| Wednesday, 6th February 2019, 9:20 pm

ശബരിമല വാദത്തിനിടെ കേട്ട പഞ്ച് ഡയലോഗുകള്‍

എം ഉണ്ണികൃഷ്ണന്‍
  •  ജയ് ദീപ് ഗുപ്ത, സംസ്ഥാന സര്‍ക്കാര്‍

“ക്ഷേത്ര പ്രവേശനമാണ് ഏറ്റവും വലിയ അവകാശം. ആരെയും ഒഴിവാക്കാന്‍ ആകില്ല, വിവേചനം പാടില്ല. ഇതാണ് ഭരണഘടനയുടെ അടിസ്ഥാന തത്വം”

“സമൂഹത്തിലെ സമാധാനം തകര്‍ന്നു എന്നത് കോടതി വിധി പുനഃപരിശോധിക്കാന്‍ തക്ക കാരണം അല്ല. സമാധാനം പുലരുമെന്നാണ് പ്രതീക്ഷ. സാഹചര്യങ്ങള്‍ മാറും.”

“തുല്യതയാണ് വിധിയുടെ അടിസ്ഥാനം. തൊട്ടുകൂടായ്മ അല്ല. ആചാരം മൗലികാവകാശങ്ങള്‍ക്ക് വിധേയമാണ്”

  •  രാകേഷ് ദ്വിവേദി, ദേവസ്വം ബോര്‍ഡ്

“ആര്‍ത്തവം ഇല്ലാതെ മനുഷ്യ കുലത്തിന് നിലനില്‍പ്പില്ല”

“എല്ലാ വ്യക്തികളും തുല്യര്‍ ആണെന്നതാണ് മതത്തിന്റെ അടിസ്ഥാനം. എല്ലാവര്‍ക്കും തുല്യ അവകാശം. പ്രവേശനത്തിനോ ആരാധനയ്‌ക്കോ തുല്യ അവകാശം നിഷേധിക്കാന്‍ ആകില്ല.”

“സുപ്രധാന വിധി കൊണ്ടുവന്ന മാറ്റം ഇതിനെ എതിര്‍ക്കുന്നവര്‍ പോലും അംഗീകരിച്ചേ മതിയാകൂ.”

“സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശങ്ങള്‍ എന്നതാണ് ശബരിമല വിധിയുടെ അന്തസത്ത. ഇതാണ് സമൂഹത്തിന്റെ അടിസ്ഥാന മൂല്യം.”

” എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു പോകേണ്ട സമയമാണ് ഇത്. സമൂഹം മുന്നോട്ടാണ് പോകേണ്ടത്.”

“ജൈവശാസ്ത്ര പരമായ കാരണങ്ങളാല്‍ സ്ത്രീകളെ ക്ഷേത്രങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ആകില്ല. സമൂഹത്തിന്റെ ഒരു മേഖലയിലും സ്ത്രീകളെ മാറ്റിനിര്‍ത്താന്‍ ആകില്ല. തുല്യത ഉറപ്പാക്കാന്‍ ഭരണകൂടത്തിന് ബാധ്യത ഉണ്ട്.”

Read Also : വിധി പ്രതികൂലമാണെങ്കില്‍ യുദ്ധം ചെയ്യാനില്ല; വീണ്ടും സംഘര്‍ഷമുണ്ടാകുമോ എന്ന് ആശങ്കയുണ്ടെന്നും ശശികുമാരവര്‍മ്മ

  •  ഇന്ദിര ജയ്‌സിങ്, ബിന്ദുവിനും കനക ദുര്‍ഗയ്ക്കും വേണ്ടി.

” സ്ത്രീകളെ മാറ്റിനിര്‍ത്താന്‍ ഇപ്പോഴും ശ്രമം നടക്കുന്നു. ശുദ്ധി ക്രിയ നടത്തിയത് തൊട്ടു കൂടായ്മ ഉണ്ടെന്നതിന് തെളിവ്.”

“ശബരിമല പൊതു ക്ഷേത്രമാണ്. ആരുടെയും കുടുംബ ക്ഷേത്രമല്ല.”

“നിയമപരമായി സ്ത്രീകളെ ക്ഷേത്ര പ്രവേശനത്തില്‍ നിന്ന് വിലക്കാന്‍ ആകില്ല. സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ കയറണമെന്ന് തോന്നിയാല്‍ അത് തടയാന്‍ ആര്‍ക്കും ആകില്ല. അവര്‍ കയറും. നിയമം അങ്ങനെയാണ്.”

“മനസാക്ഷിയുടെ സ്വാതന്ത്ര്യം ആണ് പരമം”

“സ്ത്രീകള്‍ യുദ്ധത്തിന് പോകാറില്ല.
അക്രമം സ്ത്രീകളുടെ സ്വഭാവം അല്ല.വിധി മറിയിച്ചായിരുന്നെങ്കില്‍ സ്ത്രീകള്‍ അക്രമം നടത്തുമായിരുന്നില്ല. നിയമം അനുവദിക്കുന്ന പുനപരിശോധന ഹര്‍ജിയോ തിരുത്തല്‍ ഹര്‍ജിയോ ഞങ്ങള്‍ നല്‍കുമായിരുന്നു”

“ദൈവത്തിന് ലിംഗ വ്യത്യാസം ഇല്ല. സ്ത്രീകളും വ്യക്തികളാണ് ശുദ്ധി ക്രിയ സ്ഥാപിക്കുന്നത് സ്ത്രീ മലിനയെന്ന്.”

“ശുദ്ധിക്രിയ ഭരണഘടനയുടെ ഹൃദയത്തില്‍ ഏറ്റ മുറിവ്”

Read Also : വാദിക്കാന്‍ അവസരം തേടി അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം; കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസിന്റെ മുന്നറിയിപ്പ്

  • ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍

“ചരിത്രത്തില്‍ ഒരുപാട് സ്ത്രീകള്‍ യുദ്ധം ചെയ്തിട്ടുണ്ട്. റസിയ സുല്‍ത്താന അടക്കമുള്ളവര്‍”

(സ്ത്രീകള്‍ യുദ്ധം ചെയ്യാറിലെന്ന് ഇന്ദിരാ ജയ്‌സിങ് പറഞ്ഞപ്പോള്‍)

“പട്ടിക ജാതി സ്ത്രീകള്‍ അവിടെ വന്നാല്‍ അവരുടെ തോന്നല്‍ എന്താകുമെന്നു ആലോചിച്ചിട്ടുണ്ടോ?”

“വിധിയുടെ അടിസ്ഥാനം തൊട്ടുകൂടായ്മ മാത്രമല്ല”

(എന്‍എസ്എസ് ന് വേണ്ടി പരാശരന്‍ വാദിക്കുന്നതിന് ഇടെ)

  •  പിവി ദിനേശ്, കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയ രണ്ടു സ്ത്രീകള്‍ക്കും കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയ സിന്ധുവിനും വേണ്ടി.

“10 വയസുള്ള പെണ്കുട്ടി അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മ ചര്യ സ്വഭാവം ലംഘിക്കുന്നുവെന്ന് പറയുന്നത് അയ്യപ്പനെ അപമാനിക്കലാണ്. ദൈവത്തിന്റെ ബ്രഹ്മചര്യം തെറ്റിക്കുന്നയാളാണ് താന്‍ എന്ന തോന്നല്‍ പെണ്കുട്ടികളിലും തെറ്റായ ചിന്തയാണ് ഉണ്ടാക്കുക.”

  • അഭിഷേക് സിംഗ്വി, പ്രയാര്‍ ഗോപാല കൃഷ്ണന് വേണ്ടി

“യുക്തികൊണ്ട് അളക്കാന്‍ ശബരിമല സയന്‍സ് മ്യൂസിയം അല്ല ക്ഷേത്രമാണ്. ബഹുസ്വര രാജ്യമായ ഇന്ത്യയിലെ ആചാരങ്ങളെയും വിശ്വാസങ്ങളെയും യുക്തികൊണ്ട് അളക്കാന്‍ നില്‍ക്കരുത്.”

“പ്രത്യേക രൂപ ഭാവങ്ങളിലാണ് വിശ്വാസികള്‍ ദൈവത്തെ ആരാധിക്കുന്നത്. ശബരിമലയില്‍ നൈഷ്ഠിക ബ്രഹാമചര്യ ഭാവം.അത് അംഗീകാരിച്ചാല്‍ മറ്റ് വിഷയങ്ങള്‍ എല്ലാം ഇല്ലാതാകും.”

  •  കെ പരാശരന്‍, എന്‍ എസ്എസ്

“ഇത് ഉഭയകക്ഷി തര്‍ക്കമല്ല, ശബരിമല യുവതീ പ്രവേശന വിധി മറ്റു മതങ്ങളിലും പ്രത്യാഘാതം ഉണ്ടാക്കും.”

“ഞാന്‍ ഇതുവരെ ഹാജരായ 3 പുനപരിശോധന ഹര്‍ജികള്‍ എല്ലാം കോടതി സ്വീകരിച്ചിട്ടുണ്ട്. ഇതും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.”



  • വി ഗിരി, തന്ത്രി കണ്ഠരര് രാജീവര്‍ക്ക് വേണ്ടി

” തന്ത്രിയാണ് പ്രതിഷ്ഠയുടെ രക്ഷാധികാരി. ശബരിമല അയ്യപ്പന് പ്രത്യേക മൂര്‍ത്തീ ഭാവമാണ്. അതാണ് ബ്രഹ്മചര്യം. മറ്റു ക്ഷേത്രങ്ങള്‍ പോലെയല്ല ശബരിമല.”

“പ്രതിഷ്ഠയുടെ സ്വഭാവത്തിനോട് ഇണങ്ങുന്ന വിധം ഭക്തര്‍ക്ക് ഭരണഘടനാ പരമായ അവകാശം ഉണ്ട്.”

  •  ശേഖര്‍ നാഫ്‌ഡേ, ബ്രഹ്മണ സഭ

” മതം വിശ്വാസത്തിന്റെ വിഷയമാണ്. ചിലര്‍ വിശ്വസിക്കുന്നു ദൈവം ഉണ്ടെന്ന്. ഹോക്കിങ്സിനെ പോലുള്ളവര്‍ മറിച്ചും. ക്രിമിനാലിറ്റി ഉണ്ടെങ്കില്‍ മാത്രമേ ആചാരത്തില്‍ കോടതിക്ക് ഇടപെടാന്‍ ആകൂ.”

“ആരാണ് അനിവാര്യമായ ആചാരമെന്നും അല്ലെന്നും നിശ്ചയിക്കുന്നത്. അത് ആ സമുദായങ്ങള്‍ ആണ് തീരുമാനിക്കേണ്ടത്.”

  •  ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര

“ദേവസ്വം ബോര്‍ഡ് നേരത്തെ യുവതീ പ്രവേശനത്തെ എതിര്‍ത്തതല്ലേ, ഇപ്പോള്‍ നിലപാട് മാറ്റിയോ?”

  •  വെങ്കിട്ട രമണി, മുതിര്‍ന്ന അഭിഭാഷകന്‍.

” ഒരു ആചാരം എന്തെന്ന് കോടതി തീരുമാനിക്കരുത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ വിശ്വസിക്കാം, അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കാം”

  •  വെങ്കിട്ട രാമന്‍

“ആര്‍ത്തവവുമായി ബന്ധപ്പെട്ട വിശ്വാസം ഇന്ത്യന്‍ പാരമ്പര്യം മാത്രം അല്ല. ഈജിപ്തില്‍ അടക്കം ആര്‍ത്തവത്തെ പ്രതിഷ്ഠയുമായി ബന്ധിപ്പിക്കാറുണ്ട്. അതിന് തെളിവുണ്ട്. അവസരം ലഭിച്ചാല്‍ തെളിയിക്കാം.”

  •  ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്

” എന്തെങ്കിലും അര്‍ത്ഥം ഉണ്ടാക്കാന്‍ ആകുന്നെങ്കില്‍ നിങ്ങള്‍ വാദിക്കുക. അല്ലെങ്കില്‍ വാദം നിര്‍ത്തുക”

(അഡ്വ : മാത്യൂസ് നേടുമ്പാറയോട്)

  •  വികെ ബിജു, ശബരിമല കസ്റ്റം പ്രൊട്ടക്ഷന്‍ ഫോറം

“തന്ത്രിയുടെ സത്യവാങ്മൂലം തെറ്റാണ്. ആര്‍ത്തവമല്ല ശബരിമലയിലെ ആചാരത്തിന് അടിസ്ഥാനം. നൈഷ്ഠിക ബ്രഹ്മചര്യമാണ്. ആര്‍ത്തവമാണെന്ന സത്യവാങ്മൂലം അടിസ്ഥാനമാക്കിയുള്ള വിധി നിലനില്‍ക്കില്ല.”

എം ഉണ്ണികൃഷ്ണന്‍

We use cookies to give you the best possible experience. Learn more