ഈയടുത്ത് നടന്ന മണിപ്പൂർ തെരെഞ്ഞെടുപ്പിൽ കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റ കക്ഷി. 28 സീറ്റ്. ബിജെപിക്ക് 21. ഭരിക്കാൻ വേണ്ടത് 31 അംഗങ്ങളുടെ പിൻബലമാണ്. പക്ഷെ ഗവർണർ നജ്മ ഹെപ്തുള്ള സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത് ബിജെപിയെ. കർണാടകത്തിലെ പോലെ തന്നെ ഭക്തി കാണിച്ചതാണ്.
നാഗ പീപ്പിൾ ഫ്രന്റിലെ (എൻപിഎഫ്) നാലും നാഷണൽ പീപ്പിൾ പാർട്ടിയിലെ നാലും ബിജെപി തങ്ങളോടൊപ്പം ചേർത്തു. പിന്നെ സ്വതന്ത്രൻ അഷാബ് ഉദ്ദീന്റെ പിന്തുണയും. എന്നിട്ടും നമ്പർ 30 ആയതേ ഉള്ളൂ. കോൺഗ്രസിലെ ഒരാളെ വിലക്കെടുക്കുകയായിരുന്നു അടുത്ത സ്റ്റെപ്പ്.
ആൻഡ്രോ സീറ്റിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു ജയിച്ച ശ്യാം കുമാർ സിംഗ് ബിജെപി കൊടിക്ക് കീഴെ നിന്ന് രാജ് ഭവനിലേക്ക് മാർച്ച് ചെയ്തു. അതും തന്റെ എംഎൽഎ സ്ഥാനം രാജി വെക്കാതെ, കോൺഗ്രസ്സിൽ നിന്ന് പോലും രാജി വെക്കാതെ! ഒന്നും സംഭവിച്ചില്ല,കൂറുമാറ്റ നിരോധന നിയമം ഒന്നും പ്രശ്നമായതേയില്ല. ഗവർണർ വീണ്ടും വൃത്തിയായി ഭക്തി കാണിച്ചു. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പരസ്യമായി ലംഘിച്ചിട്ട് ബിജെപി അധികാരത്തിലെത്തി. ശ്യാം കുമാർ സിങ്ങിന് ക്യാബിനറ് മന്ത്രി സ്ഥാനവും കിട്ടി.(ഇപ്പോഴും മണിപ്പൂർ സർക്കാരിലെ റവന്യു മന്ത്രിയാണ് പുള്ളി).
ശ്യാം കുമാർ സിംഗിനെ കോൺഗ്രസ് ഉടനെ തന്നെ പുറത്താക്കി. കൂറുമാറ്റ നിരോധന നിയമ പ്രകാരം നടപടിയെടുക്കണമെന്ന് സ്പീക്കർക്കും ഡെപ്യൂട്ടി സ്പീക്കർക്കും പരാതി കൊടുത്തു. അവരാരാന്നാ, ബിജെപി സ്പീക്കറും ബിജെപി ഡെപ്യൂട്ടി സ്പീക്കറും! ഒരു നടപടിയും ഉണ്ടായില്ല. രണ്ടു മാസം കഴിഞ്ഞിട്ടും ഇതേ അവസ്ഥ തുടർന്നപ്പോൾ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി മണിപ്പൂർ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. അവിടേം ഒന്നും നടന്നില്ല. ഭരണഘടനയുടെ ലംഘനമൊക്കെ നോക്കാൻഭക്തന്മാർക്ക് എവിടെ നേരം.
ഈ നേരം മറ്റു ചിലതു അണിയറയിൽ നടക്കുന്നുണ്ടായിരുന്നു. അല്ലെങ്കിൽ അതിനു വേണ്ടിയായിരുന്നു ഈ അനക്കമില്ലായ്മ തന്നെ! ഭരണഘടനയുടെ ഈ പത്താം ഷെഡ്യുൾ കൊണ്ട് പിൻഭാഗം തുടച്ച് എട്ടു കോൺഗ്രസ് എംഎൽഎമാർ കൂടി ബിജെപി കൂടാരത്തിലെത്തി. അതും പരസ്യമായി പ്രഖ്യാപിച്ചു, പൊതു വേദികളിൽ വെച്ച് തന്നെ. ഒരാളും തങ്ങളുടെ എംഎൽഎ സ്ഥാനം രാജി വെച്ചില്ല! അതോടെ ബിജെപിയുടെ നമ്പർ 30 കടന്നു. ഇനിയിപ്പോ എൻപിഎഫ്, എൻപിപി ഇല്ലെങ്കിലും ഞങ്ങൾ ഭരിക്കുമെന്ന് പറയുന്ന പവർ. കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാൻ അസ്സെംബ്ലിയിൽ പ്രതിപക്ഷത്തിന്റെ ബെഞ്ചിൽ വന്നിരിക്കലാണത്രെ ഈ എംഎൽഎമാർ.
മാർച്ചിൽ സഭയിൽ കോൺഗ്രസ് ഈ വിഷയം വീണ്ടുമുയർത്തി. സ്പീക്കർക്ക് ബിജെപി തങ്ങളെ പിന്തുണക്കുന്ന എംഎൽ എമാരുടെ ലിസ്റ്റ് കൊടുത്തു; അതിൽ കോൺഗ്രസ് എംഎൽഎയുടെ നേരെ വൃത്തിക്ക് കോൺഗ്രസ്സ് എന്ന് തന്നെയായിരുന്നു എഴുതിയത്. ഇതുംകൂടെ ചേർത്ത് കോൺഗ്രസ് നേതാവും മുൻ ഉപമുഖ്യമന്ത്രിയും ആയിരുന്ന ഗാംഗ്‌മേ രാജ്യത്തിൻറെ പ്രസിഡന്റിനും അസ്സംബ്ലി സ്പീക്കർക്കും പരാതി നൽകിയിരുന്നു . ഇപ്പൊ ഏകദേശം മൂന്നു മാസമായി. ആ കത്തിന് എന്ത് സംഭവിച്ചിട്ടുണ്ടാവും എന്ന് ഊഹിക്കാമല്ലോ.
ബിജെപിയുടെ കച്ചവട ശ്രമങ്ങളും ഭീഷണികളും ഇപ്പോഴും തുടരുകയാണ്. സഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ആകുകയാണ് ലക്‌ഷ്യം; അതോടെ പിന്നെ ഈ കൂറുമാറ്റ നിയമം ഒന്നും ബാധകമാവില്ല. ഈ എംഎൽഎമാരൊക്കെ നിയമപ്രകാരം തന്നെ അവരുടെ അനുയായികളാവും.
രസകരവും അതെ സമയം പേടിപെടുത്തുന്നതുമായ കാര്യം ഇതൊന്നും എവിടെയും വലിയ വാർത്ത ആയില്ലെന്നതാണ്. ചർച്ച ചെയ്യപ്പെട്ടതുമില്ല. കർണാടകത്തിലെ പോലെ ഭരണഘടന പരസ്യമായി ലംഘിക്കപ്പെടുന്നതിനെതിരെ ശബ്ദിക്കാൻ ഇപ്പറഞ്ഞ കോൺഗ്രസ് സംസ്ഥാന നേതൃത്വമല്ലാതെ ആരുമുണ്ടായില്ല. കോടതിയും നിയമ നിർമാണ സഭയും രാജ്യത്തിൻറെ പ്രസിഡന്റും വരെ കളിച്ച കളി “കോൺഗ്രസിന്റെ പിടിപ്പു കേട്, നേതൃത്വത്തിന്റെ പരാജയം” എന്ന വിമര്ശനങ്ങൾക്കുള്ളിൽ സമർത്ഥമായി ഒളിപ്പിച്ചു കടത്താൻ സംഘപരിവാർ കേഡറുകൾക്കു സാധിച്ചു.
ബിജെപി മുഖ്യമന്ത്രി ബിരേൻ സിങ്ങിന് മാധ്യമംലോകവുമായി വ്യക്തിബന്ധമുണ്ട്. മുൻപ് മാധ്യമപ്രവർത്തകനായിരുന്ന ഇയാളുടെ ഈ ആക്സസ് വാർത്തകൾ മൂടിവെക്കപ്പെടാൻ ഏറെ സഹായിക്കുന്നുണ്ട് എന്ന് പറയുന്നു മണിപ്പൂരിലെ മാധ്യമ പ്രവർത്തകർ.
ആലോചിക്കുമ്പോൾ ശരിയാണ്; ഭരണ നിർവഹണ സംവിധാനങ്ങളും ഭരണഘടനയും കര്ണാടകത്തെത്തിനു സമാനമായി, അല്ലെങ്കിൽ അതിനേക്കാൾ അപഹാസ്യകരമായി ചവിട്ടിയരക്കപ്പെട്ട ഈ മണിപ്പൂർ നാടകങ്ങൾ നമ്മളിലെത്രപേർക്ക് അറിയാമായിരുന്നു ?
(വിവരങ്ങൾക്ക് കടപ്പാട്: ദ് വയർ. ഫോട്ടോ, എംഎൽഎ സ്ഥാനം രാജി വെക്കാതെ തന്നെ ബിജെപിയിൽ ചേരുന്ന നാല് എംഎൽഎ മാർ)