| Saturday, 15th June 2019, 4:47 pm

ഡോക്ടര്‍മാരും മനുഷ്യരാണ്; എനിക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്, ആരും തന്നെ കൂടെ നിന്നില്ല

ഡോ. ജിനേഷ് പി.എസ്

എനിക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. ആരും തന്നെ കൂടെ നിന്നില്ല എന്നു പറയാം. ആലോചിക്കുമ്പോള്‍ ഇപ്പോഴും വ്യസനമുണ്ട്.

കൃത്യമായി പറഞ്ഞാല്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്, അന്ന് അത്യാഹിത വിഭാഗത്തില്‍ ജോലിചെയ്യാനായി സുഹൃത്തുക്കളായ Bibyraj, Joby എന്നിവരോടൊപ്പം കൊച്ചി സഹകരണ മെഡിക്കല്‍ കോളേജില്‍ ജോലിക്കു ചേര്‍ന്നു. വലിയ തിരക്കുപറയാനില്ല, ദിവസം 50 രോഗികള്‍. പല വിഭാഗങ്ങളും ഇല്ലാത്തതിനാല്‍ കുറേ രോഗികളെ റഫര്‍ ചെയ്യേണ്ടിയും വരും. ഞങ്ങള്‍ ഓരോരുത്തരും മാറി മാറി മാസം 21 ദിവസം ഡ്യൂട്ടി എടുക്കും.

ന്യൂറോ സര്‍ജറി വിഭാഗത്തില്‍ മറ്റൊരു സ്വകാര്യ ആശിപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടറാണുള്ളത്. പലപ്പോഴും ആളെ ഫോണില്‍ കിട്ടാന്‍ പാടാണ്. ആ സമയത്താണ് പുതിയ ഒരു നിയമാവലി ഇറങ്ങിയത്, ഏതു വിഭാഗത്തില്‍ ചികിത്സ ലഭിക്കേണ്ടുന്ന രോഗിയെയാണോ റഫര്‍ ചെയ്യേണ്ടത്, അതിനുമുന്‍പ് അതേ വിഭാഗത്തിലെ ഡോക്ടറെ അത്യാഹിത വിഭാഗത്തില്‍ വിളിച്ചു കാണിക്കണം, CT ആവശ്യമുള്ളവരാണെങ്കില്‍ അതെടുത്തിട്ടേ റഫര്‍ ചെയ്യാവൂ, അഡ്മിറ്റ് ആക്കുന്നതിനു മുന്‍പ് അതേ വിഭാഗത്തിലെ ഡോക്ടറെ കാണിക്കണം എന്നിവയാണ് ആ നിയമങ്ങള്‍.

ന്യൂറോ സര്‍ജന്‍ ഇല്ലാത്ത ഒരു ദിവസം ഒരു രോഗിയെ CT എടുക്കാതെ റഫര്‍ ചെയ്ത അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ ഉയര്‍ന്ന അധികാരികള്‍ വിമര്‍ശിച്ചിരുന്നു. രോഗിക്ക് ബോധം ഇല്ലായിരുന്നു, ശര്‍ദ്ധിച്ചിരുന്നു, ചെവിയില്‍ നിന്നും രക്തം ഒഴുകുന്നുമുണ്ടായിരുന്നു.

ഈ സംഭവത്തിനു ശേഷം ജോലിക്കു ചെല്ലുന്നതു ഞാനായിരുന്നു. ഉച്ചക്ക് ശേഷം 70 വയസുള്ള ഒരു വലിയമ്മ വന്നു, വയറുവേദന ആയിരുന്നു പ്രശ്നം. ഒരാഴ്ച മുന്‍പ് കിടന്നിട്ടു പോയതാണ്. അഡ്മിറ്റ് ആകണം, സര്‍ജറി ഡോക്ടറെ കാണണം. വന്നപ്പോള്‍ തന്നെ പ്രഷറും പള്‍സ് നിരക്കും കുറവായിരുന്നു. കഢ ലൈന്‍ ആരംഭിച്ചു. ഉടനെ സര്‍ജറി ഡോക്ടറെ വിളിച്ചു. ഉടനെ വരാം എന്നു മറുപടിയും ലഭിച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും വിളിച്ചു, പഴയ മറുപടി തന്നെ ലഭിച്ചു. രോഗിയുടെ അവസ്ഥ മോശമാകുന്നു എന്നു കണ്ട ഞാന്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യം പറഞ്ഞു. കൂടെ വന്നവര്‍ തയ്യാറാവുന്നില്ല. അവര്‍ക്ക് ഇവിടെ തന്നെ അഡ്മിറ്റ് ആകണം.

വീണ്ടും സര്‍ജനെ വിളിച്ചു, പഴയ മറുപടി. ആള്‍ കഇഡ വിലാണ്, താമസിക്കില്ല എന്നു പറഞ്ഞു.

കൂടെ ഉണ്ടായിരുന്ന ഒട പറഞ്ഞു… ‘ആള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നും വിരമിച്ച 65 വയസ്സുള്ള ആളാണ്, വരാന്‍ സാധ്യത ഇല്ല.’

അപ്പോളാണ് രോഗിയുടെ മകന്‍ വരുന്നത്, ഞാന്‍ കാര്യങ്ങള്‍ വിശദമായി പറഞ്ഞു, എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാം. ഏകദേശം ആറുമണിയായിക്കാണും ആംബുലന്‍സ് എത്തി. രോഗിയുടെ അവസ്ഥ വീണ്ടും മോശമായി, ഒന്നു ശര്‍ദ്ദിച്ചു. പള്‍സ് കിട്ടുന്നില്ല, ആജ യും ശ്വാസ നിരക്കും അളക്കാന്‍ കിട്ടുന്നില്ല. അത്യാഹിത വിഭാഗത്തിലേക്ക് വീണ്ടും കയറ്റി ഇന്റുബേറ്റ് ചെയ്തു. ഡോപ്പാമിന്‍ ആരംഭിച്ചു. കഇഡ വിലേക്ക് മാറ്റാന്‍ സര്‍ജന്‍ സമ്മതിക്കുന്നില്ല. റഫര്‍ ചെയ്യാന്‍ ഫോണിലൂടെ പറഞ്ഞു.

ഒരു വട്ടം കൂടി മകനോട് പറഞ്ഞു, ആ സമയം തന്നെ മരണം സംഭവിച്ചുകഴിഞ്ഞിരുന്നു. ആദ്യം കൊണ്ടുപോകാന്‍ വിസമ്മതിച്ച ബന്ധുവാണ് ആദ്യം മര്‍ദ്ദിച്ചത്. അന്നുണ്ടായിരുന്ന ഒരു സെക്യൂരിറ്റി ചേട്ടനും ഒട ഡോക്ടറും ചേര്‍ന്നു ആളെ പിടിച്ചുമാറ്റി. ഞാന്‍ അന്നേ വരെ കേള്‍ക്കാത്ത പല വാക്കുകളും ആ സമയം കേട്ടു.

എനിക്കൊന്നും ചെയ്യാനില്ലായിരുന്നു. ഒട ആണ് പിന്നീടുള്ള രണ്ടു മണിക്കൂര്‍ അത്യാഹിത വിഭാഗം നോക്കിയത്. MLC ഒരെണ്ണം വന്നു, ഞാന്‍ പോയി കണ്ടു. എഴുതി ഒപ്പിട്ട പോലീസ് ഇന്റിമേഷനില്‍ രണ്ടു വെള്ളത്തുള്ളികള്‍ വീണിരുന്നു.

അടുത്ത ദിവസം തന്നെ ഡീന്‍ ആയിരുന്ന ഡോ. PGR പിള്ളയെ കണ്ടു. വിവരങ്ങള്‍ വിശദീകരിച്ചു കത്തും നല്‍കി. അടുത്ത ആഴ്ച എല്ലാവരും ചേര്‍ന്ന് വരൂ എന്നായിരുന്നു മറുപടി.

ഞങ്ങള്‍ മൂന്നുപേരും ഒരുമിച്ചു ചെന്നു. ഭക്ഷണം കഴിച്ചുകൊണ്ട് അദ്ദേഹം ഞങ്ങളെ സ്വീകരിച്ചിരുത്തി. ആളുടെ നിസ്സഹായാവസ്ഥ വിവരിച്ചു, കുറച്ചു നാള്‍ കൂടി തുടരണം എന്നാവശ്യപ്പെട്ടു. കുറച്ചു കഴിഞ്ഞാല്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടും എന്നും പറഞ്ഞു. മര്‍ദനം ഏല്‍ക്കുന്നതിനെ നിസ്സാരവല്‍ക്കരിക്കുകയായിരുന്നു അദ്ദേഹം.

എന്തായാലും തുടരാന്‍ ഞങ്ങള്‍ക്കാവില്ലായിരുന്നു, കാരണം ഒരു പിന്തുണയും അധികാരികള്‍ തന്നില്ല. വിഷമത്തോടെയെങ്കിലും ആ ജോലി ഞങ്ങള്‍ മൂന്നുപേരും വേണ്ടെന്നു വെച്ചു. എന്തോ, ഒരു മാസം കഴിഞ്ഞപ്പോള്‍ ഡോ. PGR പിള്ളയെയും അവിടെനിന്നും പിരിച്ചുവിട്ടു.

സ്വന്തം ജോലി നിലനിര്‍ത്താന്‍ പറ്റാത്ത ആളോടാണ് നമ്മള്‍ ആശുപത്രിയിലെ കെടുകാര്യസ്ഥത ഇല്ലാതാക്കണം എന്നാവശ്യപ്പെട്ടത്. കക്ഷി പിന്നെ അടുത്ത സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കോഴിക്കൂടുകള്‍ കണ്‍വേര്‍ട്ട് ചെയ്ത് മെഡിക്കല്‍ കോളേജ് ആക്കുന്നതിന്റെ പ്രൊജക്ട് ഓഫീസര്‍ ആയി.

2010 കോട്ടയത്തെ സൈക്കാട്രി ഡോക്ടറെ മദ്യപിച്ചെത്തിയ രോഗി അടിച്ചു, കേസ് പിന്‍വലിച്ചില്ലെങ്കില്‍ വീടുകത്തിക്കും എന്നു പറഞ്ഞു ഭീഷിണിപെടുത്തിയത് ഒരു ജനപ്രതിനിധി. 2011 – ല്‍ തൃശൂരില്‍ വനിതാ HS നെ രോഗിയുടെ കൂട്ടിരുപ്പുകാര്‍ കുത്തി പരിക്കേല്‍പ്പിച്ചു. 2015 ല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഒരു ഹൗസ് സര്‍ജന്‍ ഡോക്ടര്‍ക്ക് തലക്ക് അടിയേറ്റു, 6 തുന്നലിട്ടു. കോട്ടയം മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ വിഭാഗം ഡ്യൂട്ടി റൂമില്‍ ഒരു വനിതാ പി ജി ഡോക്ടറേയും വനിതാ ഹൗസ് സര്‍ജന്‍ ഡോക്ടറേയും ഒരു മണിക്കൂറോളം പൂട്ടിയിട്ടു, അതും പാതി രാത്രിയില്‍. കോട്ടയം മെഡിക്കല്‍ കോളേജില്‍ സര്‍ജറി അത്യാഹിത വിഭാഗത്തില്‍ ഒരു പി ജി ഡോക്ടറെ മദ്യപിച്ചെത്തിയ കൂട്ടിയിരിപ്പുകാര്‍ ആക്രമിച്ചു. ആലപ്പുഴ HS / പി ജി എന്നിവരെ ആക്രമിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ റസിഡന്റ് ഡോക്ടറെ ആക്രമിച്ചവര്‍ക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസെടുത്തു. ഡോ. വരുണിനെ വീട്ടില്‍ പോയിക്കണ്ട രോഗി ഹൃദയാഘാതം മൂലം മരിച്ചതിനും മര്‍ദ്ദനം. ഒരു ഹൃദ്രോഗി ആയിരുന്ന ഡോ ആശുപത്രിയില്‍ കഇഡ വില്‍ അഡ്മിറ്റായി.

ലാബ്രഡോര്‍ നായ അന്തരിച്ചതിനും കേരളത്തില്‍ മര്‍ദ്ദനം ഡോക്ടര്‍ക്കാണ്. മൂക്കില്‍ നിന്നും രക്തം എന്ന് ഡോക്ടര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ആയി. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടറെ മദ്യപിച്ചെത്തിയ ആള്‍ക്കാര്‍ ആക്രമിക്കുന്ന വീഡിയോ ഇതിനിടയില്‍ വൈറലായി.

വിട്ടുപോയ സംഭവങ്ങള്‍ നിരവധി…

ഇന്നിപ്പോള്‍ ബംഗാളില്‍ തലക്ക് അടിയേറ്റ് ജൂനിയര്‍ ഡോക്ടര്‍ തലയോട്ടി പൊട്ടി ഐസിയുവില്‍ അഡ്മിറ്റായിരിക്കുന്നു.

അക്രമികള്‍ക്ക് വേണ്ടി പലപ്പോഴും സംസാരിക്കാന്‍ വരുന്നത് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍.

സാധാരണ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകളാണ് പലപ്പോഴും ആള്‍ക്കാരെ പ്രകോപിതരാക്കുന്നത്. പലപ്പോഴും കൂടെ വരുന്നവര്‍ മദ്യപിച്ചെത്തുന്നതും ഒന്നില്‍ കൂടുതല്‍ ആള്‍ക്കാര്‍ കൂട്ടിരുപ്പുകാരായി വരുന്നതും സ്വതവേ തന്നെ സ്ഥല സൗകര്യങ്ങളില്ലാത്ത വാര്‍ഡുകളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഉണ്ടാകുന്ന പ്രശ്‌നങ്ങളെ ഫലപ്രദമായി നേരിടാനും പരിഹരിക്കുവാനും ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. പി ജി / ഹൗസ് സര്‍ജന്‍ ഡോക്ടര്‍മാര്‍ ആണ് എല്ലായ്‌പ്പോഴും ഈ ആക്രമണങ്ങള്‍ക്ക് ഇരയാവുന്നത് എന്നതിനാല്‍ അധികാരികള്‍ പലപ്പോഴും നടപടികള്‍ സ്വീകരിക്കാമെന്നു പറഞ്ഞു തടിയൂരുകയാണ് പതിവ്.

ഒരു കാര്യം മനസിലാക്കണം, ഇവരൊന്നും അമാനുഷികരല്ല. ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ വളര്‍ച്ച എത്രയോ അത്രയേ അവര്‍ക്ക് നിങ്ങള്‍ക്കായി ചെയ്യാനാവൂ. എല്ലാ രോഗങ്ങളെയും ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റില്ല. അതാണ് നിങ്ങളുടെ ആവശ്യമെങ്കില്‍ ഈ ലോകത്ത് മരണം ഇല്ലാതാവണം. മനസ്സിലാക്കൂ, ഡോക്ടര്‍മാമാരും നിങ്ങളെപ്പോലെ മനുഷ്യരാണ്. അവര്‍ക്ക് അമാനുഷിക സിദ്ധികള്‍ ഒന്നും ഇല്ല. സൗകര്യങ്ങള്‍ ഇല്ലാത്ത ആശുപത്രികളില്‍ നിന്നും നിങ്ങളെ മറ്റു സ്ഥലങ്ങളിലേക്ക് പോകാന്‍ നിര്‍ദ്ദേശിക്കുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കണം. ശാസ്ത്ര വളര്‍ച്ചയുടെ പരിമിതിക്കുള്ളില്‍ നിന്നു കൊണ്ടും സ്വന്തം അറിവിന്റെ പരിമിതിക്കുള്ളില്‍ നിന്നു കൊണ്ടും ലഭ്യമായ സൗകര്യങ്ങളുടെ പരിമിതിക്കുള്ളില്‍ നിന്നു കൊണ്ടും ആരോഗ്യം സംരക്ഷിക്കുക എന്നതുമാത്രമേ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ചെയ്യാനാവൂ. അവര്‍ക്ക് എല്ലായ്‌പ്പോഴും മരണം തടഞ്ഞുനിര്‍ത്താന്‍ സാധിക്കില്ല.

പരസ്പര വിശ്വാസവും സഹകരണവും ആണ് ഡോക്ടര്‍മാരും രോഗികളും തമ്മില്‍ ഉണ്ടാവേണ്ടത്, അത് ഇനി എന്നാണ് സാദ്ധ്യമാവുക ?

ആ മര്‍ദ്ദനം ഏറ്റവരുടെ അവസ്ഥ എനിക്കു മനസ്സിലാകും, കാരണം എന്റെ തെറ്റുകൊണ്ടല്ലാതെ ഒരിക്കല്‍ ഞാനനുഭവിച്ചതാണ്. ജോലിക്കിടയില്‍ മര്‍ദ്ദനമേറ്റവര്‍ക്കേ അതിന്റെ വേദന മനസ്സിലാവൂ.

അപ്പോള്‍ പ്രതികരിക്കുമ്പോള്‍ മുന്‍പ് നിങ്ങള്‍ പ്രതികരിച്ചിരുന്നോ എന്ന് ചോദിക്കുന്ന പലരെയും കണ്ടു. കഫീല്‍ ഖാന്‍ വിഷയത്തില്‍ നിങ്ങള്‍ പ്രതികരിച്ചിരുന്നോ എന്നാണ് ഒരാള്‍ ചോദിച്ചത്.

കഫീല്‍ ഖാന്‍ വിഷയത്തില്‍ ഞാന്‍ ശക്തമായി പ്രതികരിച്ചിരുന്നു എന്നാണ് ഉത്തരം. അത് പ്രതികരിച്ചില്ലെങ്കില്‍ പോലും എനിക്ക് ഇവിടെ പ്രതികരിക്കാന്‍ ഉള്ള അവകാശം ഉണ്ട് എന്ന് എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല ?

രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങള്‍ പ്രതികളാകുന്ന കൊലപാതകത്തെ വിമര്‍ശിച്ചാല്‍ മുന്‍പു നടന്ന കൊലപാതകത്തില്‍ നിങ്ങള്‍ എന്തുകൊണ്ട് വിമര്‍ശിച്ചില്ല എന്ന ചോദ്യം ചോദിക്കുന്നതു പോലെ തന്നെയാണിത്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്തവര്‍ പിന്നെ സമരങ്ങള്‍ ഒന്നും ചെയ്യരുത് എന്ന് പറയുന്നതുപോലെ. ഇങ്ങനെ ചോദിക്കുന്നവര്‍ക്ക് അടി കിട്ടുമ്പോള്‍ പഠിച്ചുകൊള്ളും. കാരണം ഇന്ന് അവര്‍ ചോദിക്കുന്നത് ഇങ്ങനെ ആയതുകൊണ്ട് അവര്‍ക്ക് പ്രതികരിക്കാന്‍ പറ്റില്ലല്ലോ !

ഒന്നുകില്‍ ഡോക്ടര്‍മാര്‍ ഹെല്‍മറ്റ് ധരിച്ചു കൊണ്ട് ജോലി ചെയ്യുന്ന അവസ്ഥ ഉണ്ടാവണം. അല്ലെങ്കില്‍ സ്റ്റേറ്റ് സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കുകയും അക്രമം കാണിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുകയും ചെയ്യണം. അതുമല്ലെങ്കില്‍ ഡോക്ടര്‍മാര്‍-നഴ്‌സുമാര്‍ തുടങ്ങിയവര്‍ അത്യാവശ്യം ആയോധനകലകളില്‍ കൂടി പരിശീലനം നേടണം.

ഇപ്പോള്‍ നിയമനടപടി സ്വീകരിക്കാന്‍ മടിക്കുന്ന മമതാ ബാനര്‍ജിയെ ആരെങ്കിലും മര്‍ദ്ദിച്ചാല്‍ അവര്‍ ഇതേ നിലപാടു തന്നെ സ്വീകരിക്കുമോ ?

മര്‍ദ്ദനമേറ്റ ജൂനിയര്‍ ഡോക്ടര്‍ക്കൊപ്പം… അതിലൊരു സംശയവുമില്ല.

ഡോ. ജിനേഷ് പി.എസ്

We use cookies to give you the best possible experience. Learn more