കേരളത്തില്‍ മുന്നണി ബന്ധങ്ങളുടെ സഹകരണമില്ലാതെ ഒറ്റ പാര്‍ട്ടികളായി മത്സരിച്ചാല്‍ ജയിക്കുമെന്ന് പറയാന്‍ സാധിക്കുന്ന ഒരേയൊരു പാര്‍ട്ടി സി.പി.ഐ.(എം) ആണ്.സിപിഐ(എം) കഴിഞ്ഞാല്‍ അങ്ങനെയൊരു സാധ്യത ഒരു സീറ്റിലെങ്കിലും നില നില്‍ക്കുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ ഒരു മത്സരമെങ്കിലും കൊടുക്കാന്‍ സാധിക്കുമെങ്കില്‍ അത് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ളീം ലീഗാണ്.
കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അതിന്റെ കേഡര്‍ സംഘാടനത്തിന്റെ ഘടനയും അവര്‍ക്കുള്ള ജനകീയാടിത്തറയുമാണെങ്കില്‍ ലീഗിന് സമുദായവും വിശ്വാസവും ബലപ്പെടുത്തിയ സംഘാടന രൂപമാണ്.ലീഗിന്റെ രാഷ്ട്രീയമായി ജീര്‍ണ്ണിച്ച ആ സ്ട്രക്ച്ചര്‍ തകര്‍ന്ന് കൊണ്ടിരിക്കയാണെങ്കിലും നിലവിലും സി.പി.ഐ.(എം)-നു ശേഷം മറ്റേത് പാര്‍ട്ടിക്കും അവരോളം ഒറ്റയ്ക്ക് വോട്ട് സമ്പാദിക്കാന്‍ സാധിക്കില്ല.
Read Also : മുരളി ഗോപിയും പ്രിഥ്വിരാജും ലുസിഫറിലൂടെ ഒളിച്ചു കടത്തുന്ന സംഘപരിവാര്‍ രാഷ്ട്രീയം
ഗുലാം നബി ആസാദ് എന്ന രാജ്യ സഭാ പ്രതിപക്ഷ നേതാവ് കൂടിയായ മുന്‍ കേന്ദ്ര മന്ത്രി,ഒന്നാം നിര കോണ്ഗ്രസ് നേതാവ് ഒന്നിലധികം തവണയാണ് താന്‍ മുസ്‌ളീം ആയത് കൊണ്ട് കോണ്ഗ്രസ് പ്രചരണങ്ങള്‍ക്ക് ക്ഷണിക്കുന്നില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞത്.ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ ആ ഏരിയയില്‍ പോലും തന്നെ അടുപ്പിക്കാറില്ലെന്ന് പറയേണ്ട ഗതികേട് ഉണ്ടായത് മുന്‍ മുഖ്യമന്ത്രി കൂടിയായ പരിണിത പ്രജ്ഞനായ കോണ്ഗ്രസ് നേതാവിനാണ്.
ജിതിന്‍ പ്രസാദ് രണ്ടാം യു.പി.എ സര്‍ക്കാരിലെ ഹ്യൂമണ് റിസോഴ്സ് മിനിസ്റ്റര്‍ ആയിരുന്ന രാഹുല്‍ ഗാന്ധിയുടെ അടുപ്പം പുലര്‍ത്തുന്ന ഉത്തര്‍ പ്രദേശില്‍ നിന്നുള്ള കോണ്ഗ്രസ് നേതാവാണ്. ഏതാനും ദിവസങ്ങളായി പാര്‍ട്ടിയോട് ഉടക്കി ബി.ജെ.പിയിലേക്ക് പോകുമെന്ന ഭീഷണിപ്പെടുത്തി നില്‍ക്കുന്ന ജിതിന്‍ പ്രസാദ് അതിന് പറഞ്ഞ കാരണമാണ് കേള്‍ക്കേണ്ടത്. താന്‍ മത്സരിക്കാന്‍ ആഗ്രഹിച്ച മണ്ഡലത്തിലും അതിന് തൊട്ടടുത്ത മണ്ഡലത്തിലും മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതിലാണ് അങ്ങേരുടെ പ്രതിഷേധം.അത് തന്റെ വിജയത്തെ ബാധിക്കുമോ എന്ന ഭയം.
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനെ കോണ്ഗ്രസിനെ പോലെ തന്നെ ഒരു പാര്‍ട്ടി എന്ന തത്വത്തിലേക്കൊന്നും നിര്‍വ്വചിച്ചെടുക്കാന്‍ സാധ്യമല്ല. വരേണ്യ കച്ചവട താല്‍പര്യങ്ങളെ സമുദായത്തിന്റെ ലാബലില്‍ വിശ്വാസത്തെ ചൂഷണം ചെയ്ത് നടത്തി കൊണ്ടു പോകുന്ന മറ്റൊരു കച്ചവട സംഘം മാത്രമാണെങ്കിലും അവരെ ഒരു കാര്യത്തില്‍ സമ്മതിക്കാതെ വയ്യ.നില്‍ക്കുന്ന വലത് മുന്നണിയോട് അവരുടെയത്ര കൂറ് പുലര്‍ത്തുന്ന പാര്‍ട്ടി ആ മുന്നണിയില്‍ വേറെയുണ്ടോ എന്നു സംശയമാണ്.മുന്നണിയെ പ്രതിരോധത്തിലാക്കുന്ന ഏത് നാറിയ വിഷയമാണെങ്കില്‍ പോലും പ്രതിരോധിക്കാന്‍ മുന്നിലുണ്ടാകും എന്ന് മാത്രമല്ല, തങ്ങള്‍ക്ക് സ്വാധീനമുള്ള വടക്കന്‍ കേരളത്തില്‍ യുഡിഎഫ് എന്നാല്‍ ലീഗിന്റെ അടിത്തറ മാത്രമാകും എന്ന് പറയുന്നതാകും ശരി.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വരുന്ന മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ അവരുടെ പച്ച കൊടി കൊണ്ട് വരരുതെന്ന് കോണ്ഗ്രസ് അനൗദ്യോഗിക നിര്‍ദ്ദേശം കൊടുത്തെന്ന വാര്‍ത്തയാണ് കാണുന്നത്. ഉത്തരേന്ത്യന്‍ കൗ ബെല്‍റ്റുകളില്‍ അത് കോണ്ഗ്രസിന്റെ വിജയത്തെ സ്വാധീനിക്കുമത്രേ.അതായത് വയനാട് മണ്ഡലം യുഡിഎഫ് സാധ്യതാ മണ്ഡലമായി പരിഗണിക്കപ്പെടുന്നത് പോലും ലീഗിന്റെ ശക്തി കൊണ്ട് മാത്രമാണ്.ആ മണ്ഡലത്തില്‍ കൊടി പിടിക്കാതെ വന്ന് വെള്ളം കോരിയും വിറക് വെട്ടിയും പണിയെടുത്തു ജയിപ്പിച്ചു തന്നാല്‍ മതി,കൊടി പിടിച്ച് നിങ്ങളാരാണെന്ന് ഞങ്ങളുടെ നാട്ടുകാരെ കാണിച്ച് ബുദ്ധിമുട്ടിലാക്കരുതെന്ന്.
കാസര്‍ഗോഡ് മുതല്‍ ഇങ്ങോട്ട് മലബാര്‍ മുഴുവന്‍ തങ്ങളുടെ സംഘടനാ ശക്തി പൂര്‍ണ്ണമായി ഉപയോഗിച്ച് ലീഗുകാര്‍ കോണ്ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും,ജയിപ്പിക്കാന്‍ കഷ്ടപ്പെടും. എന്നാല്‍ തിരുവിതാം കൂറിലെ നായര്‍ സ്വാധീന മണ്ഡലങ്ങളിലോ കോട്ടയം – ഇടുക്കി ജില്ലകളിലെ കോണ്ഗ്രസ് സ്വാധീന മണ്ഡലങ്ങളിലോ ഒരു ലീഗ് നേതാവിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിച്ചു നോക്കണം. അപ്പോഴറിയാം കോണ്ഗ്രസ് അണികളുടെ തനി നിറം. ഇത് ലീഗ് നേതാക്കള്‍ക്ക് അറിയാത്ത കാര്യമൊന്നുമല്ല. അറിഞ്ഞിട്ടും അറിയാതെ ഭാവിക്കുന്നതാണ്. അവരുടെ കണ്‍സേണ് വേറെയാണ്.
രാഹുല്‍ ഗാന്ധിക്ക് പുറകില്‍ മുസ്‌ലിം ലീഗ് പാതകയായി നില്‍ക്കരുത് എന്ന് വിനയപൂര്‍വ്വം പറയുന്ന കോണ്ഗ്രസുകാര്‍ പറയാതെ പറയുന്നത് വെറും ഹിന്ദുവല്ലാത്ത പൂണൂലിട്ട ബ്രാഹ്മണ ഹിന്ദു രാഹുല്‍ ഗാന്ധിയുടെ പുറകിലുള്ള അണികള്‍ മുഴുവന്‍ മുസ്‌ലിങ്ങളാണെന്ന് വടക്കോട് അറിഞ്ഞാല്‍ അവിടെ കോണ്ഗ്രസ് ഇടങ്ങാറിലാകുമെന്നാണ്.അഥവാ മുസ്‌ളീം ലീഗിന്റെ പച്ച പതാക മാത്രമല്ല അതില്‍ ആലേഖനം ചെയ്തിട്ടുള്ള ചന്ദ്രക്കലയും അത് പ്രതിനിധീകരിക്കുന്ന സ്വത്വവും തങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്നാണ്.
മുസ്‌ലിം പേരുകാരനായത് കൊണ്ട് പാര്‍ട്ടി തന്നെ പ്രചാരണങ്ങള്‍ക്ക് പോലും വിളിക്കുന്നില്ലെന്ന് രാജ്യത്തെ ഒന്നാം നിര കോണ്ഗ്രസ് നേതാവ് പരിതപിക്കുന്ന കാലത്ത്, സമീപ മണ്ഡലങ്ങളില്‍ പോലും മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ തോല്‍വിയുണ്ടാകുമെന്ന് ഭയന്ന് പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്ന കേന്ദ്ര നേതാക്കളുള്ള കാലത്ത്,രാമക്ഷേത്രം നിര്‍മ്മിക്കണമെങ്കില്‍ കോണ്ഗ്രസ് അധികാരത്തില്‍ വരണമെന്ന് എ.ഐ.സി.സി സെക്രട്ടറി കൂടിയായ ദേശീയ നേതാവ് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന കാലത്ത്, പശുക്കടത് ആരോപിച്ച് മുസ്ലീം ചെറുപ്പക്കാരെ രാജ്യ ദ്രോഹ കുറ്റം ചുമത്തി തടവിലിടുന്ന കോണ്ഗ്രസ് മുഖ്യമന്ത്രിയുടെ കാലത്ത്, മറ്റൊരു എ.ഐ.സി.സി നേതാവ് ബീഫ് നിരോധനത്തിന് കോണ്ഗ്രസ് പിന്തുണ നല്‍കുമെന്ന് ആവര്‍ത്തിച്ചു പറയുന്ന കാലത്ത്,കോണ്ഗ്രസ് അധികാരത്തില്‍ വന്നാലും ഭരണം ഏത് ആശയത്തിലാടിസ്ഥാനപ്പെടുത്തിയാവുമെന്ന് മിനിമം വെളിവുള്ള മനുഷ്യര്‍ക്ക് മനസ്സിലായിക്കൊണ്ടിരിക്കുന്ന കാലത്ത്,അങ്ങനയൊരു ആശയറ്റത്തെ എണ്ണയൊഴിച്ചു കത്തിച്ചു നിലനിര്‍ത്തിയ രാജ്യത്ത് പിന്നെയൊരു സംഘ് പരിവാര്‍ ഭരണം എങ്ങനെയാകുമെന്ന് ആലോചിക്കാന്‍ പോലും ജനങ്ങള്‍ മടിക്കുന്ന കാലത്ത്, നേര്‍ച്ചകോഴികളാകാന്‍ പോകുന്ന രാഷ്ട്രീയ ജീര്‍ണ്ണത ബാധിച്ച ലീഗുകാരെ പോലെ സഹതാപം തോന്നേണ്ട വര്‍ഗ്ഗം വേറെ കാണില്ല.
കൊടി, ചിഹ്നം, മുദ്രാവാക്യം, സ്വത്വ ബോധം ഇതൊക്കെ കമ്മിറ്റഡായ രാഷ്ട്രീയമുള്ളവര്‍ക്ക് അതിനോട് കൂറും നീതിയും പുലര്‍ത്തുന്നവര്‍ക്ക് അഭിമാനിക്കാനുള്ളതാണ്. ലീഗ്കാര്‍ക്ക് കൊടി മടക്കി പെട്ടിയില്‍ വച്ചുകൊണ്ട് രാഹുലിന് വോട്ട് പിടിക്കാം, ഇളിച്ചു കൊണ്ട് വോട്ട് ചെയ്യാം, രാഹുലിന്റെ പൂണൂല്‍ തൊട്ട് നോക്കി ആശ്ചര്യം കൊള്ളാം.
നല്ല കവിളെന്ന് പറഞ്ഞു കരണ കുറ്റി നോക്കി പൊട്ടിച്ച ദാസന് ഇളിച്ചു കൊണ്ട് മറ്റേ കവിള്‍ കാണിച്ചു കൊടുക്കുന്ന വിജയനെ ഓര്‍മ്മയില്ലേ.