| Saturday, 16th June 2018, 10:19 pm

ഒന്നുറങ്ങി എഴുന്നേറ്റ് കുരിശു വരച്ചാല്‍ തീരാവുന്ന തട്ടു കേടേ മെസ്സിക്കിപ്പോള്‍ പറ്റിയിട്ടുള്ളൂ

രാജീവ് രാമചന്ദ്രന്‍

അര്‍ജന്റീന – ഐസ്‌ലാന്‍ഡ് കളി വൈകിയാണ് കണ്ടുതുടങ്ങിയത് ഗോളുകള്‍ക്ക് ശേഷം. അര്‍ജന്റീന ഞാന്‍ കരുതിയത്രയും മോശമായി കളിച്ചില്ല എന്നാണ് എനിക്ക് തോന്നിയത്. ഇടം കാലിനിടം കൊടുക്കാതെ മെസ്സിയെ ചുറ്റി വളയാന്‍ രണ്ടിലേറെ പേരെ നിയോഗിക്കുന്ന തന്ത്രം പല ടീമുകളും ഇപ്പോള്‍ പരീക്ഷിക്കുന്നതാണ്.ഐസ് ലാന്‍ഡുകാര്‍ അത് അതിഗംഭീരമായി നടപ്പാക്കി.

മെസ്സിയുടെ കാലുകള്‍ക്ക് സ്വതന്ത്രമായി ഒരു ഷോട്ടെടുക്കാന്‍ (ഞാന്‍ കണ്ട 70 മിനിറ്റില്‍) രണ്ടേ രണ്ടു തവണയാണ് കഴിഞ്ഞത്. രണ്ടും നേരിയ വ്യത്യാസത്തില്‍  പോസ്റ്റില്‍ നിന്ന് ഒഴിഞ്ഞു പോയി. പ്രതിരോധ വലയത്തില്‍ ശ്വാസം മുട്ടിപ്പോയതോടെ അയാള്‍ കളി കൈവിട്ട മട്ടിലാണ് കളത്തില്‍ നിന്നത്. ഇങ്ങനെ Dropped shoulders മായി മെസ്സിയെ ഞാന്‍ അധികം കണ്ടിട്ടില്ല.

ഫ്രീക്കിക്കുകളിലാണ് അത് പ്രകടമായത്. ഇന്ന് മെസ്സിയുടെ ദിവസമായിരുന്നുവെങ്കില്‍ പോസ്റ്റിന്റെ മുകള്‍ മൂലകളില്‍ ചെന്നവസാനിക്കേണ്ട കിക്കുകളായിരുന്നു അവ. പെനാല്‍റ്റി കിക്ക് പാഴായത് പക്ഷെ മെസ്സിയുടെ പിഴവിനേക്കാള്‍ ആ കീപ്പറുടെ മികവാണ്.

അയാളിന്ന് മാരക ഫോമിലായിരുന്നു. തനിക്കു മുന്നില്‍ പത്തുപേര്‍ രണ്ടും കല്‍പ്പിച്ച് എതിരാളികളെ മരിച്ചുതടയുമ്പോള്‍ കിട്ടുന്ന അത്മവിശ്വാസമുണ്ടല്ലോ – അത് അതിമാനുഷരെ സൃഷ്ടിക്കാന്‍ പോന്നതാണ്. വലിയ തോതില്‍ അതിക്രമം നടത്താതെ അര്‍ജന്റീനയെ വരയ്ക്കപ്പുറം നിര്‍ത്തിയ ഐസ്‌ലാന്‍ഡുകാരുടെ മാച്ചാണിത്.

അര്‍ജന്റീനയുടെ പ്രതിരോധ പിഴവുകളല്ല (അതറിയാത്തവരാരും ഈ ലോകത്തില്ല) മറിച്ച് അര്‍ജന്റീനയെ പ്രതിരോധിക്കേണ്ട രീതിയാണ് ഐസ്‌ലാന്‍ഡ് ഇന്ന് പ്രദര്‍ശിപ്പിച്ചത്.ക്രൊയേഷ്യയോടും നൈജീരിയയോടും അര്‍ജന്റീന ഇതിലും നന്നായി കളിക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. അവര്‍ക്ക് മെസ്സിയെ തടയാന്‍ അര ഡസന്‍ പേരെ നിയോഗിക്കാനാവില്ല.

ഒന്നുറങ്ങി എഴുന്നേറ്റ് കുരിശു വരച്ചാല്‍ തീരാവുന്ന തട്ടു കേടേ മെസ്സിക്കിപ്പോള്‍ പറ്റിയിട്ടുള്ളൂ.

രാജീവ് രാമചന്ദ്രന്‍

We use cookies to give you the best possible experience. Learn more