അങ്ങനെയാണ് കാര്യങ്ങളെന്നിരിക്കെ കൂതറ ഉപമയുമായിട്ട് ഈ തോന്ന്യാസത്തെ ന്യായീകരിക്കാന്‍ വന്നാല്‍ പഴയ ഫാനാണ് എന്നൊന്നും ഓര്‍ക്കാതെ ഇതാ ഇതുപോലെ വന്ന് ഉപദേശിക്കുന്നതും സഹിക്കേണ്ടി വരും.
ശ്രദ്ധിക്കു ലാലേട്ടാ. മദ്യഷോപ്പ് ,സിനിമാശാല വരിനില്‍ക്കലില്‍ നിന്ന് നോട്ടിനായുള്ള വരി നില്‍ക്കല്‍ എങ്ങനെ വേറിട്ട് നില്‍ക്കുന്നു എന്ന് താങ്കള്‍ക്ക് മനസ്സിലാക്കിത്തരാനായാണ് ഈ പോസ്റ്റ്.
ആദ്യത്തെ രണ്ട് വരിനില്‍പ്പും മനുഷ്യര്‍ക്ക് അവരവരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. മദ്യഷോപ്പിലും സിനിമാശാലയിലും എനിക്ക് ആവശ്യമുള്ള ആനന്ദത്തെ ഞാന്‍ തെരഞ്ഞെടുത്ത്, അത് വാങ്ങാന്‍ ക്യൂ നില്‍ക്കുകയാണ്. വാങ്ങിയ ശേഷം മദ്യം പെഗ്ഗ് പെഗ്ഗായി അടിക്കുന്നത് എന്നെ ആനന്ദിപ്പിക്കുന്നു. ടിക്കറ്റെടുത്ത ശേഷം ഞാന്‍ പുലിമുരുകന്‍ കാണുമ്പോള്‍ ആ പടം എന്നെ ആനന്ദിപ്പിക്കുന്നു.
നമ്മള്‍ സാധാരണ മനുഷ്യരാണല്ലോ,ദിനേന അനേകങ്ങളായ സങ്കടങ്ങള്‍ക്കൊപ്പമാണല്ലോ നമ്മുടെ ജീവിതം. അതെ മറികടക്കാന്‍ നമ്മള്‍ സിനിമ കാണുകയും പെഗ്ഗടിക്കുകയും ചെയ്യുന്നു. ഇവയെല്ലാം രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയമായ ആനന്ദോപാധികളും ആണ്. അവ്വിധം നാട്ടുകാര് പണിയെടുത്തുണ്ടാക്കുന്ന കാശ് കൊടുത്ത് സ്വയം സെലക്ട് ചെയ്യുന്ന ആനന്ദം വാങ്ങാനായി ക്യൂവില്‍ നില്‍ക്കുന്നതിനെയാണ് ലേോലട്ടന്‍ മദ്യഷോപ്പ്, സിനിമാശാല എന്നിവകള്‍ക്ക് മുന്നില്‍ കാണുന്നത്.
എന്നാല്‍ നോട്ടിനായുള്ളത് അങ്ങനെയല്ല. അത് മേലെ നിന്ന് അടിച്ചേല്‍പ്പിക്കപ്പെട്ട നിര്‍ബ്ബന്ധിത വരിനില്‍ക്കല്‍ ആണ്. നിര്‍ബ്ബന്ധിതവും മേലെ നിന്ന് അടിച്ചേല്‍പ്പിക്കപ്പെട്ടതും ആകുമ്പോള്‍ എല്ലാ സംഗതിയും പ്രാഥമികമായിത്തന്നെ ആനന്ദം നല്‍കുന്നതല്ലാതായി മാറും. ഉദാഹരണത്തിന്, പെഗ്ഗ് ഇഷ്ടമുളള എന്റെ വായിലേക്ക് ആരെങ്കിലും നിര്‍ബ്ബന്ധിതമായി അത് പിടിച്ച് ഒഴിച്ച് തന്നാല്‍ എനിക്ക് അത് ആനന്ദകരമായി അനുഭവപ്പെടുകയില്ല, വാാള് വെക്കാനുമിടയുണ്ട്.
ലോജിക്കില്ലാത്ത പടങ്ങള്‍ കാണാനിഷ്ടമില്ലാത്ത ഒരാളെ ഒറ്റയ്ക്ക് ഒരു തിയേറ്ററില്‍ അനങ്ങാന്‍ അനുവദിക്കാതെ കെട്ടിയിട്ട് പുലിമുരുകന്‍ കാണിച്ചാല്‍ അയ്യാളുടെ കാറ്റ് പോകാന്‍ പോലും അത് മതി. ഇത്‌പോലെ വേറെ വേറെ ആയ സംഗതികള്‍ ഒന്ന് പോലാണെന്ന് ധരിച്ച് സല്യൂട്ട് ചെയ്യാന്‍ നിന്നാല്‍ നെറയെ കാര്യങ്ങള്‍ക്ക് ഇപ്പോഴെന്ന പോലെ തെറ്റായി താങ്കള്‍ക്ക് അത് ചെയ്യേണ്ടി വരും.
വെയര്‍ത്ത് പണിയെടുത്തുണ്ടാക്കിയ കാശ് അവരവര്‍ക്ക് ഇഷ്ടം പോലെ ചെലവഴിച്ച് ജീവിക്കാനുള്ള മനുഷ്യരുടെ സ്വാതന്ത്ര്യത്തിന് മേല്‍ ദുഷ്ടമായ അധികാരപ്രയോഗം നടത്തുകയാണ് ആ രാത്രി പ്രധാന്‍മന്ത്രിജീ ചെയ്തത്. നാട്ടുകാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ ചെയ്ത ശേഷമായിരുന്നു ഈ പണിയെങ്കില്‍ കുറച്ചെങ്കിലും ക്ഷമിക്കബിള്‍ ആയിരുന്നു അത്. ഇത് അങ്ങനെയല്ലല്ലോ ഉണ്ടായത്.
അങ്ങനെയാണ് കാര്യങ്ങളെന്നിരിക്കെ കൂതറ ഉപമയുമായിട്ട് ഈ തോന്ന്യാസത്തെ ന്യായീകരിക്കാന്‍ വന്നാല്‍ പഴയ ഫാനാണ് എന്നൊന്നും ഓര്‍ക്കാതെ ഇതാ ഇതുപോലെ വന്ന് ഉപദേശിക്കുന്നതും സഹിക്കേണ്ടി വരും. ആ, സ്വാതന്ത്ര്യം. അതിനെ സംരക്ഷിക്കാനാണ,് അതായത് പൗരന്റെ സൈ്വര്യജീവിതത്തെ ഒരു രാത്രി പെട്ടെന്ന് വന്ന് ബ്ലോക്ക് ചെയ്യാന്‍ ഒരു മഹാരാജാവിനും അധികാരമില്ലാത്ത ആ സ്വാതന്ത്ര്യത്തെകൂടെ സംരക്ഷിക്കാനായാണ് പട്ടാളക്കാര് ആ അതിരുകളില്‍ കാവല്‍ നില്‍ക്കുന്നത് എന്ന് മന്‍സിലാക്കിക്കോള്‍ണം.
കള്ളപ്പണം ഇല്ലായ്മ ചെയ്യാനും മികച്ച ഭാവിക്കും വേണ്ടിയാണ് ഇതെല്ലാം എന്നാണല്ലോ ബാക്കി ലോജിക്.നല്ല ഭാവിയൊക്കെ ഉണ്ടാകുന്നത് നല്ലത് തന്നെ. എന്ന്വെച്ച് ഈ വര്‍ത്തമാനകാലത്തെ കുത്തിക്കലക്കിയിട്ടല്ല നല്ല നാളെയെ കൊണ്ട് വരേണ്ടത്.
നാട്ടിനെ നന്നാക്കാനും കള്ളപ്പണം ഇല്ലായ്മ ചെയ്യാനുമായിട്ടൊക്കെയാണ്, അങ്ങനെയുണ്ടാകുന്ന ഭാവിയെക്കുറിച്ചോര്‍ത്തുള്ള ആനന്ദത്തോടെ ക്യൂ നിന്ന് വോട്ട് ചെയ്ത് നാട്ടുകാര് ഒരു സര്‍ക്കാരിനെ ഉണ്ടാക്കിയിരിക്കുന്നത്. അമ്പത്താറിഞ്ച് നെഞ്ചളവുള്ള ഒരു പ്രധാനമന്ത്രീനെയും നാട്ടുകാര് ഉണ്ടാക്കിയിട്ടുണ്ട്.
അദ്ദേഹമടക്കമുള്ളവരുടെ പണിയാണ് ഈ കള്ളപ്പണം പിടിക്കലും മികച്ച ഭാവിയുണ്ടാക്കലും. അവരവരുടെ പണി ആ ചങ്ങായ്മ്മാര് തന്നെ ചെയ്യണം. അല്ലാതെ കള്ളപ്പണത്തിന്റെ പേരും പറഞ്ഞ് ഇന്നലെ വരെ സാധാരണമായി പോയ നാട്ടുകാരുടെ ജീവിതത്തിന് മേല്‍ ടയറ് കത്തിച്ചിടുകയല്ല. പണി പാളീന്ന് മനസ്സിലായിട്ട് എങ്ങനേലും ഒന്ന് ഊരാന്‍ ശ്രമിക്കുന്ന മോദീജിയെ ഇങ്ങനെ പ്രോത്സാഹിപ്പിച്ച് ഇനിയും ചാട്ടേക്കേറ്റുന്നത്‌നന്നായിരിക്കില്ല.
അതിര്‍ത്തീലിരുന്ന് ലട്ടന്‍ സല്യൂട്ട് ചെയ്തഭിനയിക്ക്. അതിന് കൊള്ളാവുന്നയാളാണ് യേട്ടന്‍.