ന്യൂദല്‍ഹി: മാച്ച് ഒഫീഷ്യല്‍സിനെതിരായ പരാമര്‍ശത്തില്‍ എഫ്.സി പൂനെ സിറ്റി പരിശീലകന്‍ റാങ്കോ പൊപോവികിനെ സസ്‌പെന്‍ഡ് ചെയ്തു. ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അച്ചടക്ക സമിതിയുടേതാണ് നടപടി. പൊപോവികിനെതിരായ അന്വേഷണം കഴിയുന്നത് വരെ സസ്‌പെന്‍ഷന്‍ തുടരാനാണ് തീരുമാനം.
പൊപോവിക് മൂന്നാമത്തെ തവണയാണ് അച്ചടക്ക ലംഘനം നടത്തിയിരിക്കുന്നതെന്ന് അച്ചടക്ക സമിതി ചെയര്‍മാന്‍ ഉഷാനാഥ് ബാനര്‍ജി പറഞ്ഞു. വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നല്‍കാനും മാര്‍ച്ച് 16ന് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകണമെന്നും റാങ്കോയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നേരത്തെ മാച്ച് ഒഫീഷ്യല്‍സിനോട് മോശമായി പെരുമാറിയതിന് റാങ്കോയെ നേരത്തെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. സെര്‍ബിയന്‍ മുന്‍ ദേശീയ താരമായിരുന്ന പൊപോവിക് 2017 സെപ്റ്റംബറിലാണ് പൂനെയുടെ പരിശീലകനായത്.
ഇപ്പോള്‍ സെമി കളിക്കുന്ന പൂനെ ബെംഗളൂരുവുമായുള്ള ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയിരുന്നു.