ഷഫ്‌ന മറിയം
ഒന്നാം വര്‍ഷം ഞങ്ങള്‍ക്ക് അനാട്ടമി പഠിക്കാന്‍ കിട്ടിയ ശരീരം കൃശഗാത്രനായ ഒരു വൃദ്ധന്റേതായിരുന്നു. അധിക കാലം ഫോര്‍മാലിനില്‍ കിടന്നു കറുപ്പു വീഴാത്ത ഒരു പുത്തന്‍ ശരീരം. മരിച്ചു മാസങ്ങള്‍ പിന്നിട്ടൊരാളെ ഞാനാദ്യമായി കാണുകയായിരുന്നു. തുറന്നിട്ട ശരീരത്തോടും പഴകിയ മരണത്തിന്റെ തണുപ്പിനോടുമുള്ള വിഷമം മാറാന്‍ ചില ദിവസങ്ങളെടുത്തു. ടാങ്കില്‍ നിന്ന് എപ്പോള്‍ വലിച്ചെടുത്തു തന്നാലും അപ്പോള്‍ മരിച്ചൊരാളെ പോലെ തോന്നിച്ച ആ വൃദ്ധദേഹത്തെ അതിവേഗം ഞങ്ങളുടെ കുസൃതി അപ്പാപ്പനെന്നു വിളിച്ചു തുടങ്ങി.
അപ്പാപ്പനെ കാണാന്‍ ചെന്നപ്പോള്‍ വിശാലമായ അനാട്ടമി ഹാളിന്റെ നടുവില്‍ മറ്റൊരു ഡിസക്ഷന്‍ ടേബിളില്‍ സീനിയര്‍ ബാച്ചിന്റെ ഒരു കഡാവര്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് കൈകാലുകള്‍ അവര്‍ പഠിച്ചു തീര്‍ന്നതിനാല്‍ കാര്യമായി നെഞ്ചും തലയും മാത്രമേ ആ ശരീരത്തില്‍ ബാക്കിയുണ്ടായിരുന്നുള്ളു. ആദ്യ കാഴ്ചയില്‍ ഞങ്ങളതിനെ നേരെ നോക്കാന്‍ ഭയപ്പെട്ടു. ഒരു ബലിഷ്ഠ ശരീരന്റേതെന്ന് ഒറ്റനോട്ടത്തിലറിയാവുന്ന കറുത്തിരുണ്ട ആ ശരീരഭാഗം അപ്പോള്‍ ജൂനിയര്‍ മാന്‍ഡ്രേക്കി’നെ ഓര്‍മിപ്പിച്ചു.
ദുര്‍ബല ശരീരനായ ഞങ്ങളുടെ അപ്പാപ്പന്‍ ഒരു പാഴ്‌സി വംശജനായിരുന്നു. എന്നേ ജീവനറ്റ ശരീരങ്ങള്‍ക്കെന്തു വംശം. പക്ഷെ മരിച്ചവരുടെ കാര്യത്തില്‍ അപ്പാപ്പന്റെ വംശത്തിന് ചില പ്രത്യേകതകളുണ്ടായിരുന്നു. ആചാരപ്രകാരം പാഴ്‌സികളുടെ മൃതശരീരങ്ങള്‍ കഴുകന്‍ ഭക്ഷിച്ചു പോകുകയാണത്രെ വേണ്ടത്. കഴുകന് കിട്ടാവുന്നിടത്ത് നിക്ഷേപിക്കലാണവരുടെ ശവസംസ്‌ക്കാരം. ശവംതീനിക്കഴുകന്‍മാരുടെ വംശനാശമടക്കം പല കാരണങ്ങളാല്‍ അവര്‍ സമാന സംസ്‌ക്കരണ മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ്. അനാട്ടമി ഹാളിലെ ശീലിച്ചെടുക്കേണ്ടുന്ന കനത്ത ഗന്ധത്തിനും ഫോര്‍മാലിന്റെ കണ്ണു നീറിപ്പിടിക്കലിനുമൊപ്പം അധ്യാപകരാരോ തന്ന ഈ വിശദീകരണവും വളരെ അസുഖകരമായിരുന്നു.
എനിക്കറിയാവുന്ന ഒരേയൊരു പാഴ്‌സി ഇന്ദിരയുടെ ഫിറോസ് ഗാന്ധിയായിരുന്നു. കൂടുതലറിയാന്‍ ശ്രമിച്ചപ്പോള്‍ പാഴ്‌സി ശ്മശാനങ്ങളായ നിശബ്ദ ഗോപുരങ്ങളെപ്പറ്റി വായിക്കാന്‍ കിട്ടി. പാഴ്‌സികളെന്ന സൗരാഷ്ട്രര്‍ അഗ്‌നിയാരാധകരാണ്. ഉണ്മയില്‍ തന്നെ ശുദ്ധമായ അഗ്‌നിയെയും ഭൂമിയെയും അശുദ്ധമാക്കാതിരിക്കാന്‍ ശവങ്ങളെ കത്തിക്കുകയോ മണ്ണിലടക്കുകയോ ചെയ്തു കൂടെന്നവര്‍ വിശ്വസിക്കുന്നു. മറ്റു പല സമുദായങ്ങളെയും പോലെ പാഴ്‌സികളും ശവമഞ്ചല്‍ അലങ്കരിക്കുന്നു. പ്രത്യേക ശവവാഹകര്‍ അതും വഹിച്ച് നീങ്ങുന്നത് പക്ഷേ നിശബ്ദ ഗോപുരങ്ങളെന്ന ശ്മശാനങ്ങളിലേക്കാണ്. ജഡം അവിടെ ഒരു നിര്‍ണിത സ്ഥലത്ത് വെച്ച് കഴുകനെ കൈകൊട്ടി വിളിക്കുന്നു. ശബ്ദമുയരുമ്പോള്‍ ഗോപുരങ്ങള്‍ക്കു മുകളില്‍ നിന്ന് വലിയ കഴുകന്‍മാരിറങ്ങി വരുന്നു; ജഡത്തിന്റെ മാംസഭാഗങ്ങള്‍ തിന്നു തീര്‍ക്കുന്നു. ബാക്കിയാകുന്ന എല്ലുകള്‍ ശവം കൊണ്ടുവന്നവര്‍ ഗോപുരങ്ങള്‍ക്ക് താഴെയുള്ള കൂറ്റന്‍ കിണറ്റിലിടുന്നു. ഭൂമി അശുദ്ധമാകാതിരിക്കാന്‍ കനത്ത ഫില്‍റ്റര്‍ സംവിധാനമുള്ള കിണര്‍.
കഴുകന്‍ കൊത്തിവലിച്ച ശരീരങ്ങള്‍ എന്റെ സമാധാനം കളഞ്ഞു. കോയാക്ക എന്ന മരം പോലത്തെ മനുഷ്യന്‍ ഡിസക്ഷന്‍ ടേബിളിലേക്ക് അപ്പാപ്പനെ മലര്‍ത്തിക്കിടത്തിയപ്പോഴെല്ലാം പൂര്‍വികര്‍ കഴുകന്‍ തിന്നു പോയ ഒരാളെ ഞാന്‍ കണ്ടു. ആദ്യ അനാട്ടമി പ്രാക്ടിക്കല്‍ ക്ലാസിനു തലേന്ന് എനിക്കുറങ്ങാനായില്ല.
ആദ്യത്തെ നാലു നമ്പറുകാരോട് ഡിസക്ഷന് ഒരുങ്ങാന്‍ പറഞ്ഞിരുന്നു. ക്ലാസ് നമ്പര്‍ അഡ്മിഷന്‍ എടുത്ത ഓര്‍ഡറില്‍ നിന്ന് ആല്‍ഫബെറ്റിക് ഓര്‍ഡറിലേക്ക് മാറ്റിയിട്ടില്ലാത്തതിനാല്‍ ക്ലാസില്‍ രണ്ടാമന്‍ ഞാനാണ്. കണ്ണിംഗ്ഹാംസ് അനാട്ടമി എന്ന മാന്വല്‍ തല കുത്തി നിന്ന് വായിച്ചിട്ടും എനിക്കു പിടി തന്നില്ല. മടുത്ത് പുസ്തകം മടക്കി വച്ച് രാത്രി വൈകി ബ്രഷ് ചെയ്യുമ്പോള്‍ വാഷ്‌ബേസിനു വലതുവശത്തെ ജനാലയിലൂടെ കോളജ് കെട്ടിടത്തിനു നേരെ ഞാന്‍ ഇടം കണ്ണിട്ടു നോക്കി. ദൂരെ ഇരുട്ടില്‍ ഹോസ്റ്റലിനു നേരെ തുറക്കുന്ന ജനാലകളുള്ള, അപ്പാപ്പനെയും മറ്റു കഡാവറുകളെയും ഉള്‍ക്കൊള്ളുന്ന അനാട്ടമി ഹാള്‍ ഷെര്‍ലക് ഹോംസ് കഥകളിലെ ദുരൂഹമായ എടുപ്പുകള്‍ പോലെ ഭയപ്പെടുത്തി. രാവു മുഴുവന്‍ നഗ്‌നരായ മനുഷ്യശരീരങ്ങള്‍ എന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞു.
രാവിലെ ക്ലാസിലേക്കിറങ്ങുമ്പോള്‍ എന്റെ വിരല്‍ത്തുമ്പുകള്‍ തണുത്തു മരവിച്ചിരുന്നു. എല്ലാവരും ടേബിളിനു ചുറ്റും നിന്ന് കണ്ണിംഗ്ഹാമില്‍ ചില ഭാഗങ്ങള്‍ മയ്യിത്തിനു ചുറ്റും യാസീനോതും പോലെ വായിച്ചു. വെള്ള വസ്ത്രധാരികളായ കുട്ടിക്കഴുകന്‍മാരുടെ വളയത്തില്‍ അപ്പാപ്പന്‍ കിടന്നു. വണ്‍ ടൂ ത്രീ ഫോര്‍ എന്ന് പേരെടുത്ത് വിളിച്ചു നിര്‍ത്തിയ ഞങ്ങള്‍ നാലു പേര്‍ ഡിസക്ഷനൊരുങ്ങി. ‘put an incision from his chin to sternal angle….’ ഒരു ട്രേയില്‍ സ്‌കാല്‍പലും കല്‍പനയും എന്റെ നേര്‍ക്കു നീണ്ടു. എത്ര വേഗമാണ് വിരല്‍ വിറക്കാതെ ഞാനതിട്ടത്. അപ്പാപ്പന്റെ ഇരുള്‍ വര്‍ണത്തൊലിയില്‍ അത്രയും നീളത്തില്‍ ഒരു വര വീണു. വരാനിരിക്കുന്ന ആയിരം വരകളുടെയും കുറികളുടെയും മുന്നോടിയായി വെളുത്തു വിളര്‍ത്ത ഒരു നീളന്‍ വര.
(കെ.എസ്.ആര്‍.ടി.സി ബസിലെ പുലര്‍കാല യാത്രയില്‍ സീറ്റിന്റെ മറ്റേ അറ്റത്തിരിക്കുന്ന പെണ്‍കുട്ടിയുടെ മടിയില്‍ കണ്ട കണ്ണിംഗ്ഹാം ഓര്‍മിപ്പിച്ചത് )