മെയ് മാസം വരെ ടാറ്റയുടെ ശമ്പളം പറ്റിയയാള്‍; ഇന്ന് രാജ്യത്തിന്റെ വിദേശ കാര്യമന്ത്രി
FB Notification
മെയ് മാസം വരെ ടാറ്റയുടെ ശമ്പളം പറ്റിയയാള്‍; ഇന്ന് രാജ്യത്തിന്റെ വിദേശ കാര്യമന്ത്രി
ജിതിന്‍ ഗോപാലകൃഷ്ണന്‍
Saturday, 1st June 2019, 11:18 am

മോദി സര്‍ക്കാരിന്റെ കാലത്ത് 2015 മുതല്‍ മൂന്നുവര്‍ഷക്കാലം വിദേശകാര്യ സെക്രട്ടറിയായിരുന്ന ജയ്ശങ്കര്‍ 2018ല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചതിന്റെ പിറ്റേന്നാണ് ടാറ്റയുടെ ജോലിക്കാരനായത്. മെയ് മാസം വരെ ടാറ്റയുടെ ശമ്പളം പറ്റിയയാള്‍ ഇനിമുതല്‍ ഖജനാവില്‍ നിന്ന് ശമ്പളം വാങ്ങും.

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്തെ ഇന്തോ-യു.എസ് ആണവ കരാറിന്റെ മുഖ്യശില്പികളില്‍ ഒരാള്‍ കൂടിയാണ് സുബ്രഹ്മണ്യം ജയ്ശങ്കര്‍. അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെയും വിദേശകാര്യ മന്ത്രി പ്രണാബ് മുഖര്‍ജിയുടെയും വിശ്വസ്തനായിരുന്നു ഇയാള്‍. രണ്ടാം യു.പി.എയുടെ കാലത്ത് സോണിയ ഗാന്ധിയും മന്‍മോഹന്‍ സിങ്ങും തമ്മില്‍ ഇടയാനുണ്ടായ ഒരു കാരണം ജയ്ശങ്കറായിരുന്നു.

2013ല്‍ വിദേശകാര്യ സെക്രട്ടറി പോസ്റ്റിലേക്ക് മന്‍മോഹന്‍ സിംഗ് നിര്‍ദ്ദേശിച്ചത് ജയ്ശങ്കറിന്റെ പേരായിരുന്നു. എന്നാല്‍ മുന്‍ കോണ്‍ഗ്രസ്സ് നേതാവിന്റെ മകളായ സുജാതാ സിങ്ങിനെയാണ് സോണിയ ഗാന്ധി പ്രിഫര്‍ ചെയ്തത്. ചില കേന്ദ്രങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണം ജയ്ശങ്കറിനുവേണ്ടി മന്‍മോഹന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും സോണിയാ ഗാന്ധിയുടെ വാശിക്കുമുന്നില്‍ മുട്ടുമടക്കേണ്ടിവരികയായിരുന്നു.

ഒന്നാം യു.പി.എയുടെ അവസാനകാലത്ത് ആണവ കരാറില്‍ പ്രതിഷേധിച്ച് ഇടതുപക്ഷം സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയുണ്ടായി. തുടര്‍ന്നുനടന്ന അവിശ്വാസ പ്രമേയത്തില്‍ നിന്ന് കരകയറാന്‍ കോണ്‍ഗ്രസ്സ് നടത്തിയ ചാക്കിട്ടുപിടുത്തങ്ങള്‍ ഓര്‍ക്കുക. ബാംഗ്ലൂര്‍ സെന്‍ട്രല്‍ മണ്ഡലത്തിലെ ബി.ജെ.പി എംപി ആയിരുന്ന മുന്‍ സംസ്ഥാന പൊലീസ് മേധാവികൂടിയായ എച്ച്.ടി സാംഗ്ലിയാനയെ അവിശ്വാസ പ്രമേയത്തിന് തൊട്ടുമുന്‍പ് പ്രണബ് മുഖര്‍ജിയുടെ കാര്‍മ്മികത്വത്തില്‍ കോണ്‍ഗ്രസ്സില്‍ എത്തിക്കുകയുണ്ടായി.

യു.എസ് എംബസിയും പിന്നില്‍ ചരടുവലിച്ചു. പ്രസിഡന്റ് ഒബാമയുടെ ആദ്യ വിരുന്നില്‍ ക്ഷണം കിട്ടിയ ചുരുക്കം പേരില്‍ ഒരാളായിരുന്നു സാംഗ്ലിയാന. സാംഗ്ലിയാനയുടെ കൂടെ പിന്തുണയിലാണ് അന്ന് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തിയത്. രണ്ടാം യു.പി.എ സര്‍ക്കാരില്‍ ന്യൂനപക്ഷ കമീഷന്റെ തലപ്പത്താണ് കോണ്‍ഗ്രസ്സ് സാംഗ്ലിയാനയെ കുടിയിരുത്തിയത്.

ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിനും മുന്‍പാണ് സാംഗ്ലിയാന കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെച്ചത്. ബി.ജെ.പിയിലേക്കെന്നാണ് സൂചന. മോദി സര്‍ക്കാരിലും ന്യൂനപക്ഷ കമ്മീഷന് തലവന്‍ വേണമല്ലോ. ആണവക്കരാറിന്റെ കാലത്തെ വിദേശകാര്യ മന്ത്രിക്ക് ഭാരതരത്ന നല്‍കിയ ബി.ജെ.പി സാംഗ്ലിയാനയെ മാറ്റി നിര്‍ത്തുമെന്ന് തോന്നുന്നില്ല.