പ്രതിയാക്കിയ ശേഷം നിങ്ങളെ അവര്‍ക്ക് ഉരുട്ടിക്കൊല്ലാം. (പ്രതിയാക്കാതെ തന്നെ, മാവോയിസ്റ്റാക്കി വെടിവച്ചും കൊല്ലാം.) ഉരുട്ടിക്കൊന്നശേഷം അവര്‍ തന്നെ അന്വേഷിക്കും. ഉരുട്ടിക്കൊലക്കേസിലെ പ്രതികളെ കോടതി വെറുതെ വിടുമെന്നുറപ്പാക്കുന്ന, എല്ലാ പഴുതുകളും തുറന്നിടുന്ന അന്വേഷണമെന്ന പ്രഹസനവും അവര്‍ക്കു തന്നെ നടത്താം.
യഥാസമയം രജിസ്റ്റര്‍ ചെയ്ത ശരിയായ ഒരു എഫ്.ഐ.ആര്‍ അതിലില്ലെന്ന് ആദ്യം ഉറപ്പുവരുത്തും.
ഇനി കൃത്യമായ ഒരു എഫ്.ഐ.ആര്‍ ഉണ്ടായിപ്പോയി എന്നു ചുമ്മാ സങ്കല്‍പ്പിക്കുക. ഉടനെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റും. എന്നിട്ട് രണ്ടാമന്‍ പുതിയൊരു സാങ്കല്പിക കൂടുതല്‍ മൊഴി രേഖപ്പെടുത്തും. അതില്‍ ഫസ്റ്റ് ഇന്‍ഫോമന്റ് ഇപ്രകാരം പറയും: മരണപ്പെട്ടയാളെ ഉലക്ക വച്ച് ഉരുട്ടിക്കൊന്നു എന്ന് പ്രഥമവിവരമൊഴിയില്‍ പറഞ്ഞത് പിശകാണ്. മരണപ്പെട്ടയാള്‍ നടന്നു പോകുമ്പോള്‍ റോഡരികിലെ ഇരുട്ടില്‍ നിന്നാരോ ഉലക്ക വലിച്ചെറിഞ്ഞതാണ്. ഇരുട്ടായതിനാല്‍ എറിഞ്ഞയാളെ കണ്ടില്ല…
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സാക്ഷിമൊഴി പൊലീസ് രേഖപ്പെടുത്തണം. പിന്നീടവര്‍ കോടതിയില്‍ നല്‍കുന്ന മൊഴിയുമായി അതിനു പൊരുത്തം വേണം.
ഒന്നുകില്‍ കക്കയത്ത് സംഭവം നടക്കുമ്പോള്‍ കാരക്കാസില്‍ കിടന്നുറങ്ങിയവന്റേതായി ഒരു മൊഴി വച്ചു കാച്ചും. അവന്‍ കോടതിയില്‍ വന്ന് ആ മൊഴി നിഷേധിക്കും.
ഇനി സംഭവം കണ്ടവന്റെ മൊഴിയാണെങ്കില്‍, അവന്‍ കണ്ടതും പറഞ്ഞതും പൊലീസ് എഴുതിയതും തമ്മില്‍ പുലബന്ധം കാണില്ല. അവന്‍ കോടതിയില്‍ വന്ന് സത്യം പറയുമ്പോള്‍, അവന്റേതായി പൊലീസ് രേഖപ്പെടുത്തിയ മൊഴിയില്‍ ഒരു പുണ്ണാക്കും കാണില്ല.
ഒപ്പിടാത്ത സാക്ഷിമൊഴികളാണ് ക്രിമിനല്‍ നടപടി നിയമപ്രകാരം രേഖപ്പെടുത്തുന്നത്. നിങ്ങള്‍ കോടതിയില്‍ പറഞ്ഞ കാര്യങ്ങളൊന്നും നിങ്ങളുടേതായി പൊലീസ് രേഖപ്പെടുത്തിയ മൊഴിയില്‍ കാണുന്നില്ലല്ലോ എന്നു പ്രതിഭാഗം വക്കീല്‍ ചോദിച്ചപ്പോള്‍, സാക്ഷി പ്രഭാകരന്‍ നായര്‍, കൊടുങ്ങല്ലൂര്‍ കോടതിയില്‍ സാക്ഷിമൊഴി എഴുതിക്കൊണ്ടിരിക്കുന്ന മജിസ്‌ട്രേട്ടിനെ ചൂണ്ടിക്കാണിച്ചു പറഞ്ഞ വാക്കുകള്‍ എന്നും പ്രസക്തം തന്നെ.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
– ഞാനിവിടെ ഇതൊക്കെ പറയുന്നു. അദ്ദേഹം (മജിസ്‌ട്രേട്ട്) എന്തൊക്കെയോ എഴുതുന്നു. ഞാന്‍ പറഞ്ഞതാണോ അവിടെ എഴുതുന്നതെന്ന് എനിക്കറിയില്ലല്ലോ വക്കീല്‍ സാറേ…
ഉടനടി പ്രതിഭാഗം വക്കീല്‍ പൊട്ടിത്തെറിക്കും. ചോദിച്ചതിന് യെസ് ഓര്‍ നോ പറഞ്ഞാല്‍ മാത്രം മതി മിഷ്ടര്‍. നിങ്ങള്‍ക്കു പ്രസംഗിക്കാനുള്ള സ്ഥലമല്ല ഇത്…
പിന്നെ ഉരുട്ടിക്കൊല സമയത്ത് മരണപ്പെട്ട അമ്പതുകാരന്‍ ധരിച്ച വസ്ത്രമെന്നു പറഞ്ഞ് ഒരു നാലു വയസുകാരിയുടെ പെറ്റിക്കോട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാക്കും. ഉലക്കയെന്നു പറഞ്ഞ് ഒരു നടരാജ് എച്ച് ബി പെന്‍സിലും.
നെഞ്ചില്‍ ഉരുട്ടിക്കൊന്നവന്റെ വുണ്ട് സര്‍ട്ടിഫിക്കറ്റു കാണും. അതില്‍ ഉപ്പൂറ്റിയില്‍ പൂച്ച മാന്തിയ പാടു മാത്രം കാണും.
ശിക്ഷിക്കണമെന്നൊക്കെ കോടതിക്ക് ആഗ്രഹം കാണും. പക്ഷേ പൊലീസ് ഒന്നു സമ്മതിക്കണ്ടേ?
മരിച്ചവനെ ആരും കൊന്നില്ല എന്നു കണ്ടല്ല കോടതി വെറുതെ വിടുന്നത്. പ്രതി നിഷ്‌കു ആണെന്നു കണ്ടുമല്ല. പൊലീസ്, പ്രതിയുടെ മേല്‍ ആരോപിക്കുന്ന കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിയാത്തതിനാല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രതിയെ വെറുതെ വിടുന്നു…
എല്ലാ പൊലീസ് ഉദ്യോഗസ്ഥരും അന്വേഷണങ്ങളും ഇങ്ങനെയാണെന്നല്ല. ഇടതും വലതുമൊക്കെയായി ഭരണവും പൊലീസ് മന്ത്രിയുമൊക്കെ മാറിയാലും, ഒട്ടും മാറാത്ത ഒരുപാടുപേര്‍ പിന്നെയും പൊലീസ് സേനയിലുണ്ടെന്നു മാത്രമാണ് പറഞ്ഞത്. അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഉറക്കെ ചിന്തിച്ചു പോയതാണ്.
മരണം തര്‍ക്കമറ്റ സംഗതിയാണെന്നിരിക്കെ, പ്രതിയല്ല കൊന്നതെങ്കില്‍, പിന്നെയാരു കൊന്നു എന്ന ചോദ്യം അവശേഷിക്കുന്നു. ആ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കോടതികള്‍ക്കു കഴിയില്ല. പ്രതിയാണോ കൊന്നത് എന്ന ചോദ്യത്തിനുത്തരം നല്‍കാനേ വിചാരണക്കോടതിക്കു കഴിയൂ.
ആരു കൊന്നു എന്ന ചോദ്യത്തിനുത്തരമില്ല. ആരു കൊന്നെന്ന് വിചാരണക്കു ശേഷം ആരു കണ്ടെത്തുമെന്നതിനും ഉത്തരമില്ല.
വിചാരണക്കു ശേഷമല്ല ആരു കൊന്നെന്ന ചോദ്യം ഉയരേണ്ടത്. ശരിയായ അന്വേഷണങ്ങള്‍ നടക്കണം. വിചാരണയില്‍ ഉത്തരങ്ങള്‍ കിട്ടണം. ഓരോ വിചാരണയും വെറുതെ വിടലും പുനരന്വേഷണവുമൊക്കെയായി അനന്തമായി നീളേണ്ട ഒന്നാണോ സത്യാന്വേഷണങ്ങള്‍?
കല്ല്യാണ-മരണവീടുകളില്‍ ഓടിനടക്കുന്ന, നിയമ നിര്‍മാണ സഭയില്‍ ഉറങ്ങിപ്പോക്കും ഇറങ്ങിപ്പോക്കും നടത്തുന്ന ജനപ്രതിനിധികളോട് ചോദിക്കുക, എങ്ങനെയാണ് നൂറ്റാണ്ടു പഴക്കമുള്ള ക്രിമിനല്‍ നടപടി നിയമവും തെളിവു നിയമവുമൊക്കെ കാലാനുസൃതമായി പൊളിച്ചെഴുതാന്‍ കഴിയുകയെന്ന്. നീതിപൂര്‍വമായ അന്വേഷണം തുടക്കം മുതലേ എങ്ങനെ ഉറപ്പിക്കാന്‍ കഴിയുമെന്ന്.
അടുത്തയാഴ്ച വാളയാര്‍ കഴിയും. ചോദ്യങ്ങള്‍ അവശേഷിക്കും.
യാദാസ്തു:
2003 കാലത്ത് പൊലീസ് അറസ്റ്റു ചെയ്തു കൊണ്ടുവന്ന ആ സ്‌കൂള്‍ അദ്ധ്യാപകന്‍, ഉറക്കെക്കരഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ കീശയിലുണ്ടായിരുന്ന ഗുളികകള്‍ എന്നെക്കാണിച്ചു, ഒപ്പം കടലാസിലെഴുതിയ ഒരു ലാന്‍ഡ് ഫോണ്‍ നമ്പറും.
– എന്റെ അനിയന്റെ ഫോണ്‍ നമ്പറാ സാറേ ഇത്. ഇതില്‍ വിളിച്ചാലറിയാം സാറേ…
സൂര്യാസ്തമനത്തിനും ഉദയത്തിനുമിടയില്‍ തന്റെ സാന്നിദ്ധ്യത്തിനു മതിയായ വിശദീകരണമില്ലാതെ, ഒരു കെട്ടിടത്തില്‍ കാണപ്പെടുന്നത് പഴയ പൊലീസ് ആക്ട് പ്രകാരം മൂന്നുമാസം തടവു കിട്ടാവുന്ന കുറ്റമായിരുന്നു. ചാവക്കാട് ബസ് സ്റ്റാന്റില്‍ നിന്നാണ് ആ മാഷിനെ പൊലീസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത് ഒരു ഞായറാഴ്ച പകല്‍ ചാവക്കാട് പൊലീസ് കൊടുങ്ങല്ലൂര്‍ മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കിയത്.
മാഷാണ്. രോഗിയാണ്. അനിയനെ വിളിച്ചിരുന്നു. ഹാജരാക്കിയ പൊലീസുകാര്‍ കളവു പറഞ്ഞില്ല.
പിന്നെ എന്തിനാണ് അറസ്റ്റ്?
അറിയില്ല, സര്‍. സ്റ്റേഷനില്‍ നിന്ന് ഏല്പിച്ചു വിട്ട പാവങ്ങള്‍ പരുങ്ങി.
വക്കീലും അപേക്ഷയും ജാമ്യക്കാരുമില്ല. സ്വന്തം ജാമ്യത്തില്‍ വിടുകയാണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം എന്റെ കാല്‍ക്കല്‍ സാഷ്ടാംഗം വീണു.
വേണ്ട മാഷേ, മാഷിന്റെ സ്ഥാനത്ത് ഞാന്‍ കണ്ടത് എന്റെ അച്ഛനെയാണ്, എന്നെത്തന്നെയാണ്, വര്‍ഷങ്ങള്‍ക്കുശേഷം പിറക്കാനിരിക്കുന്ന എന്റെ മകളെയാണ്…