| Wednesday, 21st August 2019, 1:03 pm

ദുരിതാശ്വാസ നിധിയിലേക്ക് ഒരു രൂപ പോലും കൊടുക്കരുതെന്ന ഫേസ്ബുക്ക് പോസ്റ്റ്; സൂര്യന്‍ ഭട്ടതിരിപ്പാടിനോട് 25000 രൂപ കെട്ടിവെക്കാന്‍ കോടതി; ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ഇടരുതെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കേസില്‍ കോട്ടയം സൂര്യകാലടി മനയിലെ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിന് 25000 രൂപ ബോണ്ടിലും രണ്ട് ആള്‍ ജാമ്യത്തിലും കോടതി ജാമ്യം അനുവദിച്ചു. ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ ഗാന്ധിനഗര്‍ പൊലീസായിരുന്നു സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു രൂപ പോലും കൊടുക്കരുത് എന്നായിരുന്നു ഇയാളുടെ പോസ്റ്റ്. ഇതിനെതിരെ ഡി.വൈ.എഫ്.ഐ കുമാരനല്ലൂര്‍ ഈസ്റ്റ് മേഖലാ കമ്മിറ്റി സെക്രട്ടറിയായിരുന്നു പരാതി നല്‍കിയത്.

ഗാന്ധി നഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഐ.പി.സലി 153, കേരള പൊലീസ് ആക്ട് 120 (ഒ) എന്നീ വകുപ്പുകളായിരുന്നു ചുമത്തിയത്. പരാതിയെ തുടര്‍ന്ന് സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട് പോസ്റ്റ് പിന്‍വലിച്ചുവെങ്കിലും പരാതിക്കാരന്‍ കേസില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

തുടര്‍ന്ന് ഇന്നലെ ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരായ ഇദ്ദേഹത്തിന് 25000 രൂപ ബോണ്ടിലും രണ്ട് ആള്‍ജാമ്യത്തിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സമൂഹ മാധ്യമങ്ങള്‍ വഴി ചിലര്‍വ വ്യാപക പ്രചരണം നടത്തിയിരുന്നു. പ്രളയം സര്‍ക്കാര്‍ വരുത്തിവെച്ചതാണെന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുത് എന്നടക്കമുള്ള പ്രചരണമായിരുന്നു സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ അടക്കം നടന്നത്. ഇത്തരത്തില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നടന്ന സംഭാഷണങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ അടക്കം പുറത്തുവന്നിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത്തരം പ്രചരണം നടത്തുന്നവര്‍ സാമൂഹ്യവിരുദ്ധരാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. മനുഷ്യര്‍ അവശ്യ സാധനങ്ങളില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വിലങ്ങുതടിയാകുന്ന വിധത്തില്‍ തെറ്റായ വിവരം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസും അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more