മാധ്യമ പ്രവര്‍ത്തകരേ, ഇനിയെങ്കിലും ഈ സംഘി വിധേയത്വം അവസാനിപ്പിക്കണം; സി.പി.ഐ.എമ്മിനൊപ്പം അവരേയും ഓഡിറ്റ് ചെയ്യണം
” എം.എം മണിയുടെ മോശം ഭാഷാ പ്രയോഗങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളെ അംഗീകരിക്കുമ്പോഴും കേരളത്തില്‍ അരങ്ങേറുന്ന ആര്‍.എസ്.എസ് ഭീകരതയ്ക്ക് മുമ്പില്‍ സ്ഥിരം കണ്ണടക്കുന്ന “ജേണലിസ” അജണ്ടയെ നമുക്ക് വിമര്‍ശിക്കാതിരിക്കാന്‍ കഴിയില്ല. ഈയടുത്ത മാസങ്ങളില്‍ സംഭവിച്ച ചില കാര്യങ്ങളില്‍ മാധ്യമങ്ങള്‍ കാണിച്ച സംഘിവിധേയത്വം ഞെട്ടിക്കുന്നതാണ്. ആ സംഭവങ്ങള്‍ പറയാം.
1) ഹിന്ദുമതത്തില്‍ നിന്ന് മാറി ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ 32കാരനായ ഫൈസല്‍ കൊല്ലപ്പെട്ട സംഭവം. ഈ കേസില്‍ പതിനൊന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റു ചെയ്യപ്പെട്ടു.
2) വര്‍ഗീയ കലാപം സൃഷ്ടിക്കുകയെന്ന ലക്ഷ്യമിട്ട് കാസര്‍കോട് പള്ളിക്കുള്ളില്‍വെച്ച് മദ്രസാ അധ്യാപകന്‍ റിയാസിനെ തൊണ്ടകീറി കൊലപ്പെടുത്തിയത്. ഈ കേസില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റു ചെയ്യപ്പെട്ടു.
3) ആലപ്പുഴയില്‍ മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അനന്തുവിനെ ആര്‍.എസ്.എസ്സുകാര്‍ തന്നെ അടിച്ചു. കൊന്നു. ഈ കേസില്‍ പതിനേഴ് പേര്‍ അറസ്റ്റു ചെയ്യപ്പെട്ടു. ഇതില്‍ 10പേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. ഇത്രയും ചെറുപ്രായത്തിലുളളവരെ കൊലയാളി യന്ത്രങ്ങളാക്കി മാറ്റാന്‍ സംഘപരിവാറിന് എങ്ങനെ കഴിയുന്നു എന്ന് ആരും ചോദിച്ചില്ല.
4) ഈസ്റ്റര്‍ ദിനത്തില്‍ കന്നുകാലിയെ അറുത്തതിന്റെ പേരില്‍ എറണാകുളത്ത് വീട് ആക്രമിച്ചു. ഈ കേസില്‍ പതിനാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടു.
5) ജില്ലാതലത്തിലും സംസ്ഥാന തലത്തിലുമായി നാല്‍പതിലധികം ഹര്‍ത്താലുകള്‍ കഴിഞ്ഞ വര്‍ഷം ബി.ജെ.പി നടത്തിയിട്ടുണ്ട്. അതില്‍ മൂന്നെണ്ണം പിന്നീട് ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെ അറസ്റ്റിലായ ബി.ജെ.പി പ്രവര്‍ത്തകരുടെ കൊലപാതകങ്ങളുടെ പേരിലായിരുന്നു. എഞ്ചിനയറിങ് എന്‍ട്രന്‍സ് നടക്കുന്ന ഇന്ന് മണി പെമ്പിളൈ ഒരുമൈയെ വിമര്‍ശിച്ചു എന്ന തെറ്റായ മാധ്യമറിപ്പോര്‍ട്ടുകളുടെ പേരില്‍ ഇടുക്കിയില്‍ അവര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. എന്നാല്‍ വാസ്തവത്തില്‍ മണിയുടെ പരാമര്‍ശം മാധ്യമങ്ങള്‍ക്കെതിരെയായിരുന്നു. (അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രശ്‌നങ്ങളുണ്ട്. മാധ്യമങ്ങള്‍ ആ വാക്കുകള്‍ വ്യാഖ്യാനിച്ച് പെമ്പിളൈ ഒരുമൈയെ പ്രതിഷേധത്തിലേക്ക് കൊണ്ടുവരുന്നതിനും ബി.ജെ.പിയെ ഹര്‍ത്താല്‍ നടത്താന്‍ സഹായിക്കുന്നതിനും പകരം അത് അതുപോലെ റിപ്പോര്‍ട്ടു ചെയ്യണമായിരുന്നു.)
6) കെ സുരേന്ദ്രന്‍ അടക്കമുള്ള ബി.ജെ.പി നേതാക്കളുടെ അതിപ്രകോപനപരമായ ഒട്ടേറെ പ്രസംഗങ്ങള്‍.
7. എന്‍.ഡി.എ സഖ്യത്തിലുള്‍പ്പെട്ട ഒരാളുടെ ഉടമസ്ഥതയിലുള്ള വെള്ളാപ്പള്ളി നടേശന്‍ കോളജ് ഓഫ് എഞ്ചിനിയറിങ്ങില്‍ നടക്കുന്ന എസ്.എഫ്.ഐ പ്രതിഷേധം. ഇവിടെ മാനേജ്‌മെന്റിന്റെ പീഡനങ്ങളെ തുടര്‍ന്ന് ഒരു വിദ്യാര്‍ഥി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. ബി.ജെ.പിയും ആര്‍.എസ്.എസും എ.ബി.വി.പിയും പരസ്യമായി മാനേജ്‌മെന്റിനൊപ്പം നില്‍ക്കുകയും മാനേജ്‌മെന്റ് എസ്.എഫ്.ഐ നേതാക്കളെ ഗുണ്ടകളെ വിട്ട് അടിപ്പിക്കുകയുമാണുണ്ടായത്.
ഈ വിഷയങ്ങളൊന്നും ഒരൊറ്റ ന്യൂസ് അവര്‍ ഡിസ്‌കഷനും വിഷയമായില്ല. ഈ കൊലപാതകങ്ങളുടെ കാര്യത്തില്‍ അറസ്റ്റു ചെയ്യപ്പെട്ടവര്‍ ആര്‍.എസ്.എസ്, ബി.ജെ.പി ബന്ധമുള്ളവരാണെന്ന് പറയാന്‍ മാധ്യമങ്ങള്‍ മടികാട്ടി. ഷാനി പ്രഭാകരന്‍, സിന്ധു സൂര്യകുമാര്‍ എന്നിവരെപ്പോലുള്ള മാധ്യമപ്രവര്‍ത്തകര്‍ മാത്രമാണ് ഇതിന് അപവാദം.
അതുകൊണ്ടുതന്നെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ സി.പി.ഐ.എമ്മിനെയും കോണ്‍ഗ്രസിനെയും (ഒരുപരിധി)വരെ മാത്രമേ ഓഡിറ്റിങ്ങിന് വിധേയരാക്കുന്നുള്ളൂ. ബി.ജെ.പിയെ ആക്കുന്നില്ല. തങ്ങള്‍ക്കെതിരായ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യാതിരിക്കാന്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് ബി.ജെ.പി ചാക്കുകണക്കിന് പണം നല്‍കുന്നു എന്ന പ്രചരണം വിശ്വസിച്ചുപോകുന്ന തരത്തിലാണ് കാര്യങ്ങള്‍.
സംഘികളെക്കുറിച്ച് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുമ്പോഴുളള ഈ അമിത ജാഗ്രത മാധ്യമങ്ങള്‍ അവസാനിപ്പിക്കണം. ബി.ജെ.പിക്ക് വലിയ സ്വാധീനമുള്ള പ്രദേശങ്ങളില്‍ മാധ്യമങ്ങളുടെ “സ്വാതന്ത്ര്യം” എത്രയധികമാണെന്ന് ഓര്‍ക്കണം. നിങ്ങളുടെ ജേണലിസം ഫാസിസത്തെ പരിപോഷിപ്പിക്കലല്ലാത്തിടത്തോളം കാലം നിങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് നിങ്ങളുടെ തന്നെ താല്‍പര്യത്തിനു വിരുദ്ധമായാണ്.