തുടക്കം ഗംഭീരം; കാശിയെ കസറിവീഴ്ത്തി എഫ്.സി ഗോവ
Football
തുടക്കം ഗംഭീരം; കാശിയെ കസറിവീഴ്ത്തി എഫ്.സി ഗോവ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th January 2024, 4:34 pm

സൂപ്പര്‍ കപ്പില്‍ എഫ്.സി ഗോവക്ക് വിജയതുടക്കം. ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ ഇന്റര്‍ കാശിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഗോവ തകര്‍ത്തുവിട്ടത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ 58ാം മിനിട്ടില്‍ നോഹ് സദൗയിലൂടെ ഗോവയാണ് ആദ്യം ലീഡ് നേടിയത്. പെനാല്‍ട്ടി ബോക്‌സില്‍ നിന്നും ഒരു കര്‍വ് ഷോട്ടിലൂടെ താരം ഗോള്‍ നേടുകയായിരുന്നു.

ഏഴ് മിനിട്ടുകള്‍ക്ക് ശേഷം 65ാം മിനിട്ടില്‍ ഗോവ മത്സരത്തിലെ രണ്ടാം ഗോള്‍ നേടി. കാര്‍ലോസ് മാര്‍ട്ടിനെസിലൂടെയായിരുന്നു ഗോവ രണ്ടാം ഗോള്‍ നേടിയത്. ഇന്റര്‍ കാശിയുടെ പെനാല്‍ട്ടി ബോക്‌സിലേക്ക് നോഹ സദൗയ് നല്‍കിയ തകര്‍പ്പന്‍ ക്രോസില്‍ നിന്നും ഒരു സൈഡ് വോളിയിലൂടെ താരം ഗോള്‍ നേടുകയായിരുന്നു.

എന്നാല്‍ 78ാം മിനിട്ടില്‍ ഗ്യാമര്‍ നിക്കുമിലൂടെ ഇന്റര്‍ കാശി മറുപടി ഗോള്‍ നേടി. സമനിലനായി ഇന്റര്‍ കാശി മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഗോവന്‍ പ്രതിരോധം മറികടക്കാന്‍ ഇന്റര്‍ കാശിക്ക് സാധിച്ചില്ല.



ജയത്തോടെ മൂന്ന് പോയിന്റുകള്‍ പോക്കറ്റില്‍ ആക്കാനും എഫ്. സി ഗോവക്ക് സാധിച്ചു.

ജനുവരി 17ന് കരുത്തനായ ബെംഗളൂരു എഫ്.സിക്കെതിരെയാണ് ഗോവയുടെ അടുത്ത മത്സരം. കലിംഗ സ്റ്റേഡിയമാണ് വേദി. അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ ഒഡിഷ എഫ്.സിയാണ് ഇന്റര്‍ കാശിയുടെ എതിരാളികള്‍.

Content Highlight: Fc Goa won in super cup.