Advertisement
FB Notification
എന്റെ കടല്‍ക്കൂട്ടുകാരേ കേരളം മുഴുവന്‍ നിങ്ങളെ പുണരുകയാണ്.. ഉള്ളില്‍ ഞാനറിയാതെ കരയുന്നുണ്ട്..
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 21, 07:44 am
Tuesday, 21st August 2018, 1:14 pm

എനിക്കുചുറ്റും ആരവമൊഴിഞ്ഞിരിക്കുന്നു. ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ ക്യാംപിനടുത്തുള്ള ആളൊഴിഞ്ഞ നിരത്തിലെ കടവരാന്തയില്‍ കുറേയധികം നിശബ്ദതകള്‍ക്കിടയിലിരുന്ന് പാതിരാത്രി കഴിഞ്ഞ് ഒരുമണിക്ക് ഞാനീ കുറിപ്പെഴുതുമ്പോള്‍ നെഞ്ച് ഒരുപാട് നിറയുന്നുണ്ട്. ഉള്ളില്‍ ഞാനറിയാതെ കരയുന്നുണ്ട്. കടല്‍ മണമുള്ള നന്മമരങ്ങള്‍ക്കിടയിലാണല്ലോ ഞാനും നട്ടു വളര്‍ത്തപ്പെട്ടതെന്നോര്‍ത്തിട്ട്.  എന്റെ കടല്‍ക്കൂട്ടുകാരേ കേരളം മുഴുവന്‍ നിങ്ങളെ പുണരുകയാണ്..

വെള്ളമിറങ്ങിത്തുടങ്ങിയ ചെങ്ങന്നൂരില്‍ നിന്ന് ഇന്നു രാത്രി ഒന്‍പതരയ്ക്ക് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ച അഞ്ചുതെങ്ങ് മാമ്പള്ളിയില്‍ നിന്നുള്ള ജോണ്‍ബോസ്‌ക്കോ ചേട്ടന്റെ മേരിമാതാ വള്ളത്തെയും അതോടൊപ്പം തിരുവനന്തപുരത്തു നിന്ന് മത്സ്യത്തൊഴിലാളികളെ സഹായിക്കാനെത്തിയ കൂട്ടുകാരായ സഹപ്രവര്‍ത്തകരേയും നാട്ടിലേക്കു കയറ്റി വിട്ടതിനുശേഷം ഞാന്‍ ഇവിടെ തന്നെ കാക്കുകയാണ് അഞ്ചുതെങ്ങില്‍ നിന്നുള്ള അലോഷ്യസ് ചേട്ടന്റെ രണ്ട് തിമോത്തി വള്ളക്കാരെ. അവര്‍ ഇനിയും താലൂക്കാപ്പീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Read:  ആര്, എന്താണ് എന്നൊന്നും നോക്കില്ല. എങ്ങനെയെങ്കിലും രക്ഷപ്പെടുത്തുക എന്ന മനസാണ് അവര്‍ക്കുള്ളത്, അതിനുവേണ്ടി എന്ത് സാഹസത്തിനും തയ്യാറാകും’; മത്സ്യത്തൊഴിലാളികളെ കുറിച്ച് ജോണ്‍സണ്‍ ജാമറ്റ് സംസാരിക്കുന്നു

ഉള്‍പ്രദേശത്തെ ഏതെങ്കിലും ക്യാംപില്‍ പെട്ടിരിക്കാനാണ് സാധ്യത. ഇന്നുച്ചയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിനിടെ പാതിവഴിയില്‍ ഇന്ധനം തീര്‍ന്ന വള്ളമടുപ്പിച്ച് അലോഷ്യസ് ചേട്ടന്‍ കിട്ടിയ വണ്ടിയില്‍ കയറി താലൂക്കാപ്പീസില്‍ ഓടി വരികയായിരുന്നു പെട്ടെന്ന് ഇന്ധനം വാങ്ങാന്‍. ചോദിച്ചപ്പോള്‍ ഇന്നത്തെ രണ്ടാം ഘട്ട രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്ന് മറുപടി പറഞ്ഞ് പാഞ്ഞ് ദുരന്തമുഖത്തേക്കു ചെല്ലുകയായിരുന്നു. വൈകിട്ടു മുതല്‍ ഇന്നേരം വരെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. നാളെ രാവിലെ അവരെ കാണാനാകുമെന്നു കരുതുന്നു.

അവരെയും കൂടെ കയറ്റി വിട്ടിട്ട് ഞാനും നാട്ടിലേക്കു തിരിക്കും. അമ്പലപ്പുഴയില്‍ നിന്ന് പൂന്തുറക്കാരായ അവസാന വള്ളക്കാരെയും കയറ്റി വിട്ട് ജോണ്‍സന്‍ ചേട്ടനും ടീമും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തു നിന്ന് ചെങ്ങന്നൂര്‍, ആലുവ, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ ഇടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനു വന്ന ഏകദേശം എല്ലാ മത്സ്യത്തൊഴിലാളി സഹോദരങ്ങളും വള്ളങ്ങളും വളരെ സുരക്ഷിതരായി തിരിച്ചു നാട്ടിലേക്കെത്തിയിട്ടുണ്ട്.

Blue Volunteers, കൂട്ടുകാരേ നിങ്ങള്‍ നന്നായി പണിയെടുത്തു. ജോണ്‍സന്‍ മാഷ് നന്നായി നയിച്ചു, ലിസ്‌ബേച്ചിയും ജിമയും പ്രിന്‍സിയും, ജെയ്‌സണും വിജീഷുമെല്ലാം നാട്ടിലിരുന്ന് നന്നായി കോര്‍ഡിനേറ്റ് ചെയ്തു. ഗ്രേഷ്യസ് ചേട്ടനും കൂട്ടുകാരും നന്നായി സപ്പോര്‍ട്ട് ചെയ്തു.

Read:  കല്ല്യാണവും നിശ്ചയവുമല്ല, അവരുടെ ജീവനാണ് പ്രധാനം; വിവാഹനിശ്ചയ ദിവസവും ചെങ്ങന്നൂരിലെവിടെയോ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലാണ് കോഴിക്കോട്ടുകാരനായ ഈ മത്സ്യത്തൊഴിലാളി

രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മിക്കവാറും എല്ലാ മത്സ്യത്തൊഴിലാളികളുടേയും വള്ളങ്ങള്‍ക്കും എഞ്ചിനും കേടുപാട് പറ്റിയിട്ടുണ്ട്. ചിലരുടെ ശരീരങ്ങള്‍ക്ക് ആഴത്തില്‍ തന്നെ ക്ഷതം പറ്റിയിട്ടുണ്ട്. സര്‍ക്കാര്‍ വളരെ കൃത്യമായി തന്നെ ഈ കാര്യത്തില്‍ ഇടപെടുമെന്നു കരുതുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി വെള്ളത്തിലിറങ്ങിയ മുഴുവനാളുകളും എലിപ്പനിയ്ക്കുള്ള പ്രതിരോധ മരുന്ന് ആഴ്ചയില്‍ രണ്ടു തവണ വച്ച് കഴിക്കണമെന്ന് ക്യാംപിലെ മെഡിക്കല്‍ ടീം അറിയിച്ചിരിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മത്സ്യത്തൊഴിലാളികളുടെ വീടുകളിലേക്ക് മരുന്ന് എത്തിച്ചു കൊടുക്കേണ്ട ചുമതല അടിയന്തിരമായി നിര്‍വ്വഹിക്കപ്പെടണം.

അവസാനം എന്നെ കണ്ടെത്തിയ കൊല്ലത്തേയും കായംകുളത്തേയും കോട്ടയത്തേയും പ്രിയപ്പെട്ട അകടഎഅകഥഎ സഖാക്കള്‍ തന്ന സ്‌നാക്‌സും കുടിവെള്ളവും തൂക്കിപ്പിടിച്ച് ഞാന്‍ ക്യാംപിലേക്കു നടക്കുകയാണ്.

ഇനിയൊന്ന് ഉറങ്ങിയെഴുന്നേല്‍ക്കണം.. ക്യാംപുകളില്‍ ചത്തുകിടന്ന് പണിയെടുക്കുന്ന നൂറുകണക്കായവരേ നിങ്ങള്‍ക്ക് ഉയിരില്‍ തൊട്ടൊരു സല്യൂട്ട്..