കോഴിക്കോട് : എഴുത്തുകാരി ദീപാ നിശാന്തിനെ ട്രോളി നന്ദിയുണ്ട് ടീച്ചറെ എന്ന പോസ്റ്റിട്ടത് താനല്ലെന്ന് ആലത്തൂര്‍ നിയുക്ത എം.പി രമ്യ ഹരിദാസ്. തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനായി ഒരു അക്കൗണ്ടും ഒരു പേജും ആണ് ഉപയോഗിക്കുന്നതെന്നും തന്റെതല്ലാത്ത അക്കൗണ്ടിലാണ് ഇത്തരത്തില്‍ ഒരു പോസ്റ്റ് വന്നതെന്നും രമ്യ ഹരിദാസ് പറഞ്ഞു.
ആരേയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതല്ല തന്റെ ശൈലിയെന്നും നിര്‍ഭാഗ്യകരമായ കാര്യമാണ് നടന്നതെന്നും രമ്യ തന്റെ പോസ്റ്റില്‍ പറഞ്ഞു. ആരേയും വ്യക്തിപരമായി ആക്ഷേപിക്കാനല്ല ആലത്തൂരിലെ ജനങ്ങള്‍ ഇത്രേം വലിയൊരു സ്‌നേഹം നല്‍കിയതെന്ന പൂര്‍ണ്ണ ബോധ്യമെനിക്കുണ്ടെന്നും, അതെന്റെ പൊതുപ്രവര്‍ത്തനത്തിന്റെ ശൈലിയല്ലെന്നും രമ്യ പറഞ്ഞു.
ഇത്തരത്തിലുള്ള എല്ലാ പ്രൊഫൈലുകളും പേജുകളും ദയവായി അത് ഉപയോഗിക്കുന്നവര്‍ പിന്‍വലിക്കണമെന്നും രമ്യ അഭ്യര്‍ത്ഥിച്ചു. പല ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമുള്ള മറുപടികൂടിയായിരുന്നു ഈ വിജയം, അത് കൊണ്ട് തന്നെ ആരേയും ആക്ഷേപിക്കാനോ പരിഹസിക്കാനോ ഇല്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു.
നേരത്തെ രമ്യ ഹരിദാസിന്റെതായി പുറത്തുവന്ന പോസ്റ്റിന് മറുപടിയുമായി ദീപാ നിശാന്ത് രംഗത്തെത്തിയിരുന്നു. എന്തായാലും അടുത്ത പുസ്തകത്തിന്റെ ടാഗ് ലൈന്‍ റെഡിയാണെന്നും ‘ഒന്നരലക്ഷം വോട്ടിനു ഒരാളെ എം.പിയാക്കിയ ദീപാനിശാന്തിന്റെ പുതിയ പുസ്തകം ! എന്നായിരിക്കും അതെന്നുമായിരുന്നു ദീപാ നിശാന്തിന്റെ പോസ്റ്റ്.
ആലത്തൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ ബിജുവിനെ ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ്യ ഹരിദാസ് തോല്‍പ്പിച്ചത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ രമ്യയെ അധിക്ഷേപിച്ചുകൊണ്ടുള്ള സി.പി.ഐ.എം നേതാവ് വിജയരാഘവന്റെ പ്രസ്താവനയും ദീപാ നിശാന്തിന്റെ പോസ്റ്റും വലിയ ചര്‍ച്ചയായിരുന്നു. രമ്യയുടെ വിജയത്തില്‍ ദീപാ നിശാന്തിനും വിജയരാഘവനും നന്ദി പറഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം രംഗത്തെത്തിയിരുന്നു.
രമ്യ ഹരിദാസിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം,
സ്‌നേഹം നിറഞ്ഞ എന്റെ നാട്ടുകാര്‍ അറിയാന്‍,
ഈ തെരഞ്ഞെടുപ്പു കാലത്ത് എനിക്ക് ഏറെ സാഹായകമായ ഒരു മാധ്യമമാണ്
സോഷ്യല്‍ മിഡിയ.
നാട്ടുകാരുമായുള്ള എന്റെ സനേഹത്തിന്റെ ഇഴയടുപ്പം കുട്ടാന്‍ ഈ സാമൂഹ്യ മാധ്യമങ്ങള്‍ ഏറെ സഹായിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷവും
ഇതു നല്‍കന്ന പിന്തുണ ഏറെവിലപ്പെട്ടതുമാണ്.
ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനായി ഒരു അക്കൗണ്ടും ഒരു പേജും ആണ് ഉപയോഗിക്കുന്നത്.
അതില്‍ ഒന്ന് ഈ പേജാണ്.
ആയതിന്റെ ലിങ്കുകള്‍ ചുവടെ ചേര്‍ക്കുന്നു. തെരഞ്ഞെടുപ്പിനു ശേഷം ഇപ്പോള്‍ അടുത്ത ദിവസങ്ങളിലായി ഞാന്‍ മനസ്സില്‍ പോലും ചിന്തിക്കാത്ത വിഷയങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ്
എന്റേ തല്ലാത്ത, ഞാന്‍ ഉപയോഗിക്കാത്ത എന്റെ അക്കൗണ്ടില്‍ വന്നതായി
അറിയാന്‍ കഴിഞ്ഞു.ഇത് തീര്‍ത്തും നിര്‍ഭാഗ്യകരമായ ഒരു കാര്യമാണ് .
ആരേയും വ്യക്തിപരമായി ആക്ഷേപിക്കാനല്ല ആലത്തൂരിലെ
ജനങ്ങള്‍ ഇത്രേം വലിയൊരു സ്‌നേഹം നല്‍കിയതെന്ന പൂര്‍ണ്ണ ബോധ്യമെനിക്കുണ്ട് , അതെന്റെ പൊതുപ്രവര്‍ത്തനത്തിന്റെ ശൈലിയുമല്ല .
ഇത്തരത്തിലുള്ള എല്ലാ പ്രൊഫൈലുകളും പേജുകളും ദയവായി അത് ഉപയോഗിക്കുന്നവര്‍ പിന്‍വലിക്കണം .
പല ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമുള്ള മറുപടികൂടിയായിരുന്നു ഈ വിജയം ,
അത് കൊണ്ട് തന്നെ ആരേയും ആക്ഷേപിക്കാനോ പരിഹസിക്കാനോ ഇല്ല , നമ്മുക്ക് ഒന്നിച്ചു മുന്നേറാം ,
ആലത്തൂരിന് വേണ്ടി . ഒരിക്കല്‍ കൂടി വാക്കുകള്‍ക്ക് അതീതമായ
നന്ദി അറിയിക്കുന്നു ..