രാജാപ്പാര്‍ട്ട് ചിത്രങ്ങള്‍ മാത്രമല്ല, മുലക്കരവും നങ്ങേലിയുടെ മുല മുറിച്ചതും അടിമച്ചന്തയും മീശക്കരവുമെല്ലാം തിരുവിതാംകൂറിന്റെ ചരിത്രമാണെന്ന് കലക്ടര്‍ പറയണം
News of the day
രാജാപ്പാര്‍ട്ട് ചിത്രങ്ങള്‍ മാത്രമല്ല, മുലക്കരവും നങ്ങേലിയുടെ മുല മുറിച്ചതും അടിമച്ചന്തയും മീശക്കരവുമെല്ലാം തിരുവിതാംകൂറിന്റെ ചരിത്രമാണെന്ന് കലക്ടര്‍ പറയണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th March 2016, 3:38 pm

SEBIN-JACOB


Sebin|ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍: സെബിന്‍ എബ്രഹാം ജേക്കബ്|


കളക്റ്റര്‍ ബിജു പ്രഭാകര്‍ മുന്‍കയ്യെടുത്തു് തിരുവനന്തപുരം കനകക്കുന്നിന്റെ മുമ്പിലുള്ള സര്‍ക്കാര്‍ മതിലില്‍ തിരുവിതാംകൂര്‍ ചരിത്രം വിരചിക്കയാണു ചിത്രകാരന്മാര്‍. സ്വാതിതിരുനാളും സംഗീതവും ജഡ്കാ വണ്ടിയും കുതിരപ്പടയും ആനപ്പുറത്തെഴുന്നള്ളിപ്പും നടുകുനിഞ്ഞുനില്‍പ്പും ഗാന്ധിയുടെ സന്ദര്‍ശനവും ഒക്കെയുണ്ട്. വര പുരോഗമിക്കുന്നതുകാണാന്‍ തിരുവിതാംകൂറിലെ പഴയ രാജകുടുംബത്തിലെ ഇളമുറക്കാരി, ലെഗ്ഗിന്‍സ് തമ്പുരാട്ടിയെ കളക്റ്ററേമാന്‍ എഴുന്നള്ളിച്ചുകൊണ്ടുവരുന്ന ഫോട്ടോ പത്രത്തില്‍ കണ്ടു.

എത്രനോക്കിയിട്ടും മുലക്കരവും മീശക്കരവും അതിനെതിരായി നടന്ന സമരങ്ങളും കണ്ടില്ല. ഇന്നിപ്പോള്‍ മനോരമക്കവലയായി മുഖംമിനുക്കിയ ചേര്‍ത്തലയിലെ മുലച്ചിപ്പറമ്പിനു ആ പഴയ പേരു കിട്ടാന്‍ കാരണമായ നങ്ങേലിയുടെ മുലപറിച്ചെറിയല്‍ കണ്ടില്ല. പുലയരെ പിടിച്ചു വില്‍പ്പനയ്ക്കു വച്ചിരുന്ന അടിമച്ചന്ത കണ്ടില്ല. സി കേശവന്റെ കോഴഞ്ചേരി പ്രസംഗം കണ്ടില്ല. വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനായി നടത്തിയ വില്ലുവണ്ടിയാത്ര കണ്ടില്ല. നായക്കും നരിക്കും നടക്കുകയും പെടുക്കുകയും ചെയ്യാമായിരുന്ന പൊതുവഴിയിലൂടെ സഞ്ചരിക്കാന്‍ അവര്‍ണര്‍ക്കു അവകാശം വേണമെന്നാവശ്യപ്പെട്ട വൈക്കം സത്യഗ്രഹം കണ്ടില്ല.

എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന മുദ്രാവാക്യമുയര്‍ത്തി അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന കേരളചരിത്രത്തിലെ ആദ്യ കര്‍ഷകകലാപം കണ്ടില്ല. മാറുമറയ്ക്കാനുള്ള അവകാശത്തിനുവേണ്ടി നടന്ന ചാന്നാര്‍ ലഹള കണ്ടില്ല. എട്ടുവീട്ടില്‍ പിള്ളമാരെ വധിച്ച ചിത്രവധക്കൂടു കണ്ടില്ല. അവരുയര്‍ത്തിയ കലാപത്തിനു പകരമായി അവരുടെ വീട്ടിലെ പെണ്ണുങ്ങളെ തുറകയറ്റിയതു കണ്ടില്ല. ശുചീന്ദ്രത്തെ കൈമുക്കു കണ്ടില്ല. അയ്യാ സ്വാമിയെ കണ്ടില്ല. അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്നു പറഞ്ഞ പുന്നപ്രവയലാര്‍ സമരംകണ്ടില്ല. ആകെ മൊത്തം കുറേ രാജാപ്പാര്‍ട്ട് വേഷങ്ങള്‍ മാത്രം കണ്ടു.