|ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍: ഷിദീഷ് ലാല്‍|
കഴിയുമെങ്കില്‍ 2009 ലെ ഓസ്‌കാര്‍ അവാര്‍ഡ് നേടിയ The Hurt Locker എന്ന സിനിമ നിങ്ങള്‍ കാണണം…ഇറാഖില്‍ വിന്യസിക്കപെട്ട അമേരിക്കന്‍ ആര്‍മിയുടെ ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡിനെക്കുറിച്ച് പറയുന്ന സിനിമയാണത്… ഒരു ബോംബ് ഡിസ്‌പോസല്‍ ടീമിനു വേണ്ട വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍, മറ്റ് സര്‍വയലന്‍സുകള്‍ എന്നിവയെന്തൊക്കെയാണെന്ന് ആ സിനിമയില്‍ കാണിക്കുന്നുണ്ട്…
നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ(NSG) ബോംബ് ഡിസ്‌പോസല്‍ വിഭാഗത്തിലെ തലവനായിരുന്നു ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍… അദ്ദേഹം മരിക്കുന്നത് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ അല്ല… തീവ്രവാദി ആക്രമണത്തിനു ശേഷം ഒരു തീവ്രവാദിയുടെ ശവശരീരത്തില്‍ നിന്നും ഗ്രനേഡ് മാറ്റുമ്പോള്‍ അത് പൊട്ടിത്തെറിച്ചാണ് മരണം സംഭവിക്കുന്നത്… ബോംബിനേക്കാള്‍ താരതമ്യേന സ്‌ഫോടകശേഷി കുറഞ്ഞ ഗ്രനേഡ് പൊട്ടി മരണപ്പെടുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ എന്തൊക്കെയായിരുന്നു… മരണത്തെ മുഖാമുഖം കാണുന്ന ബോംബ് ഡിസ്‌പോസല്‍ പോലെയുള്ള ജോലിയ്ക്ക് ആവശ്യത്തിനുള്ള സുരക്ഷാവസ്ത്രങ്ങളും ഉപകരണങ്ങളും കൊടുക്കാതെയാണോ സര്‍ക്കാര്‍ പട്ടാളക്കാരെ ഓപറേഷനയക്കുന്നത്…
കണ്ണീരില്‍ കുതിര്‍ന്ന അഞ്ജലിയേക്കാള്‍ ഈ വിഷയത്തിലെ ചര്‍ച്ചകളും പ്രതിഷേധങ്ങളും ഇനിയൊരു പട്ടാളക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ ഉപകരിക്കും… 2008 ല്‍ നടന്ന ബോംബെ തീവ്രവാദി ആക്രമണത്തില്‍ കൊലചെയ്യപെട്ട ഐ.പി.എസ് ഓഫീസര്‍ ഹേമന്ദ് കര്‍ക്കറെ ധരിച്ച ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് എ.കെ 47 തോക്കുകളെ അതിജീവിക്കാന്‍ കഴിവില്ലാത്തതായിരുന്നുവെന്ന് പിന്നീട് സര്‍ക്കാര്‍ കുറ്റസമ്മതം നടത്തിയ കാര്യം നമ്മള്‍ കൂട്ടി വായിക്കണം…