കരുണ കണ്ണൂർ മെഡിക്കൽ ഓർഡിനൻസ് സുപ്രീം കോടതി സ്റ്റേ ചെയ്യും എന്ന കാര്യത്തിൽ ആർക്കും സംശയം ഇല്ലായിരുന്നു. ഒരാൾക്ക് ഒഴികെ. സംസ്ഥാന സർക്കാരിന്റെ സ്റ്റാന്റിംഗ് കൗൺസിൽ ജി പ്രകാശിന് ഒഴികെ. ജി പ്രകാശിന്റെ ആത്മവിശ്വാസത്തിന് കാരണം, സുപ്രീം കോടതിയിലെ ഏറ്റവും പ്രഗത്ഭ അഭിഭാഷകൻ ആയ മുകുൾ റോത്തഗി ആയിരുന്നു.
ജസ്റ്റിസ് അരുൺ മിശ്രയ്‌ക്കും യു യു ലളിതിനും ഒപ്പം പിടിച്ച് നിൽക്കാൻ സുപ്രീം കോടതിയിൽ മുകുൾ റോത്തഗിയെ പോലെ വിരളിൽ എണ്ണാവുന്ന അഭിഭാഷകർ മാത്രമേ ഉള്ളു. സംസ്ഥാന സർക്കാരിന്റെ അഭിമാന നിയമ പോരാട്ടം ആയത് കൊണ്ട് ആകാം അഡ്വക്കേറ്റ് ജനറൽ സുധാകർ പ്രസാദ് രണ്ട് ദിവസം ദില്ലിയിൽ ക്യാമ്പ് ചെയ്ത് റോത്തഗിയും ആയി ചർച്ച നടത്തിയിരുന്നു.
ഒടുവിൽ റോത്തഗിയുടെ നിർദേശത്തെ തുടർന്ന് ബില്ലിൽ സർക്കാർ രണ്ട് ഭേദഗതി കൊണ്ട് വന്നു. അതിൽ ഒന്നിൽ ആയിരുന്നു സർക്കാരിന്റെ മുഴുവൻ പ്രതീക്ഷയും. മെറിറ്റ് നിശ്ചയിക്കാൻ ഉള്ള അധികാരം സർക്കാരിൽ നിന്ന് അഡ്മിഷൻ സൂപ്രവൈസറി കമ്മിറ്റിക്ക് നൽകാനായിരുന്നു റോത്തഗിയുടെ ആദ്യ നിയമ ഉപദേശം. ഓർഡിനൻസും സബ്ജക്ട് കമ്മിറ്റിയും പരിഗണിച്ച ബില്ലിലും മെറിറ്റ് നിശ്ചയിക്കാൻ ഉള്ള അധികാരം ഗവൺമെന്റിന് ആയിരുന്നു. ഇന്നലെ സഭയിൽ മന്ത്രിതന്നെ കൊണ്ട് വന്ന ഭേദഗതിയിലൂടെ അഡ്മിഷൻ സൂപ്രവൈസറി കമ്മിറ്റിക്ക് ആ അധികാരം കൈമാറി.
ജസ്റ്റിസ് അരുൺ മിശ്രയും ജസ്റ്റിസ് ലളിതും അടങ്ങുന്ന ബെഞ്ച് ഈ കേസ് ഇന്ന് ആദ്യം പരിഗണിച്ചപ്പോൾ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജർ ആകേണ്ടിയിരുന്ന റോത്തഗിയും, മെഡിക്കൽ കൗൺസിലിന് വേണ്ടി ഹാജർ ആകേണ്ടിയിരുന്ന വികാസ് സിംഗും കോടതിയിൽ ഇല്ലായിരുന്നു. എന്നാൽ കേസ് മാറ്റി വയ്ക്കില്ല എന്ന് കോടതി വ്യക്തമാക്കി. നാല് കേസുകൾക്ക് ശേഷം പരിഗണിക്കാൻ ആയി മാറ്റി. കേസ് പരിഗണിക്കാൻ ആയി മാറ്റിയതിന് തൊട്ട് പിന്നാലെ റോത്തഗി കോടതിയിൽ എത്തി. എന്നാൽ ആ സമയം കോടതി അടുത്ത കേസിന്റെ നടപടികളിലേക്ക് കടന്നിരുന്നു.
11.30 ന് റോത്തഗി അഹമ്മദാബാദിലേക്കുള്ള യാത്രയ്ക്കായി വിമാനത്താവളത്തിലേക്ക് തിരിച്ചു. 12 മണിക്ക് കേസ് വീണ്ടും എടുത്തപ്പോൾ സംസ്ഥാന സർക്കാരിന് സീനിയർ അഭിഭാഷകർ ഇല്ലായിരുന്നു. ഒരു മണിക്ക് കോടതി ഇടക്കാല വിധി പുറപ്പടിവിക്കുമ്പോൾ റോത്തഗിയുടെ വിമാനം ദില്ലിയിൽ നിന്ന് അഹമ്മദാബാദിലേക്ക് പറക്കാൻ തയ്യാറി നിൽക്കുക ആയിരുന്നിരിക്കും.