| Thursday, 21st February 2019, 10:11 am

എന്നിട്ട് ഈ വനഭൂമി നിങ്ങള്‍ സംരക്ഷിക്കുമോ? ബഹുമാനപ്പെട്ട ഭൂപ്രഭുവേ

ഹരീഷ് വാസുദേവന്‍

അതേ, വനാവകാശ നിയമപ്രകാരം വനഭൂമിയിന്മേല്‍ അവകാശം സ്ഥാപിക്കാന്‍ കഴിയാത്തതും അനാധികൃതവുമായ 10 ലക്ഷം ആദിവാസികള്‍ വനഭൂമി നിയമവിരുദ്ധമായി കൈവശം വെച്ചിട്ടുണ്ട്.

അതേ, അവരുടെ അപേക്ഷ തള്ളിക്കളഞ്ഞാല്‍ നിയമപ്രകാരം അവരെ ഒഴിപ്പിക്കേണ്ടതാണ്.

അതേ, വനത്തില്‍ ചില്ലറ നാശമൊക്കെ അവരും ഉണ്ടാക്കുന്നുണ്ട്.

എന്നിട്ട്? ഈ വനഭൂമി നിങ്ങള്‍ സംരക്ഷിക്കുമോ your Lordship?

വനാവകാശ നിയമം നടപ്പാക്കാതെ, കൈക്കൂലി കൊടുക്കാന്‍ ഗതിയില്ലാത്തത് കൊണ്ടു മാത്രം ആയിരക്കണക്കിന് ആദിവാസികളെ ഒഴിപ്പിച്ചെടുത്ത നൂറു കണക്കിന് ഏക്കര്‍ വനഭൂമി ഛത്തീസ്ഗഡിലും ഒറീസയിലും ഇന്ന് എവിടെയാണ് എന്നറിയാമോ?

ആ വനഭൂമിയില്‍ വേദാന്തയും സമാന ഖനനഭീമന്മാരും വന്‍തോതില്‍ ഖനനം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചു കഴിഞ്ഞു.

സ്വന്തമായി ഭൂമിയുള്ള, പണമുള്ള, കോടികളുടെ ലാഭം ആഗ്രഹിക്കുന്ന, വനഭൂമിയില്‍ ഖനനവ്യവസായം തുടങ്ങാന്‍ അപേക്ഷ നല്‍കുന്ന കമ്പനികളാണ് ഒരുവശത്ത്…

വനത്തില്‍ ജനിച്ച, രണ്ടു തലമുറയെങ്കിലുമായി കാട്ടില്‍ ജീവിക്കുന്ന, വേറെ ഭൂമിയില്ലാത്ത ആദിവാസികളുടെ അപേക്ഷയാണ് മറുവശത്ത്….

വനഭൂമി വ്യാവസായിക ആവശ്യത്തിനു ലഭിക്കാന്‍ അപേക്ഷിച്ചതില്‍ 99% കമ്പനികള്‍ക്കും വനഭൂമി അനുവദിച്ച സര്‍ക്കാരാണിത്. അതിനു ഭൂമി തികയാത്തതിനാല്‍ ആദിവാസികളേ ഒഴിപ്പിച്ചു കൂടി നല്‍കണമെന്നാണ് മനസിലിരിപ്പ് എന്നു മനസിലാക്കാന്‍ കഴിഞ്ഞ 4 വര്‍ഷം വനാവകാശ നിയമവും വനം നിയമത്തിലെ അനുമതികളും മാത്രം താരതമ്യപ്പെടുത്തിയാല്‍ മതി.

തലമുറകള്‍ തമ്മിലുള്ള തുല്യതയും സുസ്ഥിരവികസനവും ഒക്കെ നിയമമായി ഉള്ള ഈ നാട്ടിലാണ് ആയിരക്കണക്കിന് ഏക്കര്‍ വനം, ഖനനത്തിനും മറ്റും ചോദിക്കുന്നവരില്‍ 99% പേര്‍ക്കും അപ്പോള്‍ത്തന്നെ കൊടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയെ ഒരുതരത്തിലും നിര്‍ത്താന്‍ കോടതി ശ്രദ്ധിച്ചില്ലല്ലോ. അത് ചോദ്യം ചെയ്തില്ലല്ലോ.

വന്യജീവികള്‍ക്ക് വേണ്ടിയെന്ന ധാരണയില്‍ നിങ്ങള്‍ 10 ലക്ഷം ആദിവാസികളെ കുടിയിറക്കി നേടുന്ന ഈ വനഭൂമിയില്‍ പലതും ഖനന കമ്പനികള്‍ക്ക് തീറെഴുതാനാണ് ശ്രമം. അനധികൃത ഇരുമ്പയിര് ഖനനത്തിന്റെ പേരില്‍ ഒരു സംസ്ഥാനത്ത് മാത്രം വേദാന്തകയ്ക്ക് 22000 കോടി രൂപയുടെ ഫൈന്‍ കിട്ടിയെന്നു പറയുമ്പോള്‍, ഇതിനു പിന്നിലെ സാമ്പത്തിക താല്‍പ്പര്യം എത്ര വലുതാണ് എന്നു മനസിലാകും.

വനത്തില്‍ ആദിവാസികളുണ്ടാക്കുന്ന ആ “നാശം” നമുക്കങ്ങ് സഹിക്കാം. വേദന്തകളെ ആട്ടിയകറ്റാന്‍ അവരെ കൂടെക്കൂട്ടാം. അപ്പോഴേ വനത്തിനും വന്യജീവിയ്ക്കും സംരക്ഷണമാകൂ. ബഹു കോടതിക്ക് മനസിലാകുന്നുണ്ടോ???

ഹരീഷ് വാസുദേവന്‍

Video Stories

We use cookies to give you the best possible experience. Learn more