| Friday, 8th February 2019, 11:45 pm

ഇയര്‍കൈ വെറുപ്പാനത്, ഇയര്‍കൈ ആപത്താനത്; പേരന്‍പിന്, ഒരു കാസറകോടന്‍ മറുകഥ

എഡിറ്റര്‍
  • നിസാം റാവുത്തര്‍

ഇയര്‍കൈ വെറുപ്പാനത്

കാസറകോട്ടെ ബെള്ളൂരിലെ പ്ലാന്റേഷന്റെ കശുമാവിന്‍ തോട്ടത്തിന് താഴ്‌വാരത്തുള്ള മുക്കുഞ്ചം ധൂമാവതി തെയ്യത്തിന്റെ താനം.
തെയ്യം കഴിഞ്ഞ പകല്‍.
എല്ലാ ആണ്ടിലും നാട്ടുകാര്‍ നടത്തുന്ന കോഴിയങ്കം..
എല്യണ്ണ ഗൗഡയുടെ കുപ്പളനും
അപ്പുപാട്ടാളിയുടെ ഗഡിയനും നേര്‍ക്കുനേര്‍ പോരിന് നിന്നു…
പെട്ടെന്ന് ആകാശത്ത് ഭീകര ശബ്ദം മുഴക്കി ഒരു ഹെലികോപ്ടര്‍..
തങ്ങളെ കാത്തരുളുന്ന ധൂമാവതി കോപിച്ചോ ? കാത്തരുളണേ ദേവീ….
പേടിച്ചരണ്ട് പോരുകോഴികള്‍ സമീപത്തെ കുറ്റിക്കാട്ടിലൊളിച്ചു….

ഇയര്‍കൈ അതിസയമാനത്
…………………………………………..
കാറടുക്കത്തെ നഫീസത്ത് റാഫീലയെ പ്രസവിച്ച എഴാം ദിനം കുഞ്ഞിന് സെറിബ്രല്‍ പാള്‍സി എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍ അവളുടെ ഉപ്പ ഖാദര്‍ അജ്മീര്‍ ദര്‍ഗയിലേക്ക് എന്ന് പറഞ്ഞ് വീടുവിട്ടിറങ്ങി…
പിന്നെ മടങ്ങി വന്നില്ല
രണ്ട് മാസം കഴിഞ്ഞപ്പോള്‍ ഉമ്മയായ സമീറയേയും കൈയ്യില്‍ ശോഷിച്ചപോയ റാഫില യേയും ഭര്‍തൃവീട്ടുകാര്‍ പുറത്താക്കി

ഇയര്‍കൈ കൊട്ടൂരമാനത്
……………………………………………………
എണ്‍മകജേയിലെ ശീലാ ബതി,
വാണിനഗര്‍ ഉസ്‌കൂളിലേക്ക് നടക്കുന്നു.
ഹെലികോപ്ടറില്‍ നിന്ന് വെള്ള മഴ
അവളെ നനയിച്ചു..
അവള്‍ വീണു. പിന്നെ പിടഞ്ഞു.
പിന്നെയവള്‍ വളര്‍ന്നില്ല, വളരാത്ത
ആ കുഞ്ഞ് 40 വര്‍ഷം ജീവിച്ചു “..
ഒറ്റപ്പെട്ട ആ വീട്ടില്‍ ആ അമ്മയും 40 വര്‍ഷം ഒറ്റക്ക് ആ കുഞ്ഞിന് കാവലിരുന്നു…

ഇയര്‍കൈ അര്‍പ്പുതമാനത്
……………………:………………………….
കളി കോപ്പുകളുടെ തറയില്‍
തല വലുതായി ഉടല്‍ ശോഷിച്ച
അഭിലാഷ് , അഛന്‍ ബാല സുബ്രമണ്യഭട്ടിനെ നോക്കി അവന്റെ ജീവിതത്തിലാദ്യമായി ഒരു ചിരി ചിരിച്ചു..
അന്നവര്‍ തീരുമാനിച്ചു
ഇവനല്ലാതെ മറ്റൊരു കുഞ്ഞ്
ഞങ്ങള്‍ക്ക് വേണ്ട…

ഇയര്‍കൈ പുതിരാനത്
………………………………………………
വൈകാതെ,
പ്ലാന്റേഷന്റെ കുന്നിന്‍ ചെരുവായ
തോട്ടത്തു മൂലയില്‍ ശരീരമാകെ നീല നീറവുമായി ഒരു പെണ്‍കുട്ടി ജനിച്ചു.
28 ദിവസത്തിന് ശേഷം ശരീരം മഞ്ഞ നിറമായി..
പിന്നെ… മണ്ണു നിറമായി..

ഇയര്‍കൈ ആപത്താനത്
………………………………………………….
ഗോളിക്കട്ടെ ശശിയുടെ മകള്‍ പ്രജിത,
സെറിബ്രല്‍ പാള്‍സി യുടെ ഇര.
അമ്മ വാസന്തി അതിനെ തോളില്‍ നിന്ന് താഴെ വച്ചിട്ടില്ല..
രോഗം വല്ലാതെ തളര്‍ത്തിയ കുഞ്ഞുമായി ആ രാത്രിയില്‍ ആശുപത്രിയിലേക്ക് ഓടി.
സീറ്റില്‍ ഡോക്ടറില്ല..
കാത്തിരുന്നു..
ഒടുവില്‍ രക്തം ഛര്‍ദ്ദിച്ചു മരിച്ചു ,
ആ കുരുവി കുഞ്ഞ്…

ഇയര്‍കൈ സ്വതന്ത്രമാനത്
……………………………………………………
സര്‍ക്കാര്‍ നഷ്ടപരിഹാരം ലഭിക്കില്ലന്നറിഞ്ഞ അര്‍ബുദ രോഗിയായ ജനു നായിക്കന്‍..
ഒരു നട്ടുച്ചക്ക് പ്ലാന്റേഷന്റെ ഉച്ചിയിലേക്ക് നടന്നു..
കൈയ്യില്‍ നേര്‍പ്പിച്ച എന്‍ഡോസള്‍ഫാന്‍ ദ്രാവകവും..
അന്ന് വൈകുന്നേരമായപ്പോള്‍
അത് കുടിച്ച് അയാള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു..

ഇയര്‍കൈ ഇറക്കമറ്റത്
………………………………………….
കണ്ണില്‍ ചോരയില്ലാത്തവരുടെ പ്രകൃതിയില്‍
അമ്മമാരെല്ലാവരും ഒരിറ്റ് വറ്റിനായി കൈകുഞ്ഞുങ്ങളുമായി വിലപിച്ചപ്പോള്‍
അവര്‍ പറഞ്ഞു,
എത്ര കിട്ടിയാലും ആര്‍ത്തി തീരാത്ത
അര ജന്മങ്ങള്‍
ഹൊ

ഇയര്‍കൈ ദാഹമാനത്
…………………………………………
വര്‍ഷങ്ങള്‍ക്ക് ശേഷം
കുട് വയിലെ തിമ്മപ്പനെ കണ്ടപ്പോള്‍
കൈ ചേര്‍ത്തു പിടിച്ചു വിതുമ്പി
ഞാന്‍ പറഞ്ഞത് തെറ്റായി പോയി സാര്‍,
ഈ മണ്ണിലും വെള്ളത്തിലുമുണ്ട്,
ന്റെ അച്ചനെ അത് കൊണ്ടോയി
ഇപ്പോ എന്നെയും…

ഇയര്‍കൈ മുടി വറ്റത്
…………………………………:…………………
ആ ചോദ്യത്തിന്
സുമിത്ര എന്ന മാതാവിന് ഒരു ഉത്തരം മാത്രം
ആരെങ്കിലും ഒരാള്‍ ആദ്യം മരിച്ചാല്‍
ഈ കുട്ടികളേയും കൊണ്ട് ഞങ്ങളും പോകാന്‍ തീരുമാനിച്ചിട്ടുണ്ട്..
ഇവരെ ആര് നോക്കാന്‍!

ഇയര്‍കൈ പേരമ്പാനത്
.:……………………………………………….
അതിനായി
കാത്തിരുന്നു മരിച്ചവരും
അതിനായി
ജീവിച്ച് കാത്തിരിക്കുന്നവരും”.
അവരുടെ തുടരുന്ന കഥകളും

(പേരന്‍പിന് , ഒരു കാസറകോടന്‍ മറുകഥ)




എഡിറ്റര്‍

We use cookies to give you the best possible experience. Learn more