മൂലധനത്തിന്റെ ഇരകള്‍ തന്നെയാണ് പട്ടാളക്കാരും..ഫീലിംഗ് പത്താന്‍കോട്ട്
News of the day
മൂലധനത്തിന്റെ ഇരകള്‍ തന്നെയാണ് പട്ടാളക്കാരും..ഫീലിംഗ് പത്താന്‍കോട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th January 2016, 6:47 pm

nij-1

NIJAZ-ASANAR

|ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍: നിജാസ് അസനാര്‍ കുഞ്ഞ്|


മറ്റെല്ലാ പ്രശ്‌നങ്ങള്‍ക്കും മേലെ ദേശീയത എന്ന ഒറ്റ വികാരത്തെ ഉണര്‍ത്താന്‍ പറ്റിയ മരുന്ന് ഇതുപോലുള്ള സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കലാണ്. ഒരു യുദ്ധം എല്ലാറ്റിന്റെയും പരിഹാരമാണ്. ഒരു മരുന്നും ഏല്‍ക്കാതെ വരുമ്പോള്‍ കണ്ടെത്തുന്ന ഒടുവിലത്തെ മരുന്ന്. എല്ലാം അതില്‍ അമര്‍ന്നു കൊള്ളും. എല്ലാ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കും ഒറ്റമൂലിയായി ഒരു അതിര്‍ത്തി പ്രശ്‌നം മതി എന്ന തന്ത്രം.

കാര്‍ഗിലില്‍ നുഴഞ്ഞു കയറാന്‍ ഒരവസരം കൊടുത്തിട്ട് ഒരു ദേശീയതയെ ഗിരിശൃംഗങ്ങളില്‍ വിജയത്തിന്റെ പതാകയായി നാട്ടിയതുപോലെ. രാഷ്ട്രത്തിന്റെ ആഭ്യന്തരം എന്നാല്‍ ജനത്തിന്റെ വയറാണ്. അതിന്റെ വേവാണ് ബീഫായും പരിപ്പായും ഡീസലായും പെട്രോളായും പാചകവാതകമായും വിലക്കയറ്റമായും വിലയില്ലായ്മയായും ഒക്കെ പുകയുന്നത്. അങ്ങനെ ആഭ്യന്തരമായി രൂപം കൊണ്ട അതിരുകളെ (ഭരണകൂടവും ജനവും എന്ന വിഭജനത്തിനിടയിലെ അതിര്‍ത്തി) മറച്ചുവെക്കാന്‍ അതിര്‍ത്തിയില്‍ ഒരു യുദ്ധം നടത്തിയാല്‍ മതിയാവും എന്ന തന്ത്രം.

ഒരു പട്ടാളക്കാരനും യുദ്ധം ചെയ്യാനല്ല വീടുകളില്‍ നിന്ന് പോകുന്നത്. വീട് പുലരാനാണ്. പട്ടാളക്കാരന്റെ അടിസ്ഥാന ആഭ്യന്തര കാര്യം അതാണ്. യുദ്ധങ്ങളും കലാപങ്ങളും ഉണ്ടാകരുതേ എന്നാണ് ഓരോ പട്ടാളക്കാരനും അയാളുടെ കുടുംബങ്ങളും പ്രാര്‍ത്ഥിക്കുന്നത്. അയാള്‍ ചെയ്യുന്ന ജോലിക്ക് ഉദാത്തമായ ഒരു തലം വരണമെങ്കില്‍ വെറുമൊരു തോക്കിന്റേയോ വെടിയുണ്ടയുടെയോ പട്ടാള കമാന്റിന്റെയോ യാന്ത്രികതയെ കവിഞ്ഞു നില്‍ക്കുന്ന ഒരു വൈകാരിക തലം ആവശ്യമായി വരുന്നു. അതാണ് ദേശീയത. മാതൃഭൂമിക്കു വേണ്ടിയാണ് താന്‍ മരിക്കുന്നതും കൊല്ലുന്നതും എന്ന വികാരം.

വീട്ടിലേക്ക് അരി വാങ്ങാന്‍ പോകുന്നവന്‍ മരുഭൂമിയില്‍ കിടന്ന് മരിക്കുമ്പോള്‍ മിടിക്കാത്ത ഹൃദയങ്ങള്‍, വീട്ടിലേക്ക് അരിവാങ്ങാന്‍ പോകുന്ന പട്ടാളക്കാരന്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെടുമ്പോള്‍ മിടിക്കുന്നു. മരുഭൂമിയിലോ അങ്ങാടിയിലോ പണിശാലകളിലോ വച്ച് അച്ഛന്‍ മരിക്കുമ്പോള്‍ വേദനയും നഷ്ടവും തോന്നുന്ന മക്കള്‍ക്ക് പട്ടാളക്കാരനായ അച്ഛന്‍ അതിര്‍ത്തിയില്‍ മരിക്കുമ്പോള്‍ വേദനകള്‍ക്കു മോലെ പടുത്ത വെക്കപ്പെടുന്ന വീരത്വം കൈവരുന്നു.

വാസ്തവത്തില്‍ കൊല്ലപ്പെടുന്ന ഭടന്റെ ജീവനെടുക്കുന്നത് ദേശീയതയെ പുനര്‍നിര്‍മ്മിച്ചു കൊണ്ടിരിക്കുകയും അതിന്റെ പേരില്‍ സ്വന്തം അതിജീവനം സാദ്ധ്യമാക്കുകയും ചെയ്യുന്ന അധികാരമൂലധനശക്തികളാണ്. രാഷ്ട്രീയക്കാര്‍ (ദേശീയത) മൂലധനത്തിന്റെ ഉപകരണവും പട്ടാളക്കാര്‍ ഇരകളുമാണ്. പരിപ്പ് പൂഴ്ത്തിവെക്കുന്നവരും പെട്രോളിലും ഡീസലിലും പാചകവാതകത്തിലും മൂലധനം ഇരട്ടിപ്പിക്കുന്നവരും ആയുധ നിര്‍മ്മാതാക്കളും അതിന്റെ വില്‍പ്പനക്കാരും ഒക്കെയാണ് വിജയികള്‍. ഒരു പട്ടാളക്കാരനും ഒരു ദേശീയതയും വിജയിക്കുന്നില്ല.