മോദിജീ ഈ രാജ്യത്ത് എത്രതരം പൗരന്മാരുണ്ട്
Kerala Flood
മോദിജീ ഈ രാജ്യത്ത് എത്രതരം പൗരന്മാരുണ്ട്
പ്രമോദ് പുഴങ്കര
Saturday, 18th August 2018, 12:26 am

പ്രധാനമന്ത്രി നേരിട്ട് കണ്ടു ബോധ്യം വന്ന്, എന്തെങ്കിലുമൊക്കെ കനിവ് തോന്നിയാലെ സൈന്യത്തിന്റെ രക്ഷാസംഘവും കേന്ദ്രത്തിന്റെ സഹായവുമൊക്കെ വരികയുള്ളൂ എന്നാണെങ്കില്‍, ഈ രാജ്യത്ത് എത്രതരം പൗരന്മാരുണ്ടെന്നു നാം ഗൗരവമായി ചോദിക്കണം. മോദിക്ക് പ്രഖ്യാപനങ്ങള്‍ നടത്താനുള്ള പ്രചാരണവേദിയാക്കുകയാണ് ഒരു ജനതയുടെ മഹാദുരന്തത്തെ.

ഇത്രയും ദിവസമായിട്ടും കേരളത്തില്‍ എന്താണ് സംഭവിക്കുന്നതെന്നും വെള്ളത്തില്‍ കുരുങ്ങിക്കിടക്കുന്ന മനുഷ്യര്‍ക്ക് ഓരോ രാത്രിയും എത്ര ഭീതിദമാണെന്നും അറിയാന്‍ കേന്ദ്ര സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലേ? സൈന്യത്തിനെ ചുമതലയേല്പിച്ച് പോവുന്നതിനല്ല സംസ്ഥാന സര്‍ക്കാര്‍ എന്നും സിവിലിയന്‍ ഭരണകൂടത്തിന്റെ എല്ലാ സഹായത്തോടും കൂടി രക്ഷാ പ്രവര്‍ത്തനത്തിന് തങ്ങളുടെ എല്ലാ പ്രവര്‍ത്തന, സാങ്കേതിക വൈദഗ്ധ്യവും നല്‍കുകയാണ് ഒരുതരത്തില്‍ സൈന്യത്തിന് ചെയ്യാനുള്ളത്.

മോദിയോട് നിങ്ങള്‍ പറ, ഞങ്ങള്‍ക്ക് ഞങ്ങള്‍ക്ക് ഹെലികോപ്റ്റര്‍ തരാന്‍; സജി ചെറിയാന്റെ വാക്കുകള്‍ പൂര്‍ണരൂപം

തങ്ങളുടെ ക്ഷുദ്രമായ സങ്കുചിതമായ അജണ്ടകള്‍ തീര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതല്ല സംഭവിക്കുന്നത് എന്നും പിണറായി വിജയന്‍ വേണ്ടത്ര വിനയം കാണിക്കാത്തതുകൊണ്ടാണ് സഹായം എത്താത്തത് എന്നും ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത്രയും ശുദ്ധഗതികൊണ്ടാണ്. ഒരു നാവികതാവളമുള്ള കൊച്ചിയുള്ളപ്പോള്‍ ഹെലികോപ്ടറുകളും ബോട്ടുകളും എത്തിക്കുന്നതൊക്കെ വളരെ എളുപ്പമാണ്. ഓരോ മണിക്കൂറും അതു വൈകുന്നതിന്റെ ഒരു കാരണം ഇന്ത്യയില്‍ തെക്കേ ഇന്ത്യയില്‍, കേരളം എന്ന സ്ഥലത്ത് വ്യത്യസ്തമായ രാഷ്ട്രീയവും ജീവിതവുമുള്ള ഒരു ജനതയാണ് ഈ മുങ്ങിക്കിടക്കുന്നത് എന്നാണ്.
അതിജീവിക്കാനുള്ള കാരണവും അതുതന്നെയാകട്ടെ.

സജി ചെറിയാന്‍ ഈ രാജ്യം നിങ്ങള്‍ക്ക് മുന്നില്‍ നിശബ്ദമാവട്ടെ

 

പ്രമോദ് പുഴങ്കര
സുപ്രീംകോടതി അഭിഭാഷകന്‍