കണ്ണൂര്‍: സി.എം.പി സ്ഥാപക നേതാവ് എം.വി രാഘവന്‍ കൊലയാളിയാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കൂത്തുപറമ്പ് രക്തസാക്ഷി റോഷന്റെ പിതാവ് കെ.വി വാസു. രാഘവന്റെ നേതൃത്വത്തില്‍ കൂത്തുപറമ്പില്‍ നടത്തിയ ക്രൂരഹത്യ മറക്കാന്‍ കഴിയില്ലെന്നും പുതിയ തലമുറയുടെ മുന്നില്‍ രാഘവനെന്ന കൊലയാളിയുടെ വികൃതമുഖം വരച്ചുകാണിക്കുമെന്നും കെ.വി വാസു വ്യക്തമാക്കി.
സി.പി.ഐ.എം നേതാക്കള്‍ പങ്കെടുക്കുന്ന എം.വി രാഘവന്‍ അനുസ്മരണ പരിപാടി കണ്ണൂരില്‍ നടക്കാനിരിക്കെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.വി വാസുവിന്റെ പ്രതികരണം. അതേ സമയം പരിപാടിയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്മാറി. പരിപാടിയുടെ ഉദ്ഘാടകനായാണ് മുഖ്യമന്ത്രിയെ നിശ്ചയിച്ചിരുന്നത്. കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തരില്‍ നിന്നുള്ള എതിര്‍പ്പാണ് മുഖ്യമന്ത്രിയുടെ പിന്‍മാറ്റത്തിന് കാരണം.
പാര്‍ട്ടി ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പിണറായിക്ക് പകരം പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സൂചന. എന്നാല്‍ മുഖ്യമന്ത്രിയുടെ വീഡിയോ സന്ദേശം ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും.
സി.പി.ഐ.എമ്മിലായിരിക്കെ എം.വി.ആറുമായി അറുത്തുമുറിച്ച് മാറ്റാന്‍ പറ്റാത്ത ബന്ധമായിരുന്നെന്ന് എഫ്.ബി പോസ്റ്റില്‍ വാസു പറയുന്നു. അത്രയേറെ എം.വിആര്‍ തന്നെ സ്‌നേഹിച്ചിരുന്നു. എന്നാല്‍ എം.വി.ആറിന്റെ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതിയും താന്‍പ്രമാണിത്വവും അഹങ്കാരവും കാരണം, അദ്ദേഹത്താല്‍ മാത്രം തന്റെ മകനടക്കമുള്ള 5 പേരുടെ ജീവന്‍ നഷ്ടപ്പെടേണ്ടി വന്നതായി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വാസു ആരോപിക്കുന്നുണ്ട്.
ഒരിക്കലെങ്കിലും എം.വി.ആര്‍ കുത്തുപറമ്പ് വെടിവെപ്പില്‍ ഖേദപ്രകടനം നടത്തുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നെന്നും എന്നാല്‍ അധികാര മോഹം എം.വി.ആറിനെ അതിന് അനുവദിച്ചിരുന്നില്ലെന്നും വാസു പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സിപിഐഎമ്മില്‍ നിങ്ങളുണ്ടായിരുന്ന കാലത്ത്, നിങ്ങളും, ഞാനും തമ്മില്‍, അറുത്തുമുറിച്ച് മാറ്റാന്‍ പറ്റാത്ത ബന്ധമായിരുന്നു. അത്രയേറെ നിങ്ങളന്നെ സ്‌നേഹിച്ചിരുന്നു, ഞാന്‍ നിങ്ങളെയും, പക്ഷെ, നിങ്ങളുടെ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതിയും, താന്‍പ്രമാണിത്വവും, അഹങ്കാരവും, കാരണം നിങ്ങളാല്‍ മാത്രം, എന്റെ മകനടക്കമുള്ള അഞ്ചുപേരുടെ ജീവന്‍ നഷ്ടപ്പെടേണ്ടി വന്നു.
സ: പുഷ്പന്‍ ഇന്നത്തെ നിലയിലായി. നൂറുകണക്കിന്ന് ചെറുപ്പക്കാര്‍ നിത്യരോഗികളായി മാറി. ഒരിക്കലെങ്കിലും നിങ്ങളില്‍ നിന്ന് കുത്തുപറമ്പ് വെടിവെപ്പില്‍ ഒരു ഖേദപ്രകടനം ഞാന്‍ പ്രതീക്ഷിച്ചു.അധികാര പ്രമത്തദ നിങ്ങളെ അതിന് അനുവദിച്ചില്ല. നിങ്ങളുടെ നേതൃത്വത്തില്‍ കൂത്തുപറമ്പില്‍ നടത്തിയ കൊടും ക്രൂരത മറക്കാനോ, പൊറുക്കാനോ കഴിയാത്തതാണ്. ഞങ്ങളുടെ ജീവന്‍ ഉള്ള കാലം വരെ, നിങ്ങളെ കൊലയാളി എന്ന് വിളിച്ചുകൊണ്ടേയിരിക്കും. പുതിയ തലമുറയുടെ മുന്നില്‍, നിങ്ങളെന്ന കൊലയാളിയുടെ വികൃതമുഖം ഞങ്ങള്‍ വരച്ചുകാണിച്ചു കൊണ്ടേയിരിക്കും.