| Thursday, 13th September 2018, 11:08 am

പൊതുസമൂഹം എണീറ്റുനിന്നു സംസാരിക്കണം, കോടതികള്‍ ഇടപെടണം; ഇല്ലെങ്കില്‍ പഴുതുകളെല്ലാം ഈ സര്‍ക്കാര്‍ അടയ്ക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബിഷപ്പ് ഫ്രാങ്കോ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി വൈ എസ് പി കെ സുഭാഷ് കേരള ഹൈക്കോടതിയില്‍ ഓഗസ്റ്റ് 13-ആം തിയതി നല്‍കിയ സത്യവാങ്മൂലത്തില്‍ അന്വേഷണത്തിന്റെ നാള്‍ വഴി കൊടുത്തിട്ടുണ്ട്. അത് പ്രകാരം:

ജൂണ്‍ 28: എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നു. ഉടനെത്തന്നെ പരാതിക്കാരിയുടെ മെഡിക്കല്‍ പരിശോധന നടത്തുന്നു.

ജൂണ്‍ 29: കേസ് വൈക്കം ഡി വൈ എസ് പിയ്ക്ക് കൈമാറുന്നു. സീന്‍ മഹസ്സര്‍ തയാറാക്കുന്നു. കുറവിലങ്ങാട് മഠത്തിലെ സന്ദര്‍ശക രജിസ്റ്റര്‍ പരിശോധിക്കുന്നു. പീഡിപ്പിച്ചതായി കന്യാസ്ത്രി പറഞ്ഞ ദിവസങ്ങളില്‍ ബിഷപ്പ് അവിടെ താമസിച്ചിട്ടുണ്ടെന്നു കണ്ടെത്തുന്നു. രജിസ്റ്ററിന്റെ ബന്ധപ്പെട്ട പേജുകള്‍ പിടിച്ചെടുക്കുന്നു. പീഡിപ്പിക്കപ്പെട്ടു എന്ന് കന്യാസ്ത്രി പറയുന്ന 20-ആം നമ്പര്‍ മുറിയില്‍ ശാസ്ത്രീയ പരിശോധന നടത്തുന്നു.

ജൂണ്‍ 30: പാലാ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കുന്നു.

ജൂലൈ 5: സി ആര്‍ പി സി സെക്ഷന്‍ 164 പ്രകാരം പരാതിക്കാരിയുടെ മൊഴിയെടുക്കുന്നു.

മൊഴി പരിശോധിച്ചതില്‍നിന്നു പരാതിക്കാരിയെ ബിഷപ്പ് ബലാല്‍സംഗം നടത്തിയതായി മനസിലാകുന്നു.

ജൂലൈ 10 : ബിഷപ്പ് ഇന്ത്യ വിട്ടുപോകാതിരിക്കാനുള്ള ലുക്ക് ഔട്ട് നോട്ടീസ് ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കുന്നു. വൈദ്യ പരിശോധന നടത്തിയ ഡോക്ടറുടെ മൊഴി എടുക്കുന്നു. ലൈംഗികാതിക്രമണം നടന്നതായി ഡോക്ടര്‍ മൊഴി നല്‍കുന്നു.
മിഷനറീസ് ഓഫ് ജീസസിന്റെ കണ്ണൂരിലുള്ള കന്യാസ്ത്രീകളുടെ മൊഴിയെടുക്കുന്നു.


Read Also : ലുക്ക് ഔട്ട് നോട്ടിസ് അപ്രത്യക്ഷമായതെങ്ങനെ; മല്യയുടെ വെളിപ്പെടുത്തല്‍ ബി.ജെ.പിയെ കൂടുതല്‍ കുരുക്കിലാക്കുന്നു


ജൂലൈ 14: കന്യാസ്ത്രി പരാതി പറഞ്ഞ പാല ബിഷപ്പിന്റെയും കുറവിലങ്ങാട് വികാരിയുടെയും മൊഴിയെടുക്കുന്നു. അതെ ദിവസം തന്നെ ജലന്ധര്‍ രൂപതയില്‍ സേവനം അനുഷ്ഠിക്കുകയും പിന്നീട് സഭ വിടുകയും ചെയ്ത ഒരു കന്യാസ്ത്രിയുടെയും മറ്റൊരു കന്യാസ്ത്രീയുടെ അമ്മയുടെയും മൊഴികള്‍ എടുക്കുന്നു.

ജൂലൈ 16: സഭ വിട്ട മറ്റൊരു കന്യാസ്ത്രീയുടെ അമ്മയുടെ മൊഴിയെടുക്കുന്നു.

ജൂലൈ 17: സഭ വിട്ട മറ്റൊരു കന്യാസ്ത്രീയുടെ അച്ഛന്റെ മൊഴിയെടുക്കുന്നു. കന്യാസ്ത്രീ അച്ഛനെഴുതിയ കത്തില്‍ തന്റെ ജീവന് ഭീഷണി ഉണ്ടെന്നും തനിക്കെന്തിലും സംഭവിച്ചാല്‍ ബിഷപ്പ് ഫ്രാങ്കോ ആണ് ഉത്തരവാദി എന്നും എഴുതിയിരുന്നു.

ജൂലൈ 19: കര്‍ദ്ദിനാള്‍ ആലഞ്ചേരിയോട് ഫോണില്‍ പരാതി പറഞ്ഞതിനെപ്പറ്റി പരാതിക്കാരിയോട് വിശദമായി ചോദിക്കുന്നു.

ജൂലൈ 20: സംഭവം നടക്കുമ്പോള്‍ കുറവിലങ്ങാട് മഠത്തില്‍ ഉണ്ടായിരുന്ന രണ്ടു കന്യാസ്ത്രീകളുടെ ബാംഗ്ലൂരില്‍ ചെന്നെടുക്കുന്നു. അവര്‍ രണ്ടുപേരും ഇപ്പോള്‍ സഭ വിട്ടു.

ജൂലൈ 24 : ഒരു കന്യാസ്ത്രീയുടേയും മറ്റൊരു കന്യാസ്ത്രീയുടെ അമ്മയുടെയും മൊഴിയെടുക്കുന്നു. കന്യാസ്ത്രീകള്‍ രണ്ടുപേരും ഇപ്പോള്‍ സഭ വിട്ടു.


Read Also : “ഇവിടെ മുസ്‌ലീങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ല, ജീവിക്കാനും മരിക്കാനും” പള്ളി സീല്‍ചെയ്ത സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി മുസ്‌ലിം വയോധികന്‍


ജൂലൈ 27: കര്‍ദ്ദിനാള്‍ ആലഞ്ചേരി പ്രത്ത്യേക ദൂതന്‍ വഴി എത്തിച്ച രേഖകള്‍ കസ്റ്റഡിയിലെടുക്കുന്നു

ജൂലൈ 28: ബിഷപ്പ് ഫ്രാങ്കോ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുക്കാന്‍ പോയി എങ്കിലും കാര്‍ അപ്പോള്‍ ഇല്ലായിരുന്നതിനാല്‍ അതിന്റെ ആര്‍ സി ഉടമസ്ഥന് കാര്‍ ഹാജരാക്കാന്‍ നോട്ട്‌സ് കൊടുത്തു.

ജൂലൈ 30: എറണാകുളം രൂപതയിലെ ഒരു വൈദികനെ ചോദ്യം ചെയ്തു മൊഴിയെടുക്കുന്നു.

ജൂലൈ 31: കാര്‍ ഹാജരാക്കിയപ്പോള്‍ ആര്‍ സി ഉടമസ്ഥനെയും ബിഷപ്പ് ഫ്രാങ്കോ സഞ്ചരിച്ചപ്പോള്‍ ഉണ്ടായിരുന്ന ഡ്രൈവറേയും ചോദ്യം ചെയ്തു മൊഴിയെടുക്കുന്നു. കാര്‍ കസ്റ്റഡിയിലെടുക്കുന്നു.

ഇതിനിടയില്‍ മുഖ്യ സാക്ഷിയായ ഒരു സ്ത്രീയുടെയും അവരുടെ ഭര്‍ത്താവിന്റെയും മൊഴിയെടുക്കുന്നു. ഉജ്ജെയിനിലെത്തി ഉജ്ജെയിന്‍ ബിഷപ്പിനെ കണ്ടു വിശദമായി ചോദ്യം ചെയ്തു മൊഴിയെടുക്കുന്നു.

ഓഗസ്റ്റ് 3: കേസ്അന്വേഷണത്തിനായി ഡല്‍ഹിയിലേക്ക് പോകുന്നു. ഈ സത്യവാങ്മൂലം സമര്‍പ്പിക്കുമ്പോള്‍ ഡല്‍ഹിയിലാണ്.

സത്യവാങ്മൂലം അവസാനിപ്പിക്കുന്നത് ഇങ്ങിനെയാണ്:

During the course of investigation os far conducted and the available evidences collected os far, it is revealed that the accused Bishop Franco committed unnatural offence and committed rape repeatedly on…..against the will and consent of her by abusing his dominance over her as bishop of Jalandhar after confining her in the guest room no 20 o st Francis Mission Home, Kuravilangad.

എന്നുവച്ചാല്‍, ഇതുവരെ നടത്തിയ അന്വേഷണത്തില്‍നിന്നും ലഭ്യമായ തെളിവുകളില്‍ നിന്നും ബിഷപ്പ് ഫ്രാങ്കോ പരാതിക്കാരിയെ ജലന്ധര്‍ ബിഷപ്പ് എന്ന അധികാരം ദുരുപയോഗിച്ച് പലപ്രാവശ്യം ബലാല്‍സംഗം ചെയ്തു എന്ന് വെളിപ്പെട്ടിട്ടുണ്ട്.

കേസ് നിക്ഷ്പക്ഷമായും കാര്യക്ഷമമായും അന്വേഷിക്കുമെന്നു ഉറപ്പു പറഞ്ഞാണ് സത്യവാങ്മൂലം അന്വേഷണോദ്യോഗസ്ഥന്‍ ഉപസംഹരിക്കുന്നത്.

പരാതിക്കാരിയെ ബിഷപ്പ് ബലാല്‍സംഗം ചെയ്തു എന്ന് അന്വേഷണത്തില്‍നിന്നും കണ്ടെടുത്ത തെളിവുകളില്‍നിന്നും താന്‍ മനസിലാക്കി എന്ന് ബന്ധപ്പെട്ട അന്വേഷണോദ്യോഗസ്ഥന്‍ ഒരു മാസം മുന്‍പ് കോടതിയില്‍ പറഞ്ഞ കേസിലാണ് പരാതിക്കാരിയുടെ മൊഴിയില്‍ വൈരുധ്യങ്ങളുണ്ടെന്നും മൊബൈല്‍ ഫോണ്‍ കിട്ടിയില്ലെന്നും ഒക്കെ ബിഷപ്പും ബിഷപ്പിന്റെ സില്‍ബന്ധികളും ഇടതുപക്ഷ നേതാക്കന്മാരും നമ്മളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.

മനുഷ്യസാധ്യമായ രീതിയില്‍, ധൃതഗതിയില്‍ ഈ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ കാര്യങ്ങള്‍ നടന്നിട്ടുണ്ട് എന്ന് പകല്‍ പോലെ വ്യക്തമാണ്. കേസില്‍ അന്വേഷണോദ്യോഗസ്ഥന്‍ എത്തിച്ചേര്‍ന്ന നിഗമനം വളരെ കൃത്യമാണ്. എന്നിട്ടെന്താണ് സംഭവിച്ചത്? ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്ന പോലീസ് ഉദ്യോഗസ്ഥനാണ് ബിഷപ്പിന്റെ വസതിയില്‍ അഭിമുഖം നടത്തി തിരിച്ചു പോരേണ്ടി വന്നത്. പിന്നീട് നമ്മള്‍ കാണുന്നത് പരാതിയിലെ പൊരുത്തക്കേടുകള്‍ കണ്ടുപിടിക്കലും പരാതിക്കാരിയെ പൊതുസമൂഹത്തില്‍ അധിക്ഷേപിക്കാനുള്ള ശ്രമവുമാണ്. ഇപ്പോള്‍ ഏറ്റവും അവസാനം ന്യൂനപക്ഷ കാര്‍ഡും പുറത്തിറങ്ങിയിട്ടുണ്ട്.

പൊതുസമൂഹം എണീറ്റുനിന്നു സംസാരിക്കുകയോ കോടതികള്‍ ഇടപെടുകയോ ചെയ്തില്ലെങ്കില്‍ ബാക്കി പഴുതുകള്‍ കൂടി ഈ സര്‍ക്കാര്‍ അടയ്ക്കും. തെറ്റുകളുടെ മഹാശിലകള്‍ക്കടിയില്‍ നീതിക്കുവേണ്ടിയുള്ള കുഞ്ഞുനിലവിളികള്‍ അവരടക്കം ചെയ്തു എന്ന് നിക്കോസ് കസാന്‍സാക്കിസ് എഴുതിയത് ബാക്കിയാകും

We use cookies to give you the best possible experience. Learn more