| Friday, 8th February 2019, 6:52 pm

ആരെങ്കിലുമൊക്കെ ആന ചവിട്ടി മരിക്കുമ്പോള്‍ 'അവനിത്തിരി കുറുമ്പ് കൂടുതലായിരുന്നു' എന്നുപറയുന്നവരോട്

എഡിറ്റര്‍

ഹൗസ് വാമിങ്ങിന് പൊലിമ വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി എത്തിച്ച ആന ചവിട്ടി ഒരാള്‍ മരണമടഞ്ഞു, എട്ടുപേര്‍ക്ക് പരിക്കേറ്റു. ആ വ്യക്തിയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

പടക്കം പൊട്ടിച്ച ശബ്ദം കേട്ട് ആന പരിഭ്രാന്തനായി ഓടുന്നതിനിടെ ചവിട്ടേറ്റ ആള്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

ഇത്രയുംനാള്‍ അമ്പലങ്ങളിലും പള്ളികളിലും ഒക്കെയുള്ള ചില ഉത്സവങ്ങളിലായിരുന്നു ആനയെ എഴുന്നള്ളിച്ചിരുന്നത്. ഇന്നിപ്പോള്‍ ഹൗസ് വാമിങ്ങിനും ആന അട്രാക്ഷന്‍ ആയിമാറുന്നു. ഉത്സവങ്ങളില്‍ ആനയെ പങ്കെടുപ്പിക്കരുത് എന്നുപറഞ്ഞാല്‍ പൗരാണികതയും പാരമ്പര്യവും വിളമ്പാന്‍ കുറച്ചു പേരെത്തും. “പോത്തിന്റെ വായില്‍ ഏത്തവാഴയ്ക്ക” പരുവത്തില്‍ മറുപടിപറയുന്ന ഇവരോട് സംസാരിച്ചിട്ട് ഒരുകാര്യവുമില്ല. എത്ര പറഞ്ഞാലും അവര്‍ക്ക് മനസ്സിലാവില്ല.

ആരെങ്കിലുമൊക്കെ ആന ചവിട്ടി മരിക്കുമ്പോള്‍ “അവനിത്തിരി കുറുമ്പ് കൂടുതലായിരുന്നു” എന്നുപറയുന്ന കക്ഷികളോട് സംസാരിച്ചിട്ട് പ്രത്യേകിച്ച് കാര്യവുമില്ല. അവന്‍ എന്നുപറയുന്നത് ആനയെയാണ്.

ഇനിയിപ്പോള്‍ പാരമ്പര്യം ഹൗസ് വാമിങ്ങിലും പറയാന്‍ തുടങ്ങും. എന്തിന് ? സ്വന്തം വീട് കയറിത്താമസം ഗംഭീരം ആണെന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാന്‍ വേണ്ടി മാത്രം. അങ്ങനെ ഒരു ആത്മരതി ലഭിക്കാന്‍ വേണ്ടി മാത്രം. പണ്ട് വീടുകയറി താമസത്തിന് ആനചവിട്ടി ഒരാള്‍ മരിച്ചു എന്നു പറയുന്നത് ക്രെഡിറ്റ് ആയി കരുതുന്ന ഒരു ഭാവി പോലും ഉണ്ടായേക്കാം. കഷ്ടമാണെന്ന് പറയാതെവയ്യ.

Read Also : തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്‍ ഇടഞ്ഞു; ഗൃഹപ്രവേശത്തിനെത്തിയയാള്‍ കൊല്ലപ്പെട്ടു: എട്ടു പേര്‍ക്ക് പരിക്ക്

കാട്ടില്‍ ജീവിക്കേണ്ട ഒരു വന്യമൃഗത്തെ നാട്ടിലെത്തിച്ച് ക്രൂരത കാട്ടുന്നതും പോട്ടെ, ഇത്രനാളും വിശ്വാസത്തിന്റെ പേരില്‍ മാത്രം നടന്ന ക്രൂരത ഇന്നിപ്പോള്‍ വീടുകയറി താമസത്തിലും എത്തുന്നു. പണിയുന്ന വീടുകളുമായി താരതമ്യം ചെയ്താല്‍ ഉത്സവങ്ങളുടെ എണ്ണം വളരെ കുറവ് തന്നെ. അതുകൊണ്ട് ഇത് സാധാരണമായാല്‍ വളരെ അപകടകരമാവും.

പലപ്പോഴും ആന ഇടയുമ്പോള്‍ മരണപ്പെടുന്നത് പ്രോഗ്രാമുമായി ഒരു ബന്ധവുമില്ലാത്തവരാകാം. ഗൃഹപ്രവേശം ഗംഭീരമാക്കാന്‍ ആനയെ കൊണ്ടുവന്നവര്‍ക്ക് ഒരു നഷ്ടവും സംഭവിക്കണമെന്നില്ല. അത് മറക്കരുത്.

ആഘോഷിക്കാനും ഉല്ലസിക്കാനും വേണ്ടി മാത്രമുള്ളതല്ല തലച്ചോറ് എന്ന സാധനം. സുരക്ഷിതമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി കൂടെയുള്ളതാണ് മസ്തിഷ്‌കം എന്ന് പറയുന്ന സാധനം. അത് ഒന്ന് ഉപയോഗിക്കുന്നത് നന്നാവും. ആത്മരതിക്കായി മനുഷ്യ ജീവന്‍ അപകടപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം നടപടികള്‍ ഒഴിവാക്കുക തന്നെ വേണം. വനത്തില്‍ ജീവിക്കേണ്ട ഒരു മിണ്ടാപ്രാണിയെ പീഡിപ്പിക്കുന്നതിലും ന്യായം ഒന്നുമില്ല.



എഡിറ്റര്‍

We use cookies to give you the best possible experience. Learn more