| Monday, 27th February 2017, 3:37 pm

പീറ പന്തുകളിക്കാരാ, ഈ ധീരയുടെ കണ്ണില്‍ നോക്കി വര്‍ത്തമാനം പറയുകയെന്നത് നീ കൂട്ടിയാല്‍ കൂടുന്ന കണക്കല്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്നലെ മകള്‍ ചോദിച്ചു, അച്ഛാ, ഝാന്‍സി റാണിയല്ലാതെ നമ്മുടെ സ്വാതന്ത്ര്യ സമരത്തില്‍ യുദ്ധം ചെയ്ത വേറെ സ്ത്രീകളുടെയൊന്നും പേര് കണ്ടില്ലല്ലോയെന്ന്.

***
തങ്ങളുടെ യുദ്ധചരിത്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം അഭിമാനിക്കുന്ന ഒരു കാര്യമുണ്ട്: മരിക്കുന്ന ഓഫീസര്‍മാരുടെ എണ്ണം മറ്റു രാജ്യങ്ങളിലേക്കാള്‍ കൂടുതലാണ്. കാരണം അവര്‍ മുന്നില്‍നിന്നു നയിക്കുന്നവരാണ്. സമാധാന മേഖലയില്‍ തങ്ങള്‍ക്കര്‍ഹമായ പോസ്റ്റിങ്ങില്‍ താല്പര്യമില്ലാതെ പോരാട്ടമുഖത്തു സ്വന്തം ബറ്റാലിയനോടൊപ്പം പോകാന്‍ ആഗ്രഹിക്കുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്.

ക്യാപ്റ്റന്‍ മന്‍ദീപ് സിങ്, ഗുര്‍മേഹര്‍ കൗറിന്റെ അച്ഛന്‍, അത്തരത്തില്‍ ഒരോഫീസറായിരുന്നിരിക്കണം. പാകിസ്ഥാന്‍ പട്ടാളം ഒളിച്ചുകടത്തിയ ഭീകരന്മാരോട്, പിന്നെ പാകിസ്ഥാന്‍ പട്ടാളത്തോടും, യുദ്ധം ചെയ്താണ് അദ്ദേഹം മരിച്ചത്. ധീരനായ പട്ടാളക്കാരന്‍.

തനിക്കു എ.ബി.വി.പി ക്കാരെ ഭയമില്ല എന്ന് ദല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയായ ഗുര്‍മേഹര്‍ പറഞ്ഞതില്‍ അതിശയമില്ല. യുദ്ധത്തിന്റെ വില നന്നായി അറിയാവുന്നവളാണ് അവള്‍.


Also Read:”20കാരി അനുഭവിക്കേണ്ടതിലപ്പുറം ഞാന്‍ അനുഭവിച്ചു; കാമ്പെയ്‌നില്‍ നിന്ന് പിന്‍മാറുന്നു”: ഗുര്‍മേഹര്‍ കൗര്‍


വെറുതെ രാജ്യസ്‌നേഹം പറഞ്ഞുനടക്കുന്നവരുടെ ഇടയിലാണ് യുദ്ധത്തില്‍ അഛന്‍ നഷ്ടപ്പെട്ട മകള്‍ ഭീരുക്കളുടെ കണ്ണില്‍ നോക്കി പറഞ്ഞത് എനിക്ക് നിങ്ങളെ ഭയമില്ലെന്ന്. അവര്‍ പ്രതികരിച്ചത് അവര്‍ക്കു ചേരുന്ന വിധത്തില്‍: ബലാല്‍സംഗം ചെയ്യും എന്ന് ഭീഷണിപ്പെടുത്തി! സ്വാഭാവികം.

എ.ബി.വി.പി ക്കാരെ നമുക്ക് പണ്ടേയറിയാം; ഗുര്‍മേഹറിനെ അറിയുമായിരുന്നില്ല. ഇപ്പോള്‍ പക്ഷെ നമുക്കവളേയറിയാം. അടുത്ത തലമുറയിലും ശത്രുവിന്റെ കണ്ണില്‍നോക്കി വര്‍ത്തമാനം പറയുന്ന പെണ്‍കുട്ടിയായി, പെണ്‍കുട്ടികളുടെ പ്രതിനിധിയായി. ഇരുട്ടിന്റെ ശക്തികളോട് ഈ രാജ്യം നടത്തുന്ന യുദ്ധത്തില്‍ മുന്‍പില്‍ നിന്ന് നയിക്കുന്നവളായി. എനിക്കാണെങ്കില്‍, ഝാന്‍സി റാണിയുടെ താവഴിയില്‍ ചേര്‍ക്കാന്‍ എന്റെ മകള്‍ക്കു ഞാന്‍ പറഞ്ഞു കൊടുക്കുന്ന പേരായി.


Must Read: സ്ത്രീവിരുദ്ധത തിരുത്താന്‍ ആവശ്യപ്പെടുന്ന പ്രേംചന്ദിന്റെ ലേഖനത്തിനെതിരെ രഞ്ജിത്: നിങ്ങളുടെ അന്തരിച്ച ഭാര്യാപിതാവ് എഴുതിവെച്ചതൊക്കെ ആരു തിരുത്തുമെന്ന് ചോദ്യം


***
മനുഷ്യര്‍ ഭാവിയിലേക്ക് നോക്കി വര്‍ത്തമാനം പറയുന്നതിടയില്‍, ഞാനെന്റെ മകളോട് അവളുടെ തലമുറ നടത്തേണ്ട സമരത്തെക്കുറിച്ച് പറയുന്നതിനിടയില്‍, കയറിനിന്നു വിഡ്ഢിത്തരം വിളമ്പാന്‍ നിനക്കെന്തു കാര്യം, പീറ പന്തുകളിക്കാരാ? നീ ചെല്ല്. ശരീരം മുഴുവന്‍ പഞ്ഞിവെച്ചുകെട്ടി പുല്‍മൈതാനത്തു നിന്ന് തലേരാത്രി ഒപ്പം മദ്യപാന സദസ്സിലുണ്ടായിരുന്ന ഒരുത്തന്‍ ചുറ്റിയെറിഞ്ഞ തുണിപ്പന്തു വടികൊണ്ടടിച്ചു ദൂരെക്കളഞ്ഞതിനു കിട്ടാനുള്ള ചില്വാനം വല്ലോം ബാക്കിയുണ്ടെകില്‍ അവിടെച്ചെന്നു കണക്കുപറ.

തീയുണ്ടകളെ നേരിട്ട് മരിച്ചുവീണ യോദ്ധാവിന്റെ ധീരയായ മകളുടെ കണ്ണില്‍ നോക്കി വര്‍ത്തമാനം പറയുക എന്നത് നീ കൂട്ടിയാല്‍ കൂടുന്ന കണക്കല്ല.

സത്യമായും അല്ല.

We use cookies to give you the best possible experience. Learn more