| Thursday, 14th February 2019, 6:55 pm

കമലേഷും, കൃഷ്ണാജിയും, അര്‍ണബ് ഭൂതം ബാധിച്ച ഏഷ്യാനെറ്റും

ഡോ. പി കെ യാസ്സര്‍ അറഫാത്ത്

ഇതില്‍ ആദ്യത്തവര്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി എന്നെ ഓഫീസില്‍ കൊണ്ടുവിടുന്ന ഓട്ടോ ഡ്രൈവര്‍മാരാണ്.

കമലേഷിന് 39വയസ്സാണ്, യാദവ സമുദായത്തില്‍ പെട്ട ആളാണ്. കട്ട ലാലു ഭക്തനാണെങ്കിലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുടുംബത്തിലെ മൂന്നു വോട്ടര്‍മാരോടൊപ്പം, വോട്ടുചെയ്യാന്‍വേണ്ടി മാത്രം ഡല്‍ഹിയില്‍നിന്ന് ബീഹാറിലെത്തി മോദിക്ക് വോട്ടുചെയ്ത ആളാണ്. അതായത് മോദിക്കുവേണ്ടി വണ്ടിപിടിച്ചു ബീഹാറിലെത്തിയ ലാലു ഭക്തന്‍.

കൃഷ്ണാജി അമ്പതുവയസ്സുള്ള ബ്രാഹ്മണനാണ്, ബിജെപിക്കാരനായിരുന്നു, രണ്ടുവര്‍ഷം മുന്‍പുവരെ തികഞ്ഞ മോദിഭക്തനുമായിരുന്നു. നോട്ടുനിരോധനം വന്നശേഷം കുടുംബത്തിലെ മൂന്നുപേര്‍ക്ക് ജോലിനഷ്ടമായി. യൂപിയില്‍നിന്നുള്ള കൃഷ്ണാജി കോണ്‍ഗ്രസ്സിനുവേണ്ടി പ്രചാരണം നടത്താന്‍ പോവുകയാണ് അടുത്തയാഴ്ച.

“”അംബാനിയുടെ മാമയാവാനല്ല മോദിക്ക് വോട്ടുകൊടുത്തത്”” എന്നാണു കൃഷ്ണാജി ഇന്നലെ പറഞ്ഞത്.

കമലേഷ് ഇപ്രാവശ്യവും ടിക്കറ്റ് ബുക്ക് ചെയ്യാന്‍പോവുകയാണ്, താന്‍ വോട്ടുചെയ്തു ജയിപ്പിച്ചുവിട്ട മോദിയെ തോല്‍പ്പിക്കാന്‍ ബീഹാറിലെത്താന്‍, ഇപ്രാവശ്യം ഒരു വോട്ടര്‍കൂടെയുണ്ട്, തന്റെ മകള്‍ . നാലുവോട്ടുകളാണ് മോദിയെ തോല്‍പിക്കാന്‍ ട്രെയിനെടുത്തു ഇപ്രാവശ്യം ബീഹാറിലേക്കു പോകുന്നത്.

ഇങ്ങിനെ ലക്ഷക്കണക്കിന് കമലേഷുമാരും കൃഷ്ണാജിമാരും കാത്തിരിക്കുകയാണ് ആ നാളിനുവേണ്ടി, മോദി തോല്‍ക്കുന്ന ദിവസത്തിനുവേണ്ടി. അവരുടെ വിഷയം ഭക്ഷണമാണ്, തൊഴിലാണ്.

ഇത് ഉത്തരേന്ത്യയിലെ ഏകദേശം അവസ്ഥയാണ്. ഇവിടെ ആരും കാര്യമായി രാമക്ഷേത്രവും മറ്റും സംസാരിക്കുന്നില്ല. ഇരുപത്തിനായിരത്തില്‍ കൂടുതല്‍ സിവില്‍ സര്‍വീസ് മോഹികള്‍ ഉള്ള മുഖര്‍ജി നഗറില്‍ താമസിക്കുന്ന എനിക്ക് ചായ കടകളില്‍ മാത്രം കേള്‍ക്കാന്‍ പറ്റും മോദിയോടുള്ള രോഷം. ജോലി, വീട് കാര്‍, ലോണുകള്‍, പഠനം തുടങ്ങിയ കാര്യങ്ങളാണ് വലിയൊരു വിഭാഗം ചെറുപ്പക്കാര്‍ സംസാരിക്കുന്നത്. “”ബുഡ്ഡ പാഗല്‍ഹേയ്”” (മുതുക്കന് ഭ്രാന്താണ്) എന്നാണ് വലിയൊരു വിഭാഗം ചെറുപ്പക്കാരുടെയും രോഷത്തിലുള്ള ഗാലി (തെറി).

അപ്പോഴാണ് ഒരു സര്‍വ്വേയുമായി ഏഷ്യനെറ്റ് ഇറങ്ങിയിരിക്കുന്നത് കേരളത്തില്‍. ഡിഗ്രി, വിവാഹ രജിസ്ട്രേഷന്‍, ചായക്കട, ചായവില്‍പ്പന, ഹിമാലയ ജീവിതം, പ്രതിശീര്‍ഷ വരുമാനം, വളര്‍ച്ചാനിരക്ക്, റാഫാല്‍, തുടങ്ങിയ എല്ലാകാര്യത്തിലും വെട്ടലും തിരുത്തലും, ആയിരം കളവും നടത്തി ഇന്ത്യയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന മോദിയെ ഗുരുവായി വരിച്ച ഹിന്ദുത്വവാദി രാജീവ് ചന്ദ്രശേഖറിന്റെ ചാനല്‍ പിന്നെ എന്തുചെയ്യാനാണ് എന്നതാണ് പ്രാഥമിക ചോദ്യം.

ഏഷ്യാനെറ്റിന്റെ സര്‍വ്വേ കളവാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാവും.
ഈ പ്രഹസനം ഹിന്ദി ചാനലുകള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയില്‍ പരീക്ഷിച്ചതാണ്. വിദ്യാഭ്യാസമുള്ളവരിലെ വലിയൊരു ശതമാനം പോലും പത്രങ്ങള്‍ വായിക്കാത്ത ഉത്തരേന്ത്യയില്‍ ടെലിവിഷനായിരുന്നു അന്നത്തെ ഗുരു. അവര്പറഞ്ഞോത്തെക്കെ വിശ്വസിച്ച ജനം കണ്ണടച്ച് വിശ്വസിക്കുകയായിരുന്നു ഓരോ സര്‍വേകളും.

എന്നാല്‍, ഇന്ന് ഉത്തരേന്ത്യയുടെ ഗുരു “വയറാണ്”, വിശപ്പാണ്”. ഇനി മോദിയെ ആളാക്കുന്ന ഒരു സര്‍വേയും ഇവിടങ്ങളില്‍ വിലപ്പോകുന്നതല്ല. ഹിന്ദി ചാനലുകള്‍ ആ പരിപാടി വലിയൊരളവില്‍ നിര്‍ത്തിയിരിക്കുകയാണ് ഇപ്പോള്‍.

ചൂണ്ടിക്കാണിക്കാന്‍ ഒരു സ്ഥാനാര്‍ഥിപോലുമില്ലാത്ത, തൊഴുത്തില്കുത്തു ദിനംപ്രതി ശക്തമായിക്കൊണ്ടിരിക്കുന്ന, കേരളത്തിലെ വലിയൊരു ശതമാനം ജനങ്ങള്‍ പൊട്ടന്മാരെന്നു വിധികല്പിച്ച ചിലരാല്‍ എങ്ങിനെയൊക്കെയോ ദിവസങ്ങള്‍ തള്ളിനീക്കുന്ന ഇന്നത്തെ ബിജെപി വലിയൊരുശതമാനം വോട്ടുകള്‍ നേടുമത്രേ കേരളത്തില്‍. കോണ്‍ഗ്രസ്സ് കഴിഞ്ഞകാലങ്ങളില്‍ നടത്തിയതുപോലെയുള്ള ഒത്തുതീര്‍പ്പുകള്‍ക്കു തയ്യാറായിട്ടില്ലെങ്കില്‍, അടുത്ത തിരഞ്ഞെടുപ്പിനുശേഷം ജയിലില്‍ പോകാന്‍ തയാറായിക്കൊണ്ടിരിക്കുന്ന മോദിയുടെയും, അമിത് ഷായെയും കണ്ടിട്ടാണോ ബിജെപിക്ക് ആള്‍ക്കാര്‍ വോട്ടുചെയ്യേണ്ടതു?

രണ്ടുകോടിയില്‍ അധികം വോട്ടര്മാരുള്ള കേരളത്തില്‍ ആറായിരത്തില്‍ താഴെയുള്ളവരെ വച്ച്(അതുതന്നെ സത്യമാണോ എന്ന് ആര്‍ക്കറിയാം) നടത്തിയ സര്‍വേ ഭയങ്കരമാണ് ഏഷ്യാനെറ്റ്.
വരുന്ന തിരഞ്ഞെടുപ്പില്‍ പത്രം വായിക്കുന്ന, ബോധമുള്ള, ഭ്രാന്തു കേറിയിട്ടില്ലാത്ത ഓരോ ആളുടെയും വോട്ട് മോദിക്കെതിരായിട്ടുള്ളതാണു. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികള്‍ക്കെതിരാണ്, ക്രിമിനലുകള്‍ക്കെതിരാണ്. ജോലിക്കും, പഠനത്തിനും സമാധാനത്തിനും വേണ്ടിയുള്ളതാണ്.

അതുകൊണ്ടുതന്നെ ബിജെപിക്ക് ഒരു പാര്‍ലമെന്റ് സീറ്റുപോലും കേരളം പോലെയുള്ള ഒരുസംസ്ഥാനത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കണ്ട. അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായിത്തന്നെ അവശേഷിക്കും. ശബരിമല വരുന്ന പാര്‍ലിമെന്റ് തിരെഞ്ഞെടുപ്പില്‍ വോട്ടുകളെ വലിയൊരു അളവില്‍ ബാധിക്കുന്ന വിഷയമേ അല്ല എന്നതാണ് സത്യം. പക്ഷെ നിങ്ങള്ക്ക് ആ വിഷയം വലിയൊരു ആഖ്യാനമായി നിലനില്‍ക്കേണ്ടത് ആവശ്യമാണ്.

കമലേഷും കൃഷ്ണാജിയും ഇല്ലാത്ത പൈസമുടക്കി മോദിയെ ജയിലാക്കാനുള്ള വോട്ടുചെയ്യാനായി ബീഹാറിലേക്കും യൂപിയിലേക്കും വണ്ടി കേറുമ്പോഴാണ്, ശോഭാസുരേന്ദ്രനെയും, സുരേന്ദ്രനെയും, പിള്ളയെയെയും പോലെയുള്ള കേരളം വിഡ്ഢികളെന്നു വിധിയെഴുതിയ കുറെ പേരെ വിശ്വസിച്ചു മലയാളി വോട്ടുചെയ്യാന്‍ പോകുന്നത്.

ഏഷ്യാനെറ്, നിങ്ങള്ക്ക് ചികിത്സ ആവശ്യമാണ്. നിങ്ങള്‍ ഇപ്പോഴാണ് മോഹന്‍ലാലിനെ വിളിക്കേണ്ടത്. നിങ്ങളെ ബാധിച്ചത് നാഗവല്ലിയെക്കാളും ശക്തിയുള്ള ഭൂതമാണ്, അര്‍ണബ് ഭൂതം. ലാലിന് മാത്രമേ അത് മണിച്ചിത്രത്താഴിട്ടു പൂട്ടാന്‍ പറ്റു

നിങ്ങളുടെ സര്‍വ്വേ ബോധം നശിച്ചിട്ടില്ലാത്ത മലയാളിയോടുള്ള പരിഹാസമാണ്. രാജീവ് ചന്ദ്രശേഖറിനുള്ള മറുപടി അവര്‍ കൊടുക്കും, വോട്ടിലൂടെ.

ഡോ. പി കെ യാസ്സര്‍ അറഫാത്ത്

ദല്‍ഹി സര്‍വകലാശാലയില്‍ ചരിത്ര വിഭാഗം അസിസ്റ്റന്റ പ്രൊഫസറാണ് ലേഖകന്‍

We use cookies to give you the best possible experience. Learn more