Heavy Rain
'കുട്ടനാട്ടില്‍ പഴയതുപോലെ ദുരിതമുണ്ടാവില്ല, തരണം ചെയ്യാം എന്ന ആത്മവിശ്വാസത്തിലാണ് നാട്ടുകാര്‍'; ആവേശം പകര്‍ന്ന് തോമസ് ഐസക്കിന്റെ പോസ്റ്റ്
ആലപ്പുഴ: കുട്ടനാട്ടില്‍ പ്രളയകാലത്തേതു പോലെ ദുരിതമുണ്ടാവില്ല എന്നാണു തന്റെ വിലയിരുത്തലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇത്തവണത്തെ വെള്ളപ്പൊക്കത്തെ തരണം ചെയ്യാം എന്ന ആത്മവിശ്വാസത്തിലാണ് കുട്ടനാട്ടുകാരെന്നും ഐസക്ക് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ഐസക്ക് ഇക്കാര്യം പറഞ്ഞത്.
പ്രളയമുണ്ടായ സമയത്തേതു പോലെ ഇത്തവണ ഘോരമായ മഴപ്പെയ്ത്ത് ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. തികഞ്ഞ കാര്യക്ഷമതയോടെയാണ് ജില്ലാ ഭരണകൂടം കാര്യങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘കുട്ടനാട്ടില്‍ ഇത്തവണ കഴിഞ്ഞ വര്‍ഷത്തെ പോലെ ദുരിതം ഉണ്ടാവില്ല എന്നാണ് എന്റെ വിലയിരുത്തല്‍. ജലനിരപ്പ് ഉയരുന്നുണ്ട്. ആലപ്പുഴ ചങ്ങനാശേരി വരെ ഇന്നലെ എന്റെ കാര്‍ ഓടി. മങ്കൊമ്പ്, കിടങ്ങറ ഭാഗത്ത് റോഡില്‍ വെള്ളം കയറിയിട്ടുണ്ട്, പക്ഷേ വണ്ടി ഓടിക്കാം. തലവടിയില്‍ ആയിരുന്നു ആദ്യത്തെ ക്യാമ്പ്. അടുത്തു തന്നെ വൈകുന്നേരമായപ്പോള്‍ രണ്ടു ചെറിയ ക്യാമ്പുകള്‍ കൂടി തുടങ്ങിയിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങളിലെ കര്‍ഷക തൊഴിലാളി കുടുംബങ്ങള്‍ ആണ് കൂടുതലും. പക്ഷേ അവര്‍ക്ക് വലിയ പരിഭ്രാന്തി ഒന്നും ഇല്ല. ഇത് സാധാരണ എന്ന മട്ടിലാണ് എടുത്തിട്ടുള്ളത്. നെഹ്രു ട്രോഫിയിലും കൈനകരിയിലും എല്ലാം പാടശേഖരങ്ങളുടെ വക്കില്‍ വെള്ളം തുളുമ്പി നില്‍ക്കുകയാണ്. ബോട്ടിന്റെ ഓളത്തില്‍ ബണ്ടിന് മുകളില്‍ എത്തും.
ചിലയിടങ്ങളില്‍ എല്ലാം ബണ്ട് ബലപ്പെടുത്താനുള്ള പ്രവൃത്തികള്‍ നടക്കുന്നുണ്ട്. ചുങ്കത്ത് റോഡ് കവിഞ്ഞൊഴികുന്ന വെള്ളം വീട്ടിലേക്ക് കയറാതിരിക്കാന്‍ മണല്‍ച്ചാക്ക് അടുക്കുന്ന സ്ത്രീകളെയും കണ്ടു. പൊതുവില്‍ പറഞ്ഞാല്‍ ഇത്തവണത്തെ വെള്ളപ്പൊക്കത്തെ തരണം ചെയ്യാം എന്ന ആത്മവിശ്വാസത്തിലാണ് കുട്ടനാട്ടുകാര്‍.
എന്താണ് അന്നും ഇന്നും തമ്മിലുള്ള വ്യത്യാസം? അന്നത്തെയത്ര ഘോരമായ മഴപ്പെയ്ത്ത് ഇത്തവണ ഉണ്ടായില്ല, ഡാമുകളും നിറഞ്ഞിട്ടില്ല, അതുകൊണ്ടു തന്നെ വലിയ അണക്കെട്ടുകള്‍ ഒന്നും ഇതേ വരെ തുറന്നിട്ടില്ല. അവ തുറക്കേണ്ട ഒരു മട്ടും കാണുന്നില്ല. പത്തനംതിട്ട ഭാഗത്ത് ഉയരുന്ന വെള്ളം കുട്ടനാട്ടിലേക്ക് ഒഴുകി എത്തി തുടങ്ങിയിട്ടുണ്ട്.
പക്ഷേ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നു വ്യത്യസ്തമായി അത് വേമ്പനാട്ട് കായലിലൂടെ ഒഴുകി തണ്ണീര്‍മുക്കം ബണ്ടിലൂടെയും തോട്ടപ്പള്ളി സ്പില്‍വേയിലൂടെയും ഒഴുകിപോയി കൊണ്ടിരിക്കുകയാണ്. ഇതിനെ സഹായിക്കുന്ന രണ്ടു കാര്യങ്ങള്‍ ഉണ്ട്. 1. തോട്ടപ്പള്ളി സ്പില്‍വേയുടെയും തണ്ണീര്‍മുക്കം ബണ്ടിന്റ്‌റെയും ഷട്ടറുകള്‍ എല്ലാം തുറന്നു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം വെള്ളം ഒഴുകുന്നതിന് മാര്‍ഗ്ഗതടസ്സമായി തണ്ണീര്‍മുക്കം ബണ്ടില്‍ ഉണ്ടായിരുന്ന മണല്‍ തിട്ടകളെല്ലാം നീക്കി ഒഴുകാനുള്ള സാഹചര്യം സൃഷ്ടിച്ചു. സ്പില്‍വേയിലും ഇത്തരം തായറെടുപ്പുകള്‍ നടത്തി.
രണ്ടാമത്തെ കാര്യം കഴിഞ്ഞ തവണത്തേതില്‍ നിന്നു വ്യത്യസ്തമായി സമുദ്രജലനിരപ്പ് താഴ്ന്നു നില്ക്കുന്നു എന്നതാണ്. അതിനാല്‍ വളരെ വേഗം വെള്ളം ഒഴിഞ്ഞു പോകുന്നു.
എങ്കിലും എല്ലാവരും ജാഗ്രതയിലാണ്. ഇന്നലെ വൈകുന്നേരം തലവടി വച്ച് ടി വി ക്കാര്‍ എന്നോടു ചോദിച്ച ചോദ്യം ജില്ലാധികൃതരുടെ വിവര പ്രകാരം ഇവിടെ ഒരു ക്യാമ്പ് അല്ലെയുള്ളൂ. ഇപ്പോള്‍ ഇവിടെ നിങ്ങള്‍ മൂന്നെണ്ണം കണ്ടില്ലേ ? ജില്ലയില്‍ നിന്നുള്ള നിര്‍ദ്ദേശം ഒന്നും കാത്തു നില്‍ക്കാതെ ആളുകള്‍ പഞ്ചായത്ത് സഹായത്തോടെ ക്യാമ്പുകള്‍ തുറന്നതാണ്.
ഇവിടെയും എല്ലാവിധ സഹായങ്ങളും ദുരിതാശ്വാസ സംവിധാനങ്ങളും സര്‍ക്കാരില്‍ നിന്നെത്തിക്കും. എന്നു പറഞ്ഞു അവരോട് പിരിയുന്നതിന് മുന്പ് ഏറ്റവും അവസത്തെ സര്‍ക്കാര്‍ കണക്കുകള്‍ മെസ്സജ് ആയി കിട്ടി.
തലവടിയില്‍ 3 ക്യാമ്പ്. ജില്ലയിലെ അഞ്ചു താലൂക്കുകളിലുമായി 32 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതുവരെ തുറന്നിട്ടുള്ളത്. 2166 അന്തേവാസികളാണ് ഈ ക്യാമ്പുകളിലുള്ളത്. ആകെ 603 കുടുംബങ്ങളാണ് ദുരിതബാധിതരായി ക്യാമ്പിലെത്തിയിട്ടുള്ളത്.
തികഞ്ഞ കാര്യക്ഷമതയോടെയാണ് ജില്ലാഭരണകൂടം കാര്യങ്ങള്‍ ചെയ്യുന്നത്. നാളെ ജനപ്രതിനിധികളുടെ യോഗവും വിളിച്ചിട്ടുണ്ട്. ഒരു ആശയക്കുഴപ്പവും ആശങ്കയും ഇതുവരെ ആലപ്പുഴയില്‍ ഇല്ല
കൈനകരിയില്‍ രാത്രി എട്ടു മണിക്ക് മൂന്നു പാടത്ത് മട വീണിട്ടുണ്ട്, ഇപ്പോള്‍ അങ്ങേട്ടേക്കുള്ള യാത്രയിലാണ്.’