|

ഗൗരിയോടും ചാത്തുവിനോടും നമ്മള്‍ മാപ്പ് പറയണം, കാരണം അവരെ തടവിലിട്ടിരിക്കുന്നത് നമ്മുടെ മൗനങ്ങള്‍ കൂടിയാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിയമങ്ങളാല്‍ എതിര്‍ അഭിപ്രായങ്ങളെ തളച്ചിടുന്ന ഭരണകൂടഭീകരതയുടെ ഏറ്റവും ക്രൂരമായ മുഖമാണ് ഗൗരിയുടെ കഥ. ഇന്ത്യയിലെ നിയമസംവിധാനം എന്ന് പറയുന്നതില്‍ എഴുതിവെച്ചിരിക്കുന്ന ജനാധിപത്യ അവകാശങ്ങള്‍ പോലും നല്‍കപ്പെടാതെ അങ്ങേയറ്റം പീഡനങ്ങള്‍ക്ക് ഈ സ്ത്രീ വിധേയമാകുന്നത് വേറെങ്ങുമല്ല, ഇങ്ങ് കേരളത്തില്‍ തന്നെയാണ്.


നിയമങ്ങളാല്‍ എതിര്‍ അഭിപ്രായങ്ങളെ തളച്ചിടുന്ന ഭരണകൂടഭീകരതയുടെ ഏറ്റവും ക്രൂരമായ മുഖമാണ് ഗൗരിയുടെ കഥ. ഇന്ത്യയിലെ നിയമസംവിധാനം എന്ന് പറയുന്നതില്‍ എഴുതിവെച്ചിരിക്കുന്ന ജനാധിപത്യ അവകാശങ്ങള്‍ പോലും നല്‍കപ്പെടാതെ അങ്ങേയറ്റം പീഡനങ്ങള്‍ക്ക് ഈ സ്ത്രീ വിധേയമാകുന്നത് വേറെങ്ങുമല്ല, ഇങ്ങ് കേരളത്തില്‍ തന്നെയാണ്.

കൂടെയുള്ളവരില്‍ പലര്‍ക്കും ജാമ്യം ലഭിച്ചിട്ടും ഗൗരിക്ക് ജാമ്യം ലഭിക്കാതിരിക്കുന്നത് അവര്‍ ആദിവാസിയായതുകൊണ്ട് തന്നെയാണ്. ഇത് നടക്കുന്നത്, ഇപ്പോഴും തുടരുന്നത് തങ്ങള്‍ യു.എ.പി.എയ്ക്ക് എതിരാണ് എന്ന് ആവര്‍ത്തിച്ച് ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷം ഭരിക്കുന്ന സവിശേഷ നാട്ടിലും. തീര്‍ന്നില്ല ഗൗരിക്കൊപ്പം അറസ്റ്റിലായിട്ടുള്ള ചാത്തുവും ഇപ്പോഴും അതേ നിയമപ്രകാരം ജയിലില്‍ ജാമ്യമില്ലാതെ കിടക്കുന്നുണ്ട്. അദ്ദേഹം ഒരു ദളിതനും. ജാമ്യം ലഭിക്കുന്നവരുടെ ജാതിയല്ല ലഭിക്കാത്തവരുടെ ജാതിയാണ് പരിശോധിക്കേണ്ടത്; ഒരു ധ്വംസന സംവിധാനത്തിന്റെ, ഒരു അവകാശനിഷേധത്തിന്റെ ജാതി തിരിച്ചറിയാന്‍. അതുകൊണ്ട് ഇവിടെ നടപ്പാക്കപ്പെടുന്ന എല്ലാ പീഡനങ്ങളിലും ഭരണകൂട ഭീകരതകളിലും ജാതിയും മതവും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് പറയാതിരിക്കേണ്ട കാര്യമില്ല. അത് അനുഭവപരവുമാണ്; കേരളത്തിന്റെയും ഇന്ത്യയുടെയും ചരിത്രവുമാണ്.

ഗൗരിയും ചാത്തുവും, ഇവര്‍ രണ്ടുപേരും ഇപ്പോഴും ജയിലില്‍ ജാമ്യം പോലും നിഷേധിക്കപ്പെട്ട് കഴിയേണ്ടിവന്നത് ഏതെങ്കിലും ഭീകരകുറ്റകൃത്യങ്ങളുടെ പേരിലല്ല. ഇന്ത്യന്‍ ഭരണഘടന അതിന്റെ ഒരു പൗരനനുവദിച്ചിട്ടുള്ള ആശയപ്രചരണത്തിനുള്ള സ്വാതന്ത്ര്യം അവര്‍ സ്വയം അനുഭവിച്ചു എന്നതിന്റെ പേരിലാണ്. കേവലമൊരു പോസ്റ്റര്‍ പതിപ്പിച്ചതിന്റെ പേരിലാണ്. മാവോയിസ്റ്റ് മൂല്യങ്ങളിലും ആശയങ്ങളിലും വിശ്വസിക്കുന്നത് കുറ്റകരമല്ല എന്ന് കോടതി തന്നെ സമ്മതിക്കുന്ന, അതിനുള്ള അവകാശങ്ങള്‍ കോടതി തന്നെ അനുവദിച്ചുകൊടുത്തിട്ടുള്ള ഒരു നാട്ടിലാണ് ഒരു ആദിവാസിയും ദളിതനും ആ അവകാശം വിനിയോഗിച്ചതിന്റെ പേരില്‍ യു.എ.പി.എ എന്ന മര്‍ദ്ദക നിയമത്തിനാല്‍ നരകജീവിതം നയിക്കേണ്ടിവരുന്നത്.

ഇവിടെ നടക്കുന്ന (ബൂര്‍ഷ്വാ) പാര്‍ലമെന്റിലൊ അതിന്റെ പ്രവര്‍ത്തനങ്ങളിലോ തനിക്ക് താല്‍പര്യമില്ലാ എന്നും തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുന്നുവെന്നും മാത്രമല്ല അങ്ങനെ നിങ്ങളും വിട്ടു നില്‍ക്കണമെന്ന് മറ്റുള്ളവരുടെ അവകാശങ്ങളില്‍ കൈകടത്താതെ പ്രചരിപ്പിക്കുവാനുള്ള സ്വാതന്ത്ര്യത്തിനു ഏതൊരാള്‍ക്കും അവകാശമുണ്ട് എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. നിലവിലെ നിയമങ്ങള്‍ അത് അനുവദിക്കുന്നുണ്ട് എന്നും. എന്നാല്‍ ആ അവകാശങ്ങള്‍ക്കുമേല്‍ അങ്ങേയറ്റം കിരാതമായ ഒരു മര്‍ദ്ദക നിയമം അടിച്ചേല്‍പ്പിച്ചുകൊണ്ട് അട്ടിമറിക്കുന്നത് ഇവിടുത്തെ ജനാധിപത്യ/മൗലികാവകാശങ്ങളെ തന്നെയാണ്. അത് ഇത്ര നഗ്നമായി അട്ടിമറിക്കുന്നത് നോക്കി എങ്ങനെയാണ് നമുക്ക് സ്വസ്ഥമായി കഴിയാനാവുന്നത്? ആദിവാസിയും ദളിതരുമായ രണ്ട് മനുഷ്യര്‍ നമ്മുടെ കണ്‍മുന്നില്‍ ഇത്ര നഗ്നമായി മനുഷ്യാവകാശ നിഷേധം അനുഭവിക്കുമ്പോള്‍ എങ്ങനെയാണ് ഇനിയുമിനിയും ജനാധിപത്യ സാധ്യതകളെ കുറിച്ച് വാതോരാതെ വെടിവര്‍ത്തമാനങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കാന്‍ നമുക്കാവുന്നത്?


Read more: സോണി സോറി, ഭരണകൂടം നിങ്ങളെ ബലാത്സംഗം ചെയ്തു


ഏതൊരാളുടെയും മൗലികാവകാശങ്ങളെ തകര്‍ക്കാന്‍ പറ്റുന്ന ഏറ്റവും പറ്റിയ പൊതുബോധത്തെ തന്നെ സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്ന ഒരു വ്യവഹാരമായി “മാവോയിസ്റ്റ് ബന്ധം” എന്നതിനെ മുഖ്യധാരാ വ്യവഹാരങ്ങള്‍ മാറ്റിക്കഴിഞ്ഞിരിക്കുന്നു. ഇത് അങ്ങേയറ്റം രൂക്ഷമായി ചെന്നുപതിക്കുന്നത് സമൂഹത്തിന്റെ ഏറ്റവും താഴത്തെ ഇടങ്ങളില്‍, ചേരികളില്‍, കോളനികളില്‍, വനപ്രദേശങ്ങളില്‍ അങ്ങനെയങ്ങനെയുള്ള ഇടങ്ങളില്‍ ജീവിതത്തിനുവേണ്ടി പോരാടുന്ന കീഴാള മനുഷ്യജീവിതങ്ങളിലേയ്ക്കാണ് എന്നതാണ് സത്യം. പൊതുസമൂഹം തന്നെ രൂപപ്പെടുത്തുന്ന പലേ വിവേചനങ്ങള്‍ക്കും സാംസ്‌കാരികാധീശത്വത്തിനും പുറമെയാണ് ഈ കാണുന്ന ധ്വംസക നിമയങ്ങളും ഭരണകൂട സംവിധാനങ്ങളും അവയ്ക്ക് അനുകൂല സാഹചര്യങ്ങളൊരുക്കുന്ന ഇത്തരം പൊതുബോധയുക്തികളും പ്രവര്‍ത്തിക്കുന്നത് എന്നതാണ് സത്യം.

സോണി സോറിയെ ഓര്‍മ്മയില്ലേ? ഏറ്റവും അവസാനം അതിക്രൂരമായി ആസിഡ് ബോംബാക്രമണത്തിനു തന്നെ വിധേയമായ ആ ആദിവാസി നേതാവിനെ? പോരാളിയെ? അവര്‍ക്കുമേല്‍ “മാവോയിസ്റ്റ് ബന്ധ”മാരോപിച്ച് എന്തെല്ലാം പീഡനങ്ങള്‍ക്കാണ് വിധേയയാക്കിയത്? അവരുടെ യോനിയില്‍ നിന്ന് ഡോക്ടര്‍മാര്‍ കല്ലുകള്‍ തന്നെ പുറത്തെടുത്തു എന്ന് പറയുമ്പോള്‍ അടിയന്തിരാവസ്ഥാകാലത്തെ പോലീസ് നടപടികള്‍ പോലും നാണിച്ചുപോകും. ഓര്‍ക്കുന്നില്ലേ കേരളത്തിലെ മറ്റൊരു ഗൗരിയുടെ, സാക്ഷാല്‍ ഗൗരിയമ്മയുടെ വാക്കുകള്‍; “ലാത്തിക്ക് പ്രത്യത്പാദന ശേഷിയുണ്ടായിരുന്നെങ്കില്‍ ഞാന്‍ ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിക്കുമായിരുന്നു.” അപ്പോള്‍ ഈ കീഴാള മനുഷ്യജന്മങ്ങള്‍ എന്തെല്ലാം കഥകള്‍ പാടുമായിരുന്നു. എന്തെല്ലാം യാതനകളുടെ നീണ്ടനീണ്ട കഥകള്‍…

ഗൗരിക്കും ചാത്തുവിനും ജാമ്യം ലഭിക്കേണ്ടത് ഒരു ജനാധിപത്യ സമൂഹത്തിന്റെ ബാധ്യതയാണ്. രാഷ്ട്രീയപരമായ നിലപാടുകള്‍ വകവെച്ചുകൊടുക്കുകയാണെങ്കില്‍, രാഷ്ട്രീയപരമായി വ്യതിരിക്തതകള്‍ സൂക്ഷിക്കാനുള്ള അവകാശങ്ങള്‍ മാനിച്ചുകൊടുക്കുകയാണെങ്കില്‍ അവര്‍ ഇത്രയും കാലം ജയിലില്‍ കഴിയേണ്ടിവന്നതിന് പൊതു സമൂഹം തന്നെ മാപ്പുപറയേണ്ടതുണ്ട്. കാരണം അവര്‍ നമ്മുടെ നിശബ്ദതയുടെ കൂടി ഇരകളാണ്. അതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ഞാനടക്കമുള്ള ഒരു ജനാധിപത്യവാദിക്കും മനുഷ്യാവാശപ്രവര്‍ത്തകനും സാധിക്കുകയില്ല. നമ്മുക്ക് അതില്‍ ഉത്തരവാദിത്വമുണ്ട്.

ഇപ്പോഴും നമ്മള്‍ മൗനത്തിലായാല്‍, നീമോള്ളര്‍ പറഞ്ഞതുപോലെ, അവര്‍ നമ്മളെയും തേടിവരുന്നൊരു കാലമുണ്ട്, അന്ന് നമ്മളും തനിച്ചായിരിക്കും. ആ കവിതയില്‍ നിങ്ങള്‍/നമ്മള്‍ എന്നൊരു ദ്വന്തം ഉണ്ട്, എന്നാല്‍ നമ്മളും നിങ്ങളും എന്ന ദ്വന്ദ്വം എവിടെ അവസാനിക്കും എന്ന് ആ കവിത വ്യക്തമായി ചിത്രീകരിക്കുന്നുണ്ട്. മറക്കരുത്.

#UAPA_റദ്ദ്‌ചെയ്യുക
#UAPAപ്രകാരം_അറസ്റ്റ്_ചെയ്ത_എല്ലാവരേയും_വിട്ടയക്കുക

#StandWithGouri&Chathu