ഇന്നലെ രാവിലെ ഉറക്കപ്പിച്ച് മാറാതെ എഴുന്നേറ്റ് ബോയ്‌സ് ഹോസറ്റലില്‍ പോയൊരു പുസ്തകം വാങ്ങി വരികയായിരുന്നു. വഴിയിലൊരു നബിദിന റാലി. അമ്പതില്‍ താഴെ കുഞ്ഞുങ്ങള്‍. തൊപ്പി വച്ചവരും പല നിറത്തിലുള്ള മക്കനയിട്ടവരുമായ പിറുങ്ങു പിറുങ്ങു മണികള്‍.
വിളിച്ചെണീപ്പിക്കാതെ എണീറ്റ് പോകുന്ന അപൂര്‍വ്വം ദിവസങ്ങളിലൊന്നാണ്. പുതിയ മക്കനയും പര്‍ദ്ദയുമുണ്ടാകും. അളവെടുത്ത് തുന്നിയതാണെങ്കിലും മക്കനവട്ടം തല കയറ്റിയതിന് ശേഷവും ഇത്തിരി അയഞ്ഞ് കിടക്കുന്നത് സൂചി വച്ച് കൂട്ടി ഉറപ്പിച്ചെടുക്കും. മിക്കവാറും ദിവസം മദ്രസ വാതിലിലെത്തും മറന്ന് പോയി, തിരിച്ചോടി കൊണ്ട് വരാറുള്ള “മോടി”യുടേയോ “നൗഷാതി”ന്റെയോ പ്രിന്റുള്ള തുണിക്കട സഞ്ചിയിലെ പുസ്തകങ്ങളന്ന് ഏതോ മൂലയിലാകും. ഓത്ത് മത്സരത്തിനായി മണിച്ചും മൂളിയും ഓതിപ്പടിച്ച മുപ്പതാം ജൂസ് മാത്രം വിരല്‍പ്പാടു കൊണ്ട് ഏട് ചുളിഞ്ഞ് മുടിയിഴകള്‍ വീണ് മേശപ്പുറത്തിരിക്കും.
ചായയും റസ്‌കും പാതിവഴിക്കിട്ട് സ്ഥിരം കൂട്ട് കക്ഷികളെയും ചേര്‍ത്താണ് മദ്രസയില്‍ എത്തുക. തലേന്നത്തെ അരങ്ങൊട്ടിക്കലിന്റെ മൈദച്ചൂര് ക്‌ളാസ് മുറികളില്‍ ഉണങ്ങിയിട്ടുണ്ടാകില്ല. ഒരാഴ്ച കഴിഞ്ഞാല്‍ പുഴു കേറി കറുപ്പിക്കാനുള്ളതാണ്. സര്‍ക്കസ് കൂടാരത്തിന്റെ മട്ടില്‍ തോരണം കെട്ടിയ ഗ്രൗണ്ടിന്റെ നടുക്കാണ് കൊടിമരം. അതിന് ചുറ്റും വട്ടം നില്‍ക്കണമെങ്കില്‍ ഏഴേ കാലൊക്കെ ആകും. പള്ളിക്കമറ്റി പ്രസിഡന്റോ സെക്രട്ടറിയോ ഖത്തീബോ സദര്‍ ഉസ്താതോ ആരെങ്കിലുമാണ് കൊടിയുയര്‍ത്തന്നത്. അതിനകത്ത് നിന്ന് വീഴുന്ന കടലാസ് തുണ്ട് പെറക്കണമെങ്കില്‍ വരി തെറ്റിക്കണം. ഉയരം കുറഞ്ഞ മുന്‍നിരക്കാര്‍ക്ക് മാത്രം ഒന്ന് രണ്ടെണ്ണം പറന്ന് വീണ് കിട്ടും.
കുറച്ച് പ്രസംഗങ്ങളും ദുആയും കഴിഞ്ഞാണ് നിരാശ നേരം പൊട്ടിവിടരുക. ഇനി നമുക്ക് വീട്ടില്‍ പോകാം. നമുക്കെന്ന് വെച്ചാല്‍ പെങ്കുട്ടികള്‍ക്ക്. വരി വരിയായി നിര്‍ത്തുന്ന ആണ്‍കുട്ടികളുടെ കയ്യിലാണ് മുളംകോലില്‍ കെട്ടിയ പ്‌ളാസ്റ്റിക് കൊടികള്‍ കൊടുക്കുന്നത്. അവര്‍ക്ക് റാലിക്ക് പോകാം. ഉറക്കെ കൂലൂ തക്ബീര്‍ വിളിക്കാം.
ആരെങ്കിലും ഒക്കെ കൈ മാറി തന്ന് മുഴുവന്‍ നിറങ്ങളിലും ഉള്ള കൊടികള്‍ കൈക്കലാക്കി വീട്ടിലേക്ക് നടക്കലേ വഴിയൊള്ളൂ. പള്ളിപ്പറമ്പില്‍ നിന്ന് തുടങ്ങുന്ന ജാഥ നടന്ന് നടന്ന് വീടിനടുത്തുള്ള റോഡിലെത്തുന്ന നേരത്തെ കുറിച്ച് ഏകദേശ ധാരണയുണ്ടാകും. അതിനുള്ളില്‍ വീടെത്തി ഭക്ഷണം കഴിച്ച് കിട്ടിയ മിഠായികള്‍ ഒളിപ്പിച്ച് വെച്ച് വഴിക്കലെത്തണം. പ്രത്യേകിച്ച് ഒന്നുമില്ല. മിഠായി കിട്ടും, നടത്തം കാണാം, പാട്ട് കേക്കാം, എത്ര നീളത്തിലാള്‍ക്കാരുണ്ടെന്ന് നോക്കി അമ്പൊ വെക്കാം. പിന്നെ തൊട്ടടുത്ത് നിക്കുന്ന ഇത്തമാര്‍ക്ക് കിട്ടിയ കളക്ഷനില്‍ നിന്ന് ലാക്ടോ കിങ്ങ് കൊടുത്ത് കുക്കീസോ, നാല് എക്‌ളയര്‍ കൊടുത്ത് ചോട്ടു മഞ്ചോ വാങ്ങി തിരിച്ച് വീട്ടിലേക്ക് നടക്കുക തന്നെ.
ദൂആ വഴങ്ങാനും പായസം കുടിക്കാനുമാണ് വീണ്ടും പോകുക. തിരിച്ച് പോരുമ്പോ ചോറും വാങ്ങും. വൈകീട്ട് ക്‌ളാസ് മുറിയില്‍ വച്ച് ഖുറാന്‍ ഓതല്‍ മത്സരം ഉണ്ടാകും. അതേ ഒള്ളു പെണ്‍കുട്ടികള്‍ക്ക്.
രാത്രി സ്റ്റേജില്‍ അവതരിപ്പിക്കാനുള്ള പാട്ട്, പ്രസംഗം, സംഭാഷണം ഒക്കെ ചെക്കന്‍മാര്‍ സാഹിത്യ സമാജത്തില്‍ അവതരിപ്പിച്ചു കാണിച്ചിട്ടുണ്ടാകും. ആരൊക്കെ എന്തൊക്കെയാ ചെയ്യാന്‍ പോകുന്നത് എന്ന് അവരേക്കാള്‍ നമുക്ക് സുപരിചിതമാണ്. അവരെ പഠിപ്പിക്കുന്നത് കാണുമ്പോള്‍ കൊതിയാണ്.
“ക” യിലും “പ”യിലും തുടങ്ങുന്ന അക്ഷരങ്ങളിലുള്ള വാക്കുകള്‍ മാത്രം ഉപയോഗിച്ചുള്ള അക്ഷര പ്രസംഗങ്ങളാണെനിക്കിഷ്ടം. ക യില്‍ തുടങ്ങുന്ന അക്ഷരങ്ങളില്‍ ആദമിന്റെ മക്കളിലൊരുവന്‍ സഹോദരനെ കൊന്ന് ആദ്യത്തെ കൊലപാതകിയാകുന്നത്. ഒരു കാക്ക മറ്റൊരു കാക്കയെ കുഴിച്ചിടുന്നത് കണ്ട് ആബേലിന്റെ ശവം ഖബറടക്കാന്‍ പഠിക്കുന്ന ഖാബേല്‍.
ഗാന്ധിനഗറിലെ നബിദിന റാലിയില്‍ പകുതിയിലധികം പെണ്‍കുട്ടികളാണ്. അവരാണ് മുന്നില്‍ കൊടിപിടിച്ചിരിക്കുന്നത്. പന്ത്രണ്ടോ പതിമ്മൂന്നോ വയസുള്ളൊരു പൂച്ചക്കണ്ണിയാണ് നയിക്കുന്നത്. തൊപ്പിയിട്ടൊരു കുഞ്ഞിമോനെ ഒക്കത്ത് വച്ച ഉസ്താദ് പുറകെ. വണ്ടി നിര്‍ത്തി നോക്കി നിന്ന എന്നോടവള്‍ സൈഡിലേക്ക് ഒതുങ്ങാന്‍ കല്‍പ്പിച്ചു. ചുണയോടെ വരിയെ നേരെയാക്കി നടത്തി. എന്തൊരു ഭംഗിയാണ്.
കോഴിയും ആടും മീനുമൊക്കെ വില്‍ക്കുന്ന നഗരത്തിന്റെ ഭാഗമാണ് മുസ്ലിങ്ങളുടേത്. കൂറ്റന്‍ പട്ടികളുടെ വിഹാര കേന്ദം.. മറ്റെവിടെയും സുലഭല്ലാത്ത ഇറച്ചി തിന്നുന്നത് കൊണ്ട് കൊഴുത്തുരുണ്ടിരിക്കും.അവിടെ രാത്രിയില്‍ മൗലൂദ് കഴിഞ്ഞ് വരുന്നവര്‍ക്കായി അലങ്കരിച്ച വഴികളില്‍ ഗുലാബ് ജാമുനും പലഹാരങ്ങളും കടലാസ് പാത്രങ്ങളിലാക്കി വച്ച് നില്‍ക്കുന്നതും പെണ്ണുങ്ങളാണ്. കല്ലുമൂക്കുത്തിയിട്ട കോലന്‍ മുടിക്കാര്‍. കടകള്‍ക്ക് മുന്നില്‍ വിടര്‍ത്തി വച്ച കാലുകളില്‍ കൈകള്‍ താങ്ങി ഉറക്കെ വര്‍ത്താനം പറയുന്നവര്‍. ഏറെയും പളുങ്ക് കൃഷ്ണമണികളുള്ളവര്‍.
ചിലതിലൊക്കെ പങ്കാളിയാക്കാതിരിക്കല്‍ എത്ര സങ്കടകരമാണെന്നറിയാമോ. എത്ര ഭംഗിയായി ഞങ്ങളന്ന് തക്ബീറ് വിളിച്ചേനെ. ഇടകലര്‍ന്ന് നടന്ന് താളമുള്ള വരികളുണ്ടാക്കിയേനേ. ചോറു കവറിലാക്കാനും പായസം വിളമ്പാനും ചുറുചുറുക്കോടെ കൂടിയേനേ. ഉറക്കം വീഴുന്നതിന് മുമ്പേ വീറോടേ പ്രസംഗിക്കുകയോ ഇമ്പത്തില്‍ പാടുകയോ ഈണത്തില്‍ സംഭാഷണം നടത്തുകയോ ചെയ്‌തേനെ.