| Sunday, 3rd July 2022, 4:55 pm

ഏറ്റവും മികച്ച താരമെന്ന് ക്രിസ്റ്റ്യാനോ സ്വയം വിചാരിക്കുന്നുണ്ടെങ്കില്‍ അത് അങ്ങനെയാകട്ടെ, എന്നാല്‍ അവനെക്കാള്‍ മികച്ചത് മെസി തന്നെ; വമ്പന്‍ പ്രസ്താവനയുമായി ലെജന്‍ഡറി ഫുട്‌ബോളര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മോഡേണ്‍ ഫുട്‌ബോളിന്റെ എന്നല്ല ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളാണ് പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റീനയുടെ ലയണല്‍ മെസിയും. ദേശീയ ടീമിനും വിവിധ ക്ലബ്ബുകള്‍ക്കുമായി ഇരുവരും നേടിയ ഗോളുകളും നേടിക്കൊടുത്ത കിരീടങ്ങളും എണ്ണിയാലൊടുങ്ങാത്തതാണ്.

ഒരേ എറയില്‍ ഇരുവരും കളിക്കുമ്പോള്‍ ആരാണ് മറ്റേയാളെക്കാള്‍ മികച്ചത് എന്ന തര്‍ക്കവും ഉടലെടുക്കുക സാധാരണമാണ്. ആരാധകര്‍ തമ്മിലും അനലിസ്റ്റുകള്‍ തമ്മിലും തര്‍ക്കങ്ങള്‍ നടക്കുമ്പോള്‍ കളിക്കളത്തിനകത്തും പുറത്തും നിറഞ്ഞ സൗഹൃദമായിരുന്നു ഇരുവരും തമ്മില്‍ വെച്ചുപുലര്‍ത്തിയിരുന്നത്.

ഇപ്പോഴിതാ, റൊണാള്‍ഡോയേക്കാള്‍ എന്തുകൊണ്ടും മികച്ചത് ലയണല്‍ മെസി തന്നെ എന്ന് തുറന്നുപറയുകയാണ് മുമ്പ് മെസിയുടെ സഹതാരവും നിലവിലെ ബാഴ്‌സലോണ മാനേജറുമായ സാവി ഹെര്‍ണാണ്ടസ്.

റൊണാള്‍ഡോയെക്കാള്‍ നിരവധി കാര്യങ്ങള്‍ മെസി ചെയ്തിട്ടുണ്ടെന്നും മെസിയാണ് റൊണോയേക്കാള്‍ മികച്ചത് എന്നുമായിരുന്നു സാവിയുടെ അഭിപ്രായം.

‘ക്രിസ്റ്റ്യാനോയുമായി താരതമ്യം ചെയ്യുമ്പോള്‍ മെസി വളരെയധികം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. താനാണ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളറെന്ന് ക്രിസ്റ്റ്യാനോ  സ്വയം ധരിക്കുന്നുണ്ടെങ്കില്‍ അത് നല്ലതാണ്. എന്നാല്‍ പരിശീലനത്തിന്റെ കാര്യത്തില്‍ അവനുമായി ഒരു താരതമ്യവും സാധ്യമല്ല.

മെസി ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ്, ഞങ്ങള്‍ അതിനെ മറ്റൊരു തരത്തിലും കാണുന്നില്ല. മെസി ഒരു ഡിഫ്‌റന്‍സ് മേക്കറാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ വരുത്തിയ കളിക്കാരനാണ് മെസി. ഇത് കൂടുതല്‍ വ്യക്തമാണ്,’ സാവി പറയുന്നു.

അതേസമയം, റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ വിടണമെന്നും പി.എസ്.ജിയിലെത്തി മെസിക്കൊപ്പം കളിക്കണമെന്നും ആഴ്‌സണലിന്റെ മുന്‍ താരം പോള്‍ മേഴ്‌സണ്‍ അഭിപ്രായപ്പെട്ടിരുന്നു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടരാനാണ് താരം തീരുമാനിക്കുന്നതെങ്കില്‍ അത് റൊണോയും ടീമും ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരമാണെന്നും പി.എസ്.ജിയിലെത്തിയാല്‍ മെസി, എംബാപെ, നെയ്മര്‍ എന്നിവര്‍ക്കൊപ്പം കൂടുതല്‍ കിരീടം നേടാന്‍ താരത്തിനാവുമെന്നും അദ്ദേഹം പറഞ്ഞു.

‘റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് തന്റെ റൈവല്‍ മെസിക്കൊപ്പം പി.എസ്.ജിയിലെത്തി സ്വപ്നതുല്യമായ ഒരു ടീം ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. കാരണം റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ വിടാതെ എറിക് ടെന്‍ ഹാഗിന്റെ വിപ്ലവം സാധ്യമാകില്ല എന്നാണ് ഞാന്‍ കരുതുന്നത്,’ മേഴ്സണ്‍ പറഞ്ഞു.

ഓള്‍ഡ് ട്രാഫോര്‍ഡില്‍ താരത്തിന് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും എതിരാളികളായി വളരെക്കാലം ഏറ്റുമുട്ടിയവര്‍ ഒരേ ടീമില്‍ കളിച്ച് കരിയര്‍ അവസാനിപ്പിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: FC Barcelona Manager Xavi Hernandez Says Messi is Better Than Ronaldo

We use cookies to give you the best possible experience. Learn more