| Wednesday, 13th February 2019, 8:29 am

ഇന്ത്യയെ കണ്ടെത്തല്‍; ശ്രീ നെഹ്‌റു മുല്ലപ്പള്ളി വക

ജയറാം ജനാര്‍ദ്ദനന്‍

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നടത്തുന്ന ജനമഹായാത്ര ജാഥയുടെ കാപ്ഷന്‍ ” നമ്മള്‍ ഇന്ത്യയെ കണ്ടെത്തി. നമ്മള്‍ ഇന്ത്യയെ വീണ്ടെടുക്കും” എന്നാണ്. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ എന്നൊരു ഒഴുക്കിന് പറഞ്ഞന്നെ ഉള്ളൂ. ചിലപ്പോ അങ്ങേ അറ്റം വരെ എത്തണം എന്നൊന്നും ഇല്ല. ഇത്തരം ഒരു യാത്ര രണ്ട് കൊല്ലം മുമ്പ് ഹസ്സന്‍ജി നടത്തിയത് കാണാനും കേള്‍ക്കാനും പലയിടത്തും കസേരകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന വസ്തുത ഈ അവസരത്തില്‍ ഞാന്‍ ഓര്‍മ്മിക്കുകയാണ്. യന്ത്രം ഉപയോഗിച്ചുള്ള നോട്ട് എണ്ണലുകളും, “ഏതാണ് ആ വൃത്തികേട്ടവന്‍” എന്ന നിലവാരത്തിലുള്ള ചോദ്യങ്ങളുമായി ആ യാത്ര അങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ് എന്ന് മാത്രം പറയാം.

എന്നെ ആകര്‍ഷിച്ചത് പോസ്റ്ററില്‍ കണ്ട, മേല്‍ ഉദ്ധരിച്ച വാചകമാണ്. ഇതിന് സമാനമായ ഒരു വാചകം കേരളത്തില്‍ പറഞ്ഞിട്ടുള്ളത് ചലച്ചിത്രകാരന്‍ ജോണ് അബ്രഹാം ആണ്. അത് ഇപ്രകാരം,”മാമ്മന്‍ മാപ്പിള മക്കളെ ഉണ്ടാക്കി. ഇപ്പോള്‍ മക്കള്‍ മാമ്മന്‍ മാപ്പിളയെ ഉണ്ടാക്കുന്നു”. വിഷവൃക്ഷത്തിന്റെ അടിവേരുകളെ ഇത്ര സൂക്ഷമമായി വിവരിക്കുന്ന ഒരു വാചകം കണ്ടെത്താന്‍ പ്രയാസം. ഈയൊരു ചിന്ത മനസില്‍ വെച്ചുകൊണ്ട് വേണം നമുക്ക് മുന്നോട്ട് പോകാന്‍.

“നമ്മള്‍ ഇന്ത്യയെ കണ്ടെത്തി “എന്ന ഡയകോല്‍ ആദ്യം നോക്കാം. നമ്മള്‍ എന്നത് കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് കോണ്ഗ്രസ്സ് പാര്‍ട്ടി അഥവാ അതിന്റെ നേതാക്കളും പ്രവര്‍ത്തകരും എന്നതായിരിക്കണം . അതായത് ഇന്ത്യ എന്ന രാജ്യം ഉണ്ടാക്കിയത് കൊണ്ഗ്രസ്സുകാര്‍ ആണ് എന്നാണ് അവകാശവാദം. അല്‍പ്പം കടന്ന അവകാശവാദം ആണിതെന്ന് പറയേണ്ടി വരും. ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര എന്നൊക്കെ പറയുന്ന കൊണ്‌ഗ്രെസ്സുകാര്‍ ഇതല്ല ഇതിന്റെ അപ്പുറവും പറയും എന്നത് വേറെ കാര്യം.

Read Also : എന്റെ രാജി വീരോചിതമായ നിലപാടല്ല; ജിഗ്നേഷ് മേവാനിക്ക് ക്ഷണം പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് രാജി വെച്ച ഹേമന്ത്കുമാര്‍ ഷാ

ചരിത്രപരമായി നോക്കിയാല്‍ ചന്ദ്ര ഗുപ്ത മൗര്യന്‍, അക്ബര്‍, ഔറംഗസീബ് തുടങ്ങിയവര്‍ക്ക് ഒക്കെ ,ഇന്ന് നാം ഇന്ത്യ എന്ന് വിളിക്കുന്ന ഭൂപ്രദേശത്തിന് തുല്യമായതോ അതില്‍ കൂടുതലോ വിപുലമായ സാമ്രാജ്യങ്ങള്‍ ഉണ്ടായിരുന്നവര്‍ ആണ്. പക്ഷെ അവ സാമ്രാജ്യങ്ങള്‍ ആയിരുന്നു. നാമിന്ന് കാണുന്ന നാഷന്‍ സ്റ്റേറ്റ് എന്ന സങ്കല്പം വ്യവസായ വിപ്‌ളവാനന്തര യൂറോപ്യന്‍ സൃഷ്ടിയാണ്. നമ്മുടെ കാര്യത്തില്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന്റെ സംഭാവനയാണ് ഇന്ത്യ എന്ന രാഷ്ട്രം.

അപ്പോള്‍ എന്ത് അര്‍ത്ഥത്തില്‍ ആണ് നമ്മള്‍ ഇന്ത്യയെ കണ്ടെത്തി എന്ന് കൊണ്‌ഗ്രെസ്സ്‌കാര്‍ അവകാശപ്പെടുന്നത് ? ഒന്നാമത്തെ കാര്യം കോണ്ഗ്രസ്‌കാരന്‍ കൂടിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു “ഇന്ത്യയെ കണ്ടെത്തല്‍” എന്ന പുസ്തകം എഴുതിയത് കൊണ്ടായിരിക്കാം. നമ്മുടെ നേതാവ് അങ്ങനെ ഒരു പുസ്തകം എഴുതിയിട്ടുണ്ടെങ്കില്‍ അത് മുഴുവന്‍ ആ കണ്ടെത്തല്‍ പണി എങ്ങനെയാണ് കോണ്ഗ്രസ്സ് പാര്‍ട്ടി നടത്തിയത് എന്നായിരിക്കുമല്ലോ, ഏത് ?

Image may contain: 4 people, people on stage and people standing

രണ്ടാമത്തെ സാധ്യത ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ കൊണ്‍ഗ്രസിന് ഉണ്ടായിരുന്ന മേല്‍ക്കൈ പരിഗണിച്ചുള്ള അവകാശ വാദമാണ് എന്നതാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പങ്ക് നിഷേധിക്കാന്‍ പറ്റുന്നതല്ല എന്നത് പകല്‍ പോലെ വ്യക്തമായ കാര്യമാണ്. എന്നാല്‍ അത് മുഴുവനായും ഒരു കോണ്ഗ്രസ് പ്രോഗ്രാം ആയിരുന്നു എന്ന നിലപാട് ചരിത്ര വിരുദ്ധവുമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് വിവിധ ധാരകള്‍ ഉണ്ടായിരുന്നു. അതില്‍ ഒന്ന് 1885 ല്‍ ബ്രിട്ടീഷുകാരോട് സൊറ പറഞ്ഞിരിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച INC യുടേതും കൂടി ആണ് എന്നത് വസ്തുതാപരമായി ശരിയാണ്.

Read Also : ചിലര്‍ പണിയെടുക്കാനും മറ്റ് ചിലര്‍ മത്സരിക്കാനുമെന്ന രീതി വേണ്ട; ആന്റോ ആന്റണിക്കെതിരെ പത്തനംതിട്ട ഡി.സി.സിയില്‍ പടയൊരുക്കം

രാജ്യത്തിന്റെ തന്ത ചമയല്‍ വഴി നടത്തി കൊണ്ടിരിക്കുന്ന കച്ചവടം കൊണ്‍ഗ്രസ്സുകാര്‍ നിര്‍ത്താന്‍ സമയമായി. ആ സമരത്തില്‍ നടത്തിയ, വിവിധ തലങ്ങളില്‍ ഉള്ള നിക്ഷേപങ്ങളുടെ പലിശയും മുതലും കൂട്ട് പലിശയും എല്ലാം സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞുള്ള ഏഴ് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ കൈപ്പറ്റി കഴിഞ്ഞിട്ടുണ്ട്.

ഇനി ആധുനിക ഇന്ത്യയെ കണ്ടെത്തിയ കാര്യമാണെങ്കില്‍ അതില്‍ മുഖ്യ പങ്ക് ജവാഹര്‍ലാല്‍ നെഹ്‌റുവിനും ഡോ.അംബേദ്കറിനും ആണ്. അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയും നെഹ്‌റുവിന്റെ മോഡണ്‍ ഡെമോക്രാറ്റിക് സെക്യൂലര്‍ വിഷനും ചേര്‍ന്നാണ് 1947ല്‍ നമ്മള്‍ ബ്രിട്ടനില്‍ നിന്ന് കൈപ്പറ്റിയ ഭൂപ്രദേശം പുതിയൊരു പാതയിലൂടെ യാത്ര ആരംഭിച്ചത്.

ഈ രണ്ട് വ്യക്തികള്‍ രൂപപ്പെടുത്തിയ വിഷനില്‍ നിന്ന് ആയിരം കാതം അകലെയാണ് ഇന്നത്തെ കൊണ്‍ഗ്രസ്. നെഹിറുവിന്റെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടും മന്‍മോഹന്‍ സിംഗിന്റെ നിയോ ലിബറല്‍ കാഴ്ചപ്പാടും തമ്മില്‍ എന്ത് ബന്ധമാണ് ഉള്ളത് ? കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ഹിന്ദുത്വ പക്ഷത്തെ ചെറുത്ത് തോല്‍പിച്ച് ഇന്ത്യയെ ഒരു സെക്യൂലര്‍ ഭരണകൂടം ആയി നിലനിര്‍ത്തിയ നെഹ്‌റുവും പശുക്കളെ കടത്തിക്കൊണ്ടുപോയി എന്നും പറഞ്ഞ് മുസ്‌ലീങ്ങളുടെ മേല്‍ NSA പ്രകാരം കേസെടുത്തു ജയിലില്‍ അടക്കുന്ന കമല്‍ നാഥും തമ്മില്‍ എങ്ങനെയാണ് പൊരുത്തപ്പെടുന്നത് ?അതുകൊണ്ട് ഇന്ത്യയെ വീണ്ടെടുക്കും എന്നൊക്കെ പറയുന്നത് കുറച്ച് ഓവര്‍ ആണ്.

മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് പത്തു വര്‍ഷം കൊണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ ഉണ്ടായിരുന്നു. ആ സമയത്തു 2002 ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് എന്തെങ്കിലും നീതി ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ? സ്വന്തം പാര്‍ട്ടിയിലെ എം.പി അടക്കം കൊല്ലപ്പെട്ട ഗുല്‍ബെര്‍ഗ സൊസൈറ്റി കൂട്ടക്കൊലയില്‍ നീതി ലഭ്യമാക്കാന്‍ കഴിഞ്ഞോ ? പോസ്റ്റ് ലിബറൈസേഷന്‍ പിരീഡില്‍ ആത്മഹത്യ ചെയ്ത കര്‍ഷകര്‍ക്ക് എന്തെങ്കിലും ആശ്വാസ നടപടികള്‍ സ്വീകരിച്ചോ ? ( സംഘ പരിവാര്‍ നടത്തുന്ന അക്രമങ്ങള്‍ തടയുന്നതിനെ കുറിച്ച് ഷോമ ചൗധരി തെഹല്‍ക മാഗസിന് വേണ്ടി നടത്തിയ അഭിമുഖത്തില്‍ അന്നത്തെ ആഭ്യന്തര മന്ത്രി പി ചിദംബരത്തോട് ചോദിക്കുന്നുണ്ട്. അത് സംസ്ഥാന വിഷയമാണ്. എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല എന്ന് പളനിയപ്പന്‍ ചിദംബരം മറുപടി നല്‍കുന്നു. )



ഈ വിധത്തില്‍ നമ്മുടെ സമൂഹം നേരിടുന്ന ഘടനാപരമായ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരവും നിര്‍ദ്ദേശിക്കാന്‍ ഇല്ലാത്ത, അത്തരം പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കുന്ന സാമൂഹിക സാമ്പത്തിക സാംസ്‌കാരിക നയങ്ങള്‍ പിന്തുടരുന്ന ആളുകള്‍ ഇന്ത്യയെ വീണ്ടെടുക്കുന്നത് പുള്ളിപുലിക്ക് അതിന്റെ പുള്ളി മായിക്കാന്‍ പറ്റുന്ന കാലത്ത് മാത്രം നടക്കുന്ന കാര്യമാണ്.

ഒരര്‍ത്ഥത്തില്‍ നമ്മുടെ ഒക്കെ നിവര്‍ത്തികേടുകള്‍ ആണ് ഇന്നത്തെ കൊണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖ്യ മൂലധനം. അല്‍പം മനസമാധാനത്തോടെ ജീവിക്കാന്‍ ഉള്ള എല്ലാ മനുഷ്യരുടെയും കൊതിയാണ് ആ പാര്‍ട്ടി മുതലെടുക്കാന്‍ നോക്കുന്നത്.

അടുത്ത ലോക സഭ തെരഞ്ഞെടുപ്പില്‍ അധികാരം കൈപ്പറ്റാന്‍ സാദ്ധ്യതയുള്ള ഒരു പാര്‍ട്ടിയെന്ന നിലയില്‍ സംഘ പരിവാറില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസ്സ് പാര്‍ട്ടി,

1. വ്യക്തികളുടെ പൗരാവകാശങ്ങള്‍, മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുമോ?
2. സാമ്പത്തിക നയങ്ങളില്‍ അടിസ്ഥാന പരമായ മാറ്റങ്ങള്‍ ഉണ്ടാക്കുമോ ?
3. ഇന്‍ക്ലസിവ് ആയ ഒരു സോഷ്യല്‍, കള്‍ച്ചറല്‍ പോളിസി നടപ്പിലാക്കാന്‍ കഴിയുമോ ?

ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയുന്നതിലൂടെ മാത്രമെ “ഇന്ത്യയെ വീണ്ടെടുക്കല്‍” ഒക്കെ നടക്കുകയുള്ളൂ. സത്യത്തില്‍ വലിയ പ്രതീക്ഷയെന്നും വേണ്ട. “ഇപ്പോള്‍ കൊണ്‍ഗ്രസും നമ്മുടെ കടയാണ്” എന്നാണ് നീരാ റാഡിയ ടേപ്പില്‍ മുകേഷ് അംബാനി വീമ്പടിക്കുന്നത്. ഇന്ത്യയിലെ മിക്ക ന്യൂനപക്ഷ വിരുദ്ധ കലാപങ്ങളും കൊണ്‍ഗ്രസ്് ഭരിക്കുമ്പോള്‍ ആണ് നടന്നിട്ടുള്ളത്. അഴിമതിയെ ദേശീയ വിനോദമായി വളര്‍ത്തിയത് കൊണ്‍ഗ്രസുകാരാണ്. ഇന്ത്യയിലെ പ്രകൃതി വിഭവങ്ങള്‍ മുഴുവന്‍ മുതലാളിത്ത ചൂഷണത്തിന് തുറന്നു കൊടുക്കുന്നതിന് തുടക്കം കുറിച്ചത് കൊണ്‍ഗ്രസ് ഭരണകൂടമാണ്. ഈ കാര്യങ്ങളില്‍ മൗലികമായ മാറ്റങ്ങള്‍ വരാതെ ഇന്ത്യയെ വീണ്ടെടുക്കല്‍ എന്നൊക്കെ വീമ്പിലാക്കുന്നതിന് ഒറ്റ ആര്‍ത്ഥമേ ഉള്ളൂ. മോദിയന്‍ ക്രോണി ക്യാപ്പിറ്റലിസത്തിന് പകരം ഇന്ത്യയുടെ യഥാര്‍ത്ഥ ഫസ്റ്റ് ഫാമിലിയുടെ ചങ്ങാത്ത മുതലാളിത്തത്തിന് കളി തുടങ്ങാന്‍ സമയമായി എന്ന അര്‍ത്ഥം.

ജയറാം ജനാര്‍ദ്ദനന്‍

We use cookies to give you the best possible experience. Learn more