മാതൃഭൂമി ഫെസ്റ്റില്‍ ഉണ്ടായത് പഴയ ജന്മി കാരണവന്മാരുടെ മുന്‍പില്‍ ഓച്ചാനിച്ചു നില്‍ക്കേണ്ടി വന്ന അടിയാള അനുഭവം
FB Notification
മാതൃഭൂമി ഫെസ്റ്റില്‍ ഉണ്ടായത് പഴയ ജന്മി കാരണവന്മാരുടെ മുന്‍പില്‍ ഓച്ചാനിച്ചു നില്‍ക്കേണ്ടി വന്ന അടിയാള അനുഭവം
എഡിറ്റര്‍
Monday, 4th February 2019, 11:18 pm

മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ രണ്ടായിരത്തിലധികം കഥകളില്‍നിന്ന് അവസാന പത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കഥകളില്‍ “അശാന്തരാത്രി” എന്ന എന്റെ കഥയും ഉള്‍പ്പെട്ടിരുന്നു. ആദ്യമൂന്നു സമ്മാനങ്ങള്‍ (2 ലക്ഷം, 1 ലക്ഷം, 75,000) കൊടുക്കുന്നില്ല എന്ന് മാതൃഭൂമിയുടെ സംഘാടകര്‍ നേരത്തെ തന്നെ വിളിച്ച് അറിയിച്ചിരുന്നു. അതിനുള്ള യോഗ്യത ഈ 10 കഥകള്‍ക്കും ഇല്ലത്രേ. എന്റെ പ്രധാന വിമര്‍ശനം അതിനോട് അല്ല. ഈ കഥകളുടെ വിധി പ്രഖ്യാപിച്ചുകൊണ്ട് മാതൃഭൂമി ഇറക്കിയ പ്രസ്താവനയിലെ നിലപാടുകളോടും സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കാന്‍ ചെന്നപ്പോള്‍ ഉണ്ടായ ചില അനുഭവങ്ങളോടുമാണ്

1 “സമ്മാനത്തുകയുടെ പ്രലോഭനം ആകരുത് എഴുത്തിന്റെ മുഖ്യ പ്രചോദന”മെന്ന് ഞങ്ങളെ ബോധ്യപ്പെടുത്താനാണു പോലും സമ്മാനത്തുക നല്‍കാത്തതിന്റെ ഒരു കാരണം. മനസ്സിനെ വല്ലാതെ വേദനിപ്പിച്ച ഒരു വാക്യമാണിത്. 2010 മുതല്‍ എഴുതുന്നുണ്ടെങ്കിലും ഭൗതികമായ യാതൊരു ലാഭവും അതിലൂടെ എനിക്ക് കിട്ടിയിട്ടില്ല. പല കഥകളും എഴുതി ഉപേക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്. സമയവും ഊര്‍ജ്ജവും നഷ്ടപ്പെടുത്തി വീണ്ടും വീണ്ടും എന്തെങ്കിലും എഴുതിക്കൊണ്ടിരിക്കും. അങ്ങനെ അടുത്തകാലത്ത് എഴുതി കീറിക്കളയാന്‍ തോന്നാതിരുന്ന ഒരു കഥയാണ് “അശാന്തരാത്രി” . അതാണ് ഈ മത്സരം വന്നപ്പോള്‍ മാതൃഭൂമിക്ക് അയച്ചത്. സാമ്പത്തിക മോഹം അല്ല എന്റെ എഴുത്തിന്റെ മുഖ്യ പ്രചോദനം എന്നതുകൊണ്ട് വിധി പ്രസ്താവനയിലെ ഈ ഒരു വാക്യം എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല.

2 കഥയെഴുത്ത് ഉദാസീനമായി ചെയ്തു തീര്‍ക്കേണ്ടത് അല്ലെന്നും എഴുത്തിനു വേണ്ടി 100% സമര്‍പ്പിക്കണമെന്നും വിധിപ്രസ്താവത്തില്‍ കാണുന്നു.

എനിക്ക് ജോലിക്ക് പോകണമെന്നും കുടുംബ ജീവിതം നയിക്കണമെന്നും ആഗ്രഹമുണ്ട്. എഴുത്തിനുവേണ്ടി 100% സമര്‍പ്പിക്കുവാന്‍ എന്നെക്കൊണ്ട് കഴിയില്ല. ധ്യാനാത്മകമായി ദിവസങ്ങള്‍ കുത്തിയിരിക്കുവാനുള്ള സാമ്പത്തിക ശേഷി എനിക്കില്ല. അങ്ങനെ ഉദാത്തമായ കഥകള്‍ എഴുതണമെന്ന് ആഗ്രഹവുമില്ല. എഴുത്തച്ഛനില്‍ മാത്രമല്ല പാടത്ത് പണിയുന്ന പെണ്ണുങ്ങളുടെ പാട്ടിലും ജീവിതമുണ്ട്. അത്ര ഉദാത്തമോ സാഹിതീയമോ ആയിരിക്കില്ല അവരുടെ പാട്ടും ജീവിതവും. 100% സമര്‍പ്പിക്കാന്‍ അവര്‍ക്ക് കഴിയില്ല. പണി ചെയ്യണം. എന്റെയും ഗതി അതുതന്നെയാണ്.

3, തിരഞ്ഞെടുക്കപ്പെട്ട കഥാകൃത്തുക്കളെ ഒരു മരച്ചോട്ടില്‍ കൊണ്ടിരുത്തി (വേണ്ടത്ര തണല്‍ തരാന്‍ പോലും ആവതില്ലാത്ത ഒരു ആല്‍മരം ആയിരുന്നു അത് എന്നാണ് ഓര്‍മ്മ) കുറെ ഉപദേശവും (ചെറുപ്പംമുതലേ ഉപദേശങ്ങള്‍ കേട്ടാല്‍ എനിക്ക് വയറുവേദന ഉണ്ടാകും) ഒരു സര്‍ട്ടിഫിക്കറ്റും തന്ന് പറഞ്ഞു വിടുകയാണ് ചെയ്തത്. പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും കാലം മുതലേ മരച്ചുവടുകള്‍ കലയുടെയും വിജ്ഞാനത്തെയും ഒക്കെ വിനിമയ സ്ഥാനമായിരുന്നു എന്നാണ് സുഭാഷ് ചന്ദ്രന്‍ പറഞ്ഞത്. അവിടെ തന്നെ അപ്പുറത്ത് ഒരു വലിയ ഹാളില്‍ സുനില്‍ പി ഇളയിടം പ്രഭാഷണം നടത്തുന്നുണ്ടായിരുന്നു. മറ്റു വേദികളും സ്റ്റേജും കാണികളിരിക്കുന്നതുമായ രീതിയില്‍ സംവിധാനം ചെയ്തതും ആയിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് മാത്രമാണ് ഈ ഉദാത്തമായ മരച്ചുവട് അദ്ദേഹം മാറ്റിവച്ചത് (സുനില്‍ പി ഇളയിടത്തിന് ഹാളിനേക്കാള്‍ മരച്ചുവട് തന്നെയാകും ഇഷ്ടപ്പെടുക എന്നകാര്യത്തില്‍ സംശയമില്ല)

ആ പത്തുപേര്‍ ആരൊക്കെയാണ് എന്ന് ബെന്യാമിന്‍ ചോദിച്ചപ്പോള്‍ കാണികള്‍ക്കിടയില്‍ (കാണികള്‍ 20 പേര്‍ കഷ്ടിച്ചു കാണും) നിന്ന് കൈപൊക്കി “ഞങ്ങളാണ് ആ മഹാന്മാര്‍” എന്ന് പറയേണ്ടി വന്നു.

4, സമ്മാനത്തുകയായി ഒന്നും തന്നില്ലെങ്കിലും അതിഥിയായി ക്ഷണിച്ചു വരുത്തിയതുകൊണ്ട് ചായക്കാശും വണ്ടിക്കൂലിയും കൊടുക്കാനുള്ള മാന്യത മാതൃഭൂമിക്ക് കാണിക്കാമായിരുന്നു. 150 രൂപയാണ് ഒരാള്‍ക്ക് പാസ്. എന്റെ കൂടെ വന്നവര്‍ക്ക് പാസ് എടുക്കേണ്ടിവന്നു. അതെങ്കിലും ഒഴിവാക്കാമായിരുന്നു.

5, ഒരുമണിക്കൂറോളം സുഭാഷ് ചന്ദ്രനും മറ്റും ഞങ്ങളെ ഉപദേശിച്ചെങ്കിലും ഞങ്ങളുടെ ഏതെങ്കിലും ഒരു കഥയെ പരാമര്‍ശിക്കുകയോ നല്ലതോ ചീത്തയോ ആയ വശങ്ങള്‍ ചൂണ്ടിക്കാട്ടുകയോ ചെയ്തില്ല. ഞങ്ങള്‍ കേമന്മാരും നിങ്ങളൊക്കെ ഊളകളും ആണെന്ന് ഒറ്റ വാക്യത്തില്‍ പറയേണ്ട കാര്യം ഒരു മണിക്കൂര്‍ കൊണ്ട് നല്ല ഭാഷയില്‍ പരത്തി പറയുകയാണ് അവര്‍ ചെയ്തത്.

6, പഴയ ജന്മി കാരണവന്മാരുടെ മുന്‍പില്‍ ഓച്ചാനിച്ചു നില്‍ക്കേണ്ടി വന്ന അടിയാള അനുഭവം ആണ് എനിക്ക് ഉണ്ടായത്.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍

1, സ്വര്‍ഗീയ പിതാവായ ദൈവം – എം ടി വാസുദേവന്‍ നായര്‍ . അദ്ദേഹം പ്രത്യക്ഷനല്ല
2, ദൈവം അയച്ച പുത്രനായ മിശിഹാ- സുഭാഷ് ചന്ദ്രന്‍
3, നമ്മള്‍ പാപികളായ വെറും മനുഷ്യര്‍
സാഹിത്യ സ്വര്‍ഗ്ഗത്തിലേക്ക് കയറുവാന്‍ യോഗ്യരല്ലാത്തവര്‍

7, സാഹിത്യത്തെ അത്രമേല്‍ ഉദാത്തവും ശുദ്ധവും മൗലികവും ആയി കാണേണ്ട കാര്യമില്ലെന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ടുതന്നെ ഇത്ര ഭീമമായ തുക ഒരു കഥയ്ക്ക് നല്‍കേണ്ടതില്ല. എന്നാല്‍ മികവുതെളിയിച്ച കഥകള്‍ക്ക് അവര്‍ക്ക് അത് എഴുതാന്‍ എടുത്ത സമയത്തിന്റെയും അച്ചടി ചിലവിന്റെയുമെങ്കിലും പൈസ കൊടുക്കണമായിരുന്നു.

ഇതുകൊണ്ടൊക്കെത്തന്നെ മാതൃഭൂമിയുടെ ഏതെങ്കിലും പ്രസാധന സംരംഭങ്ങള്‍ എന്റെ കഥ പ്രസിദ്ധീകരിക്കുന്നതില്‍ എനിക്ക് താല്‍പര്യമില്ല. (ഇതു സംഘാടകരെ അറിയിച്ചുകഴിഞ്ഞു)