| Tuesday, 5th February 2019, 4:50 pm

ഫെമിനിസത്തിന്റെ ബ്രാ കുടുക്കുകള്‍

വീണ ജെ.എസ്

അനിയന്റെ കല്യാണത്തിന് വീട്ടിക്കേറി, സോറി വീട്ടിക്കേറാന്‍ ചെന്നപ്പോ, മുറ്റത്തു വെച്ചുതന്നെ എന്നെ തടഞ്ഞത് ഒരു ചേട്ടന്റെ ചോദ്യമാണ്. “നീ കനകദുര്‍ഗയുടെയും ബിന്ദുവിന്റേയും കൂടെ പരിപാടിക്ക് പോയിരുന്നോ?”

ഒരുനിമിഷം ഞാന്‍ ധ്യനനിമഗ്‌നയായി. ഞാന്‍ അവരോടൊപ്പം പോയിട്ടില്ലല്ലോ. ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ അവര്‍ വരുന്നത് തന്നെ ഞാന്‍ അറിഞ്ഞിരുന്നില്ല. ഒരു ഗുമ്മിന് “ആ പോയി” എന്നുപറയാനുള്ള എന്റെ ധൈര്യം ഇവിടത്തെ ഹിന്ദുത്വഇരകള്‍ ഇല്ലാതാക്കിയതിനാല്‍ അങ്ങനെ പറഞ്ഞില്ല. പകരം “ഇല്ലാ ചേട്ടാ, അവര്‍ വന്ന സ്ഥലത്ത് ഞാന്‍ ഉണ്ടായിരുന്നു. അത്രേ ഉള്ളൂ” എന്ന് പറഞ്ഞു. ആശ്വാസമായെന്നു തോന്നുന്നു ! ഒരുവിധം വീട്ടിക്കേറി.

Read Also : പിന്നോക്ക ജാതിക്കാരനെ പ്രണയിച്ചതിന്റെ പേരിൽ മകളെ അച്ഛൻ കൊലപ്പെടുത്തി

കണ്ണില്‍കണ്ടവരോടൊക്കെ സ്ത്രീശാക്തീകരണം പ്രസംഗിച്ചു റൂമിലോട്ട് എത്തിയതും മേല്പറഞ്ഞ ചേട്ടന്റെ ഭാര്യ ഓടിവന്ന് എന്റെ ചുരിദാറിന്റെ കഴുത്തുഭാഗം പുറത്തോട്ടു മലര്‍ത്തി “ഹോ ബ്രായോക്കെ ഇടാറുണ്ടല്ലേ, ഭാഗ്യം. ഞാന്‍ വിചാരിച്ച് നീ ഫെമിനിസ്റ്റാണെന്ന്” എന്ന് പറഞ്ഞ് അതിദയനീയത അര്‍ഹിക്കുന്ന രീതിയില്‍ ആശ്വസിക്കുന്നത് കണ്ടു. “ഇവര്‍ രണ്ടുപേരും സമാനചിന്തകളുടെ അടിസ്ഥാനത്തില്‍ കിടിലോസ്‌കി ഇണകള്‍ ആയ സ്ഥിതിക്ക് കുടുംബകലഹമില്ലാത്ത കിനാശ്ശേരി ആണല്ലോ ഇവരുടെ കുട്ടികള്‍ക്ക്” എന്ന് മാത്രം ഞാന്‍ ഉപരിപ്ലവമായി ആശ്വസിക്കാന്‍ ശ്രമിച്ചു.

ഒരാളുടെ ശരീരം ഏത് പരിധിവരെ സമീപിക്കാം എന്ന് സ്ത്രീകള്‍ മനസിലാക്കേണ്ടതുണ്ട് എന്ന് എനിക്ക് അഭിപ്രായമുണ്ട്. ബസ്സുകളില്‍ യാത്ര ചെയ്യുമ്പോള്‍ തിരക്കില്ലെങ്കില്‍പ്പോലും സ്ത്രീകള്‍ വന്നു വല്ലാതെ ചേര്‍ന്ന് നില്‍ക്കുമ്പോള്‍ എനിക്ക് അസ്വസ്ഥത ഉണ്ടാകാറുണ്ട്. സ്ത്രീ തൊടുമ്പോള്‍ സ്ത്രീക്ക് അസ്വസ്ഥത ഉണ്ടാകേണ്ട കാര്യമുണ്ടോ എന്നൊക്കെ പലരും ചോദിക്കാറുണ്ട്. ഓഹ് അങ്ങനെയാണെങ്കി നീ ലെസ്ബിയന്‍ ആണോ bisexual ആണോ എന്നൊക്കെ മാരകമണ്ടത്തരങ്ങള്‍ ഉയരാറുമുണ്ട്.

ഒരാളുടെ sexual orientation (ലൈംഗികചായ്വ്) അയാളെ സ്പര്‍ശിക്കുന്നതില്‍ മറ്റൊരാള്‍ക്ക് ലൈസന്‍സ് നല്‍കുന്നു എന്ന് കരുതുന്നത് എന്ത്തരം ലോജിക് ആണാവോ. താല്പര്യമുള്ള ലിംഗത്തില്‍പെട്ടവര്‍ ആണെങ്കില്‍ മുഴുവന്‍ സമയതലോടലും സുഖം തരുമെന്നാണോ ! ഭാര്യയും ഭര്‍ത്താവും തമ്മിലും, പ്രേമത്തിലുള്ളവര്‍ തമ്മിലും ഏതൊരു രണ്ട് വ്യക്തികള്‍ക്കിടയിലുംപോലും പേര്‍സണല്‍ സ്‌പേസ് എന്നത് ബഹുമാനിക്കപ്പെടണം എന്നത് നമ്മള്‍ അറിയേണ്ടതില്ലേ?

മാനസികമായ സ്‌പേസ് മാത്രമല്ല ചിലര്‍ക്ക് ആവശ്യം. ശാരീരികമായ സ്‌പേസും ആവശ്യമായിവരും. ആ സ്‌പേസിനെ ബഹുമാനിക്കാന്‍ എല്ലാവരും പഠിക്കണം.

കുട്ടികളുടെ സ്‌പേസ് ഏറ്റവും important ആണ്. കുഞ്ഞുങ്ങളെ കാണുമ്പോളെക്കും കവിളുകള്‍ വലിച്ച്പറിക്കുന്നത് ചിലരുടെ വിനോദമാണ്. പ്രത്യേകിച്ചും കവിളുകള്‍ തടിച്ച കുട്ടികളുടെ!

തടിച്ച കുഞ്ഞുകുട്ടികളുടെ വയറും നെഞ്ചും എല്ലാം ചിലര്‍ പറിച്ചെടുക്കുന്നത് കാണാം. expressions സാധ്യമായ കുഞ്ഞുങ്ങള്‍ ആണെങ്കില്‍ അവരുടെ അനുവാദം ചോദിച്ചറിഞ്ഞ ശേഷം മാത്രം ഉമ്മ നല്‍കാന്‍, തൊടാന്‍ ഉള്ള പക്വത സ്ത്രീകള്‍ അടക്കമുള്ളവര്‍ കാണിക്കേണ്ടതാണ്. Expressions സാധ്യമല്ലാത്ത കുട്ടികളെ ദയവുചെയ്ത് അമിതമായി തൊടാതിരിക്കുക. “അധികം തൊടരുതേ” എന്ന് നിങ്ങളോട് പറയാന്‍ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും ബുദ്ധിമുട്ടുണ്ടാകും. അത് ഉണ്ടെങ്കിലും ഇല്ലെങ്കിലും കുഞ്ഞിന്റെ ദേഹത്തെ അമിതമായി തൊടാതിരിക്കുക.

കുട്ടികളുടെ നെഞ്ചും കവിളും വയറും മറ്റേതുഭാഗവും ചുമ്മാ മറ്റുള്ളവര്‍ക്ക് പറിച്ചെടുക്കാനുള്ളതല്ല, അത് തന്റെ പരമാധികാരപരിധിയില്‍ വരുന്നതാണെന്ന് കുഞ്ഞുങ്ങളെ അറിയിക്കണം. ദയവുചെയ്ത് ശ്രദ്ധിക്കുക. കുഞ്ഞുകുട്യോളെ ചിലര്‍ എടുത്ത് പീച്ചുക്കൂട്ടുന്നത് കാണാറുണ്ട്. ദയവുചെയ്ത് ഇമ്മാതിരി ക്രീഡകള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കൂ. മേല്‍പ്പറഞ്ഞ പീച്ചിക്കൂട്ടലിനു വിപണിയില്‍ ഇഷ്ടംപോലെ റെഡിബെയറുകളെ കിട്ടും. കുട്ടികളുടെ ശരീരത്തെ ഒഴിവാക്കണം.

തിരക്കുള്ള സ്ഥലങ്ങളില്‍ പോലും സ്‌പേസ് മാനിക്കാന്‍ സാധിക്കും. ട്രെയിനിലും ബസ്സിലും സ്ത്രീകളുടെ ശരീരം തൊടാതെ നില്‍ക്കുന്ന പരുഷന്മാരെകണ്ട് സ്ത്രീകളും പഠിക്കണം. പല സ്ത്രീകളും പകുതിഭാരം കൊണ്ടുവെക്കുന്നത് മറ്റ് സ്ത്രീകളുടെ മേലെയാണ്. ദേഹത്ത് ചാരിനില്‍ക്കുന്ന പുരുഷന്മാരെ മാറ്റിനിര്‍ത്തുന്ന പോലെ ദേഹത്ത് പകുതിഭാരം കൊണ്ട് തള്ളുന്ന സ്ത്രീകളോട് എതിര്‍പ്പുണ്ടെങ്കില്‍ മൗനം ഭഞ്ജിക്കുക. ഇങ്ങനെയൊക്കെയാണ് പേര്‍സണല്‍ സ്‌പേസ് എന്താണെന്ന് നമ്മള്‍ ആളുകളെ അറിയിക്കേണ്ടത്. (സ്ത്രീകളെ അപമാനിക്കുന്ന എഴുത്തായി ഇതിനെ കാണരുത് pls)

ഇനി ആരേലും ബ്രാ ഇട്ടിട്ടുണ്ടോ എന്നറിയാന്‍ താല്‍പര്യപ്പെടുന്ന സ്ത്രീകളോട് രണ്ടില്‍ക്കൂടുതല്‍ വാക്കുകള്‍ പറയട്ടെ. ഞാന്‍ ബ്രാ ഇട്ടോ ഇട്ടിട്ടില്ലയോ എന്നത് നിങ്ങടെ കാര്യമല്ല. നാല് മല ചേര്‍ന്നാല്‍ നാല് മുലകള്‍ ചെരൂല്ല എന്ന മാരകവാക്യം അന്വര്‍ത്ഥമാക്കുന്ന അപൂര്‍വം ചില അവസരങ്ങള്‍ നമ്മളായിട്ട് ഒണ്ടാക്കാതെ നോക്കുക.

ചുരിദാര്‍ തുറന്ന് നോക്കാതെ തന്നെ കണ്ണിന്റെ കാഴ്ച മൊത്തമായും ചില്ലറയായും ഉപയോഗിച്ച് “ഓഹ് ഇന്ന് ബ്രാ ഇട്ടിട്ടില്ല അല്ലേ” എന്ന് ചോദിക്കുന്ന മഹതികളും മഹാന്മാരും ഉണ്ട്ട്ടാ. അവരോട് പറയാന്‍ ഉള്ളത്. ഇത്ര വ്യക്തമായി മുലയളക്കാന്‍ കഴിയുന്നവര്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഒരു സ്ത്രീക്കുപോലും അവര്‍ക്ക് യോജിച്ച അളവിലുള്ള ബ്രാ അങ്ങാടിയില്‍ കിട്ടാതിരിക്കുന്നത്?????? ബ്രാ ഇട്ടതുകൊണ്ട് മുലകളുടെ ഷേപ്പ് നിലനിര്‍ത്തപ്പെടും എന്നൊക്കെ വിചാരിക്കുന്നവര്‍ ഉണ്ടോ???

ബ്രാ ഇടാത്തവരോട് അസഹിഷ്ണുത കാണിക്കുന്ന പുരുഷന്മാരോട് പറയാന്‍ ഉള്ളത് ഇത്രയുമാണ്. Bra measurement എന്ന് ഗൂഗിള്‍ ചെയ്താല്‍ സ്വന്തം ബ്രാ അളവ് കണ്ടെത്താന്‍ കഴിയും. മുലയുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങള്‍ ഒരു അവധിദിവസം അതും ഫിറ്റാക്കിധരിച്ചു വീട്ടില്‍ ഇരിക്കണം. എന്തൊക്കെ സംഭവിച്ചാലും അതഴിച്ചുപോകരുത്. “എന്റെ കണ്ട്രോള്‍ പരദേവതകളുടെ മുലകളേ” എന്നും മന്ത്രിച്ചിരുന്നോളണം. കേട്ടല്ലോ. എന്നിട്ട് പറ, ഈ പരിപാടി അത്ര രസമുള്ളതാണോ അല്ലയോ എന്ന്.

ബ്രാ ഇടേണ്ടവര്‍ ഇടട്ടെ. അല്ലാത്തവര്‍ ഇടാതിരിക്കട്ടെ. ഇട്ടിട്ട് വെറുതെയിരിക്കുമ്പോള്‍ നന്നായി ശ്വാസം വലിക്കാന്‍ തോന്നുന്നവര്‍ ഉണ്ടെങ്കില്‍ അതഴിച്ചുവെച്ചിരിക്കട്ടെന്നേ. ഇതിലൊക്കെ രണ്ടാമതൊരാള്‍ എന്തിന് പോയി അന്വേഷിക്കണം? ആരാന്റെ നെഞ്ചത്തേക്ക് ഒരു പരിധി കഴിഞ്ഞുള്ള എത്തിനോട്ടവും ഒളിച്ചുനോട്ടവും എല്ലാം വൃത്തികേടാണ്. മാന്യത എന്നത് ആരാന്റെ നെഞ്ചത്തോ മൂട്ടിലോ ഇടുപ്പിലോ അല്ല ഇരിക്കുന്നത്. അത്തരം മാന്യത അടുപ്പില്‍ക്കൊണ്ട്കളയാനുള്ള കാലമാണിത് ! ഒരാള്‍ക്ക് അയാള്‍ വിചാരിക്കുന്ന രീതിയില്‍ ഇരിക്കാന്‍ നടക്കാന്‍ ശ്വസിക്കാന്‍ അങ്ങനെ ഭരണഘടനാപരമായി അനുവദിക്കപ്പെട്ടിട്ടുള്ള എല്ലാമെല്ലാം ചെയ്യാനുള്ള അവസരം സമൂഹത്തില്‍ ഉള്ളതിനാണ് മാന്യത എന്ന് പറയുന്നത്. ആ രീതിയില്‍ സ്വയം പരിശീലനം ചെയ്യാന്‍ നോക്ക് സഹോ

പിന്നെ,,, ഈ ബ്രാ ഇടാത്തതല്ല ഫെമിനിസം. ബ്രാ ഇടുന്നതുമല്ല ഫെമിനിസം. ബ്രാ ഇടണോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് സ്ത്രീയാണ്, മറ്റാരുമല്ല എന്നത് ഉള്‍പ്പെടുന്നതാണ് ഫെമിനിസം. ലിംഗവിവേചനം ഇല്ലാതെ സ്ത്രീകളുടെ അവകാശങ്ങള്‍ ഉണ്ടാവണം എന്ന നയമാണ് ഫെമിനിസം. പെണ്ണുങ്ങള്‍ മാത്രമല്ല ഫെമിനിസ്റ്റ് ആവുക. ഏത് ലിംഗത്തില്‍പ്പെട്ട “മനുഷ്യര്‍ക്കും” ഫെമിനിസ്റ്റ് ആവാം. പുരുഷന്‍ ഫെമിനിസ്റ്റ് ആണെങ്കില്‍ കുറച്ചുകൂടെ കടുക്കും. പാവാടഅലക്കി മുതല്‍ കോഴി എന്നുവരെ കേള്‍ക്കേണ്ടതായി വരാം. ലിപ്സ്റ്റിക് ഇട്ട് വാനിറ്റി ബാഗ് തൂക്കി ഇംഗ്ലീഷ് പറയുന്ന “പൊങ്ങച്ചക്കാരികള്‍” ആണ് ഫെമിനിസ്റ്റുകള്‍ എന്നത് മരപ്പാഴുകളായ സിനിമാക്കാര്‍ ഉണ്ടാക്കിയ ചിന്തകള്‍ ആണെന്ന് മനസിലാക്കുക. ലിപ്സ്റ്റിക് ഇടുന്നതും/ വാനിറ്റി ബാഗ് തൂക്കുന്നതും/ഇംഗ്ലീഷ് പറയുന്നതും ഫെമിനിസവും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഏതൊരു നല്ല മനുഷ്യനും ഫെമിനിസ്റ്റാവാം. എല്ലാവരും ഫെമിനിസ്റ്റ് ആവുന്ന ദിവസം മാത്രം ഫെമിനിസം എന്ന വാക്ക് നമുക്ക് ചരിത്രത്തിലിട്ട് കുഴിച്ചുമൂടാം.

“ഫെമിനിസ്റ്റോ ഞാനോ, അയ്യേ അല്ല. ഞാന്‍ ഹ്യൂമണിസ്റ്റാ” എന്ന് തള്ളുന്ന ചില “പ്രത്യേകതരം ആളുകളുണ്ട്. കണ്ടില്ലെന്നു നടിക്കുക. യാതൊരു സംവാദത്തിനും സ്‌കോപ്പില്ലാത്തവര്‍ ആണ് അവര്‍ എന്നും അറിയുക. മനുഷ്യാവകാശത്തിന്റെ ഏറ്റവും നിര്‍ണായകഭാഗമാണ് സ്ത്രീകളുടെ അവകാശങ്ങള്‍ എന്നറിയുന്നവര്‍ക്ക് ഫെമിനിസ്റ്റുകള്‍ ആകാതിരിക്കാന്‍ കഴിയില്ല എന്ന് മനസിലാക്കുക.

NB: ഈ പോസ്റ്റിനു നല്ലൊരു ഫോട്ടോക്ക് വേണ്ടി hooks of feminism എന്ന് ഗൂഗിള്‍ സെര്‍ച്ച് ചെയ്തു നോക്കിയപ്പോള്‍ ആണ് Bell Hooks എന്ന തൂലികനാമത്തില്‍ എഴുതുന്ന ഗ്ലോറിയ ജീന്‍സ് വാട്കിന്‍സ് എന്ന എഴുത്തുകാരിയെപ്പറ്റി അറിയുന്നത്. കിടിലോസ്‌കി ആണെന്ന് തോന്നുന്നു. വിടരുത്.

വീണ ജെ.എസ്

Latest Stories

We use cookies to give you the best possible experience. Learn more