| Wednesday, 20th September 2017, 10:41 am

കാടുകള്‍ കത്തിയെരിയുമ്പോള്‍ പൂക്കളെ കുറിച്ച് മാഗസിന് ഇറക്കാന്‍ പറയുന്ന പ്രിന്‍സിപ്പാളിനോട് പൂക്കളെ ചൊല്ലി ഖേദിക്കാന്‍ ആര്‍ക്ക് നേരമെന്ന് വിദ്യാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാദാപുരം ഗവണ്‍മെന്റ് കോളേജ് മാഗസിന്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വേണ്ടവിധം ചര്‍ച്ചചെയ്യപ്പെട്ടില്ല എന്നത് വ്യക്തിപരമായി വളരെയധികം വേദനയുണ്ടാക്കുന്നുണ്ട്. അരാഷ്ട്രീയത പെരുകുന്ന സ്വാശ്രയ കോളേജുകള്‍ക്കിടയില്‍ സര്‍ഗാത്മകത കൊണ്ടും രാഷ്ട്രീയ ഔന്നിത്യം കൊണ്ടും എല്ലാത്തിലുമപരി മാതൃകാപരമായ സൗഹൃദകൂട്ടായ്മകൊണ്ടും നാദാപുരം ഗവണ്‍മെന്റ് കോളേജ് പ്രതീക്ഷയാണ്.

2014 ല്‍ സ്ഥാപിതമായ നാദാപുരം ഗവ. കോളേജിന്റെ പ്രഥമ മാഗസിന്‍ പ്രസിദ്ധീകരിക്കുന്നത് പൂര്‍വ വിദ്യാര്‍ത്ഥികളുടെയടക്കം സഹകരണത്തോടെ യൂനിയനുകള്‍ സംയുക്തമായാണ്. കോളേജ് യൂനിയന്‍ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രകാശന കര്‍മം നിര്‍വഹിക്കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാഗസിന്റെ ഡെമോ കോപ്പി പ്രകാശനം ജൂലൈയില്‍ നിര്‍വഹിക്കപ്പെട്ടിരുന്നു.

“ഇമിരിച്ചല്‍ ചൂടാന്തിരി പൊയച്ചല്‍” എന്ന് പേര് നല്‍കിയ മാഗസിന്റെ പ്രസിദ്ധീകരണാനുമതി സ്റ്റാഫ് എഡിറ്റര്‍ സുദീപ് ദാമോദറും പ്രിന്‍സിപ്പാള്‍ ജ്യോതിരാജും നിഷേധിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ഐക്യകണ്‌ഠേനെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

അസ്വസ്ഥത നിറഞ്ഞതും അംഗീകരിക്കാനാവത്തുതുമായ രാജ്യത്തെ നിലവിലെ രാഷട്രീയ സാഹചര്യത്തെ, രാജ്യത്തെ പൗരന്റെ മാനസിക സംഘര്‍ഷങ്ങളെ പ്രാദേശിക ഭാഷയില്‍ ഏറ്റവും മനോഹരമായ രീതില്‍ അവതരിപ്പിക്കുന്ന വാക്കുകളാണ് ഇമിരിച്ചല്‍ ചൂടാന്തിരി പൊയച്ചല്‍. മൂന്ന് ഭാഗങ്ങളായി തിരിച്ച നൂറ്റി പത്തോളം പേജുകളുളള മാഗസിന്റെ ഇമിരിച്ചല്‍ എന്ന ഭാഗത്തെ നാല്‍പതോളം പേജുകള്‍ ഒഴിവാക്കണമെന്നാണ് തുടക്കത്തില്‍ കോളേജ് അധികൃതര്‍ നിര്‍ദ്ദേശിച്ചത്.


Related:  നാദാപുരം കോളേജ് മാഗസിന്‍ വിലക്ക്; ‘സംഘികള്‍ക്ക് വഴിമരുന്ന് ഇട്ടുകൊടുക്കരുത്’ എന്ന സര്‍ക്കാര്‍ പ്രഖ്യാപിത നിലപാടില്‍ ഇത് അപ്രതീക്ഷിതമല്ലെന്ന് വി.ടി ബല്‍റാം


സംഘപരിവാര്‍ ബ്രാഹ്മണിക്കല്‍ ഫാസിസത്തെ ശക്തമായ ഭാഷയില്‍ സര്‍ഗാത്മകമായി വിമര്‍ശിക്കുന്ന മാഗസിനിലെ ഫാസിസത്തെയും ബീഫുമായി ബന്ധപ്പെട്ട വിവാദങ്ങളെയും ദളിത് വിഷയങ്ങളെയും ചര്‍ച്ചയ്ക്ക് വെക്കുന്ന കവിതകളും കഥകളും ലേഖനങ്ങളും കാരിക്കേച്ചറുകളും, വി.ടി.ബല്‍റാം എം.എ.എല്‍.എയുമായി നടത്തിയ അഭിമുഖവും നീക്കം ചെയ്യാനാണ് സ്റ്റാഫ് എഡിറ്ററുടെയും പ്രിന്‍സിപ്പാളുടെയും നിര്‍ദ്ദേശം.
“നിരോധിച്ചത് ബീഫല്ല സ്വാതന്ത്ര്യമാണ്” എന്നെഴുതിയിടത്ത് ബീഫ് എന്നത് തിരുത്തി ഭക്ഷണം എന്നാക്കികൊടുത്തുവെന്നും ദളിത് എന്ന പദം നീക്കം ചെയ്യണമെന്നും പാക്കിസ്ഥാനെ കുറിച്ചോ വിപ്ലവത്തെ കുറിച്ചോ രക്തസാക്ഷികളെ കുറിച്ചോ ദൈവങ്ങളെ കുറിച്ചോ പരാമര്‍ശിക്കരുതെന്നും നിര്‍ദ്ദേശിച്ചതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഒരു സര്‍ക്കാര്‍ കോളേജ് മാഗസിന്‍ ഒരു കാരണവശാലും ഇത്തരത്തിലാവാന്‍ പാടില്ല എന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയ പ്രിന്‍സിപ്പാള്‍ നാദാപുരത്ത് തന്നെയുളള സ്വകാര്യ സ്വാശ്രയ കോളേജ് മാഗസിന്‍ കാണിച്ച് ഇതില്‍ പൂക്കളും പൂമ്പാറ്റയും പ്രണയവുമുണ്ട് എന്ന് പറഞ്ഞ് മാതൃകയാക്കാന്‍ നിര്‍ദ്ദേശിക്കുകയാണ് ചെയ്തത്.
പ്രശസ്ത് പോളിഷ് കവി ജൂലിയസ് സ്ലോവക്കിയുടെ “കാടുകള്‍ കത്തിയെരിയുമ്പോല്‍ പനിനിര്‍പൂക്കളെ ചൊല്ലി ഖേദിക്കാന്‍ ആര്‍ക്ക് നേരം” എന്ന വാചകത്തോടു കൂടെ പൂവില്ലാത്ത മാഗസിന്‍ എന്നെഴുതിയ പോസ്റ്റര്‍ പ്രതിഷേധ സൂചകമായി കോളേജ് മാഗസിന്റെ പേരിലുളള ഫേസ്ബുക്ക് പേജില്‍ വിദ്യാര്‍ത്ഥികള്‍ ഷെയര്‍ ചെയ്തത് ശ്രദ്ധിച്ചിരുന്നു.
സി.പി.എം ലീഗ് രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഉണങ്ങാത്ത മുറിവുളള നാദാപുരത്ത് ബ്രാഹ്മണിക്കല്‍ ഫാസിസത്തിനെതിരെ കക്ഷി രാഷട്രീയ ഭേദമന്യേ കൈകോര്‍ത്ത് ഒരുമിച്ച് നില്‍ക്കുന്ന വിപ്ലവകരമായ രാഷ്ട്രീയ തീരുമാനം നാദാപുരം ഗവണ്‍മെന്റ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തുടക്കമിട്ടെന്നത് കേവലം ഒരു കോളേജിലെ വിഷയത്തിനും ആവിഷ്‌ക്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തിനും അപ്പുറം നാദാപുരം എന്ന പ്രദേശത്ത് ചരിത്രമാവുമെന്നതില്‍ സംശയമില്ല.

മാഗസിന് പിന്തുണയുമായി മുസ്‌ലിം യൂത്ത് ലീഗ് നേതാവ് സി.കെ സുബൈര്‍, എ. പ്രദീപ്കുമാര്‍ എം.എല്‍.എ
മുന്‍ എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ വി.ആര്‍ വിജിത്ത് അടക്കമുളളവര്‍ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചാല്‍ കലാപമുണ്ടാവുമെന്ന് പറഞ്ഞ് ഈ ഐക്യത്തെ തകര്‍ക്കാനുളള ശ്രമമാണ് പ്രിന്‍സിപ്പാളുടെ ഭാഗത്ത് നിന്നുണ്ടായത്.


Read more:  ‘വീണ്ടും വിശുദ്ധ പശു’; പ്രേംചന്ദിന്റെ ‘ഗോദാന്‍’ പാഠ്യപുസ്തകത്തില്‍ നിന്ന് നീക്കം ചെയ്ത് കേന്ദ്രീയ ഹിന്ദി സംസ്ഥാന്‍


ആന്റി നാഷണല്‍ ആണെന്ന് പറഞ്ഞ് തുടക്കത്തില്‍ നാല്‍പതോളം പേജുകള്‍ എടുത്ത് മാറ്റാന്‍ ആവശ്യപ്പെട്ട കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വെട്ടി മാറ്റേണ്ട പേജുകളുടെ എണ്ണം പതിനെട്ടാക്കി ചുരുക്കി. ഒരു രാഷ്ട്രീയ പാര്‍ട്ടിയേയോ വ്യക്തിയേയോ പേരെടുത്ത് വിമര്‍ശിക്കുക പോലും ചെയ്യാത്ത മാഗസിനാണ് തങ്ങളുടേതെന്നും സമൂഹത്തില്‍ ചുറ്റിലും നടക്കുന്ന പ്രശ്‌നങ്ങളെ സര്‍ഗാത്മകമായി അവതരിപ്പിക്കാനുളള ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഉപയോഗിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നുണ്ട്.
വി.ടി ബല്‍റാമുമായി നടത്തിയ അഭിമുഖത്തില്‍ ചോദ്യങ്ങള്‍ മുഴുവന്‍ ഹിന്ദുത്വ ഫാസിസത്തിനെതിരാണെന്നും തുടക്കം മുതല്‍ ഒടുക്കം വരേ ബീഫെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്ന ഒരു മാഗസിന്‍ അനുവദിക്കാന്‍ കഴിയില്ലെന്നുമാണ് പ്രിന്‍സിപ്പാളുടെ നിലപാട്.

എടുത്ത് മാറ്റാന്‍ നിര്‍ദ്ദേശിച്ച പതിനെട്ട് പേജുകളില്‍ ഭരണഘടനാ വിരുദ്ധമായതോ നിയമ പ്രശ്‌നങ്ങള്‍ സൃഷ്ട്ടിക്കുന്നതോ ആയ ഭാഗങ്ങള്‍ ഉണ്ടോ എന്ന ചോദ്യത്തിന് പ്രിന്‍സിപ്പാളുടെ മറുപടി അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാതരിക്കാനാണ് സെന്‍സറിംഗ് ആവശ്യപ്പെടുന്നത് എന്നാണ്. എന്നാല്‍ സെന്‍സറിംഗ് ആവശ്യപ്പെട്ട ഭരണഘടന വിരുദ്ധമായ ഭാഗം എതാണെന്നോ എന്താണെന്നോ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ പ്രിന്‍സിപ്പാളിന് കഴിയുന്നില്ല

.
ബ്രാഹ്മണിക്കല്‍ ഫാസിസത്തെ വിമര്‍ശിക്കുന്ന മാഗസിന്‍ ഏകപക്ഷീയമാണെന്നും എതിര്‍ കക്ഷികള്‍ക്ക് കൂടെ അവരുടെ ഭാഗം പറയാനുളള അവസരം ഉണ്ടെങ്കില്‍ കുഴപ്പമില്ലായിരുന്നു എന്നുമാണ് മീഡിയ വണ്ണിലെ സീറോ അവേഴ്‌സ് എന്ന പരിപാടിയില്‍ വിളിച്ച് പ്രിന്‍സിപ്പാള്‍ ജ്യോതിരാജ് പറയുന്നത്.

അതായത് ഫാസിസ്റ്റ് ശക്തികള്‍ക്ക് തങ്ങളുടെ ഭാഗം കൂടെ പറയാന്‍ അവസരം നല്‍കിയാല്‍ മാത്രമേ മാഗസിന്റെ ജനാധിപത്യ സ്വഭാവം പൂത്തുലയൂ എന്ന വിചിത്രമായ നിലപാട്.

ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയം ഉയര്‍ത്തിപിടിക്കുന്ന മാഗസിന്‍ പുറത്തിറങ്ങിയാല്‍ ഇവിടെ ജീവിക്കാനാവില്ല എന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളില്‍ ഭയം കുത്തിവെക്കുക വഴി അരാഷ്ട്രീയതയുടെ സന്ദേശമാണ് കോളേജ് അധികൃതര്‍ നല്‍കുന്നതെങ്കില്‍ വെടിയുണ്ടകള്‍ എവിടെ ബാക്കിയുണ്ടോ അവിടെ ഞങ്ങളുണ്ടെന്ന ധീരമായ രാഷ്ട്രീയ മുദ്രാവാക്യം ഉയര്‍ത്തിപിടിക്കുകയാണ് നാദാപുരം ഗവണ്‍മെന്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍.

കലാലയങ്ങളില്‍ രാഷ്ട്രീയ ബോധവും ജനാധിപത്യ ചിന്തയും നഷ്ടമാവുന്ന വര്‍ത്തമാനകാലത്ത് വിദ്യാര്‍ത്ഥികളുടെ ഇത്തരം സര്‍ഗാത്മക സൃഷ്ട്ടികളെ പ്രോത്സാഹിപ്പിക്കുകയും അത്തരം സൃഷ്ട്ടികള്‍ക്ക് മേല്‍ വ്യക്തിപരമായ രാഷ്ട്രീയ താല്‍പര്യം കൊണ്ടോ ഭീതികൊണ്ടോ ഉണ്ടാവുന്ന അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതോ അംഗീകരിക്കാനാവില്ല.

നാദാപുരം ഗവണ്‍മെന്റ് കോളേജ് മാഗസിനില്‍ കത്രിക വെക്കാനുളള അധികൃതരുടെ ശ്രമത്തെ ശക്തമായ ഭാഷയില്‍ എതിര്‍ക്കുന്നതിനോടൊപ്പം തങ്ങളുടെ ഫാസിസ്റ്റ് വിരുദ്ധ ജനാധിപത്യ ബോധത്തില്‍ യാതൊരു വിധ വിട്ടുവീഴ്ചയുമില്ല എന്ന ധീരമായ നിലപാടെടുത്ത വിദ്യാര്‍ത്ഥികളോട് ഐക്യപ്പെടുന്നു.

We use cookies to give you the best possible experience. Learn more