കാസര്‍കോട്ട് നിന്ന് ഇടതുപക്ഷ സുഹൃത്ത് വിളിച്ചു.
വിശ്വസിക്കും തോറും വഞ്ചിക്കുന്ന പാര്‍ട്ടി ആണല്ലോ ഇത്.
അദ്ദേഹത്തിന്റെ വാക്കുകള്‍ കടുത്ത നിരാശ കൊണ്ട് കരിഞ്ഞുണങ്ങിയതു പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ഒരുദിവസം മുന്‍പ് മാത്രമാണ്
കുറെ നേരം ഞങ്ങള്‍ രാഷ്ട്രീയം സംസാരിച്ചു വച്ചത്. സമീപകാലത്ത് സിപിഎം കൈക്കൊണ്ട നിലപാടുകള്‍ ഇടതുപക്ഷ സഹചാരികള്‍ എന്ന നിലയ്ക്ക് പല സുഹൃത്തുക്കളെയും സന്തോഷിപ്പിച്ചിരുന്നു. ടി.പി. വധം ഇല്ലായിരുന്നെങ്കില്‍ മനസ്സാക്ഷിക്കുത്ത് കൂടാതെ ഈ പാര്‍ട്ടിയോടൊപ്പം നില്‍ക്കാമായിരുന്നു, അദ്ദേഹം പറഞ്ഞു. അല്ലല്ലോ, ശുഹൈബില്ലേ? ഞാന്‍ ചോദിച്ചു. കൊലപാതകങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ കൂടെ നില്‍ക്കാമായിരുന്നു എന്ന് കേഡര്‍ പാര്‍ട്ടികളെ കുറിച്ച് ചിന്തിക്കാനാവാത്ത സ്ഥിതിയാണ്. അണികള്‍ എന്ന രാഷ്ട്രീയ സംവര്‍ഗം പഠന വിധേയമായാല്‍ മാത്രമേ നമുക്കതിന് ഉത്തരം കിട്ടൂ. സംഘടനാ സംവിധാനം അറിയാതെ ഒരു ഈച്ച പോലും അനങ്ങാത്ത സിപിഎം ന്റെ അണികളെ നയിക്കുന്ന വികാരലോകം എനിക്ക് ഇതുവരെ മനസിലായിട്ടില്ല.
അഭിമന്യുവിന്റെ ജീവനെ ഹൃദയത്തോളം മാനിച്ച പാര്‍ട്ടി മറ്റൊരു ജീവനെ, ഒന്നല്ല രണ്ട് ജീവനെ, ഇത്രയേറെ വില കുറച്ചു കാണുന്നത് എങ്ങനെയാണ്? കേരള സംരക്ഷണം എന്ന മുദ്രാവാക്യം ഉയര്‍ത്തി പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ജാഥ ആരംഭിച്ചതിനു പിന്നാലെ രണ്ട് യുവാക്കളെ വെട്ടിക്കൊല്ലാന്‍ ഒരു പാര്‍ട്ടിക്ക് കഴിയുന്നത് എങ്ങനെയാണ്? പ്രതിപക്ഷ നേതാവിന്റെ മകന്റെ വിവാഹത്തില്‍ രണ്ട് പാര്‍ട്ടികളുടെയും നേതാക്കള്‍ പരസ്പരം സ്‌നേഹോഷ്മളമായി ചിരിച്ചുപിരിഞ്ഞ ശേഷം ഒരു കൂട്ടര്‍ മറ്റേ കൂട്ടര്‍ക്ക് എതിരെ വെട്ടുകത്തി ഓങ്ങുന്നത് എങ്ങനെയാണ്?
സുഹൃത്ത് പറഞ്ഞു:
ഈ പാര്‍ട്ടി പുരോഗമന നിലപാടുകള്‍ കൊണ്ടും നവോത്ഥാനത്തിന്റെ ഓര്‍മകള്‍ തിരിച്ചുപിടിച്ചും വനിതകളെ കേരളം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മനോഹരമായി ഒരു പാര്‍ട്ടിക്ക് കഴിയും വിധം ചേര്‍ത്തുപിടിച്ചും ദളിത് പ്രബുദ്ധതയ്ക്ക് ഒപ്പം നിന്നും വര്‍ഗീയതയ്ക്ക് എതിരെ ജീവന്‍ കൊടുത്ത് പോരാടിയും കാണിച്ചുതരുന്ന വിശാലമാതൃക എതെങ്കിലും ഒരു പാര്‍ട്ടി ഘടകത്തിലെ പിശാചുക്കളുടെ ആണത്ത പന്നിത്തരത്തില്‍ അവസാനിക്കാന്‍ ഉള്ളതാണോ? വിശ്വസിക്കും തോറും വഞ്ചിക്കുന്ന പാര്‍ട്ടി ആണല്ലോ ഇത്!
എന്റെ നാടിനു വളരെ അടുത്താണ് കല്യോട്ട്. മദ്ധ്യവേനല്‍ ആകുമ്പോഴേക്കും കോഴിവാലനെന്ന് ഞങ്ങള്‍ വിളിക്കുമായിരുന്ന, മുട്ടറ്റം വളരുന്ന ചെമ്പന്‍ പുല്ല് നാടാകെ വ്യാപിച്ചു കിടക്കുന്ന നാട്ടിന്‍പുറം. അന്യോന്യം പങ്കിട്ടു മാത്രം ജീവിതം സാധിക്കുന്ന നാട്. കറവയുള്ള വീട്ടില്‍ നിന്ന് പാല് വാങ്ങാനും പലവക സാമാനങ്ങള്‍ വില്‍ക്കുന്ന ചെറു പീടികകളില്‍ നിന്ന് ചായപ്പൊടിയോ എണ്ണയോ വാങ്ങാനും കുട്ടികളും മുതിര്‍ന്നവരും അങ്ങിങ്ങ് നടന്നുപോകുന്നത് കാണാവുന്ന, അയല്‍പക്കങ്ങള്‍ തമ്മില്‍ നൂറോ ഇരുന്നൂറോ അങ്ങോട്ടോ ഇങ്ങോട്ടോ കൊടുത്തതിന്റെയോ കൊടുക്കാത്തതിന്റെയോ ചില്ലറപ്പിണക്കങ്ങള്‍ മാത്രം ഉണ്ടാവാറുള്ള, എന്നാല്‍ ഒരുവീട്ടിലെ ദുബായിക്കാരന്‍ വന്നാല്‍ എല്ലാം മറന്ന് മറ്റേ വീട്ടിലും പോയി “എന്ത്ണ്ട് എട്ടി?” എന്നു ചോദിക്കുമെന്ന് ഉറപ്പുള്ള നാട്.
ആ ഉറപ്പുകള്‍ ആണ് രണ്ട് യുവാക്കളുടെ ചോരയില്‍ കുളിച്ചു കിടക്കുന്നത്.
ആരെങ്കിലും ഒന്ന് നന്നാകുമോ പ്ലീസ്? ആത്മാര്‍ഥമായി ഒന്ന് കൈപിടിച്ചു കുലുക്കാനാണ്.