന്റെ തന്നെ സ്‌കൂളിലും കോളേജിലുമൊക്കെ തന്നെ 96% ജീവനക്കാരും ഇന്നും സവര്‍ണ വിഭാഗത്തില്‍ പെട്ടവരാണ്. പിന്നോക്ക ദളിത് വിഭാഗങ്ങളെ അവിടെയും തമസ്‌കരിച്ചിരിക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കും. അങ്ങനെ പരിശോധിക്കുമ്പോള്‍ ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ ഒക്കെ തന്നെ സമ്പൂര്‍ണ്ണ സവര്‍ണ സ്ഥാപനങ്ങളായി തുടരുകയാണ്. അതുകൊണ്ടുതന്നെ ദളിതര്‍ക്ക് ക്ഷേത്രപ്രവേശനം ലഭ്യമായതാണ് ഏറ്റവും വലിയ വിപ്ലവമെന്ന് നമ്മള്‍ പറയരുത്. അത് ശരിക്കും കേരള സമൂഹത്തിന് തന്നെ അപമാനമാണ്. അത്തരത്തില്‍ ഒരു വിപ്ലവം ഇതുവരെയും സാധ്യമായിട്ടില്ല.

വൈക്കം ക്ഷേത്രം

ക്ഷേത്രപ്രവേശനത്തിന്റെ ഫലമായി സംഭവിച്ച ഏകകാര്യം ബ്രാഹ്മണ പൗരോഹിത്യം തടിച്ചു കൊഴുത്തു എന്നുള്ളതാണ്. യഥാര്‍ത്ഥത്തില്‍ ‘അടിമ നിരോധന വിളംബര നിയമമാമാണ്‌’ വിപ്ലവാത്മകമായി നമ്മള്‍ ആഘോഷിക്കേണ്ടത്. എന്നാല്‍ അത് നമ്മള്‍ ആ നിലയില്‍ പരിഗണിക്കാറില്ല.

വൈക്കം സത്യാഗ്രഹവും ക്ഷേത്രപ്രവേശനവും കേരളത്തിലുള്ള ജനതയെ മുഴുവന്‍ ഹിന്ദുത്വവല്‍ക്കരിക്കുന്നതിന് വേണ്ടി മാത്രമാണ് ഉപകരിക്കപ്പെട്ടിട്ടുള്ളത്. ബ്രാഹ്മണ്യത്തിലാണ്, ഈ പറയുന്ന തരത്തിലുള്ള സ്ത്രീവിരുദ്ധവും പുരോഗമന വിരുദ്ധവുമായ പ്രഭാഷണങ്ങളും യജ്ഞങ്ങളും ഒക്കെ നടക്കുന്നത്.

കേരള സമൂഹത്തെ അതിന്റെ പുരോഗമനപരമായ മുന്നേറ്റങ്ങളെ പിന്നോട്ട് അടിക്കുന്നതിന് ക്ഷേത്ര ബ്രാഹ്മണ്യം വലിയ പങ്കുവഹിക്കുന്നുണ്ട്. അതിനെ സഹായിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ക്ഷേത്രപ്രവേശനം ചെയ്തത്. ക്ഷേത്രത്തില്‍ പ്രവേശിച്ച കീഴാള വിഭാഗത്തില്‍പ്പെട്ട മനുഷ്യര്‍ പിന്നീട് ഹൈന്ദവ വല്‍ക്കരിക്കപ്പെടുകയും ചെയ്തു. അവരൊക്കെ തന്നെയും ഹിംസാത്മകമായ ബ്രാഹ്മണ്യത്തിന് അടിമപ്പെട്ടു പോവുകയും ചെയ്തു.

വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി ഗാന്ധി സ്വീകരിച്ച നിലപാടുകളില്‍ എല്ലാം സനാതന ഹിന്ദു മതത്തിന്റെ സങ്കല്പ വിശേഷങ്ങള്‍ കാണാന്‍ കഴിയും. ഇണ്ടന്‍ത്തുരുത്തി മനയില്‍ വെച്ച് നടന്ന ചര്‍ച്ചകളിലൊക്കെയും താനൊരു സനാതനി ആണെന്നും ഹിന്ദുമതത്തിന്റെ ഭാവന ഗ്രന്ഥങ്ങളില്‍ താന്‍ വിശ്വസിക്കുന്നുണ്ടെന്നും ഗാന്ധി പറയുന്നുണ്ട്.

വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കാനെത്തിയ ഗാന്ധി

അദ്ദേഹത്തിന്റെ ഈ പ്രസ്താവനയോട് കൂടി ഗാന്ധി സമ്പൂര്‍ണ്ണമായി പരാജിതന്‍ ആവുകയാണ് ചെയ്യുന്നത്.

കാരണം ഹിന്ദു മതത്തിനകത്ത് നിലനില്‍ക്കുന്ന ബ്രാഹ്മണിക്കല്‍ രീതികളിലാണ് ഗാന്ധി അടിസ്ഥാനപരമായി വിശ്വസിച്ചിരുന്നത്.

അതുകൊണ്ടുതന്നെ അയിത്ത ജാതിക്കാരന്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് ഗാന്ധിക്ക് കൃത്യമായ ഒരു നിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അയിത്തോച്ഛാടനം ജാതിവ്യവസ്ഥയെ ഇല്ലാതാക്കുമെന്ന വാദത്തെ ഗാന്ധി പരിഗണിച്ചിട്ടില്ല. അതുകൊണ്ടാണ് വര്‍ണാശ്രമ ധര്‍മ്മത്തെ എതിര്‍ക്കുന്നത് കൊണ്ട് താന്‍ അംബേദ്കറിനെ അംഗീകരിക്കുന്നില്ലെന്ന് ഗാന്ധിക്ക് പറയേണ്ടി വരുന്നത്.

1925ല്‍ ഇണ്ടന്‍തുരുത്തി മന സന്ദര്‍ശിച്ചതിനുശേഷം ബോട്ട് ജെട്ടിയില്‍ പ്രസംഗിക്കുന്ന ഗാന്ധി ‘അയിത്തം എന്നത് വര്‍ണാശ്രമ ധര്‍മ്മത്തെ എതിര്‍ക്കുന്നതോ മിശ്രവിവാഹത്തെയും മിശ്രഭോജനത്തെയും പ്രോത്സാഹിപ്പിക്കുന്നതുമായിട്ടുള്ള ഒന്നല്ലെന്നും’ പറയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ജാതി വ്യവസ്ഥയെയും അതിന്റെയുള്ളില്‍ നിലനില്‍ക്കുന്ന മേല്‍ക്കീഴ് വ്യവസ്ഥയെയും ഉന്നതമായ അരികുവല്‍ക്കരണത്തെയും ചരിത്രപരമായി മനസിലാക്കാന്‍ ഗാന്ധിക്ക് സാധിച്ചിരുന്നില്ല.

ഇണ്ടന്‍തുരുത്തി മന

കാര്‍ത്തിക. ജി : അംബേദ്ക്കര്‍ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാതെ ജാതി രാഷ്ട്രീയം ചര്‍ച്ചചെയ്യാന്‍ സാധിക്കില്ല. ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ ഹിംസാത്മക സ്വഭാവം ശക്തമായി കൈവരിക്കുന്ന ഇക്കാലത്ത്, അദ്ദേഹം മുന്നോട്ട് വെച്ച രാഷ്ട്രീയത്തിന്റെ പ്രാധാന്യം എന്താണ്? കേരള ബ്രാഹ്മണ എന്ന വിഷയത്തെ അംബേദ്ക്കര്‍ രാഷ്ട്രീയവുമായി ബന്ധപ്പെടുത്താന്‍ സാധിക്കുമോ?

ടി.എസ്. ശ്യാം കുമാര്‍ : അംബേദ്കര്‍ മുന്നോട്ടുവെച്ച വിമോചനാത്മകമായ ദര്‍ശനങ്ങള്‍ക്കും സങ്കല്പങ്ങള്‍ക്കും പ്രാധാന്യമുള്ള ഒരു കാലഘട്ടത്തിലും സമൂഹത്തിലുമാണ് നാം ഇന്ന് ജീവിക്കുന്നത്. അദ്ദേഹം മുന്നോട്ടുവെച്ച ആശയങ്ങളെ പൂര്‍ണമായി ഇല്ലാതാക്കാന്‍ പല രാഷ്ട്രീയ ശക്തികളും ശ്രമിക്കുന്നുണ്ടെങ്കിലും, ആഗോളതലത്തിലുള്ള എല്ലാ മനുഷ്യരും നീതിയുടെ വക്താവായി പരിഗണിക്കുന്നത് അംബേദ്കറിനെയാണ്. ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ക്ക് ഇന്ത്യയില്‍ സവിശേഷമായ ഒരു പ്രാധാന്യമുണ്ട്.

ഇന്ത്യന്‍ സാഹചര്യത്തില്‍ അസമത്വത്തിന്റെ വേരുകള്‍ ആഴ്ന്നുകിടക്കുന്നത് ജാതിയിലാണ്. ഇന്ത്യയില്‍ നില്‍ക്കുന്ന എല്ലാത്തരം അസമത്വങ്ങളുടെയും അടിസ്ഥാനം ജാതിയാണ്. ജാതിയെ പ്രശ്നവല്‍ക്കരിക്കതെ നമുക്ക് ഒരിക്കലും അസമത്വം തിരിച്ചറിയാന്‍ സാധിക്കില്ല.

അസ്പര്‍ശത എന്ന സങ്കല്പത്തെയും ജാതി വ്യവസ്ഥയെയും മറികടന്നുകൊണ്ട് അല്ലാതെ ഒരു ജനാധിപത്യ രാജ്യം നിര്‍മ്മിക്കാന്‍ സാധിക്കില്ലെന്ന് വളരെ കൃത്യമായി തിരിച്ചറിഞ്ഞ ഒരു സാമൂഹിക സൈദ്ധാന്തികനാണ് അംബേദ്കര്‍. ലോകം കണ്ട ഏറ്റവും വലിയ ജനാധിപത്യവാദി കൂടിയായിരുന്നു അദ്ദേഹം. നെഹ്റുവിനെയും ഗാന്ധിയെയും മറികടന്ന് ഇത്രയും ആഴത്തില്‍ ജനാധിപത്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ ചിന്തകളാണ് ഇന്നും നമ്മളെ നയിക്കുന്നത്. ദളിതര്‍ക്ക് വേണ്ടിയും അടിച്ചമര്‍ത്തപ്പെട്ട മറ്റു വിഭാഗങ്ങള്‍ക്ക് വേണ്ടിയും മാത്രമുള്ള വാദമല്ല അംബേദ്കര്‍ ഉയര്‍ത്തിയത്, മൊത്തം ഇന്ത്യയെ ജനാധിപത്യവല്‍ക്കരിക്കുക എന്ന പ്രക്രിയയാണ് അദ്ദേഹം നടത്തിയത്.

അംബേദ്കര്‍

അംബേദ്കര്‍ മുന്നോട്ട് വച്ച രാഷ്ട്രീയ ചിന്തകള്‍ക്ക് ഈ കാലഘട്ടത്തില്‍ വലിയ പ്രാധാന്യമുണ്ട്. ഹിന്ദുത്വം ഭീകരമായി നമ്മളെ വേട്ടയാടുന്ന കാലഘട്ടമാണല്ലോ ഇത്. ‘ഹിന്ദു രാജ് ഒരു വാസ്തവമായാല്‍ അതൊരു അപകടമായി തീരുമെന്ന്‌ ദീര്‍ഘ ദര്‍ശനത്തോടുകൂടി പ്രവചിച്ച ജനാധിപത്യവാദിയാണ് അംബേദ്കര്‍.

സാഹോദര്യമാണ് ജനാധിപത്യത്തിന്റെ ആത്മഭാവമെന്ന് അംബേദ്കര്‍ വിശദീകരിക്കുന്നുണ്ട്. കാരണം സാഹോദര്യമില്ലെങ്കില്‍ പിന്നെ ജനാധിപത്യം ഇല്ല. അതിന്റെ ഏറ്റവും വലിയ തെളിവ് ആണല്ലോ രാമനവമിയില്‍ മറ്റും മുസലിങ്ങളെ കേന്ദ്രീകരിച്ച് വലിയ തോതിലുള്ള ആക്രമണങ്ങള്‍ ഈ രാജ്യത്ത് നടമാടിയത്. സാഹോദര്യമുള്ള ഒരു സമൂഹത്തില്‍ ഒരിക്കലും അങ്ങനെ സംഭവിക്കില്ല.

എന്തുകൊണ്ടാണ് കേരളത്തിലെയടക്കം ഇന്ത്യയിലെ സര്‍വകലാശാലകള്‍ എല്ലാം തന്നെ സവര്‍ണ്ണ കുത്തകളായി മാറുന്നത്. കാരണം അരികുവല്‍ക്കരിക്കപ്പെട്ട ജനങ്ങളെ തങ്ങളുടെ സഹോദരങ്ങളായി നാം തിരിച്ചറിയുന്നില്ല. അതുപോലെതന്നെയാണ് ദേവസ്വം ബോര്‍ഡിന്റെ സ്ഥാപനങ്ങളും. ബഹുജനങ്ങളും പിന്നോക്ക ജാതി വിഭാഗങ്ങളും നമ്മുടെ സഹോദരങ്ങള്‍ ആണെന്ന് തിരിച്ചറിയാത്ത അത്രയും കാലം ഇവയൊക്കെ ഇങ്ങനെ തന്നെ തുടരും. അതുകൊണ്ടുതന്നെയാണ് സര്‍വ്വകലാശാലയിലെ നിയമനങ്ങളില്‍ സംവരണം പോലും അട്ടിമറിക്കപ്പെടുന്നത്.

ഇത്തരക്കാര്‍ സംവരണത്തെ പലപ്പോഴും ഒരു കയ്യടക്ക നടപടി എന്ന നിലയിലാണ് പരിഗണിക്കുന്നത്. അംബേദ്കര്‍ നിര്‍വചിച്ച സഹോദര്യ ജനാധിപത്യത്തിന്റെ നിയമപരമായ സാക്ഷാത്കാരമാണ് സംവരണം. ഒരു വിഭാഗത്തിന്റെ ജനസംഖ്യയുടെ പകുതിയില്‍ കൂടുതല്‍ പ്രാതിനിധ്യം ആവശ്യമാണെന്ന് വാദിച്ച വ്യക്തിയാണ് അംബേദ്കര്‍. അല്ലെങ്കില്‍ ഭൂരിപക്ഷം എന്നും ഭൂരിപക്ഷമായി തുടരുകയും ന്യൂനപക്ഷം എന്നും ന്യൂനപക്ഷമായി നിലനില്‍ക്കുകയും ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ഒരു പ്രത്യേക ജാതിക്കോ മതത്തിനോ വേണ്ടിയല്ല മറിച്ച് ഇന്ത്യക്ക് വേണ്ടിയാണ് അദ്ദേഹം എക്കാലവും വാദിച്ചത്. അതുകൊണ്ടുതന്നെയാണ് ‘ആദ്യമായും അവസാനമായും നമ്മള്‍ ഇന്ത്യക്കാര്‍ ആണെന്ന്’ അംബേദ്കര്‍ തന്നെ പറഞ്ഞത്. ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ ഹിത്സാത്മകമായ രൂപത്തില്‍ നമ്മളെ പിടി മുറുക്കുന്ന ഈ കാലഘട്ടത്തില്‍ അംബേദ്കറെ വായിക്കാതെ അദ്ദേഹത്തിന്റെ ആശയങ്ങളെ പരിശോധിക്കാതെ നമുക്ക് മുന്‍പോട്ട് പോകാന്‍ സാധിക്കില്ല.

കാര്‍ത്തിക. ജി : നിരന്തരം ന്യുനപക്ഷ ദേവാലയങ്ങള്‍ ഈ രാജ്യത്ത് ആക്രമിക്കപ്പെടുന്നു, പേര് മാത്രം നോക്കി ആളുകളെ തീവ്രവാദികളാക്കി മാറ്റുന്നു, സിനിമകളെ പോലും പ്രൊപ്പഗണ്ട ടൂളാക്കി ഉപയോഗിക്കുന്നു, മുഖ്യധാര മധ്യമങ്ങള്‍ പോലും സംഘപരിവാറിന്റെ സ്തുതിപാഠകരായി മാറുന്നു. ജനാധിപത്യ വിശ്വാസികളായ മതേതര വാദികളായ മനുഷ്യര്‍ക്ക് ഈ രാജ്യത്ത് നിലനില്‍പ്പ് സാധ്യമാണോ?

ടി.എസ്. ശ്യാം കുമാര്‍ : വലിയ രീതിയിലുള്ള ജനാധിപത്യ ധ്വംസനമാണ് ഈ രാജ്യത്ത് തുടര്‍ന്നുകൊണ്ടിരിക്കുന്നത്. പുല്‍വാമയില്‍ നടന്ന സംഭവങ്ങള്‍ ചര്‍ച്ചകളില്‍ ചൂടുപിടിക്കുന്ന ഘട്ടത്തിലാണ് നമ്മള്‍ സംസാരിക്കുന്നത്. പൊലീസിനെ ഉപയോഗിച്ചുകൊണ്ട് സ്റ്റേറ്റ് തന്നെ കുറ്റവാളികളെ കൊന്നുകളയുന്ന രീതി ഇന്ന് നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. സംസ്ഥാന വ്യത്യാസമില്ലാതെ ഇന്ത്യയില്‍ എല്ലായിടത്തും ദളിത് അതിക്രമങ്ങള്‍ നടക്കുന്നു.

രാമ നവമിയും കൃഷ്ണാഷ്ഠമിയും ഹനുമാന്‍ ജയന്തിയുമൊക്കെ മുസ്ലിങ്ങളെ ക്രൂരമായി വേട്ടയാനുള്ള ദിനങ്ങള്‍ ആയി പരിണമിക്കുന്നു.

ഞാന്‍ മുമ്പ് സൂചിപ്പിച്ചത് പോലെ തന്നെ കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ തസ്തികകളില്‍ വലിയ രീതിയിലുള്ള സംവരണ അട്ടിമറികള്‍ നടക്കുന്നു. വിദ്യാഭ്യാസ മേഖലയില്‍ പോലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ പുറന്തള്ളപ്പെടുന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ പോലും സാധിക്കാത്തവിധം ഹീനമായ അരികുവല്‍ക്കരണത്തിന് ഇരയാക്കപ്പെടുന്ന ആദിവാസി വിഭാഗങ്ങളും നമ്മുടെ രാജ്യത്തുണ്ട്. ഇത്തരത്തില്‍ ഹിന്ദുത്വ എന്ന ആശയം ഒരു ഡീപ് സ്റ്റേറ്റ് ആയി മാറിക്കഴിഞ്ഞു. അവര്‍ അധികാരത്തില്‍നിന്ന് പിന്തള്ളപ്പെട്ടാലും ഹിന്ദുത്വ എന്ന ആശയം നിലീനമായ ഒരു ഭരണകൂടമായി പിടിമുറുക്കി ഇന്ത്യ മഹാരാജ്യത്ത് വേട്ടയാടി കൊണ്ടിരിക്കും.

ഹിന്ദുത്വ രാഷ്ട്രീയത്തിന് എന്താണ് ബദല്‍, ഇതിനെ നമുക്ക് എങ്ങനെ ഉന്മൂലനം ചെയ്യാം, ജനാധിപത്യ വിശ്വാസികളുടെ നിലനില്‍പ്പിന് എങ്ങനെ സംരക്ഷിക്കാം തുടങ്ങിയ കാര്യങ്ങള്‍ ചിന്തിക്കേണ്ട കാലഘട്ടം അതിക്രമിച്ചു. ഇത്തരത്തിലൊരു സാഹചര്യത്തില്‍ ജനാധിപത്യത്തിന്റെ സംവാദമാര്‍ഗങ്ങള്‍ അല്ലാതെ ഹിന്ദുത്വത്തെ എതിര്‍ക്കാന്‍ മറ്റൊന്നും തന്നെ ഇല്ല എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. എല്ലാ തരത്തിലും ജനാധിപത്യ ഭരണഘടന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മാത്രമേ നമുക്ക് ഭരണകൂട ശക്തികളെ ജനാധിപത്യപരമായി നിലനിര്‍ത്താന്‍ സാധിക്കൂ.

ജനങ്ങള്‍ക്കിടയില്‍ തന്നെ ഒരു സാഹോദര്യ ജനാധിപത്യം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ മാത്രമേ ഭരണകൂടത്തെ പോലും നമുക്ക് പിടിച്ചുലക്കാനും നമ്മുടെ അവകാശങ്ങള്‍ ജനാധിപത്യപരമായി നടത്തിയെടുക്കാനുള്ള സാഹചര്യം നിലവില്‍ വരുകയുള്ളൂ. എന്നാല്‍ സമൂഹത്തിന്റെ പരിച്ഛേദം എന്ന നിലയില്‍ സമൂഹമാധ്യമങ്ങള്‍ വീക്ഷിക്കുകയാണെങ്കില്‍, അക്രമണാത്മകമായ രീതിയിലാണ് അവിടുത്തെ പല സംവാദങ്ങളും നടക്കുന്നത്. അത്തരം ഒരു ഇടത്തിലാണ് നമ്മള്‍ സാഹോദര്യ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്നത്.

content highlights; Interview with dr TS Shyam kumar

കാർത്തിക പെരുംചേരിൽ

We use cookies to give you the best possible experience. Learn more