പ്രണയം ഒരു നഴ്‌സറിപ്പാട്ട് പോലെ ലളിതമാണ് എന്നെഴുതിയത് കെ.ജി.എസ്സാണ്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു നഴ്‌സറിപ്പാട്ട് കേട്ടിട്ടുണ്ടോ, ഇല്ലെങ്കില്‍ തമാശ കാണണം കേട്ടോ. ആ രണ്ട് മണിക്കൂറിന്റെ പേരാണ് ഹാപ്പി അവേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്.
‘കുന്നോളം… കിനാവോളം…
ഒരു പൂതി പൂത്താകെ… ‘
റെക്‌സ് വിജയന്റെ ഈണത്തില്‍ ഷഹബാസ് അമന്‍ മുഹ്‌സിന്‍ പരാരിയുടെ പാട്ട് പാടുമ്പോള്‍ കുട്ടിക്കാലത്തേക്ക് മടക്കിവെച്ച കുഞ്ഞുടുപ്പിന്റെ മണമായിരുന്നു തീയേറ്ററിനകം നിറയെ. സ്റ്റാഫ് റൂമില്‍ നിന്ന് ശ്രീനിവാസമ്മാഷ് ചോറ്റുപാത്രം തുറന്നപ്പോള്‍ മണമടിച്ച് കസേരയില്‍ നിന്ന് പൊങ്ങി ബബിത ടീച്ചറുടെയും ശ്രീനിവാസമ്മാഷിന്റെയും ജാലകവിടവ് വരെയെത്തിപ്പോയി. ഒരു ഗ്ലാസ് മസാലച്ചായയില്‍ അര ഗ്ലാസേ ശ്രീനിവാസമ്മാഷ് കുടിക്കൂ, ബാക്കി നമുക്കാണ്. അര ഗ്ലാസിന്റെ പൈസ മതി എന്ന് ശ്രീനിവാസമ്മാഷോട് പറയുന്ന ചായക്കടക്കാരന്‍ ആവി പറക്കുന്ന സമോവറിന്റെ മറവിലൂടെ ഒളിഞ്ഞ് നോക്കിയത് കണ്ടില്ലായിരുന്നോ ?
ഓര്‍മ്മകള്‍ നഷ്ടപ്പെട്ടുപോയ മൂസക്ക നിലത്ത് പേപ്പര്‍ വിരിച്ച് കിടക്കുന്ന ശ്രീനിവാസമ്മാഷെ തന്റെ രോഗക്കിടക്കയിലേക്ക് വിളിച്ച് കിടത്തുന്നുണ്ട്, അയാളാരാണെന്ന് പോലും മൂസാക്കയ്‌ക്കോര്‍മ്മയില്ല. കറ്റാര്‍വാഴയിട്ട് തിളപ്പിച്ച എണ്ണ മേലാസകലം പൂശി മുറ്റത്ത് കൂടെ ഉലാത്തുമ്പോള്‍ അച്ഛനില്‍ നിന്ന് പുറപ്പെടുന്ന മണമായിരുന്നു മൂസക്കയുടെ വിയര്‍പ്പിനെന്ന് ശ്രീനിവാസമ്മാഷിന് പിടികിട്ടിക്കാണും. അതിനോടൊട്ടിയൊട്ടി ചുരുണ്ട് കൂടുമ്പോള്‍ വിയര്‍പ്പിന് സ്‌നേഹത്തിന്റെ മണമാണെന്ന് ശ്രീനിവാസമ്മാഷ് ലോകത്തോടാകമാനം വിളിച്ച് പറഞ്ഞു.
ബിരിയാണിച്ചെമ്പിലടച്ച റഹീമിന്റെ മുഹബത്തിന്റെ മണം, പുലാവിന്റെ മണം, മസാലച്ചായയുടെ മണം, വിയര്‍പ്പിന്റെ മണം, എത് യോഗിയുടേയും മനസ്സിളക്കുന്ന അമ്മയുടെ ചിക്കന്‍ കറിയുടെ മണം, മണങ്ങള്‍, മണങ്ങള്‍ വശ്യഗന്ധങ്ങളുടെ വിരുന്നാണ് ‘തമാശ’.
ഒരിക്കല്‍ മാത്രമേ ഒരു പെണ്ണിനൊപ്പം ശ്രീനിവാസമ്മാഷ് കൂള്‍ബാറില്‍ പോയിട്ടുള്ളൂ. അന്നാണ് കടയുടെ ഉത്തരത്തില്‍ നിന്ന് മാഷിന്റെ മുടികൊഴിഞ്ഞ തലയിലേക്ക് അബദ്ധത്തില്‍ പെയിന്റ് തട്ടി മറിയുന്നത്. ആ കൈയ്യബദ്ധം നമ്മുടെയാണ്. നമ്മുടെ ജാഗ്രതക്കുറവ് കൊണ്ട് പിരിഞ്ഞു പോയ എത്ര മനുഷ്യരുണ്ടെന്നോ.
ഒരു പെണ്ണിനോട് മിണ്ടിയും പറഞ്ഞും നില്‍ക്കുമ്പോള്‍ കൃത്യമായി ശ്രീനിവാസമ്മാഷിന്റെ വിഗ് പറിച്ചെടുക്കുന്ന കുട്ടി നമ്മളാണ്. എത്ര ക്രൂരമായ നിഷ്‌കളങ്കതയാണ് പലപ്പോഴും നമുക്കെന്നോ. വിഗ്ഗിളകിപ്പോയപ്പോള്‍ ആ തലയില്‍ നിന്ന് പുറപ്പെട്ട് തീയേറ്ററാകെപ്പരന്ന അപകര്‍ഷതയുടെ രൂക്ഷഗന്ധം അതുവരേക്കും അവിടമാസകലം പരന്ന ഉന്മത്ത ഗന്ധങ്ങളെ മുഴുവന്‍ ഒറ്റയടിക്ക് കൊന്നുകളഞ്ഞു. തേനില്‍ ചാലിച്ച കുമ്പളങ്ങ നീരിന്റെ കയ്പും ചവര്‍പ്പുമുള്ള മണം. ആ മണങ്ങളെ മുഴുവന്‍ ഫുള്‍ ജാര്‍ ഫലൂദയില്‍ മുക്കുന്ന ചിന്നുവാണ് തമാശയിലെ കൈപ്പുണ്യമുള്ള പാചകറാണി. അവള്‍ വിളമ്പുന്ന ഒരു കുഞ്ഞ് കേക്ക് മതി വയറ് നിറഞ്ഞ് പൊട്ടാന്‍.
തീയേറ്ററിലെ കൈയ്യടികളില്‍ ലയിച്ച് കഥ പറഞ്ഞ് കഥ പറഞ്ഞ് ചിന്നുവും ശ്രീനിവാസമ്മാഷും മടങ്ങുമ്പോള്‍ അന്നോളം തന്നെ കളിയാക്കിയ ലോകത്തോട് ശ്രീനിവാസന്‍ മാഷിന് കടപ്പാടാണോ, ശത്രുതയാണോ ? ശത്രുതാപരമായ കടപ്പാട് (antagonistic indebtedness), അതല്ലേ ശരി ? കൂക്കി വിളിച്ച ലോകത്തോട്, നവ മാധ്യമങ്ങളില്‍ പൊങ്കാലയിട്ട് ശീലിച്ച് ലോകത്തോട് ശ്രീനിവാസമ്മാഷ് പറയുന്നു – ”കയ്യടിക്കെടാ”. എത്ര ധാര്‍ഷ്ട്യത്തോടെ അടക്കിവെച്ചാലും കൈകള്‍ താനേ പൊങ്ങും, അവ പരസ്പരം കൂട്ടിയിടിച്ച് പിരിയും, ഉറപ്പ്. അഷ്‌റഫ് ഹംസയ്ക്കും ടീമിനും റെഡ് സല്യൂട്ട്.