| Thursday, 11th April 2019, 1:04 pm

മേലേരിയെന്ന തീമല

വി.കെ അനില്‍കുമാര്‍

സ്ലീപ്പര്‍ ടിക്കറ്റെടുത്ത് തൃശൂരിലേക്കുള്ള യാത്രയിലാണ്. വണ്ടിയില്‍ അവധിക്കാലമായതിനാല്‍ നല്ല തിരക്കുണ്ട്. മൂന്ന് ഫാനുള്ളതില്‍ ഒരെണ്ണം കറങ്ങുന്നില്ല. മുകളില്‍ കിടക്കുന്നയാള്‍ പേന കൊണ്ട് അത്ശരിയാക്കാനുള്ള അവസാന ശ്രമത്തിലാണ്.

അത്യുഷ്ണമാണ്. മനുഷ്യനെ ഒരെന്ത്രത്തിലെന്ന പോലെ കുമറി പുഴുങ്ങുന്നുണ്ട്……എല്ലാവരും ചൂടിനെ തന്നെക്കൊണ്ടാവും വിധം പ്രാകുന്നുണ്ട്…….

മുപ്പത്തിമൂന്ന് കൊല്ലങ്ങള്‍ക്ക് ശേഷം നടക്കുന്ന കളിയാട്ടമായിരുന്നു വീടിനടുത്ത്. നമ്മളെ നാട്ടിലേക്ക് കടല്‍ കടന്ന് പെട പെടക്കുന്ന അയിലയും മത്തിയും മാത്രമല്ല വന്നത്. അറബി നാട്ടില്‍ നിന്നും മരക്കലമേറി പൊന്നിന്‍ പഴുക്ക പോലുള്ള ദേവകന്യാകമാര്‍ വന്നു.

കൊമ്പന്‍ സ്രാവുകള്‍ക്കും നീലത്തിമിംഗലങ്ങള്‍ക്കും ഇടയിലൂടെ പൂമാരനും അസുരകാലനും കുളിയനും ചങ്ങാടം തുഴഞു തുഴഞു വന്നു.തൃക്കരിപ്പൂരിന്റെ നെയ്തല്‍ത്തിണ ഭംഗി കണ്ട് സ്വര്‍ണ്ണമത്സ്യകന്യാകമാര്‍ കോരിത്തരിച്ചു….

മൊയോറെന്ന മുക്കുവരുടെ വംശ ചരിത്രഞ്ഞെയാണ് പയ്യക്കാല്‍ കാവിലെ അനുഷ്ഠാനങ്ങള്‍ ഉപ്പിലിട്ട് ഉണക്കി സൂക്ഷിച്ച് വെച്ചിരിക്കുന്നത്.

ഏത് കാലത്തും വീര്യം ചോരാതെയാണ് ചരിത്രവും പുരാവൃത്തവും നാട്ട് ജീവിതവും കൂട്ടിക്കലര്‍ത്തി മീന്‍ നാറ്റമുള്ള മുക്കുവരുടെ ഊറ്റം നിറഞ്ഞ സ്വത്വം അനുഷ്ഠാനത്തിലൂടെ മൊഴി മാറ്റിയിരിക്കുന്നത്…

ഇന്നലെ രാത്രി മുതല്‍ മൊയോറെ കാവിലായിരുന്നു. കടല്‍ത്തിര മുറിച്ച് നീന്തിയ ആയിറ്റിപ്പോതിയാണ് പ്രധാന തെയ്യമെങ്കിലും  സജേഷ് പണിക്കരുടെ ഒറ്റക്കോലമാണ് ആള്‍ക്കാരെ ആകര്‍ഷിക്കുന്നത്. മുപ്പത്തിമൂന്ന് കൊല്ലം മുമ്പ് സജേഷ് പണിക്കരുടെ അച്ഛനായ മലയന്‍ പണിക്കരായിരുന്നു ഇതേ മേലേരിയില്‍ നീറിപ്പിടഞ്ഞത്. തെയ്യത്തിലെ ഇതിഹാസമായ പണിക്കരും ഏട്ടന്നായ സജിത് പണിക്കരും ഇന്നില്ല. രണ്ട് പേരും അകാലത്തില്‍ മോത്തെ മനേല മായ്ച്ച് കളഞ്ഞവര്‍.

സജിത് പണിക്കരുടെ മരണത്തിന് ശേഷം വിശമായി ഒറ്റക്കോലം തെയ്യം കാണാന്‍ ശ്രമിക്കാറില്ല. ഒരു കാലത്തും ചങ്കിടിപ്പോടെയല്ലാതെ പേടിയോടെയല്ലാതെ ഈ തെയ്യം കാണാന്‍ കഴിഞ്ഞിട്ടില്ല..

അവതരണ കലയില്‍ ഒറ്റക്കോലം പോലെയൊന്ന് വേറെ ഉണ്ടാകുമോ.ഇന്നലത്തെ മേലേരി ഒന്നരയാള്‍ പൊക്കമുണ്ടായിരുന്നു. പുലര്‍ച്ചെ അഞ്ച് മണിക്കിറങ്ങിയ തെയ്യം ഉച്ചകഴിഞ്ഞ് മൂന്നരയായിട്ടും കഴിഞ്ഞിട്ടില്ല. നേരം പുലരും മുന്‍പ് മനുഷ്യ നിര്‍മ്മിത മേലേരിയില്‍ വെന്ത് പൊള്ളിയ തെയ്യം നേരം പുലര്‍ന്നാല്‍ പകലോനൊരുക്കുന്ന നിരിപ്പില്‍ വീണ്ടും നൂറ്റൊന്നാവര്‍ത്തി ചാടണം.

അത്യുഷ്ണത്തില്‍ ലാവ പോലെ ഉരുകിത്തിളക്കുന്ന കളിയാട്ട മുറ്റം ചൂടിന് ദൈവമെന്നൊ മനുഷ്യനെന്നോ ഉള്ള കാരുണ്യവും വക തിരിവു മൊന്നുമില്ല.ഒരിറ്റ് തണല്‍ സ്പര്‍ത്തിനായി ദൈവവും മനുഷ്യനും ഇങ്ങനെ പരക്കം പായുന്നത് ഇതിന് മുന്‍പ് കണ്ടിട്ടില്ല.

ഒറ്റക്കോലത്തിന്റെ പ്രശ്‌നങ്ങള്‍ ഇതിന് മുന്‍പും ധാരാളം എഴുതീട്ടുണ്ട്. എന്നാലും ഇനിയും എഴുതണം എന്ന് തന്നെയാണ് തോന്നുന്നത്. വന്‍ അപായങ്ങളില്ലാതെ ഈ തെയ്യം അനുഷ്ഠാനം എങ്ങിനെയാണ് നടക്കുന്നതെന്നതെന്ന് ആലോചിക്കുമ്പോള്‍ ഞെട്ടലാണ്. മേലലരി ഒരുക്കുന്നവരുടെ അഗ്‌നിപ്രവേശം വന്‍ അപകട സാധ്യത ഉള്ളതാണ്. ജീവാപായങ്ങള്‍ തല നാരിഴക്കാണ് ഇല്ലാതാകുന്നത്. ഇന്നലെയും അങ്ങിനെയൊന്ന് സംഭവിക്കുമായിരുന്നു.

ഒരപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള എന്ത് മുന്‍ കരുതലാണ് കളിയാട്ട കമ്മറ്റികള്‍ എടുക്കുന്നത്. ആംബുലന്‍സോ തീ അണക്കാനുള്ള വെള്ളമോ കരുതുന്നുണ്ടോ.മേലേരി ഒരു തീമലയാണ്. അതിന്റെ ഉച്ചിയില്‍ ഒരാള്‍ നില തെറ്റി വീണാല്‍..

ദീര്‍ഘമായിപ്പോകുന്ന കുറിപ്പ് ചുരുക്കുകയാണ്.സജേഷ് പണിക്കരുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ ഒറ്റക്കോലമാണ്. ഒറ്റക്കോലം തെയ്യമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ അത്രയും ഭീഭത്സമാണ്. തെയ്യത്തിലെ ഏറ്റവും അപകടം പിടിച്ചതാണ് ഒറ്റക്കോലമെന്ന തീച്ചാമുണ്ടി.
കരിഞ്ഞു പോയ പനന്തത്ത പോലെ ഒരു തെയ്യം..

തെയ്യത്തില്‍ കോളും തൊഴുത് വരവും ഏറ്റവും കുറവുള്ളത് ഒറ്റക്കോലത്തിനാണ്. തെയ്യക്കാരുടെ പല പല സാങ്കേതികത്വങ്ങളും തുറന്ന് പറയുന്നതില്‍ പരിമിതികളുണ്ട്.പക്ഷേ സജേഷ് പണിക്കര്‍ തെയ്യം കെട്ടുന്നത് വിലപറഞ്ഞ് വില പേശിയല്ല. നാട് നടത്തേണ്ടുന്ന തെയ്യക്കാരനാണ് ഞാന്‍ എന്നാണ് പണിക്കര്‍ സ്വന്തം അനുഷ്ഠാന സ്വത്വത്തെ നിര്‍ണ്ണയിക്കുന്നത്.

പണമോ പദവിയോ ഒന്നിനെപ്പറ്റിയും ചിന്തിക്കാറില്ല. സജേഷ് പണിക്കരുടെ കുഞ്ഞ് മോന്നും മേലേരിച്ചൂടിലേക്ക് കൗതുകത്തോടെ നോക്കുന്നുണ്ട്. പലപ്പോഴും തിയില്‍ വെന്തും വന്‍മുടിയേന്തിയും മലയനും വണ്ണാനും നിര്‍മ്മിക്കുന്ന ഔദാര്യത്തിന്റെ സംസ്‌കാരത്തിലാണ് ഉത്തര മലബാര്‍ അഭിമാന ഗരിമ പൂണ്ട് നില്‍ക്കുന്നത് എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. മേലേരിക്കനല്‍ച്ചൂടിലും സൂര്യാതപത്തിലും അകത്തിറച്ചിയും പുറത്തിറച്ചിയും വെന്ത് കലങ്ങി മണള്‍ക്കുറിയുമായി തെയ്യം സ്വയം പറയുന്നു.

‘ ദീനം സങ്കടം മഹാവ്യാധിയിലിട്ട് കളയാതെ ഭാഗ്യത്തെ പൊലിയിച്ച് കാത്ത് രക്ഷിച്ചോള് ന്ന് ണ്ട്. മതിച്ചവന്റെ മതിയും കൊതിച്ചവന്റെ കൊതിയും ഞാന്‍ തീര്‍ത്ത് തരുന്നുണ്ട്. ഒര് ശീലയിലെ ഊടും പാവും പോലെ ഒര് ശാലയിലെ ഗോക്കളെ പോലെ ഒര് പുഷ്പത്തിലെ ദളങ്ങള്‍ പോലെ നിങ്ങള്‍ ഒന്ന് ചേര്‍ന്ന് ഐക്യത്തോടെ കഴിയണം..’

ഉച്ചവെയിലില്‍ വാടിയ തെയ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്

ചിത്രങ്ങള്‍: വരുണ്‍ അടുത്തില

വി.കെ അനില്‍കുമാര്‍

കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ സ്വദേശി. മലയാള സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം. നിലവില്‍ കേരള സംഗീത നാടക അക്കാദമിയില്‍ പ്രോഗ്രാം ഓഫീസര്‍.

We use cookies to give you the best possible experience. Learn more