ബൈഡന്റെ സത്യപ്രതിജ്ഞാ ദിവസം അമേരിക്കയില്‍ വീണ്ടും അട്ടിമറി നീക്കങ്ങള്‍ നടന്നേക്കും; മുന്നറിയിപ്പുമായി എഫ്.ബി.ഐ
World News
ബൈഡന്റെ സത്യപ്രതിജ്ഞാ ദിവസം അമേരിക്കയില്‍ വീണ്ടും അട്ടിമറി നീക്കങ്ങള്‍ നടന്നേക്കും; മുന്നറിയിപ്പുമായി എഫ്.ബി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th January 2021, 8:23 am

വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സായുധ പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പുമായി എഫ്.ബി.ഐ. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും സായുധ പ്രക്ഷോഭം നടക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് എഫ്.ബി.ഐ നല്‍കിയത്.

ക്യാപിറ്റോള്‍ പ്രക്ഷോഭത്തിന്റെ മാതൃകയില്‍ ഇനിയും പ്രതിഷേധങ്ങള്‍ ഉണ്ടായേക്കാമെന്നാണ് എഫ്.ബി.ഐ മുന്നറിയിപ്പ്. ഇതോട അമേരിക്കയില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി.

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനമേറ്റെടുക്കാന്‍ ഒമ്പത് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് അമേരിക്കയില്‍ വീണ്ടും പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വരുന്നത്. സായുധ പ്രക്ഷോഭത്തിലൂടെ വീണ്ടും ഒരു അട്ടിമറി നീക്കത്തിന് ശ്രമം ഉണ്ടായേക്കാമെന്നാണ് സൂചനകള്‍.

തിങ്കളാഴ്ച ക്യാപിറ്റോളില്‍ കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ച് ഡെമോക്രാറ്റുകള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചിരുന്നു.

കഴിഞ്ഞ ആഴ്ച യു.എസ് ക്യാപിറ്റോളിലുണ്ടായ ട്രംപ് അനുകൂലികളുടെ ആക്രമണത്തിന് പ്രേരണ നല്‍കിയതിന് പിന്നില്‍ ട്രംപ് ആണെന്നാണ് പ്രമേയത്തില്‍ പറയുന്നത്.

ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികളുണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ക്യാപിറ്റോളില്‍ അക്രമം നടത്തിയവരോട് ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നുവെന്നും ഏറെ പ്രിയപ്പെട്ടവരാണെന്നും ട്രംപ് പറഞ്ഞിരുന്നു.

നമ്മുടെ രാജ്യം തിരിച്ചുപിടിക്കാനായി പോരാടണം ഞാനും നിങ്ങള്‍ക്കൊപ്പം അണിനിരക്കുമെന്നെല്ലാമായിരുന്നു ആക്രമണത്തിന് തൊട്ടുമുന്‍പ് ജനങ്ങളെ അഭിസംബോധന ചെയ്ത് ട്രംപ് സംസാരിച്ചത്. ഇത്തരത്തില്‍ ആക്രമണത്തിന് ആഹ്വാനം നല്‍കിയെന്ന് കൂടി ചൂണ്ടിക്കാട്ടിയാണ് ട്രംപിനെ പുറത്താക്കാനൊരുങ്ങുന്നത്.

2024ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നു കൂടി ട്രംപിനെ വിലക്കുന്നതാവും ഈ നടപടി. ഇംപീച്ച്‌മെന്റ് നടപ്പിലായാല്‍ അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി രണ്ട് തവണ പുറത്താക്കല്‍ നേരിട്ട പ്രസിഡന്റാകും ട്രംപ്. 2019ല്‍ ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പാസാക്കിയിരുന്നെങ്കിലും സെനറ്റില്‍ റിപ്പബ്ലിക്കന്‍സിന് ഭൂരിപക്ഷമുള്ളതിനാല്‍ നടപ്പിലാകാതെ പോകുകയായിരുന്നു.

ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് ഒഴിയാന്‍ പതിനാല് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി ഇത്രവലിയ ആക്രമണം നടക്കുന്നത്. ക്യാപിറ്റോള്‍ കെട്ടിടത്തില്‍ മുദ്രാവാക്യം വിളിച്ചെത്തിയ ട്രംപ് അനുകൂലികള്‍ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. നവംബറില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കില്ലെന്ന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ഇവരുടെ ആക്രമണം. ആക്രമണത്തെ അപലിച്ച് ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

]

Content Highlight: FBI warns of protests ahead of Biden swearing in: Election news