| Sunday, 2nd December 2018, 6:07 pm

ദല്‍ഹി കര്‍ഷക മാര്‍ച്ചിലും മോദിക്ക് സുരക്ഷ കവചമൊരുക്കി അണ്ണാ ഹസാരെ

Administrator

രാജ്യതലസ്ഥാനത്ത് നടക്കുന്ന തൊഴിലാളി -കര്‍ഷക പ്രക്ഷോഭങ്ങള്‍ കേന്ദ്ര ഭരണാധികാരികാരികളെ വിറപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഇപ്പോള്‍ വളരെ എളുപ്പമാണ്. ദല്‍ഹിയിലെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ സമരപ്രക്ഷോഭങ്ങള്‍ക്കുശേഷം അണ്ണാ ഹസാരെ വല്ല പ്രഖ്യാപനവും നടത്തിയോ എന്ന് നോക്കിയാല്‍ മാത്രം മതിയാകും. ഇക്കഴിഞ്ഞ സെപ്തംബര്‍ അഞ്ചിനായിരുന്നു ദല്‍ഹിയില്‍ CITU, AIKS എന്നിവ ചേര്‍ന്ന് മസ്ദൂര്‍-കിസാന്‍ സംഘര്‍ഷ് റാലി നടത്തിയത്.

Image may contain: one or more people, people walking, crowd and outdoor

സമരപ്രഖ്യാപനവുമായി ലക്ഷങ്ങള്‍ ദല്‍ഹി കീഴടക്കിയതിന്റെ പിറ്റേന്ന് സെപ്തംബര്‍ ആറാം തിയ്യതി രാവിലെയാണ് സമരക്കാരുടെ അതേ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് അണ്ണാ ഹസാരെ ഒക്ടോബര്‍ രണ്ടുമുതല്‍ റാലെഗാന്‍ സിദ്ധിയില്‍ താന്‍ ഉപവാസമാരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. UPA യുടെ കാലത്ത് കേന്ദ്ര ഭരണത്തിനെതിരെ പോപ്പുലര്‍ ആന്‍ഗര്‍ ഉയര്‍ത്തികൊണ്ടുവന്നാണ് അണ്ണാ ഹസാരെ സംഘപരിവാറിനെ സഹായിച്ചതെങ്കില്‍ ബി.ജെ.പി കേന്ദ്രം ഭരിക്കുന്ന സമയത്ത് മോഡി സര്‍ക്കാരിനുവേണ്ടി സേഫ്റ്റി വാള്‍വായി വര്‍ത്തിക്കുകയാണ് അണ്ണാ ഹസാരെയുടെ ദൗത്യം.

പലവിഷയങ്ങളില്‍ ഉഴറുന്ന മോദി സര്‍ക്കാരിന് പരമാവധി പ്രഷര്‍ റിലീസ് ചെയ്തുകൊടുത്തുകൊണ്ട് നിവര്‍ന്നുനില്‍ക്കാനുള്ള സ്ട്രാറ്റജിയാണ് ഇത്തരം ഹസാരെയുടെ “ഏറ്റെടുക്കല്‍” സമരനാടകങ്ങള്‍. മസ്ദൂര്‍ കിസാന്‍ റാലിക്ക് കവറേജ് നല്‍കാത്ത മാധ്യമങ്ങള്‍ ഗംഭീര വിസിബിലിറ്റിയാണ് അന്ന് അണ്ണാ ഹസാരെക്കും അയാളുടെ സമരപ്രഖ്യാപനത്തിനും നല്‍കിയിരുന്നത്.

മസ്ദൂര്‍ കിസാന്‍ റാലിയുടെ ഇമ്പാക്റ്റ് ഇല്ലാതാക്കാന്‍ ഭരണകൂടം നടത്തിയ നാടകമായിരുന്നു അണ്ണാ ഹസാരെയുടെ സമര പ്രഖ്യാപനം. ഒക്ടോബറില്‍ സമരത്തില്‍ നിന്നും പിന്നോക്കം പോയി ഉരുണ്ടുകളിക്കുന്ന അണ്ണാ ഹസാരെയെ നമ്മള്‍ കണ്ടുവെങ്കിലും ആ അവസരത്തില്‍ അയാളെ ഓഡിറ്റ് ചെയ്യാന്‍ മുഖ്യധാരക്കാരാരും തന്നെ ഉണ്ടായിരുന്നില്ല.

Image may contain: 8 people, crowd and outdoor

കിസാന്‍ മുക്തി മാര്‍ച്ചിനെ പതിവുപോലെ കോര്‍പ്പറേറ്റ് ചാനല്‍ ഹൌസുകളും മുഖ്യധാരാ പത്രങ്ങളും അവഗണിച്ചെങ്കിലും മോദി ഭരണകൂടം കര്‍ഷക രോഷത്തെ പേടിയോടെയാണ് വീക്ഷിക്കുന്നത് എന്നുതന്നെയാണ് മനസ്സിലാക്കേണ്ടത്. കാരണം ഇന്നലെ ഡിസംബര്‍ ഒന്നിന്, കിസാന്‍ മുക്തി മാര്‍ച്ചിന്റെ പിറ്റേ ദിവസം വീണ്ടുമൊരു സമരപ്രഖ്യാപനവുമായി അണ്ണാ ഹസാരെ എത്തിയിട്ടുണ്ട് എന്നതുതന്നെയാണ്.

ലോക്പാല്‍ വിഷയം പൊടിതട്ടിയെടുത്ത് ജനുവരി മുപ്പതുമുതല്‍ അണ്ണാ ഹസാരെ വീണ്ടും ഉപവാസത്തിനിറങ്ങുന്നു എന്ന വാര്‍ത്തയായിരുന്നു ഇന്നലെയും ഇന്നും മുഖ്യധാരക്കാര്‍ കൊണ്ടാടിയത്. കിസാന്‍ മുക്തി മാര്‍ച്ചിന്റെ അലയൊലികളില്‍ നിന്നും രക്ഷപ്പെടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പിടിവള്ളിയാവുകയാണ് ഒരിക്കല്‍ക്കൂടി അണ്ണാ ഹസാരെ.

രാജ്യത്തെ ഊട്ടുന്നവരുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ അവരുടെ വിഷയങ്ങള്‍ നമ്മള്‍ വീണ്ടും വീണ്ടും പറഞ്ഞേ മതിയാകൂ. അടിസ്ഥാന വര്‍ഗ്ഗത്തിന് തങ്ങളുടെ സംഘടിത സമരശേഷിയിലൂടെ ഭരണകൂടത്തെ വിറപ്പിക്കാനാവുന്നുണ്ട്. ചെങ്കൊടിക്ക് കര്‍ഷകരെയും തൊഴിലാളികളെയും സമരപാതയില്‍ നയിക്കാനുമാവുന്നുണ്ട്. മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുന്ന ഇത്തരം ബൃഹത് സമരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ നമ്മളേയുള്ളൂ. എന്നാല്‍ ആ സമയമാണ് ഭൂതകാലക്കുളിരുകാരേയും വിചിത്ര തള്ളലുകാരേയും ചര്‍ച്ച ചെയ്ത് നമ്മള്‍ കളയുന്നത്.

Administrator

We use cookies to give you the best possible experience. Learn more