| Thursday, 13th October 2016, 8:55 pm

ശ്രീ ബോബി ചെമ്മണ്ണൂരിന് ആശംസകള്‍...!!!

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനങ്ങളെ വഴിനടത്താത്ത കുറച്ച് നായ്ക്കളെ പിടിച്ച് തന്റെ പത്ത് ഏക്കര്‍ സ്ഥലത്ത് വളര്‍ത്താന്‍ തീരുമാനിച്ച, അതിനു വേണ്ടി നേരിട്ട് രംഗത്ത് വന്ന ബോബി ചെമ്മണ്ണൂരിന് ആശംസകള്‍…


കുറെ ചെറുപ്പക്കാര്‍ വെറും നാലാംകിട രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ തമ്മില്‍ത്തല്ലി ചാവുമ്പോള്‍,

അവരെ ആയുധം കൊടുത്ത് ഗുണ്ടാപ്പണിക്ക് ഇറക്കിയവര്‍ അധികാരത്തില്‍ ഇരുന്ന് ആ ചോരക്കണക്കുകളില്‍ മുതലക്കണ്ണീര്‍ പൊഴിക്കുമ്പോള്‍,

പോലീസിനൊക്കെ ഒരു പരിധിയില്ലേ എന്ന് ഐ.ജി വിലപിക്കുമ്പോള്‍,

സ്വന്തക്കാരെ പദവികള്‍ നല്‍കി സഹായിക്കുന്നത് നാട്ടുനടപ്പാണെന്ന് ജനസേവകര്‍ കണക്കുകള്‍ ഉദ്ധരിച്ച് വരുത്തിത്തീര്‍ക്കുമ്പോള്‍,

ആരോഗ്യവിദ്യാഭ്യാസക്കച്ചവടത്തില്‍ വാങ്ങുന്നവനോ വില്‍ക്കുന്നവനോ പരാതിയുമായി വന്നാല്‍ അന്വേഷിക്കാം എന്ന് മന്ത്രി കാത്തിരിക്കുമ്പോള്‍,

മോഹന്‍ലാല്‍ ആണോ മമ്മൂട്ടിയാണോ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കാന്‍ പോകുന്നതെന്ന് ഉന്നതബിരുദം ജയിച്ച് ജോലിയില്ലാതെ നടക്കുന്ന നവഉത്തരാധുനിക തലമുറ തലപുകക്കുമ്പോള്‍,

എത്ര മുടക്ക് ലഭിച്ചാലും മടുക്കാത്ത ഒരു ജനത ഓരോ ഹര്‍ത്താല്‍ ആഹ്വാനത്തെയും കയ്യടിച്ച് സ്വീകരിക്കുമ്പോള്‍,…..

ജനങ്ങളെ വഴിനടത്താത്ത കുറച്ച് നായ്ക്കളെ പിടിച്ച് തന്റെ പത്ത് ഏക്കര്‍ സ്ഥലത്ത് വളര്‍ത്താന്‍ തീരുമാനിച്ച, അതിനു വേണ്ടി നേരിട്ട് രംഗത്ത് വന്ന ബോബി ചെമ്മണ്ണൂരിന് ആശംസകള്‍…


അദ്ദേഹത്തോട് ഒരു അപേക്ഷ കൂടി,

ദയവ് ചെയ്ത് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയില്‍ ചേര്‍ന്ന് അധികാരത്തില്‍ എത്താന്‍ ശ്രമിക്കരുത്, അതിനു പകരം കിറ്റെക്‌സ് ചെയ്തത് പോലെ ഒരു പഞ്ചായത്തോ വാര്‍ഡോ ഏറ്റെടുത്ത് അവിടെ ജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സാമ്പത്തിക സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ അവരെ സ്വാശ്രയരാക്കി, സ്വതന്ത്രരാക്കി, അവിടെ ജനകീയ സഭയുണ്ടാക്കി, ഈ രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരെ മത്സരിപ്പിച്ച് ഭരണം പിടിക്കുക…

ചരിത്രത്തില്‍ ബോബി ചെമ്മണ്ണൂര്‍ എന്ന പേര് തിളങ്ങി നില്‍ക്കും; ആ നാട്ടില്‍ സ്വന്തം കാലില്‍ നില്‍ക്കുന്ന ജനങ്ങള്‍ സ്വയം ഭരിക്കുന്ന കാലത്തോളം…

അതുകഴിഞ്ഞ് ആലുക്കാസ്, ശോഭ ഗ്രൂപ്പ്, ലീല ഗ്രൂപ്പ്, മുത്തൂറ്റ്, കല്യാണ്‍, നന്തിലത്ത് അങ്ങനെ അങ്ങനെ ഓരോ ഗ്രൂപ്പുകളും അവരുടെ നിര്‍ബന്ധിത സാമൂഹിക ഉത്തരവാദിത്തം (Corporate Social Responsibiltiy) ഇങ്ങനെ ഓരോ ദേശങ്ങളിലെ ജനങ്ങളെ സ്വയംപര്യാപ്തരാക്കാന്‍ ഉപയോഗിക്കാവുന്നതാണ്, എങ്കില്‍ ഒരു പുതിയ ചരിത്രം ആരംഭിക്കും. “സ്‌പോണ്‍സേര്‍ഡ് ജനാധിപത്യം”, വളരെ നല്ലൊരു ആശയമാണ്.


ശ്രദ്ധിക്കൂ, കേരളത്തിലെ ഒരു ശരാശരി വീട്ടച്ഛന്‍ മുപ്പതുവര്‍ഷം ജോലി ചെയ്യുന്നത് പ്രധാനമായും പെണ്‍കുട്ടിയുടെ വിവാഹം നടത്താനാണ്. അതായത് ഇവരെല്ലാം പരോക്ഷമായി മേല്‍പ്പറഞ്ഞ നിങ്ങള്‍ മുതലാളിമാരുടെ ജോലിക്കാരാണ്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ആത്മാര്‍ഥമായി ജോലി ചെയ്യുന്ന ഇവര്‍, കിട്ടുന്ന പണത്തില്‍ ഭൂരിഭാഗവും നിങ്ങളുടെ കച്ചവടം മെച്ചമാക്കാന്‍ ആണ് ചെലവാക്കുന്നത്.

അപ്പോള്‍ നിങ്ങള്‍ ഇങ്ങനെ ഭരണം കൂടി സ്‌പോണ്‍സര്‍ ചെയ്യുന്നതില്‍ അവര്‍ക്ക് സന്തോഷമേ ഉണ്ടാവൂ, പക്ഷെ ഇപ്പോള്‍ ഭരിക്കുന്നവരെ, ജനങ്ങളുടെ കാര്യത്തില്‍ യാതൊരു താല്‍പര്യവും ഇല്ലാത്ത ഈ രാഷ്ട്രീയപാര്‍ട്ടികളെ സഹായിക്കുന്നതിനു പകരം, നിങ്ങള്‍ നേരിട്ട് ഭരിച്ചോളൂ, അത് ഭേദമായിരിക്കും.


ആദ്യമായി മുതലാളിത്തനിയന്ത്രിതജനാധിപത്യം നിലവില്‍ വന്ന സ്ഥലത്ത് ഞങ്ങള്‍ ആയിരുന്നു ഭരിച്ചിരുന്നത് എന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭാവിയില്‍ വീമ്പിളക്കുകയും ആവാം…!!!

We use cookies to give you the best possible experience. Learn more