| Monday, 15th May 2023, 8:24 am

സ്‌പെയ്‌നിന് ഇനി പുതിയ രാജാക്കന്‍മാര്‍; മെസിയില്ലെങ്കിലെന്താ ലെവയുണ്ടല്ലോ, കിരീടമുയര്‍ത്തി ബാഴ്‌സലോണ

സ്പോര്‍ട്സ് ഡെസ്‌ക്

ഏറെ കാലത്തെ കിരീട വരള്‍ച്ചക്ക് ശേഷം ലാ ലീഗ ചാമ്പ്യന്‍മാരായി എഫ്.സി ബാഴ്‌സലോണ. തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍എസ്പാന്യോളിനെ തകര്‍ത്തുവിട്ടതോടെയാണ് ബാഴ്‌സലോണ ലാല ലീഗ കിരീടത്തില്‍ ഒരിക്കല്‍ക്കൂടി മുത്തമിട്ടത്. 2018ന് ശേഷമുള്ള ബാഴ്‌സയുടെ ആദ്യ ലാ ലീഗ കിരീടനേട്ടമാണിത്, മെസി ടീം വിട്ടതിന് ശേഷമുള്ള ആദ്യത്തേതും.

ലീഗില്‍ ഇനിയും മത്സരങ്ങള്‍ ശേഷിക്കെയാണ് ബാഴ്‌സലോണ കിരീടത്തില്‍ മുത്തമിട്ടത്. 34 മത്സരത്തില്‍ നിന്നും 27 വിജയവും നാല് സമനിലയും മൂന്ന് തോല്‍വിയുമുള്‍പ്പെടെ 85 പോയിന്റ് നേടിയതിന് പിന്നാലെയാണ് ബാഴ്‌സ കിരീടമുറപ്പിച്ചത്.

രണ്ടാം സ്ഥാനത്തുള്ള ചിരവൈരികളായ റയല്‍ മാഡ്കിഡിനേക്കാള്‍ 14 പോയിന്റിന്റെ ലീഡ് സ്വന്തമാക്കാന്‍ സാധിച്ചതോടെയാണ് നാല് മത്സരങ്ങള്‍ ശേഷിക്കെ ബാഴ്‌സ കപ്പുറപ്പിച്ചത്.

ബാഴ്‌സയുടെ 27ാമത് ലാ ലീഗ കിരീടമാണിത്.

തിങ്കളാഴ്ച പുലര്‍ച്ച നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളിനായിരുന്നു കറ്റാലന്‍മാരുടെ വിജയം. എസ്പാന്യോളിനെതിരെ വിജയിക്കാന്‍ സാധിച്ചാല്‍ കിരീടം നേടാമെന്ന പ്രതീക്ഷയോടെയായിരുന്നു ബാഴ്‌സ എതിരാളികളുടെ തട്ടകത്തിലേക്കിറങ്ങിയത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ബാഴ്‌സ എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിട്ട് നിന്നിരുന്നു. മത്സരത്തിന്റെ 11ാം മിനിട്ടില്‍ പോളിഷ് ഗോളടിയന്ത്രം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. 20ാം മിനിട്ടില്‍ അലഹാന്‍ഡ്രോ ബാല്‍ഡേയും ഗോള്‍ നേടിയതോടെ ബാഴ്‌സ ഡ്രൈവിങ് സീറ്റിലേക്കെത്തി.

40ാം മിനിട്ടില്‍ ലെവ വീണ്ടും വലകുലുക്കിയതോടെ ബാഴ്‌സ ആദ്യ പകുതിയില്‍ മൂന്ന് ഗോളിന്റെ ലീഡെടുത്തു.

രണ്ടാം പകുതിയുടെ എട്ടാം മിനിട്ടില്‍ ജൂള്‍ കുണ്ടേയും ഗോള്‍ നേടിയതോടെ ബാഴ്‌സ ക്യാമ്പ് ആവേശത്തിലായി.

മത്സരത്തിന്റെ 73ാം മിനിട്ടിലാണ് ആതിഥേയര്‍ ബ്ലൂഗ്രാനയുടെ വല കുലുക്കിയത്. ഹാവി പുവാഡോയായിരുന്നു ഗോള്‍ നേടിയത്. എക്‌സ്ട്രാ ടൈമില്‍ ഹോസെലുവും എസ്പാന്യോളിനായി ഗോള്‍ നേടി.

മെയ് 21നാണ് ബാഴ്‌സയുടെ അടുത്ത മത്സരം. സ്വന്തം തട്ടകത്തില്‍ റയല്‍ സോസിഡാഡിനെയാണ് കറ്റാലന്‍മാര്‍ക്ക് നേരിടാനുള്ളത്.

Content Highlight: FC Barcelona wins La Liga Title

Latest Stories

We use cookies to give you the best possible experience. Learn more