| Thursday, 25th May 2017, 12:58 pm

ഇസ്‌ലാമോഫോബിയ ഒരു മിഥ്യയല്ല; മുംബൈയില്‍ അറസ്റ്റിലായ ഈ മുസ്‌ലിം വിദ്യാര്‍ഥികള്‍ തെളിവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒരു വാര്‍ത്ത കണ്ടതിന്റെ ഹാങ്ങോവറിലാണ് ഈ കുറിപ്പെഴുതുന്നത്.

ആദ്യം വാര്‍ത്തയെന്തെന്ന് പറയാം.

കേരളത്തിലെ ഒരു മുസ്ലിം സ്ഥാപനത്തില്‍ നിന്നും ഇന്നലെ ഒരുപറ്റം വിദ്യാര്‍ഥികള്‍ മുംബൈയിലേക്ക് ട്രെയിന്‍ മാര്‍ഗം യാത്രപുറപ്പെട്ടു. അവരില്‍ ഒരാള്‍ മുംബൈ റയില്‍വേ സ്റ്റേഷനില്‍ എത്താനായപ്പോള്‍ നാട്ടിലുള്ള തന്റെ കൂട്ടുകാരന് “Reached Bombay” എന്ന് മെസ്സേജയച്ചു.

താടിയും തലപ്പാവുമുള്ള വിദ്യാര്‍ഥി ബോംബെ എന്ന് ടൈപ്പ് ചെയ്യുന്നത് കണ്ട് ഒരു സഹയാത്രികന്‍ “ബോംബിനെ” കുറിച്ചാണ് എഴുതുന്നത് എന്ന് തെറ്റിദ്ധരിക്കുകയും സംഭവം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.

വിദ്യാര്‍ത്ഥികള്‍ മുംബൈ എന്നതിന് പകരം ബോംബെ എന്ന് യാത്രയിലുടനീളം പറയുന്നത് കേട്ട്, ഇവര്‍ ട്രെയിനല്‍ ബോംബ് വെക്കുന്നതിനെ കുറിച്ച് ഗൂഢാലോചന നടത്തുകയാണെന്നും ഇയാള്‍ സംശയിച്ചുവത്രേ.

കഥ അവിടെ തീരുന്നില്ല. കക്ഷി മുംബൈ എത്തിയ ഉടന്‍ പോലീസില്‍ വിളിച്ചു വിവരമറിയിക്കുകയും റയില്‍വേ സ്റ്റേഷനില്‍ വിദ്യാര്‍ഥികള്‍ ഇറങ്ങിയ മാത്രയില്‍ പോലീസെത്തി ചോദ്യം ചെയ്യാന്‍ കൂട്ടിക്കൊണ്ടു പോകുകയും ചെയ്തു. രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന വിശദപരിശോധനക്ക് ശേഷമാണ് നിരപരാധികളാണെന്നു ബോധ്യമായി അവര്‍ വിട്ടയക്കപ്പെട്ടത്.

ഇന്ത്യയില്‍ ഒരു മുസ്ലിം നാമവും ചിഹ്നവുമെല്ലാം മറ്റുള്ളവരെ എത്രമാത്രം അസ്വസ്ഥരാക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായിട്ടാണ് ആ വാര്‍ത്ത എല്ലാവര്‍ക്കുമെന്ന പോലെ എനിക്കും അനുഭവപ്പെട്ടത്. ഇസ്ലാമോഫോബിയ ഒരു മിഥ്യയല്ലെന്നും, ഓരോ മുസ്ലിമും ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന യാഥാര്‍ഥ്യമാണതെന്നും അടിവരയിടുന്ന മറ്റൊരദ്ധ്യായം.


Also Read: ‘മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു’; ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയില്‍ വാദിച്ചിട്ടുണ്ടെന്നും ഹരീഷ് സാല്‍വേ ഹാജരായിട്ടുണ്ടെന്നും ഒ. രാജഗോപാല്‍ എം.എല്‍.എ 


എന്നാല്‍, ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഒരു മുഖ്യധാരാ ചാനലിനും അങ്ങനെയൊന്നും തോന്നിയതേയില്ല എന്നു മാത്രമല്ല, എന്തോ വലിയ തമാശ നടന്ന മട്ടിലാണ് എല്ലാവരും സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

“മുംബൈയുടെ പഴയ നാമം ഉപയോഗിച്ചപ്പോള്‍ വിദ്യാര്‍ഥിക്ക് പറ്റിയ അമളി”, “ബോംബെ വാങ്ങിച്ചുകൊടുത്ത പണി”, അങ്ങനെ പോകുന്നു തമാശകള്‍.

പരാതിപ്പെട്ടവന് ഊരോ പേരോ ഇല്ല.

എന്നാലോ, വിദ്യാര്‍ത്ഥികളുടെ അപോളെജെറ്റിക്ക് ബൈറ്റുകളെടുക്കാന്‍ ആരും മറന്നിട്ടുമില്ലതാനും.
“എന്റെ ഭാഗത്തും തെറ്റുണ്ട്. ഞാന്‍ അങ്ങനെ മെസ്സേജ് അയക്കാന്‍ പാടില്ലായിരുന്നു” എന്ന തരത്തില്‍ ഒരു സ്റ്റേറ്റ്‌മെന്റ് വിദ്യാര്‍ത്ഥിയുടെ വായില്‍തിരുകി, ഒന്നും സംഭവിച്ചില്ലല്ലോ എന്നാശ്വസിച്ചു നിറുത്തുകയാണ് എല്ലാരും.

ഞാന്‍ ആലോചിക്കുന്നത് ഇതാണ്. പോലിസ് പരിശോധനയില്‍ ഒരു നിരോധിക്കപ്പെട്ട പുസ്തകമോ, മാസികയോ കണ്ടുകിട്ടിയിരുന്നെങ്കില്‍ ഈ തമാശക്കാരൊക്കെ എന്ത് പറയുമായിരുന്നു?

We use cookies to give you the best possible experience. Learn more