ന്യൂയോര്‍ക്ക്: സാന്‍ ബെര്‍നാര്‍ഡിനൊ ഭീകരാക്രമണ കേസിലെ പ്രതിയുടെ ഐ ഫോണ്‍ ആപ്പിളിന്റെ സഹായമില്ലാതെ തന്നെ അണ്‍ലോക്ക് ചെയ്തതായി എഫ്.ബി.ഐ. സാന്‍ ബെര്‍നാര്‍ഡിനൊ വെടിവെപ്പിലെ ഇരകളോട് ഉത്തരാവാദിത്വമുള്ളതുകൊണ്ടാണ് ഞങ്ങള്‍ ആപ്പിളിന്റെ സഹായം തേടിയതെന്നും ഇത്തരമൊരു സഹായം ആപ്പിളില്‍ നിന്ന് ആവശ്യമില്ലെന്നും യുഎസ് അറ്റോര്‍ണി എലീന്‍ ഡെക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഐ ഫോണിലെ വിവരങ്ങള്‍ കിട്ടാനായി സെക്യൂരിറ്റി സിസ്റ്റം ദുര്‍ബലപ്പെടുത്തണമെന്ന എഫ്.ബി.ഐയുടെ ആവശ്യം ആപ്പിള്‍ തള്ളിയിരുന്നു. എന്നാല്‍ ഐ ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ ആപ്പിളിന്റെ സഹായം തങ്ങള്‍ക്ക് വേണ്ടെന്നും പുറത്തു നിന്നുള്ള മറ്റൊരു സംഘം തങ്ങളെ സഹായിക്കുമെന്നും എഫ്.ബി.ഐ പറഞ്ഞിരുന്നു.
ഇസ്രായേലാണ് എഫ്.ബി.ഐയെ ഇക്കാര്യത്തില്‍ സഹായിച്ചതെന്നാണ് സൂചന. എന്നാല്‍ തങ്ങളെ സഹായിച്ചവരുടെ പേരു വിവരങ്ങള്‍ എഫ്.ബി.ഐ പുറത്തു വിട്ടിട്ടില്ല.
2015ല്‍ കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍നാര്‍ഡിനൊയില്‍ പാക് വംശജരായ ഫാറൂഖും ഭാര്യ തഷ്ഫീന്‍ മാലിക്കും നടത്തിയ വെടിവെയ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇരുവരെയും പോലീസ് ഏറുമുട്ടലിലില്‍ കൊലപ്പെടുത്തിയിരുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് ഫാറൂഖിന്റെ ഐ ഫോണ്‍ പരിശോധിക്കുന്നതിനായി എഫ്.ബി.ഐ ആപ്പിളിനെ സമീപിച്ചിരുന്നത്.