കോഴിക്കോട്ടെ ജനതയെ കുന്നംകുളത്തിന്റെ ഭൂമിശാസ്ത്രം പഠിപ്പിക്കല്‍ IAS ഓഫീസറും എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമായ പ്രശാന്ത് നായരുടെ ജോലിയുടെ ഭാഗമല്ല. ഒരുപാടേറെ മഹാന്മാരിരുന്ന കസേരയാണത്. ഭൂപടം വരച്ചും ബുള്‍സൈ അടിച്ചും കിട്ടുന്ന ആത്മരതിയുണ്ടല്ലോ സര്‍, അത് അങ്ങയുടെ ചരിത്രത്തെ കത്തിച്ചുകളയുന്ന പെ”ട്രോള്‍” ആണ്
| ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍: ലിജീഷ് കുമാര്‍ |
പലതും സ്വന്തമായി അവകാശപ്പെടാനുള്ള കോഴിക്കോടിന്റെ കലക്ടറായി അവരോധിക്കപ്പെട്ട ആളാണ് അങ്ങ്. തലയെടുപ്പുള്ള മാനാഞ്ചിറ മൈതാനം, കടലെടുത്തിട്ടും കോഴിക്കോടിന്റെ സൗന്ദര്യത്തെ നാടൊട്ടുക്കും വിളംബരം ചെയ്ത കല്‍പ്പാലക്കുറ്റികള്‍, വഴിയോരക്കച്ചവടക്കാരുടെ തറവാടായ മിഠായിത്തെരു, പകലന്തിയോളം വിയര്‍പ്പില്‍ കുളിച്ച് നഗരത്തെ ഊട്ടുന്ന വലിയങ്ങാടിയിലെ അട്ടിമറിത്തൊഴിലാളികള്‍, ബഷീറും പൊറ്റെക്കാടും കെ.ടി.യും ബാബുക്കയും എം.ടി.യും കടന്ന് തലമുറകളോളം പന്തലിച്ച സാംസ്‌കാരികപ്പെരുമ, പാരഗണിലെയും ബോംബെ ഹോട്ടലിലെയും റഹ്മത്തിലെയും ബിരിയാണി മണം, സാഗറിലെ ചോറ്, മില്‍ക്ക് സര്‍ബത്ത് കുടിക്കാനും ഹല്‍വ വാങ്ങാനും വെയില്‍ കായുന്ന അതിഥികള്‍ക്ക് മറക്കാനാവാത്ത മുഖം നിറഞ്ഞ പുഞ്ചിരിത്തണല്‍, സ്‌നേഹവും കരുതലുള്ള എണ്ണിയാല്‍ത്തീരാത്ത മനുഷ്യര്‍, ഇവിടുത്തെ ഓട്ടോത്തൊഴിലാളികളുടെ പെരുമ പോലും കേരളം ആഘോഷിച്ചിട്ടുണ്ട് സര്‍.
ഇതൊന്നും ഒരു ദിവസം കൊണ്ട് പെട്ടന്നുണ്ടായതല്ല, ജയകുമാര്‍, ചൗഹാന്‍, അമിതാഭ് കാന്ത്, ഉഷ ടൈറ്റസ്, പി.ബി.സലിം .. കോഴിക്കോടിന്റെ നഗര ഭരണാധികാരികളുടെ കൈയ്യൊപ്പ് ഈ നഗരത്തിന്റെ മുക്കിലും മൂലയിലുമുണ്ട്. പലതും സ്വന്തമായി അവകാശപ്പെടാനുള്ള കോഴിക്കോടിന്റെ കലക്ടറാണ് താങ്കള്‍. ഓപ്പറേഷന്‍ സുലൈമാനിയും സവാരിഗിരിഗിരിയും മുതല്‍ അനാഥാലയത്തിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം പെരുന്നാള്‍ക്കുപ്പായമെടുക്കാന്‍ നടത്തിയ യാത്ര വരെ താങ്കളുടെ പല പ്രവര്‍ത്തനങ്ങളും പ്രതീക്ഷാനിര്‍ഭരം തന്നെ.
അങ്ങ് പ്രശാന്ത് നായര്‍ എന്ന പേഴ്‌സണല്‍ ഐഡന്റിറ്റി ക്രിയേറ്റ് ചെയ്യുന്നതിനോടോ, ജനകീയനാവുന്നതിനോടോ യാതൊരു വിയോജിപ്പും വ്യക്തിപരമായി എനിക്കില്ല. കോഴിക്കോടിന് ഗുണപരമാവുന്നതെന്തും കൈയ്യടിച്ചംഗീകരിക്കാനാണിഷ്ടം. ഉദ്യോഗസ്ഥ ഭരണത്തിന്റെ വസന്തം സ്വപ്നം കാണുന്നവരുടെ നഗരത്തിലല്ല താങ്കളിപ്പോള്‍ കലക്ടറായിരിക്കുന്നത്. പൊളിറ്റീഷ്യന്‍സിനോടുള്ളതിനേക്കാള്‍ ഈര്‍ഷ്യ ബ്യൂറോക്രാറ്റുകളോട് തോന്നിപ്പോയ ജീവിത മുഹൂര്‍ത്തങ്ങള്‍ അങ്ങയുടെ പ്രജകള്‍ക്ക് ഏറെ പറയാനുണ്ടാവും. രാഷ്ട്രീയക്കാരോട് സമൂഹം പലപ്പോഴും പ്രകടിപ്പിച്ചു കാണുന്ന അമര്‍ഷം പോലും ജനാധിപത്യത്തിന്റെ മഹത്വമാണ് സര്‍.
കോഴിക്കോട്ടെ ജനതയെ കുന്നംകുളത്തിന്റെ ഭൂമിശാസ്ത്രം പഠിപ്പിക്കല്‍ IAS ഓഫീസറും എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമായ പ്രശാന്ത് നായരുടെ ജോലിയുടെ ഭാഗമല്ല. ഒരുപാടേറെ മഹാന്മാരിരുന്ന കസേരയാണത്. ഭൂപടം വരച്ചും ബുള്‍സൈ അടിച്ചും കിട്ടുന്ന ആത്മരതിയുണ്ടല്ലോ സര്‍, അത് അങ്ങയുടെ ചരിത്രത്തെ കത്തിച്ചുകളയുന്ന പെ”ട്രോള്‍” ആണ്